കോവിഡ് രണ്ടാംതരംഗം  സർവതിനെയും കടപുഴക്കുമെന്ന ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ തൃശ്ശൂർപ്പൂരം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനിച്ച തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട് ശ്ലാഘനീയമാണ്. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് നിർണായകമായ ഈ തീരുമാനം. കേരളത്തിന്റെ തലപ്പൊക്കമായ തൃശ്ശൂർപ്പൂരം മഹാജനങ്ങളുടെ സംഗമസ്ഥാനം കൂടിയാണ്. കാട്ടുതീപോലെ പടരുന്ന മഹാമാരിയുടെ വായിലേക്ക് ജനതതിയെ വിട്ടുകൊടുക്കാതിരിക്കാനുള്ള വിവേകം നിറഞ്ഞ ഈ തീരുമാനം ദേശത്തിന്റെ പെരുമയേറ്റും.  തെക്കോട്ടിറക്കവും മഠത്തിൽ വരവും ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ദിഗന്തങ്ങളെ വിറപ്പിക്കുന്ന വെടിക്കെട്ടും തുടർച്ചയായി രണ്ടാം വർഷവും കാണാൻ പറ്റാത്തതിൽ മലയാളികൾക്ക് പ്രയാസമുണ്ടാവുന്നത് സ്വാഭാവികം. എന്നാൽ, രോഗഭീഷണിയുടെ കമ്പക്കെട്ടിനു മുന്നിൽ പകച്ചുനിൽക്കുന്ന നമ്മുടെ സമൂഹത്തിനിപ്പോൾ വേണ്ടത് അതിജീവനത്തിന്റെ കുടമാറ്റമാണ്. ഈ യാഥാർഥ്യം ഉൾക്കൊണ്ട, ആശങ്കകൾ ​കൈമാറിയ എല്ലാവർക്കും ഹാർദവമായ അഭിനന്ദനങ്ങൾ.

ഇനിയൊരിക്കലും വേണ്ടിവരില്ലെന്നു കരുതിയ അടച്ചിടലിന്റെ പാതയിലേക്ക് സാഹചര്യങ്ങൾ രാജ്യത്തെ തള്ളിയിടുകയാണ്. ഡൽഹിയിൽ അതിന് തുടക്കമായി. കേരളത്തിൽ അതു വേണ്ടിവരല്ലേ എന്ന പ്രാർഥനകൾക്കിടയിൽ ഭാഗികമായ അടച്ചിടലിന് തുല്യമായ രാത്രികാല കർഫ്യൂ ഇന്ന് നിലവിൽവരുകയാണ്. കോവിഡ് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞതിന്റെ സൂചനയാണ് പലേടത്തുമുള്ളതെന്നതിനാൽ സ്വീകരിക്കാവുന്ന ഏറ്റവും പരിമിതമായ നടപടി മാത്രമാണിത്. കടുത്ത നിയന്ത്രണങ്ങളോടെയേ ഇനി ഓരോ ചുവടും മുന്നോട്ടുവെക്കാനാവൂ. രാത്രികാല കർഫ്യൂ നടപ്പാക്കുന്നെങ്കിലും പൊതുഗതാഗതം തുടരുമെന്നതാണ് തീരുമാനം. സർക്കാർ ഓഫീസുകളിൽ പ്രത്യേക ക്രമീകരണം വേണ്ടിവരും. വീടുകളിലിരുന്ന് ജോലിചെയ്യുന്ന സംവിധാനം കഴിയാവുന്നത്ര വേണ്ടിവരും. ഏതായാലും നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ പോലീസുമായും മറ്റ് ഔദ്യോഗിക സംവിധാനങ്ങളുമായും എല്ലാവരും സഹകരിച്ചേപറ്റൂ. 
പ്രളയവും മറ്റ് ആപത്തുകളും വരുമ്പോൾ എല്ലാതരം ഭേദചിന്തയും മറന്ന് ഒറ്റ ലക്ഷ്യത്തോടെ മനുഷ്യർ പ്രവർത്തിക്കുമെന്ന സ്വാഭാവികത മഹാമാരി പൊട്ടിപ്പുറപ്പെട്ട ആദ്യകാലത്തുണ്ടായിരുന്നു. ഉദ്യോഗസ്ഥർ വ്യത്യസ്ത സർവീസ് സംഘടനകളുടെ ഭാഗമാണെന്നത് തത്‌കാലം മറന്ന് പൂർണമായും പൊതുജനസേവകരാണെന്ന ബോധ്യത്തോടെ അന്ന് ഒത്തൊരുമിച്ചുപ്രവർത്തിച്ചു.

