രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് മാനവരാശി നേരിട്ടുകൊണ്ടിരിക്കുന്നത്. മഹാമാരി സർവസംഹാരാത്മകമായി കുതിച്ചുകൊണ്ടിരിക്കുകയാണ്. യഥേഷ്ടമുണ്ടെന്ന് കരുതിയ പ്രാണവായുവിന് വേണ്ടിയുള്ള യുദ്ധംപോലും രൂക്ഷമാവുകയാണ്. ഒന്നാം വ്യാപനക്കാലത്ത് നാടുംവീടും ലക്ഷ്യമാക്കി റെയിൽവേ ട്രാക്കിലൂടെ നടന്നുനീങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളിൽ കുറേപ്പേർ ചതഞ്ഞരഞ്ഞു മരിച്ചതാണ് രാജ്യത്തെ ഞെട്ടിച്ചത്. ഇപ്പോഴിതാ രാജ്യതലസ്ഥാനത്ത് പ്രാണവായു കിട്ടാതെ ഇന്നലെ മാത്രം മരിച്ചത് 25 പേരാണ്. കറൻസി അച്ചടിക്കുന്ന നാസിക്കിൽ കഴിഞ്ഞദിവസം വെന്റിലേറ്ററിൽ ഓക്സിജൻ ലഭിക്കാതെ പിടഞ്ഞുമരിച്ചത് 24 ജീവനുകൾ. 25 ലക്ഷം കോവിഡ് രോഗികൾ ചികിത്സയിൽക്കഴിയുന്ന രാജ്യം. ദിവസേന കോവിഡ് ബാധിക്കുന്നവരുടെ എണ്ണം മൂന്നരലക്ഷത്തിലേക്ക്. പ്രതിദിന മരണസംഖ്യ രണ്ടായിരവും കടന്നിരിക്കുന്നു. ഓക്സിജൻ ടാങ്കറുകളെ തടയുകയും തട്ടിക്കൊണ്ടുപോവുകയുമടക്കം ചെയ്യുന്ന സംഭവങ്ങൾ നടക്കുന്നു. യഥേഷ്ടം ഓക്സിജൻ ശേഖരമുള്ള അയൽസംസ്ഥാനം തൊട്ടടുത്ത സംസ്ഥാനത്ത് വായുകിട്ടാതെ പ്രാണനറ്റുപോകുന്നവരുടെ ഞരക്കം കേട്ടില്ലെന്നുനടിക്കുന്നു.  
വെള്ളിയാഴ്ച ചേർന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങളുടെ പരിശ്രമങ്ങൾക്ക് കേന്ദ്രം എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി. ഓക്സിജൻ, മരുന്നുകൾ എന്നിവയുടെ നീക്കം സുഗമമാക്കാൻ ക്രമീകരണമുണ്ടാക്കുമെന്ന ഉറപ്പും നൽകി. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന മുഖേന ഓരോരുത്തർക്കും നാലുകിലോവീതം ഭക്ഷ്യധാന്യം അടുത്തമാസത്തേക്കായി ലഭ്യമാക്കാമെന്നും വ്യക്തമാക്കി. ഇതെല്ലാം ഏറ്റവും സ്വാഗതാർഹമായിരിക്കുമ്പോൾത്തന്നെ കോവിഡ് ഒന്നാംവ്യാപന കാലത്തേതുപോലുള്ള ഏകോപിത നടപടികളെക്കുറിച്ച് ഉത്തരങ്ങളില്ലെന്നത് ആശങ്കയേറ്റുന്നു. ഒന്നാം വ്യാപനത്തിന്റെ മൂർധന്യാവസ്ഥ അവസാനിച്ചപ്പോൾത്തന്നെ മുൻകരുതൽ ആസൂത്രണം ആവശ്യമായിരുന്നു. വാക്സിൻ ഉത്‌പാദനത്തിന് കൂടുതൽ കമ്പനികളെ ചുമതലപ്പെടുത്താമായിരുന്നിട്ടും അതുണ്ടായില്ല. