ജീവനെടുക്കരുത് ഇനിയൊരു അനാസ്ഥയും


വൈദ്യുതിയുമായി ബന്ധപ്പെട്ട പരാതികൾ മാറ്റിവെക്കാതെ അപ്പപ്പോൾ പരിഹരിച്ചേ പറ്റൂ. ലൈൻ പൊട്ടിവീഴൽ പോലുള്ള അപകട സാധ്യതയുമായി ബന്ധപ്പെട്ട പരാതിയാണെങ്കിൽ ഉടനടി പരിഹരിക്കാൻ സംവിധാനം വേണം

8podcast

തൃശ്ശൂരിൽനിന്നും കോട്ടയത്തുനിന്നും തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി വന്ന രണ്ട് മരണവാർത്തകൾ നടുക്കമുളവാക്കുന്നതായിരുന്നു, രണ്ടും പാടത്താണ് സംഭവിച്ചത്. രണ്ടു കൃഷിക്കാർ വൈദ്യുതാഘാതമേറ്റ് പിടഞ്ഞുമരിച്ച ദാരുണസംഭവങ്ങൾ. പെട്ടെന്നുണ്ടായ അപകടത്തിൽ പൊട്ടിവീണ കമ്പിയിൽത്തട്ടി ഉണ്ടായ ദുരന്തമായിരുന്നില്ല അവയൊന്നും. നരഹത്യതന്നെയാണ് ആ പ്രദേശത്തെ വൈദ്യുതിബോർഡ് ഉദ്യോഗസ്ഥരുടെ അലംഭാവത്തിലൂടെ സംഭവിച്ചതെന്നാണ് പുറത്തുവന്നിടത്തോളം വിവരങ്ങൾ സൂചിപ്പിക്കുന്നത്. മനപ്പൂർവമല്ലെങ്കിൽപ്പോലും. തൃശ്ശൂർ ചെങ്ങാലൂർ ഉഴിഞ്ഞാൽ പാടത്ത് വൈദ്യുതാഘാതമേറ്റ് മരിച്ചത് പാടശേഖരക്കമ്മിറ്റി സെക്രട്ടറിയായ കണ്ണമ്പത്തൂർ മാട്ടിൽ മനോജാണ്. വയലിൽ താണു നിൽക്കുന്ന വൈദ്യുതലൈൻ ശരിയാക്കണമെന്ന് നിരന്തരം അധികൃത ശ്രദ്ധയിൽപ്പെടുത്തിയ കർഷകൻ. ഒരു വർഷത്തോളമായിട്ടും നടപടിയെടുക്കാൻ അധികൃതർ തയ്യാറാകാത്തതിന്റെ രക്തസാക്ഷിയാണ് ആ കർഷകൻ. സമാനമായ സംഭവം തന്നെയാണ് വൈക്കത്തിനടുത്ത് ഉദയനാപുരം പടിഞ്ഞാറേക്കര വയലിലും ഉണ്ടായത്. വൈദ്യുതലൈനിന്റെ അപകടാവസ്ഥ മൂന്നുമാസംമുമ്പ് അധികൃതരെ അറിയിച്ചിട്ടും അനങ്ങിയില്ല. പൊട്ടിവീണ കമ്പിയിൽ തട്ടി ക്ഷീരകർഷകനായ രാജു മരിച്ചു. വൈദ്യുതിബോർഡ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് രണ്ടുമരണത്തിനും കാരണമെന്ന് പറയാതെ വയ്യ.

വൈദ്യുതി അപകടങ്ങൾ നമ്മുടെ നാട്ടിൽ അനുദിനം വർധിച്ചുവരുകയാണ്. രാജ്യത്ത് ഓരോദിവസവും മുപ്പതോളം പേർ വൈദ്യുതാഘാതമേറ്റ് മരിക്കുന്നതായാണ് കണക്ക്. ആരുടെയെങ്കിലും അനാസ്ഥകൊണ്ടല്ല അതിൽ അധികവും സംഭവിക്കുന്നത്. കുറെയെല്ലാം അശ്രദ്ധകാരണം. ലൈൻ വലിച്ചതിലെ അശാസ്ത്രീയത, യന്ത്രോപകരണങ്ങളുടെ നിലവാരക്കുറവ്, പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ എന്നിവയെല്ലാം വൈദ്യുതാഘാത മരണങ്ങൾക്ക് കാരണമാകുന്നു.

