‘സംശയത്തിന് അതീതയാവണം സീസറുടെ ഭാര്യ’


ഏതു ന്യായത്തിന്റെ പേരിലായാലും ഇത്തരം തട്ടിപ്പുകാർക്കും അവതാരങ്ങൾക്കും അധികാരത്തിന്റെ അകത്തളങ്ങളിൽ

-

നയതന്ത്രപരിരക്ഷയുടെ മറവിൽ തിരുവനന്തപുരത്തുനടന്ന സ്വർണക്കടത്ത് സംസ്ഥാനത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ഇതിനെ ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്യുന്നത് കുറ്റത്തെ വെള്ളപൂശുന്നതിന് തുല്യമാണ്. രാജ്യദ്രോഹപരമായ ഈ വഞ്ചനയ്ക്കുപിന്നിൽ അധികാര ദുരുപയോഗത്തിന്റെ കരങ്ങളുണ്ടെങ്കിൽ അത് പുറത്തുവരേണ്ടതുണ്ട്. മുഖ്യമന്ത്രി കൈകാര്യംചെയ്യുന്ന വിവരസാങ്കേതിക വകുപ്പിലെ സെക്രട്ടറിക്കുമേൽപ്പോലും സ്വർണക്കടത്തുകാർക്ക് സ്വാധീനമുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഏതു ന്യായത്തിന്റെ പേരിലായാലും ഇത്തരം തട്ടിപ്പുകാർക്കും ‘അവതാരങ്ങൾക്കും’ അധികാരത്തിന്റെ അകത്തളങ്ങളിൽ നിർബാധം വിഹരിക്കാൻ പറ്റുന്ന അവസ്ഥ നാണക്കേടാണ്. ഇക്കാര്യങ്ങൾ അറിഞ്ഞില്ല എന്നുപറയുന്നത് ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണ്. ‘സീസറുടെ ഭാര്യ സംശയാതീതയായിരിക്കണം’ എന്നതാണ് മതം.

നയതന്ത്രബന്ധത്തിന്റെ സുരക്ഷ മറയാക്കി നടത്തിയ സ്വർണക്കടത്ത് സാധാരണ കള്ളക്കടത്തല്ല. രണ്ട് രാജ്യങ്ങളെ ചതിച്ചുകൊണ്ടുള്ള കൊടിയ കുറ്റകൃത്യമാണ്. ആ കുറ്റകൃത്യത്തിന്റെ മുഖ്യകണ്ണി സംസ്ഥാനത്തെ വിവരസാങ്കേതികവകുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചുമതലക്കാരിയാണെന്നതും ആ ചുമതലയിൽ അവരെത്തിയത് പിൻവാതിലിലൂടെയാണെന്നതുമാണ് ഇപ്പോൾ കൃത്യമായി വ്യക്തമായ കാര്യം. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് മേൽപ്പോലും സംശയനിഴലുണ്ടാക്കിയേക്കാവുന്ന കുറ്റമാണിത്‌. കുറ്റാരോപിതയുമായി വിവരസാങ്കേതിക വകുപ്പിന്റെ സെക്രട്ടറിക്ക് അടുത്ത ബന്ധമുണ്ടെന്നതും സെക്രട്ടറി, മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഒരു വകുപ്പിന്റെ സെക്രട്ടറി മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനാണെന്നതുമാണ് രാഷ്ട്രീയകോളിളക്കത്തിന് കാരണമായിരിക്കുന്നത്. കള്ളക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് പ്രതിപക്ഷത്തെ ചില നേതാക്കൾ ആരോപണമുന്നയിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി ശക്തമായി അത് നിഷേധിക്കുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്.

സ്വർണക്കടത്തിന് ചുക്കാൻ പിടിച്ചത് സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ്‌ ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻ മാനേജരായി പ്രവർത്തിക്കുന്ന യു.എ.ഇ.കോൺ‌സുലേറ്റിലെ മുൻ ഉദ്യോഗസ്ഥയാണ്. അങ്ങനെയൊരാളെ നിയമിച്ചത് തന്റെ അറിവോടെയല്ലെന്നാണ് ഐ.ടി.വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വ്യക്തമാക്കിയത്. വകുപ്പ് സെക്രട്ടറിയായ മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കറാണ് നിയമനത്തിന് പിന്നിലെന്നാണ്‌ സൂചന. ശിവശങ്കറെ തന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് അതിവേഗത്തിൽത്തന്നെ നടപടി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. മാറ്റിനിർത്തപ്പെട്ട സെക്രട്ടറിക്ക് കുറ്റാരോപിതയുമായി ബന്ധമുണ്ടോ, സെക്രട്ടറിയുടെ തണലിലാണോ ആരോപിതയായ ഉദ്യോഗസ്ഥ ഭരണത്തിന്റെ ഉന്നതതലത്തിൽ ഇടപെടലുകൾ നടത്തിയത്, മറ്റാർക്കെല്ലാം അതിൽ ബന്ധമുണ്ട് തുടങ്ങിയ കാര്യങ്ങളെല്ലാം വഴിയെ വ്യക്തമാകേണ്ട കാര്യങ്ങളാണ്.