യുവാക്കളുടെ സംഘടനകൾ, മറ്റ് സന്നദ്ധസംഘടനകൾ എന്നിവ രാഷ്ട്രീയ വിരോധങ്ങളെല്ലാം മാറ്റിവെച്ച് അതിജീവനത്തിനുള്ള മഹാസമരത്തിലെ പോരാളികളായി. വിളിപ്പുറത്ത് സഹായമെത്തിക്കാൻ കോൾ സെന്ററുകളിൽ പ്രവർത്തകർ മത്സരിച്ചു. സമൂഹ അടുക്കളകളിൽ അമ്മപെങ്ങന്മാർ ത്യാഗപൂർവം പ്രവർത്തിച്ചു. എന്നാൽ, പഞ്ചായത്ത് തിരഞ്ഞെടുപ്പടുത്തപ്പോൾ തുടങ്ങുകയും നിയമസഭാ തിരഞ്ഞെടുപ്പായപ്പോൾ മൂർധന്യത്തിലെത്തുകയും ചെയ്ത, സാർവത്രികമായ കക്ഷിവിദ്വേഷം കോവിഡ് പ്രതിരോധപ്രവർത്തനത്തെ ദുർബലമാക്കി. പഞ്ചായത്ത്-നഗരസഭാ തിരഞ്ഞെടുപ്പുകഴിഞ്ഞ് പുതിയ ജനപ്രതിനിധികൾ ചുമതലയേൽക്കുമ്പോഴേക്കും ഉദ്യോഗസ്ഥരാകെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലായി. ജനപ്രതിനിധികളാവട്ടെ, താന്താങ്ങളുടെ പാർട്ടിയുടെ, മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പൂർണമായും മുഴുകുന്ന സ്ഥിതിയിലായി. കഴിഞ്ഞ വർഷം മാർച്ച് അവസാനംമുതൽ അടിമുതൽ മുടിവരെ പ്രവർത്തനക്ഷമമായ കോവിഡ് പ്രതിരോധ ശൃംഖലയാണ് അതോടെ വല്ലാതെ അയഞ്ഞത്. പുതുതായി അധികാരത്തിൽവന്ന തദ്ദേശ ജനപ്രതിനിധികൾക്ക് കോവിഡ് പ്രതിരോധപ്രവർത്തനം സംബന്ധിച്ച് പരിശീലനം ലഭിച്ചില്ല. രണ്ടാംതരംഗം വന്നശേഷം ഇന്നലെയാണ് കില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ഓൺലൈൻ പരിശീലനം നൽകാൻ തുടങ്ങിയത്.

ഏതായാലും ഇനി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശിക പ്രതിരോധസമിതികൾ കക്ഷിരാഷ്ട്രീയ-ജാതിമത ഭേദമെന്യേ സർവരുടെയും പങ്കാളിത്തത്തോടെ കെട്ടിപ്പടുക്കണം. അതോടൊപ്പം മറ്റൊരു പ്രധാനപ്രശ്നം പോലീസിലും റവന്യൂ, പഞ്ചായത്ത്-മുനിസിപ്പൽ മേഖലയിലെ ഏകോപന ചുമതലയുള്ള ഉയർന്ന ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മറ്റ് ജില്ലകളിലേക്ക് സ്ഥലംമാറ്റപ്പെട്ടിട്ടാണുള്ളത് എന്നതാണ്‌. നേരത്തേ കോവിഡ് പ്രതിരോധപ്രവർത്തനം കുറ്റമറ്റനിലയിൽ ഏകോപിപ്പിച്ച ആ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി കഴിഞ്ഞാലേ ഒരുപക്ഷേയെങ്കിലും മുമ്പ് ജോലിചെയ്ത സ്ഥലത്തേക്ക് തിരികെയെത്തൂ. ഇത് പ്രായോഗികമായി വലിയ പ്രയാസം സൃഷ്ടിക്കുന്ന സ്ഥിതിയാണുള്ളത്. തിരഞ്ഞെടുപ്പുകാലത്തും തിരഞ്ഞെടുപ്പുകഴിഞ്ഞ് പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതുവരെയും ഭരണകാര്യങ്ങളിൽ മന്ദത സ്വാഭാവികമാണ്. അത്തരം കാത്തിരിപ്പുകൾക്കൊന്നും നിന്നുതരുന്ന മഹാമാരിയല്ല നാടിനെ വലയം ചെയ്തിട്ടുള്ളതെന്നതിനാൽ സർക്കാർസംവിധാനങ്ങൾ യഥാശക്തി ഉണർന്നുപ്രവർത്തിച്ചേ പറ്റൂ. ഈ പരീക്ഷണഘട്ടം തരണംചെയ്യാൻ പ്രാദേശികഭരണകൂടങ്ങളായ പഞ്ചായത്തുകളെയും നഗരസഭകളെയും സർവസജ്ജമാക്കണം.