-
മഹാമാരിയുടെ ഭീഷണിയിൽവീണ കേരളത്തെ താങ്ങിനിർത്താൻ അഹോരാത്രം പാടുപെടുന്നവരിൽ ഒരു വിഭാഗമാണ് നമ്മുടെ പോലീസ് സേന. മഹാമാരിയെ പരാജയപ്പെടുത്താൻ വൈദ്യലോകമാകെ ഊണും ഉറക്കവും ഉപേക്ഷിച്ച് നിസ്വാർഥസേവനം നടത്തുമ്പോൾ, സദാ ജാഗരൂകരായി, ജീവന്റെ കാവൽക്കാരായി പോലീസ്‌സേന ഒന്നടങ്കം പ്രവർത്തിക്കുന്നു. അളവില്ലാത്ത രക്ഷാബോധമാണ് അത് നമുക്കുതരുന്നത്.
സർവനാശ ഭീഷണിയുയർത്തിനിൽക്കുന്ന കൊറോണ വൈറസിന്റെ സാമൂഹികവ്യാപനം തടയുകയെന്ന ഭാരമേറിയ ചുമതലയാണ് കേരളത്തിലെ പോലീസുകാർ ഏറ്റെടുത്തിരിക്കുന്നത്. മൂന്നരക്കോടി ജനങ്ങൾക്കുവേണ്ടി അരലക്ഷം പോലീസുകാർ ഇതിനായി ത്യാഗപൂർവം മുഴുവൻസമയവും പ്രവർത്തിക്കുകയാണ്. ശാരീരിക അകൽച്ച പാലിച്ചുകൊണ്ടുമാത്രമേ കൊറോണയുടെ വ്യാപനത്തെ തടഞ്ഞുനിർത്താനാവൂ എന്ന പാഠം പഠിപ്പിക്കാനും അകൽച്ച നടപ്പാക്കാനും അടുത്തേക്കുപോവുകയാണ് പോലീസ്. കുറ്റകൃത്യങ്ങൾചെയ്യുന്നവരെ പിടിക്കുകയും ക്രമസമാധാനം നടപ്പാക്കുകയുംചെയ്യാൻ ചുമതലപ്പെട്ട പോലീസ് ആദ്യമായി അദൃശ്യമായ വിപത്തിന്റെ വിത്തുകളിൽനിന്ന് ജനത്തെ കാത്തുരക്ഷിക്കാൻ പൊരുതുന്നു.
ജോലിസമയം നോക്കാതെ, അവധികൾ ഉപേക്ഷിച്ച്, വ്യക്തിതാത്‌പര്യങ്ങൾ മാറ്റിവെച്ച്, ആരോഗ്യം വകവെക്കാതെയാണ് പോലീസ്‌സേന കൊറോണ വ്യാപനത്തോട് പൊരുതുന്നത്. അടച്ചിടൽ നടപ്പായതോടെ ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാൻ പോലീസ് നിരത്തിലിറങ്ങി നിൽക്കുകയാണ്. മറ്റുപല സംസ്ഥാനത്തും കർഫ്യൂവിലെന്നപോലെ കണ്ണിൽപ്പെടുന്നവരെയെല്ലാം അടിച്ചോടിക്കുകയാണ് പോലീസ്. എന്നാൽ, ഇവിടെ, ചില അപവാദങ്ങളൊഴിച്ചാൽ അത്തരം മുറകളില്ല. ‘നിങ്ങൾക്കുവേണ്ടി, നമുക്കുവേണ്ടി, തലമുറകൾക്കുവേണ്ടി തെരുവിൽനിന്ന് പോകൂ പൊന്നുചേട്ടാ, ചേച്ചീ’ എന്ന് പോലീസുകാർ കേണപേക്ഷിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
രണ്ടാഴ്ചയിലേറെയായി കൊറോണവ്യാപനം തടയാനും രോഗലക്ഷണമുള്ളവരെ ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കാനും അത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന ബോധ്യത്തോടെ പോലീസ് പ്രവർത്തിച്ചുവരുന്നു. വിദേശത്തുനിന്ന് എത്തിയവരെക്കുറിച്ച് സൂക്ഷ്മാന്വേഷണംനടത്തി അവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിലും അവർ വലിയ പങ്കുവഹിച്ചു. നിരീക്ഷണത്തിലാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി. ജനമൈത്രി പോലീസിങ് ശക്തിപ്പെടുത്തി ആദ്യമേതന്നെ ബോധവത്‌കരണത്തിന് നേതൃത്വംനൽകി. അതിഥിതൊഴിലാളികൾ, വിദേശികൾ, തെരുവുനിവാസികൾ എന്നിവർക്കെല്ലാം സഹായഹസ്തം നൽകി. വീടുകളിൽ തനിച്ച് പാർക്കുന്നവർക്കുംമറ്റും ഭക്ഷണമെത്തിക്കുന്നതടക്കം കരുതൽ നടപടി സ്വീകരിക്കാനായി.