വൈദ്യുതലൈൻ സാന്ദ്രതയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും മുന്നിലുള്ള സംസ്ഥാനവും സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനവുമാണ് കേരളം. വിശാലപാതകളിലൂടെ മാത്രമല്ല ചെറിയ ഇടവഴികളിലൂടെയും തോപ്പുകളിലൂടെയുമെല്ലാം തലങ്ങും വിലങ്ങും ലൈനുകളുള്ളതിനാൽ അപകടസാധ്യത അധികമുണ്ട്. എന്നാൽ, ജീവനക്കാരുടെ കാര്യക്ഷമതയും ഉപഭോക്താക്കൾക്കിടയിലെ ബോധവത്‌കരണവും കാരണം മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അപകടനിരക്ക് കുറവാണ്.

കെ.എസ്.ഇ.ബി.യും അതിലെ എൻജിനിയർമാരും ജീവനക്കാരും മികച്ച കാര്യക്ഷമതയോടെ പ്രവർത്തിച്ച അനുഭവമാണ് കഴിഞ്ഞ രണ്ട് പ്രളയകാലത്തും തുടർന്ന് ഇപ്പോൾ കോവിഡ് വ്യാപനക്കാലത്തും ഉണ്ടായത്. ത്യാഗപൂർണമായ പ്രവർത്തനമാണ് ഫീൽഡ് സ്റ്റാഫിന്റെ ഭാഗത്തുനിന്നുണ്ടായത്. ഏറെ പ്രതികൂല ഘടകങ്ങളുണ്ടായിട്ടും വൈദ്യുതിവിതരണം പൊതുവേ കാര്യക്ഷമമായി നടത്താനായി. സമർപ്പിതമനസ്സോടെയുള്ള ആ പ്രവർത്തനം പരക്കേ പ്രശംസിക്കപ്പെട്ടതാണ്. എന്നാൽ, ആ പൊതു ചിത്രത്തിന് വിരുദ്ധമായ കാര്യങ്ങളും അങ്ങിങ്ങുണ്ടാകുന്നുണ്ടെന്നത് കാണാതിരുന്നുകൂടാ. വൈദ്യുതിയുമായി ബന്ധപ്പെട്ട പരാതികൾ മാറ്റിവെക്കാതെ അപ്പപ്പോൾ പരിഹരിച്ചേ പറ്റൂ. ലൈൻ പൊട്ടിവീഴൽപോലുള്ള അപകട സാധ്യതയുമായി ബന്ധപ്പെട്ട പരാതിയാണെങ്കിൽ ഉടനടി പരിഹരിക്കാൻ സംവിധാനം വേണം. ജില്ലാതലത്തിൽത്തന്നെ പ്രത്യേക നിരീക്ഷണ പരിഹാര സെൽ പ്രവർത്തിപ്പിക്കുകയും ഉത്തരവാദിത്വം ചുമത്തുന്നതും പരിഗണിക്കേണ്ടതാണ്.

അപകടം ഇല്ലാതാക്കാൻ വിതരണസംവിധാനം ആധുനികവത്‌കരിക്കുന്നതിന് ആവിഷ്കരിച്ച വൈദ്യുതി പദ്ധതിയുടെ പ്രവൃത്തി പകുതിയോളമേ ആയിട്ടുള്ളൂവെന്നാണ് വിവരം. പഴയ ലൈനുകൾ മാറ്റൽ, നഗരങ്ങളിൽ 11 കെ.വി.ലൈനുകൾ മാറ്റി ഭൂഗർഭ കേബിളിടൽ തുടങ്ങിയ പ്രവൃത്തികൾ കഴിയുന്നത്ര വേഗത്തിൽ പൂർത്തീകരിക്കാൻ നടപടിയുണ്ടാകണം.വൈദ്യുതാഘാതമേറ്റ് തൃശ്ശൂർ ചെങ്ങാലൂരിൽ മരിച്ച മനോജിന്റെയും വൈക്കം ഉദയനാപുരത്ത് മരിച്ച രാജുവിന്റെയും കുടുംബത്തിനുണ്ടായ നഷ്ടം പരിഹരിക്കാൻ വൈദ്യുതി ബോർഡോ വകുപ്പോ വിചാരിച്ചാൽ സാധിക്കില്ല. അവരുടെ എല്ലാമെല്ലാമായിരുന്ന കുടുംബനാഥരാണ് മരിച്ചത്. ആ കുടുംബങ്ങളെ സാമ്പത്തികമായി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ബോർഡ് ഏറ്റെടുക്കണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented