ഒരേദിവസം കേരളത്തെ നടുക്കിയത് രണ്ട് കൊടും ദുരന്തങ്ങളാണ്. സഹിക്കാനാവാത്ത മഹാസങ്കടത്തിനിടയിലും മനുഷ്യൻ ഹാ, എത്ര സുന്ദരമായ പദം എന്ന വാക്യം ഓർമിപ്പിക്കുന്ന അനുഭവങ്ങളാണ് മലപ്പുറത്തെ നാട്ടുകാർ രാജ്യത്തിന് കാണിച്ചുതന്നത്; രാജമലയിലെ രക്ഷാപ്രവർത്തകരും. എന്തെല്ലാം പ്രതികൂലാവസ്ഥയുണ്ടായാലും സഹജീവിസ്നേഹത്തിന്റെ ഉറവ വറ്റില്ല, മാനുഷികഗുണങ്ങൾ കലവറയില്ലാതെ പ്രകടമാകും എന്ന അനുഭവം.
കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെ റൺവേയും കടന്ന് താഴേക്കുവീണ് ഓപ്പറേഷൻ ഏരിയയ്ക്ക് പുറത്ത് ഇടിച്ചുനിൽക്കുകയും പിളർന്നുപോവുകയും ചെയ്ത എയർഇന്ത്യാ എക്സ്പ്രസ്സിലെ 18 യാത്രക്കാരാണ് മരിച്ചത്. നൂറ്റിയിരുപത്തഞ്ചോളം പേർ ചികിത്സയിൽ. കോരിച്ചൊരിയുന്ന മഴയും ഇരുട്ടും മാത്രമല്ല കോവിഡ് മഹാമാരിയുടെ രൂക്ഷ വിലക്കുണ്ടായിട്ടും രക്ഷകരായി കുതിച്ചെത്തുകയായിരുന്നു നാട്ടുകാർ. പുറത്തുള്ളവർക്ക് പ്രവേശനമില്ലാത്ത വിമാനത്താവള വളപ്പിനുള്ളിലെത്തി അവർ യാത്രക്കാരെ സഹായിച്ചു. ആംബുലൻസിനു കാത്തുനിൽക്കാതെ തങ്ങളുടെ ചെറുതും വലുതുമായ വാഹനങ്ങളിൽ കുതിച്ചെത്തി അതിവേഗം തന്നെ ആശുപത്രികളിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷ ചെയ്യുന്ന ടാക്സി ഡ്രൈവർമാരടക്കമുള്ളവർ, ത്യാഗപൂർവം പ്രവർത്തിക്കുന്ന പോലീസുകാർ, ഫയർഫോഴ്‌സ്, വിമാനത്താവള ജീവനക്കാർ... കരിപ്പൂർ വിമാനാപകടത്തിൽ ഒട്ടേറെപ്പേരുടെ ജീവൻ രക്ഷിക്കാനായത് മഹത്തരമെന്നുമാത്രം പറയാനാവുന്ന ഈ സന്നദ്ധപ്രവർത്തനം കൊണ്ടാണ്. കരിപ്പൂർ ഉൾപ്പെട്ട കൊണ്ടോട്ടിയും പരിസരപ്രദേശങ്ങളും ഈ രാജ്യത്തിന്റെയാകെ അഭിനന്ദനമർഹിക്കുകയാണ്. ആ സഹജീവിസ്നേഹം കോഴിക്കോടും കണ്ടു. പരിക്കേറ്റവർക്ക് രക്തം വേണ്ടിവരുമെന്നുള്ള വാർത്തകൾ അറിഞ്ഞയുടനെ അർധരാത്രി ചോര നൽകാൻ തയ്യാറായി മനുഷ്യസ്നേഹികൾ ആശുപത്രികളിൽ വരിനിന്നു. പേരും വിലാസവുമറിയാത്ത യഥാർഥനായകർ.
മൂന്നാർ രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിൽ ഒട്ടേറെ കുടുംബങ്ങളെയാണ് ഇല്ലാതാക്കിയത്. രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ പ്രയാസമായ അവിടെ അപകടമുണ്ടായ ഉടൻ ഓടിയെത്തിയ നാട്ടുകാർ ടോർച്ചിന്റെയും പെട്രോമാക്സിന്റെയും വെളിച്ചത്തിലാണ് സാഹസികമായി രക്ഷാപ്രവർത്തനം നടത്തിയത്. ദുരന്തനിവാരണ കർമസേനയും പോലീസുമെല്ലാമെത്തുന്നതിനു മുമ്പുതന്നെ തേയിലത്തോട്ടത്തിലെ ഇരുനൂറോളം തൊഴിലാളികൾ ഓടിക്കൂടി സ്വജീവിതം അവഗണിച്ച് നടത്തിയ പ്രവർത്തനത്തിലൂടെ ഒട്ടേറെപ്പേരെ രക്ഷിക്കാൻ സാധിച്ചു. ഇടമലക്കുടിയിലെ ആദിവാസി കുടുംബങ്ങളും സന്നദ്ധ സംഘടനകളും വിവരമറിഞ്ഞ് ആ രാത്രിയിൽ കുതിച്ചെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. ദുരന്തത്തിന്റെ വ്യാപ്തി അല്പമെങ്കിലും കുറയ്ക്കാനായത് ഈ പ്രവർത്തനത്തിലൂടെയാണ്. പോലീസും ദുരന്തനിവാരണ കർമസേനാംഗങ്ങളും അഗ്നിരക്ഷാ സേനാംഗങ്ങളുമെല്ലാം നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനം മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്ന ജനങ്ങളൊന്നാകെ അവരോടെല്ലാം കൃതജ്ഞരായിരിക്കും. രണ്ട് അപകടങ്ങളിലും പരിക്കേറ്റവരെ ചികിത്സിക്കാൻ വിവിധ ആശുപത്രികളിലെ ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും നടത്തിയ, നടത്തുന്ന സേവനത്തെയും ജനങ്ങൾ കൃതജ്ഞതയോടെ ഓർക്കും. സമയവും രോഗഭീതിയും വകവെക്കാതെ സഹായഹസ്തവുമായി വന്ന മലപ്പുറത്തെയും രാജമലയിലെയും സുമനസ്സുകൾക്ക് അഭിവാദ്യങ്ങൾ.