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ഏറ്റവും അത്യാവശ്യമായിട്ടുള്ളത് ഓക്സിജനും വെന്റിലേറ്ററുകളുമാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകിയിട്ടും ആപത്തുകാലത്ത് അതിന് ക്ഷാമമില്ലാതിരിക്കാൻ തയ്യാറെടുപ്പുണ്ടായില്ല. രാജ്യത്തെ പൊതുജനാരോഗ്യപരിപാലനമേഖലയുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണെന്ന് അനുഭവിച്ചറിഞ്ഞിട്ടും താത്‌കാലികമായ മാറ്റത്തിനുപോലും ശ്രമമുണ്ടായില്ല. സാധാരണ ഫെഡറൽ സംവിധാനത്തിൽനിന്നു വ്യത്യസ്തമായി കേന്ദ്രസർക്കാരിന് വലിയ നിയന്ത്രണമുള്ള ഡൽഹി സംസ്ഥാനം ദുരന്തഭൂമിയായിക്കൊണ്ടിരിക്കുന്നത് ലോകം സങ്കടത്തോടെയും അതിശയത്തോടെയുമാണ് കാണുന്നത്. പത്തുലക്ഷം പേർക്ക് 1500 ആശുപത്രിക്കിടക്ക എന്നതാണ് തലസ്ഥാന സംസ്ഥാനത്തെ അവസ്ഥ. കേരളത്തിൽ അത് അയ്യായിരമാണ്. വിവിധ സംസ്ഥാനങ്ങളിൽ താത്‌കാലികാശുപത്രികൾ സജ്ജമാക്കുന്നതിനുപോലും സാധിച്ചില്ല.

അതിനോടൊപ്പമാണ് കോവിഡ് വാക്സിന് കരിഞ്ചന്ത വില നിശ്ചയിച്ചിരിക്കുന്നത്. 45 വയസ്സിൽതാഴെയുള്ളവർക്കുള്ള വാക്സിൻ ലഭിക്കണമെങ്കിൽ സംസ്ഥാനങ്ങൾ ഓരോ ഡോസിനും 400 രൂപവീതം കൊടുക്കണം, സ്വകാര്യ ആശുപത്രികൾ 600 രൂപ നൽകണം. വാക്സിനേഷൻ എന്നത് സൗജന്യമായാണ് നാളിതേവരെ നടത്തിവന്നത്. കോവിഡ് കാര്യത്തിൽ അതിൽനിന്നുള്ള മാറ്റം കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് താങ്ങാനാവുന്നതല്ല. നികുതിവരുമാനം കുറഞ്ഞതിനാലും തുടർച്ചയായ ദുരന്തങ്ങളാലും പ്രയാസമനുഭവപ്പെടുന്ന കേരളത്തിന് കോവിഡ് വാക്സിനു വേണ്ടിമാത്രം 1300 കോടിയോളം രൂപ കണ്ടെത്തേണ്ട അവസ്ഥയാണ്. പക്ഷേ, പ്രയാസങ്ങളിൽ പകച്ചുപോകുന്നവരല്ല കേരളീയർ. കേന്ദ്രം സൗജന്യമായി വാക്സിൻ ലഭ്യമാക്കുന്നകാര്യത്തിൽ തീരുമാനമെടുക്കാത്ത സാഹചര്യത്തിൽ കാത്തുനിൽക്കാൻ സമയമില്ലാത്തതിനാൽ വാക്സിൻ വിലകൊടുത്ത് വാങ്ങുന്നതിന് സംസ്ഥാന സർക്കാർ നടപടി തുടങ്ങിയിരിക്കുന്നു. എന്തുതന്നെയായാലും സൗജന്യമായിത്തന്നെ വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേരളജനത ഏറെ ആശ്വാസത്തോടെയും അഭിമാനത്തോടെയുമാണ് സ്വീകരിച്ചത്. വാക്സിൻ വാങ്ങാൻ വില കൊടുക്കണമെന്ന് വ്യക്തമായപ്പോൾ അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് സ്വമേധയാ സംഭാവന ചെയ്യാൻ ആയിരക്കണക്കിനാളുകൾ രംഗത്തുവന്നുകഴിഞ്ഞു. ഒറ്റദിവസംകൊണ്ട് ആ ഇനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടിയിലേറെ രൂപയാണ്‌ എത്തിയത്.