തയ്യാറെടുക്കണം ജാഗ്രത പുലർത്തണം


2018-ൽ നമുക്ക് പ്രളയക്കെടുതി മാത്രം നേരിട്ടാൽ മതിയായിരുന്നു ഇപ്പോൾ അതിനൊപ്പം മഹാമാരിയും വെല്ലുവിളിയായി ഉണ്ട്

-

മഹാമാരിക്കൊപ്പം വെള്ളപ്പൊക്ക ഭീഷണിയും കേരളത്തിനെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഉത്തര കേരളത്തിൽ മഴ വലിയ നാശനഷ്ടം വിതച്ചുകഴിഞ്ഞു. ഇടുക്കിയും വയനാടും മലപ്പുറവും പ്രളയഭീതിയിലാണ്. മലയോര മേഖലകളിലെ ആദിവാസി ഊരുകൾ മിക്കവാറും ഒറ്റപ്പെട്ടു കഴിഞ്ഞു. ഉരുൾപൊട്ടൽ ഭീഷണിയുമുണ്ട്. മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. ഭരണകൂടവും ജനങ്ങളും ജാഗ്രത പാലിക്കേണ്ട സമയമാണിത്.
കേന്ദ്ര കാലാവസ്ഥാവകുപ്പ് അതിതീവ്രമഴയ്ക്കുള്ള മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. കേന്ദ്ര ജലകമ്മിഷൻ കേരളത്തിന് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മിക്ക അണക്കെട്ടുകളുടെ ഷട്ടറുകൾ തുറക്കാനിടയായതും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറിൽ 204.5 എം.എം. മഴപെയ്യാൻ സാധ്യതയുണ്ടെന്നാണ് സർക്കാർ നൽകിയ ഔദ്യോഗിക മുന്നറിയിപ്പ്. ഓഗസ്റ്റ് പത്തു വരെ അതിതീവ്ര മഴയുണ്ടാകും. മറ്റൊരു അപകടത്തിലേക്ക് കേരളത്തെ തള്ളിവീഴ്ത്താനുള്ള സാധ്യതയെ ഈ മുന്നറിയിപ്പുകൾ തടയിടുമെന്നു പ്രതീക്ഷിക്കാം.

മലയോര മേഖലയിലേക്ക് രാത്രിയാത്ര പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. മലയിടിച്ചിലിനു സാധ്യതയുള്ളതായി അടയാളപ്പെടുത്തപ്പെട്ട ഇടങ്ങളിൽനിന്ന്‌ അതിവർഷ സമയത്ത് ആളുകൾ മാറിപ്പോവുന്നുണ്ടെന്ന് തദ്ദേശഭരണസംവിധാനങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്. സാമൂഹിക അകലം പാലിച്ച് മുന്നോട്ടുപോകണമെന്ന മഹാമാരിയുടെ സാഹചര്യം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാണ് എന്ന്‌ നാം ഓർക്കണം. അപകടസാഹചര്യങ്ങളെ മുൻകൂട്ടിക്കണ്ട് അതിൽനിന്ന്‌ രക്ഷനേടുന്നതാണ് നല്ലത് എന്ന പാഠം എനിയെങ്കിലും പഠിക്കണം. മലപ്പുറം, ഇടുക്കി , വയനാട് ജില്ലകളിലെ മലയോരങ്ങളിലും പുഴയോരങ്ങളിലുമുള്ളവർ പകൽസമയത്തുതന്നെ ക്യാമ്പുകളിലേക്ക് മാറണമെന്ന് നിർദേശമുണ്ട്. അവർക്ക് എല്ലാവിധ സഹായവും എത്തിക്കുക എന്നതാണ് ഈ നിമിഷത്തിലെ അടിയന്തരമായ സാമൂഹിക ഉത്തരവാദിത്വം.

വെള്ളപ്പൊക്ക മുന്നറിയിപ്പേ ഇപ്പോൾ ഉണ്ടായിട്ടുള്ളൂ. എന്നാൽ, പ്രളയമാണ് വരാൻ പോകുന്നത് എന്ന മട്ടിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് എതിരേയും ജാഗ്രത പാലിക്കേണ്ടതുണ്ട്. 2018 ഓഗസ്റ്റിന്റെ ദുരിതം നിറഞ്ഞ ഓർമയാണ് അത്തരമൊരു ആശങ്കയ്ക്ക് കാരണമെങ്കിലും മഹാമാരിക്കെതിരേയുള്ള കഠിനമായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്ന രീതിയിലാകരുത് നമ്മുടെ ഒരു പ്രവർത്തനവും. ദേശീയ ദുരന്തനിവാരണ സേനയുടെ ആറു യൂണിറ്റുകൾ കേരളത്തിൽ സജ്ജമായിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽനിന്ന്‌ കോവിഡ് ബാധയുണ്ടാകാത്ത രീതിയിൽ സുരക്ഷിതമായ താവളങ്ങൾ കണ്ടെത്താനാണ് മുൻഗണനയുണ്ടാവേണ്ടത്. കൂടാതെ നേരത്തേ കോവിഡ് ബാധിത കൺടെയ്‌ൻമെന്റ്സോണുകൾ വെള്ളപ്പൊക്കബാധിത പ്രദേശങ്ങൾകൂടിയാകുമ്പോൾ ജനങ്ങൾ പൂർണതോതിലുള്ള സഹകരണം സർക്കാർ സംവിധാനങ്ങൾക്ക് നൽകണം. വെള്ളപ്പൊക്ക ദുരിതാശ്വാസക്യാമ്പുകൾ കോവിഡ് വ്യാപനത്തിനുള്ള ഇടമായി മാറാതിരിക്കാനുള്ള സ്വയംജാഗ്രത ഓരോരുത്തർക്കും വേണം.

മഹാമാരിയും പ്രകൃതിദുരന്തവുമൊന്നും ആരുടെയും കുറ്റമല്ല. സർക്കാർ സംവിധാനങ്ങളോട് സഹകരിച്ചുകൊണ്ടുള്ള ജനകീയ കൂട്ടായ്മയിലൂടെ മാത്രമേ ഇതിനെ നേരിടാനാവൂ. 2018-ൽ നമുക്ക് പ്രളയക്കെടുതിമാത്രം നേരിട്ടാൽ മതിയായിരുന്നു. ഇപ്പോൾ അതിനൊപ്പം മഹാമാരിയും വെല്ലുവിളിയായി ഉണ്ട് എന്നതിനാൽ ഇരട്ടക്കരുതൽ പൗരബോധത്തിന്റെ അടിസ്ഥാനമായേ
പറ്റൂ. രണ്ട് വിപത്തിനെയും നമുക്ക് അതിജീവിച്ചേ മതിയാകൂ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented