വരുംനാളുകൾ ജാഗ്രതയുടേതാകണം


2 min read
Read later
Print
Share

ഇന്ന് മുതൽ നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പ്രായോഗികമാണോ എന്ന് ഒറ്റ ദിവസം കൊണ്ടുതന്നെ

-

പേടിക്കേണ്ട, ജാഗ്രത മതി എന്നാണ് പറഞ്ഞുപോരുന്നതെങ്കിലും ആശങ്ക എന്നതിനപ്പുറം ഗുരുതരമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുകയാണ്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം നൂറ് കടന്നതിനുശേഷം ഓരോ ദിവസവും പെരുകിപ്പെരുകി ആറാം നാൾ 152-ലെത്തിയിരിക്കുന്നു. ഒന്നര ലക്ഷത്തിലേറെപ്പേർ നിരീക്ഷണത്തിലാണ്. ദിവസേന നൂറുകണക്കിനാളുകൾ രോഗസംശയത്താൽ ആശുപത്രികളിലെത്തുന്നു. സമ്പർക്കത്തിലൂടെ രോഗബാധ വർധിച്ചതോടെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും വിമാനത്താവളങ്ങളിൽ എത്തുന്നവരെ പരിശോധിക്കുന്നതിനും മറ്റ് കാര്യങ്ങൾക്കും ആവശ്യമായ ജീവനക്കാരെ വിന്യസിക്കാൻ പ്രയാസപ്പെടുന്നു.

വിദേശരാജ്യങ്ങളിൽനിന്ന് കേരളത്തിൽ എത്താൻ രജിസ്റ്റർ ചെയ്തതിൽ ഭൂരിഭാഗവും യാത്രാവസരം കാത്തിരിക്കുകയാണ്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ളതിന് പുറമേ ചാർട്ടർ ചെയ്ത വിമാനങ്ങളിലുമായി ഒരു ലക്ഷത്തിലധികം പേരാണ് ഇതേവരെ എത്തിയത്. ബുധനാഴ്ച മാത്രം 73 വിമാനങ്ങളിലായി പതിന്നാലായിരത്തിൽപ്പരം പേർ എത്തി. സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയ പ്രത്യേക നിബന്ധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിലാവുന്നതിനാലാവണം ബുധനാഴ്ച കൂടുതൽ വിമാനങ്ങൾ എത്തിയത്. ജൂൺ 20 മുതൽ വിദേശത്തുനിന്നെത്തുന്നവർക്കെല്ലാം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് സംസ്ഥാനസർക്കാർ ആദ്യം വെച്ച നിബന്ധന. പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലായതിനെത്തുടർന്ന് ആ നിബന്ധന പ്രാബല്യത്തിലാകുന്നത് ഇന്നേക്ക് നീട്ടി. വലിയ എതിർപ്പും പ്രത്യക്ഷ സമരവുമെല്ലാം നടന്നതിനെത്തുടർന്ന് നിയന്ത്രണങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. സൗദി അറേബ്യയിൽനിന്നും കുവൈത്തിൽനിന്നും വരുന്നവർ പരിശോധന നടത്തിയിട്ടില്ലെങ്കിൽ മറ്റ് മുൻകരുതലുകൾക്കൊപ്പം പി.പി.ഇ. ധരിക്കണമെന്നത് നിർബന്ധമാക്കിയിരിക്കുകയാണ്. നിബന്ധന വെക്കുന്നതിനുമുമ്പുതന്നെ യാത്രക്കാരിൽ വലിയൊരു വിഭാഗം സ്വമേധയാ പി.പി.ഇ. ധരിക്കുന്നുണ്ടെന്നതിനാൽ ഇത് അപ്രായോഗികമാണെന്ന് പറയാനാവില്ല.