ഭരണരംഗവുമായി ബന്ധപ്പെട്ട് ഗുരുതരമായ ചില പ്രശ്നങ്ങൾ ഇപ്പോഴത്തെ സംഭവത്തിലൂടെ സൂചിതമാകുന്നുണ്ട്. സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടതെല്ലാം കസ്റ്റംസ് അന്വേഷിച്ച് വസ്തുതകൾ പുറത്തുകൊണ്ടുവരേണ്ടതാണ്. യു.എ.ഇ. കോൺസുലേറ്റിലെ ജീവനക്കാരിയായിരിക്കെ ഒഴിവാക്കപ്പെട്ട ഒരാൾ, വ്യാജരേഖ ചമച്ചുവെന്ന ആരോപണത്തിൽ പോലീസിന്റെ അന്വേഷണം നേരിടുന്ന വ്യക്തി, ഐ.ടി.വകുപ്പിന്റെ കീഴിലെ സ്ഥാപനത്തിൽ തന്ത്രപ്രധാന തസ്തികയിൽ എങ്ങനെ എത്തി എന്നതാണ് ഒരു പ്രശ്‌നം. ആ തസ്തികയിലെ ജോലിക്കപ്പുറത്തേക്ക് ഔദ്യോഗികരംഗങ്ങളിൽ എങ്ങനെ പെരുമാറാൻ സാധിച്ചുവെന്നതും. ഇതൊക്കെ മുഖ്യമന്ത്രിയുെട ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന് അറിയാമായിരുന്നു എന്നുള്ള ആരോപണം വെറും നിഷേധം കൊണ്ട് മാത്രം തള്ളിക്കളയാനാവില്ല. അജ്ഞത നടിച്ചതുകൊണ്ടു മാത്രം മായ്ച്ചുകളയാവുന്നതല്ല ഈ കളങ്കം.

മുഖ്യമന്ത്രിയുടെ കീഴിലുള്ള വിവരസാങ്കേതിക വകുപ്പ് കുറച്ചു കാലങ്ങളായി വിവാദങ്ങളിൽ വട്ടം ചുറ്റുകയാണ്. കോവിഡ് ഡേറ്റ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും സ്പ്രിംഗ്ളർ എന്ന കമ്പനിക്ക് കരാർ നൽകിയ പ്രശ്നം സർക്കാരിനെ വലിയ പ്രയാസത്തിലാക്കിയതാണ്. ഐ.ടി.സെക്രട്ടറി എന്ന നിലയിൽ തന്നിഷ്ടപ്രകാരമാണ് ആ കരാർ നൽകിയതെന്നും അതിലെ പിഴവുകൾ പിന്നീട് തിരുത്തിയെന്നുമാണ് സർക്കാർ അന്ന് വ്യക്തമാക്കിയത്. ഐ.ടി.യുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം വകുപ്പ് സെക്രട്ടറി സ്വേച്ഛാപരമായി നിലപാടെടുക്കുന്നുവെന്ന ആക്ഷേപം നേരത്തേ ഉയർന്നതാണ്. വിമർശനം മുഖവിലയ്ക്കെടുക്കാതിരുന്നത് ഇപ്പോൾ യാദൃച്ഛികമായിട്ടാണെങ്കിലും സർക്കാരിന് അലോസരമുണ്ടാക്കിയിരിക്കുന്നു. വികസന പദ്ധതികൾ കൊണ്ടുവരുന്നതിലും നടപ്പാക്കുന്നതിലും ശുഷ്‌കാന്തിയുണ്ടായാൽ മാത്രം പോരാ. എല്ലാറ്റിലും സുതാര്യതയും ജനാധിപത്യരീതികളും അനിവാര്യമാണ്. എല്ലാം സംശുദ്ധമാണെന്ന പറഞ്ഞതു കൊണ്ടുമാത്രം ഉത്തരവാദിത്വം തീരുന്നില്ല. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്ക്‌ അത് ബോധ്യമാവുകയും വേണം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022

Most Commented