പരീക്ഷണ സമയത്ത് ഒറ്റക്കെട്ടായി നിൽക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോടു ആഹ്വാനം ചെയ്തിരിക്കുകയാണ്. വ്യക്തിയുടെയും രാജ്യത്തിന്റെയും വരുമാനത്തെ തകർക്കുന്ന ലോക്‌ഡൗൺ അവസാനത്തെ ആയുധം മാത്രമാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന മഹാമാരിയോടു പൊരുതിക്കൊണ്ടുളള അതിജീവനം സാധ്യമാണ്‚ എന്ന സന്ദേശമാണ് നൽകുന്നത്. വാക്‌സിന്റെയും ഓക്‌സിജന്റയും ഉത്പാദനം വർധിപ്പിക്കാൻ സ്വകാര്യമേഖലയുമായും കൈകോർക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.  

എന്നാൽ, മേയ് ഒന്നുമുതൽ മൂന്നാംഘട്ടം വാക്സിനേഷൻ തുടങ്ങുമെന്ന വാർത്തയ്ക്കിടയിലും ആശങ്ക ഉയർന്നുകൊണ്ടിരിക്കയാണ്. ജനുവരി 16-ന് ഒന്നാംഘട്ടം വാക്സിനേഷൻ തുടങ്ങിയെങ്കിലും ഒന്നാമത്തെ ഡോസുപോലും ചെറിയൊരു ശതമാനം പേർക്കുമാത്രമാണ് ലഭിച്ചത്. രണ്ടാംഘട്ടത്തിൽ 45-നുമേൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാൻ തുടങ്ങിയതും ഉദ്ദേശിച്ച നിലയിലുള്ള വേഗത്തിലല്ല നടക്കുന്നത്. ഒന്നാമത്തെ ഡോസ് സ്വീകരിച്ചവർക്ക് യഥാസമയം രണ്ടാംഡോസ് കിട്ടുമോ എന്നതിലാണിപ്പോൾ ആശങ്ക. വാക്സിന് ക്ഷാമമുണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് പറയുമ്പോഴും മിക്കയിടത്തും ക്ഷാമം നേരിടുകയാണെന്നതാണ് വസ്തുത. ഇസ്രയേൽപോലുള്ള ചെറിയ രാജ്യങ്ങളിൽ ഏറക്കുറെ നൂറുപേർക്ക് 120 ഡോസ് എന്ന തോതിൽ വാക്സിൻ ലഭ്യമാക്കിയതുപോലെ ജനസംഖ്യയിൽ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യക്ക് സാധ്യമല്ല എന്നുസമ്മതിച്ചാലും നാം ലക്ഷ്യത്തിന്റെ പത്തിലൊന്നിലേ എത്തിയിട്ടുള്ളൂ.  വാക്സിനേഷൻകേന്ദ്രങ്ങളിൽ ജനങ്ങൾ അതിരാവിലെമുതൽ ഊഴംകാത്തുനിൽക്കുകയും വാക്സിൻ ലഭ്യമല്ലാത്തതിനാൽ തിരിച്ചുപോവുകയും ചെയ്യുന്ന അവസ്ഥയിലെത്തിയിരിക്കയാണ്.

കേരളം അരക്കോടി ഡോസ് വാക്സിന് ആവശ്യപ്പെട്ടിട്ടും രണ്ടരലക്ഷം ഡോസ്‌മാത്രമാണ് കഴിഞ്ഞദിവസം ലഭിച്ചത്. ഇതേവരെ ലഭിച്ചേടത്തോളം വാക്സിൻ പൂർണമായി ഉപയോഗിച്ചത് കേരളംമാത്രമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്താകെ അരക്കോടിയിലേറെ ഡോസ് വാക്സിൻ ഇതിനകംതന്നെ പാഴാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ ലഭിച്ചതിന്റെ 12 ശതമാനത്തിലേറെയും ഉപയോഗശൂന്യമായി. ലോകത്തിന്റെ ജീവനമായി മാറിയിരിക്കുന്ന കോവിഡ് വാക്സിൻ ഒരു ഡോസുപോലും നശിപ്പിക്കാതെ ഉപയോഗപ്പെടുത്താൻ കേന്ദ്രസർക്കാർ കർശനനടപടി സ്വീകരിക്കേണ്ടതുണ്ട്.

