മഹാമാരിയുടെ തീവ്രവ്യാപനത്തിനൊപ്പം വാക്സിൻക്ഷാമം രൂക്ഷമായതോടെ ജനങ്ങൾ അക്ഷരാർഥത്തിൽ അങ്കലാപ്പിലായിരിക്കയാണ്. കേന്ദ്രസർക്കാരിന്റെ വാക്സിനേഷൻ നയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന്‌ മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞു. രോഗഭീതിയിലായ ജനങ്ങൾ വാക്സിനെടുക്കാൻ അക്ഷമരായി തടിച്ചുകൂടുന്നത് കോവിഡ് പടർച്ചയുടെ വ്യാപ്തി കൂട്ടിയേക്കുമെന്നതാണ്‌ അവസ്ഥ. ഇന്നലെ കോട്ടയത്തുംമറ്റുമുണ്ടായതുപോലുള്ള തിക്കും തിരക്കും സംഘർഷവും എവിടെയും ആവർത്തിക്കാതിരിക്കാൻ ജാഗ്രതയാവശ്യമാണ്. വാക്സിൻ എത്രത്തോളം ലഭ്യമാണെന്നതിനനുസൃതമായി വാക്സിനേഷൻ കേന്ദ്രത്തിലേക്ക് ടോക്കൺ നൽകണം. ഓൺലൈൻ സംവിധാനം ഇതിനായി ഉപയോഗപ്പെടുത്തണം. അത്‌ ഉപയോഗപ്പെടുത്താനാവാത്തവർക്കായി ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും ചേർന്ന് പകരം ഏർപ്പാടുണ്ടാക്കണം. വാക്സിനേഷൻ കേന്ദ്രത്തിൽ വലിയ ആൾക്കൂട്ടം മത്സരിച്ച് മുമ്പിലെത്തി ടോക്കൺ നേടാൻ ശ്രമിക്കുന്നത് അപകടത്തിനിടയാക്കും. എന്തായാലും കേരളത്തിൽ വാക്സിൻ സൗജന്യമായിരിക്കുമെന്ന്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു.  

മുഖ്യമന്ത്രി കോവിഡ്മുക്തനായി തലസ്ഥാനത്ത് തിരിച്ചെത്തി ഭരണകാര്യങ്ങളിൽ വീണ്ടും സജീവമായതോടെ  ഒരാഴ്ചയിലേറെയായി നിലനിന്ന കുഴഞ്ഞുമറിഞ്ഞ അവസ്ഥയ്ക്ക് മാറ്റംവന്നു. സംസ്ഥാനതലത്തിൽ മുമ്പത്തെപ്പോലെ കോവിഡ് അവലോകനയോഗം നടത്തി എടുത്ത തീരുമാനങ്ങൾ കോവിഡ് വ്യാപനത്തിന്റെ രൂക്ഷതതടയാൻ സഹായിക്കുമെന്ന് പ്രത്യാശിക്കാം. ഒറ്റയടിക്കല്ലെങ്കിലും രാജ്യത്തിന്റെ പോക്ക് ഏറക്കുറെ അടച്ചിടലിലേക്കുതന്നെയാണ്‌ എന്നതാണവസ്ഥ. രാത്രി കർഫ്യൂവിന് പുറമേ ശനിയാഴ്ചയും ഞായറാഴ്ചയും അവശ്യസർവീസുകൾക്കുമാത്രം പ്രവർത്തനാനുമതി നൽകാനും ഓഫീസുകളിലെ ഹാജർനില പകുതിയായി തത്‌കാലം പരിമിതപ്പെടുത്താനും സ്വകാര്യമേഖലയിലും വർക്ക് ഫ്രം ഹോം സംവിധാനം പ്രോത്സാഹിപ്പിക്കാനുമുള്ള തീരുമാനം ഉചിതമാണ്.   

