അവസാനിക്കാത്ത അരുംകൊലകൾ

Published: Dec 4, 2021, 12:13 AM IST
രാഷ്ട്രീയനേതാവെന്നനിലയിലുള്ള പൊതുപ്രവർത്തനത്തിന്റെ പേരിലാണ്, വലിയ രാഷ്ട്രീയഭാവിയുണ്ടായിരുന്ന ചെറുപ്പക്കാരനായ സന്ദീപ് കൊല്ലപ്പെട്ടത്. കൊലപാതകം, അത് എന്തിന്റെ പേരിലായാലും അതുചെയ്യുന്നവർ മനുഷ്യർ എന്ന പേരിന് അർഹരല്ല
4editorial

മനുഷ്യർ മനുഷ്യരെ ഒരറപ്പുമില്ലാതെ അറുകൊല ചെയ്യുന്ന ബീഭത്സസംഭവങ്ങൾ ആവർത്തിക്കുകയാണ്. തിരുവല്ല പെരിങ്ങരയിൽ സി.പി.എം. ലോക്കൽ സെക്രട്ടറിയായ സന്ദീപ്കുമാറിനെ പൊതുവഴിയിൽ ബൈക്ക് തടഞ്ഞ് തള്ളിയിട്ടാണ് വെട്ടിക്കൊന്നത്. വിദ്യാർഥി-യുവജന സംഘാടകനായും ഗ്രാമപ്പഞ്ചായത്തംഗമായും പ്രവർത്തിച്ച് ജനകീയാംഗീകാരം നേടിയ യുവനേതാവിനെയാണ് സമൂഹവിരുദ്ധസംഘം നിഷ്ഠുരമായി കൊലചെയ്തത്. കൊലയാളികളെന്ന് പോലീസ് കണ്ടെത്തിയ അഞ്ചുപേരെയും മണിക്കൂറുകൾക്കകം അറസ്റ്റുചെയ്യാൻ കഴിഞ്ഞു. കൊലപാതകം ആസൂത്രണംചെയ്തതും അതിനായി കുറ്റവാളിസംഘത്തെ സംഘടിപ്പിച്ചതും കൊലയ്ക്ക് നേതൃത്വംനൽകിയതും ചാത്തങ്കരി സ്വദേശി കണാപറമ്പിൽ ജിഷ്ണുവാണെന്ന് സംഭവംനടന്ന ഉടൻതന്നെ പോലീസിന് വിവരംലഭിക്കുകയും പ്രതികൾ അക്കാര്യം സമ്മതിക്കുകയും ചെയ്തെന്നാണ് പുറത്തുവന്ന വിവരം. മോഷണമടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായി ജയിലിൽക്കഴിഞ്ഞ മുഖ്യപ്രതി, ജയിലിൽവെച്ച് പരിചയത്തിലായ കണ്ണൂരുകാരനായ മുഹമ്മദ് ഫൈസലിനെയും കൃത്യം നടത്താൻ ക്വട്ടേഷൻസംഘത്തിന്റെ ഭാഗമാക്കിയെന്നാണ് അന്വേഷണത്തിൽ മനസ്സിലായത്. എല്ലാപ്രതികളെയും പെട്ടെന്ന് അറസ്റ്റുചെയ്തത് ദുരൂഹതകളില്ലാതാക്കാൻ സഹായകമായി. 