വാക്സിന് ക്ഷാമംനേരിട്ടത് ആദ്യഘട്ടത്തിൽ മറ്റുചില രാജ്യങ്ങളിലേക്ക് കയറ്റിയയച്ചതുകൊണ്ടാണെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.  ആ വാദത്തിൽ കഴമ്പില്ല. എന്നാൽ, ഉത്‌പാദനത്തിനുള്ള സാധ്യത കഴിയാവുന്നത്ര ഉപയോഗപ്പെടുത്തുന്നതിനുള്ള ആസൂത്രണവും ദീർഘവീക്ഷണവുമുണ്ടായില്ല. നിലവിൽ ഉത്‌പാദനംനടത്തുന്ന കമ്പനികൾ ഉത്‌പാദനം വർധിപ്പിക്കാൻ സാമ്പത്തികസഹായം ചോദിച്ചത് വളരെ വൈകിമാത്രമാണ് അംഗീകരിച്ചത്. പൊതുമേഖലയിൽ നേരത്തേ പ്രവർത്തിച്ചിരുന്നതടക്കമുള്ള മറ്റുചില കമ്പനികളെക്കൂടി കോവിഡ് വാക്സിൻ ഉത്‌പാദനത്തിന് സജ്ജമാക്കാമായിരുന്നെങ്കിലും ആ ദിശയിൽ ആലോചനയുണ്ടായില്ല. നേരത്തേ പേടിച്ചിരുന്നതിനെക്കാൾ എത്രയോ മടങ്ങ് ശക്തിയിൽ മഹാമാരി വലയംചെയ്ത സാഹചര്യത്തിൽ ആവശ്യാനുസരണം വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുത്തേ തീരൂ. എന്തായാലും ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ പകുതിയും ഇവിടെ ചെലവഴിക്കും എന്ന്‌ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്‌.

സംസ്ഥാനത്ത് പ്രതിദിന കോവിഡ്ബാധ ഇരുപതിനായിരത്തോടടുത്തു. ഡൽഹിയിലെ നിലവാരത്തിലേക്കാണ് കോവിഡ് ഗ്രാഫ് ഉയർന്നുകൊണ്ടിരിക്കുന്നത്. എന്നാൽ, ജനങ്ങളുടെ ആശങ്കയകറ്റാനും മാർഗനിർദേശം നൽകാനും രാഷ്ട്രീയ-ഭരണ നേതൃത്വമില്ലെന്ന തോന്നലാണ് ഏതാനും ദിവസമായുള്ളത്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നേരത്തേ കോവിഡ് പ്രതിരോധപ്രവർത്തനം ഏകോപിപ്പിച്ചത് മന്ത്രിമാരുടെ നേതൃത്വത്തിലാണ്. മുഖ്യമന്ത്രിയാണ് ദിവസേന ജനങ്ങൾക്ക് മാർഗനിർദേശം നൽകിക്കൊണ്ടിരുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നെങ്കിലും കോവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഏകോപനത്തിനും ഇടപെടലിനും അത് തടസ്സമല്ല. മുഖ്യമന്ത്രി കോവിഡ്മുക്തനായി ക്വാറന്റീനിൽ കഴിയുന്ന സാഹചര്യത്തിൽ മന്ത്രിസഭയിലെ മറ്റംഗങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും പ്രതിരോധപ്രവർത്തനം, വാക്സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ഏകോപിപ്പിക്കണം.  ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് നേരത്തേയെന്നപോലെ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന ഉറപ്പ് ജനങ്ങൾക്ക് നൽകുകയും ആ തോന്നലുണ്ടാക്കുകയും വേണം. ഏറ്റവും ആവശ്യമായ കുറെ ദിവസങ്ങളിൽ അതുണ്ടായില്ല, ഏറ്റവും ശ്രദ്ധയാവശ്യമായ, നിർണായകമായ അടുത്തദിവസങ്ങളിൽ അങ്ങനെയായിക്കൂടാ.