വാക്സിൻക്ഷാമം പരിഹരിക്കാൻ കേന്ദ്രസർക്കാർ സത്വരനടപടി സ്വീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളും രാഷ്ട്രീയപ്പാർട്ടികളും ആവശ്യപ്പെടുന്നതിനിടയിലാണ് കേന്ദ്രസർക്കാർ വാക്സിൻനയത്തിൽ മാറ്റംവരുത്തിയത്. വാക്സിൻ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും നേരിട്ട്‌ വിൽപ്പനനടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കയാണ്. കേന്ദ്രസർക്കാരിന് നേരത്തേ ഒരു ഡോസിന് 150 രൂപ നിരക്കിൽ നൽകാനാണ് കരാറുണ്ടാക്കിയത്. നൂറുദശലക്ഷം ഡോസ് മാത്രമാണ് ആ നിരക്കിൽ നൽകുക, പിന്നീട് ആവശ്യമുള്ളതിന് വിലകൂട്ടുമെന്ന് കമ്പനികൾ അറിയിച്ചിരിക്കുന്നു. സംസ്ഥാനങ്ങൾക്ക് ഡോസിന് 400 രൂപ തോതിലും സ്വകാര്യ സ്ഥാപനങ്ങൾക്ക് 600 രൂപ തോതിലും വാക്സിൻ വിൽക്കുമെന്നാണ് പുതിയ അറിയിപ്പ്.

ഏതുവാക്സിനായാലും നാളിതുവരെ സൗജന്യമായാണ് നൽകിവന്നത്. കാരണം, പകർച്ചവ്യാധികൾ വ്യക്തിയുടെ മാത്രമല്ല, രാഷ്ട്രത്തിന്റെയാകെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ്. വസൂരിയടക്കമുള്ള രോഗങ്ങളെ ഉച്ചാടനം ചെയ്തത് പൊതുചെലവിലാണ്. സംസ്ഥാനസർക്കാരുകൾ വിലകൊടുത്ത് വാങ്ങണമെന്ന് പറയുമ്പോൾ ക്ഷാമം അതിരൂക്ഷമാവാനാണ് സാധ്യത. പൂഴ്ത്തിവെപ്പും കരിഞ്ചന്തയുംവരെ അടുത്തദിവസങ്ങളിൽ സംഭവിക്കാം. ഇപ്പോൾ 400 രൂപയ്ക്ക് നൽകുമെന്ന് പറയുന്ന വാക്സിന് വില കൂട്ടാനുമിടയുണ്ട്. സ്വകാര്യ ആശുപത്രികളിൽ 250 രൂപയ്ക്ക് കിട്ടാൻ തുടങ്ങിയിരുന്ന വാക്സിൻ പുതിയ വിൽപ്പനനയത്തോടെ ലഭ്യമാകണമെങ്കിൽ കൂടിയതുക കൊടുക്കേണ്ടിവരും. കോവിഡ് കാരണം നികുതിവരുമാനം വളരെ കുറഞ്ഞതിനാൽ ഞെരുങ്ങുന്ന സംസ്ഥാനങ്ങൾക്ക്‌ ഒരാൾക്ക് 800 രൂപതോതിൽ വാക്സിൻ വാങ്ങി ലഭ്യമാക്കാൻ പ്രയാസമാകുമെന്ന് വ്യക്തമാണ്.
ആദ്യഘട്ടത്തിൽ കേന്ദ്രം അനുവദിച്ചതിനുപുറമേ  അരക്കോടി ഡോസ് വാക്സിൻ ലഭ്യമാക്കണമെന്ന് കേരളം പത്തുദിവസംമുമ്പ് ആവശ്യപ്പെട്ടിട്ടും അഞ്ചരലക്ഷം ഡോസാണ് ലഭിച്ചതെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ആയിരത്തിലധികം കേന്ദ്രങ്ങളിലൂടെ 65 ലക്ഷത്തോളം ഡോസ് വാക്സിൻ ഇതിനകം നൽകിക്കഴിഞ്ഞു. ആദ്യഡോസ് എടുത്തവർക്ക് രണ്ടാംഡോസ് നൽകുന്നതിനടക്കം വാക്സിനില്ലാത്ത അവസ്ഥയാണിപ്പോൾ. ഇത്‌ കേരളത്തിന്റെമാത്രമല്ല, മിക്ക സംസ്ഥാനങ്ങളുടെയും സ്ഥിതിയിതാണ്. കേന്ദ്രസർക്കാർ ഇക്കാര്യങ്ങൾ ശരിയായി വിശകലനംചെയ്ത് വാക്സിനേഷൻ പൂർണമായും സൗജന്യമാക്കണം. ഇതിനായി പി.എം.കെയേഴ്‌സ് ഫണ്ടും പൊതുജനാരോഗ്യ സംരക്ഷണത്തിനുള്ള ബജറ്റ് നീക്കിയിരിപ്പ് തുകയും ഉപയോഗപ്പെടുത്തണം.