കൊലപാതകത്തിനുപിന്നിൽ രാഷ്ട്രീയകാരണങ്ങളല്ല എന്നാണ് പ്രാഥമികാന്വേഷണത്തിൽ മനസ്സിലാക്കാനായതെന്നാണ് മാധ്യമങ്ങളെ  പോലീസ് അറിയിച്ചത്. എന്നാൽ, ആർ.എസ്.എസാണ് കൊലപാതകത്തിനുപിന്നിലെന്നാണ് സി.പി.എം. നേതൃത്വം ആരോപിക്കുന്നത്. കൊലപാതകത്തിന് നേതൃത്വംനൽകിയ ജിഷ്ണു യുവമോർച്ചയുടെ പ്രാദേശിക നേതാവായിരുന്നു, സമൂഹവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസുകൾക്കുപുറമേ രാഷ്ട്രീയസമരത്തിൽ പങ്കെടുത്തും അറസ്റ്റിലായിട്ടുണ്ടെന്ന് സി.പി.എം. പറയുന്നു. മുഖ്യപ്രതിയുടെ അമ്മയ്ക്ക് ട്രാവൻകൂർ ഷുഗേഴ്‌സിലെ താത്‌കാലികജോലി നിഷേധിക്കാൻ സന്ദീപ് ശ്രമിച്ചതാണ് തർക്കത്തിനും വ്യക്തിവൈരാഗ്യത്തിനും ഇടയാക്കിയതെന്ന പ്രചാരണം ഇല്ലാക്കഥയാണെന്നും സി.പി.എം. പറയുന്നു. ഏതായാലും രാഷ്ട്രീയനേതാവെന്നനിലയിലുള്ള പൊതുപ്രവർത്തനത്തിന്റെ പേരിലാണ്, വലിയ രാഷ്ട്രീയഭാവിയുണ്ടായിരുന്ന ചെറുപ്പക്കാരനായ സന്ദീപ് കൊല്ലപ്പെട്ടത്. സമഗ്രമായ അന്വേഷണംനടത്താൻ പോലീസിന് നിർദേശംനൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ച സാഹചര്യത്തിൽ വേഗത്തിൽത്തന്നെ ഇതിൽ വ്യക്തതവരുമെന്ന് കരുതാം. കൊലപാതകത്തിൽ ബി.ജെ.പി.ക്ക് പങ്കില്ലെന്ന് പ്രാദേശികനേതൃത്വവും സംസ്ഥാനനേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നടത്തിയ പോലീസ് രാഷ്ട്രീയകൊലയല്ലെന്ന് ആവർത്തിച്ചുപറഞ്ഞിട്ടും ദുരാരോപണമുന്നയിച്ച സി.പി.എം. നേതാക്കൾ പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്നാണ് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രതികരിച്ചത്. അതിനെ തള്ളി, അന്വേഷണം തീരാതെ പോലീസ് അത്തരം പ്രസ്താവനകൾ നടത്തുന്നത് തെറ്റാണെന്നാണ് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. 

കൊലപാതകം, അത് എന്തിന്റെ പേരിലായാലും അതുചെയ്യുന്നവർ മനുഷ്യർ എന്ന പേരിന് അർഹരല്ല. രാഷ്ട്രീയസംഘർഷത്തിൽ പരിക്കേറ്റ് മരണം സംഭവിക്കുന്ന കേസുകൾ മുമ്പും ഉണ്ടാകാറുണ്ട്. ഇപ്പോൾ പകവെച്ച് പതിയിരുന്നും ബൈക്ക് തടഞ്ഞും ക്വട്ടേഷൻസംഘങ്ങളെ ഉപയോഗിച്ചാണ് കൊലകൾ നടക്കുന്നത്. പെരിങ്ങരയിൽ അതാണ് സംഭവിച്ചത്. ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരനെ കൊലചെയ്തത് അത്തരത്തിലാണ്. കഴിഞ്ഞദിവസം പാലക്കാട്ട് ബി.ജെ.പി. പ്രവർത്തകനായ സഞ്ജിത്തിനെ കൊലചെയ്തത് അത്തരത്തിൽത്തന്നെ. പെരിയയിൽ യൂത്ത്‌കോൺഗ്രസ് പ്രവർത്തകരായ ശരത്ത്‌ലാലിനെയും കൃപേഷിനെയും കൊലചെയ്തത് സംഘർഷത്തിലോ സംഘർഷത്തിന്റെ പേരിലോ അല്ല. ആ കേസിൽ സി.ബി.ഐ. പുതുതായി അഞ്ചുപേരെ അറസ്റ്റുചെയ്യുകയും മുൻ എം.എൽ.എ.യായ സി.പി.എം. നേതാവിന്റെയും മറ്റ് അഞ്ചാളുകളുടെയുംപേരിൽ കേസെടുക്കുകയും ചെയ്തിരിക്കുന്നു. കൊലയ്ക്കുപിന്നിൽ രാഷ്ട്രീയഗൂഢാലോചനയുണ്ടെന്നാണ് സി.ബി.ഐ. കണ്ടെത്തിയത്.

രാഷ്ട്രീയത്തിന്റെ പേരിലും രാഷ്ട്രീയേതര കാരണത്താലുമെല്ലാം കൊലപാതകങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ക്രമസമാധാനനിലയിൽ കേരളം ഒന്നാമതാണെന്ന അവകാശവാദത്തിന് അത്രയൊന്നും ഉറപ്പില്ലെന്നതാണ് സ്ഥിതി. രാഷ്ട്രീയത്തിലെയും അതിനുപുറത്തെയും അക്രമികളെ അമർച്ചചെയ്യാൻ പോലീസിന് സാധിക്കുന്നില്ലെങ്കിൽ സാമൂഹികജീവിതം ദുസ്സഹമാകും.

 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.