പരിശോധനാ സാധ്യതയുള്ള രാജ്യങ്ങളിൽനിന്നുള്ളവർ 72 മണിക്കൂറിനിടയിൽ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കുന്ന രേഖ ഹാജരാക്കണമെന്നതാണ് പുതിയ നിബന്ധന. യു.എ.ഇ.അടക്കമുള്ള രാജ്യങ്ങളിൽ പുറത്തുപോകുന്നവരെയെല്ലാം റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയരാക്കുന്നുവെന്നതിനാൽ പ്രയാസം വരില്ലെന്നാണ് സർക്കാർ വാദം. ഇതിന് പുറമേ സംസ്ഥാനത്തെ വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞാൽ മുമ്പ് പരിശോധന നടത്താത്തവരെല്ലാം റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയരാകണം. ഇത്തരത്തിലുള്ള നിബന്ധനകൾ യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുമെന്നത് ശരിയാണ്. എന്നാൽ, അതുപോലെയുള്ള പ്രയാസം അവരെ സ്വീകരിക്കാനും സൗകര്യമൊരുക്കാനും വിമാനത്താവളത്തിൽ രാപകൽ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ഉണ്ടെന്നതും ഓർക്കണം.

സംസ്ഥാനത്തേക്ക്‌ വരാനായി ഇതേവരെ അനുമതി ചോദിച്ച എല്ലാ വിമാനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ടെന്നും വിമാനങ്ങളിൽവെച്ച് രോഗം പകരാൻ കൂടുതൽ സാധ്യതയുണ്ടെന്ന പഠനത്തിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിലാണ് വ്യാഴാഴ്ച മുതൽ നിബന്ധനകൾ കർശനമാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. പ്രത്യേക നിബന്ധനകളില്ലാത്തതിനാൽ ഇതേവരെ എത്തിയത് സാധിക്കുന്നതിന്റെ പരമാവധിയായിരുന്നു. വിദേശത്ത് ജോലി ചെയ്ത് ജീവിക്കുന്ന എല്ലാവരും തിരിച്ചുവരാൻ ശ്രമിക്കരുത്, അത്യാവശ്യമുള്ളവരേ വരേണ്ടതുള്ളൂവെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പറഞ്ഞത് ഭാവിയിലെ ജോലിക്കാര്യം കൂടി പരിഗണിച്ചാണ്. വിദേശ രാജ്യങ്ങളിൽ ആകെ ആപത്താണെന്ന് പ്രചരിപ്പിക്കുന്നതും ഭാവി സാധ്യതകളെ ബാധിച്ചേക്കാവുന്ന കാര്യമാണ്. വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരണം. എന്നാൽ, വിമാനത്താവളത്തിലെ സൗകര്യവും വിമാനങ്ങളുടെ ലഭ്യതയുമെല്ലാമായി ബന്ധപ്പെട്ട കാര്യമാണത്. ഒറ്റയടിക്ക് എന്ന തരത്തിലുള്ള തിരക്ക് കൂട്ടലും അതിന്റെ പേരിൽ പ്രവാസികളിൽ അമ്പരപ്പുണ്ടാക്കുന്നതും അവിടെയും ഇവിടെയും കൂടുതൽ പ്രശ്നങ്ങളാണുണ്ടാക്കുക.

അടുത്തദിവസങ്ങളിൽ കൂടുതൽപ്പേർ തിരിച്ചെത്തുമ്പോൾ വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ക്രമീകരണങ്ങളേർപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്. യാത്രക്കാർ പൂരിപ്പിച്ച് കൊണ്ടുവരുന്ന ഫോമുകൾ സ്വീകരിക്കാതെ ദൂരെനിന്ന് പലതവണ വിളിച്ചുചോദിച്ച് ഡേറ്റ എൻട്രി ചെയ്യുകയാണിപ്പോൾ. ഇത് സമയം നഷ്ടപ്പെടുത്തുന്നു. ഓൺലൈൻ സംവിധാനം മെച്ചപ്പെടുത്തി ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കാനാവുമോ എന്ന് പരിശോധിക്കണം. ഇന്ന് മുതൽ നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പ്രായോഗികമാണോ എന്ന് ഒറ്റ ദിവസം കൊണ്ടുതന്നെ മനസ്സിലാക്കാനാവും. അപ്രായോഗികമാണെന്ന് കാണുന്നത് ഉടൻതന്നെ തിരുത്തുകയും വേണം.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
19podcast

മൂല്യനിർണയം: ഉദാരത ആലസ്യമുണ്ടാക്കരുത്‌

Jul 18, 2021


12podcast

വൃക്കരോഗം; സമഗ്രാസൂത്രണം വേണം

Mar 11, 2021


editorial

വരണം തുല്യപ്രാതിനിധ്യം

Mar 7, 2021


Most Commented