പോലീസ് മീഡിയാസെന്ററും പോലീസ് സോഷ്യൽ മീഡിയാസെല്ലും രണ്ടാഴ്ചയായി കണ്ണടച്ചിട്ടേയില്ലെന്ന് ഉറപ്പുപറയാം. ഹാൻഡ് വാഷിങ് ഡാൻസിങ് എന്നപേരിലും ബ്രേക്ക് ദി ചെയിൻ എന്ന പേരിലും പോലീസ് തയ്യാറാക്കി പ്രചരിപ്പിച്ച വീഡിയോ ചിത്രങ്ങൾ ദശലക്ഷക്കണക്കിനാളുകൾ കാണുകയും പതിനായിരങ്ങൾ പങ്കുവെക്കുകയുംചെയ്തു. അത് അന്താരാഷ്ട്ര തലത്തിൽപ്പോലും കൈയടി നേടി.
കൊറോണവ്യാപനം തടയുന്നതിന് പോലീസ് പ്രയത്നം തുടങ്ങിയിട്ടേയുള്ളൂ. ആഴ്ചകളോ മാസങ്ങളോതന്നെ വേണ്ടിവന്നേക്കാവുന്ന ജീവന്മരണയുദ്ധമാണിത്. അദൃശ്യശത്രുവിന്റെ ആക്രമണത്തിൽനിന്ന് ജനതയെയാകെ രക്ഷിക്കുന്നതിനുള്ള ത്യാഗോജ്ജ്വലമായ പോരാട്ടം. വലിയ സ്വാതന്ത്യ്രബോധമുള്ള, അല്പംപോലും അസ്വാതന്ത്യ്രം ഇഷ്ടപ്പെടാത്ത ആത്മാഭിമാനമുള്ള ജനതയാണ് മലയാളികൾ. നിയന്ത്രണങ്ങൾ അവരെക്കൊണ്ട് അംഗീകരിപ്പിക്കുക എളുപ്പമല്ല. പക്ഷേ, ഒരാളുടെ അശ്രദ്ധപോലും, ഏതാനും പേരുടെ അഹങ്കാരംപോലും, ഒരു ജനതയുടെയാകെ നാശത്തിന് കാരണമായേക്കാമെന്ന പാഠം എല്ലാവരെയും ഓർമിപ്പിക്കേണ്ടിയിരിക്കുന്നു. രണ്ടാഴ്ച വീട്ടിൽക്കഴിയുക, ഗത്യന്തരമില്ലെങ്കിൽമാത്രം നിയമാനുസൃതം പുറത്തിറങ്ങുക. അതല്ലെങ്കിൽ ആപത്താവും ഫലമെന്ന് ഓർമിപ്പിക്കുക. പോലീസ്‌മന്ത്രികൂടിയായ മുഖ്യമന്ത്രി വ്യക്തമാക്കിയതുപോലെ കൂടുതൽ കാർക്കശ്യത്തോടെയുള്ള ഇടപെടൽ അടുത്തദിവസങ്ങളിൽ അനിവാര്യമാകും. എന്നാൽ, ശാരീരികദണ്ഡങ്ങളേൽപ്പിക്കാതെ വേണം നിയന്ത്രണപാലനം ഉറപ്പാക്കൽ. ചികിത്സയടക്കം ന്യായമായ ആവശ്യങ്ങൾക്ക് പുറത്തുപോകേണ്ടവർക്ക് മതിയായ രേഖകളുണ്ടെങ്കിൽ അനുമതി നൽകേണ്ടതാണ്.
നാട് വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ സ്വന്തത്തെ മറന്ന് പൊതു എന്ന മന്ത്രം മുറുകെപ്പിടിച്ച് ജനരക്ഷ എന്ന ലക്ഷ്യത്തിലേക്ക് മാർച്ചുചെയ്യുകയാണ് പോലീസ്. ആരോഗ്യപ്രവർത്തകർ, ബന്ധപ്പെട്ട മറ്റുദ്യോഗസ്ഥർ, സംയോജകരായ ഭരണനേതൃത്വം എന്നിവർക്കൊപ്പം പോലീസ് നടത്തിക്കൊണ്ടിരിക്കുന്ന മഹത്തായ പ്രവർത്തനങ്ങൾക്ക് എത്ര നന്ദിപറഞ്ഞാലും അധികമാവില്ല. കേരള പോലീസിന് ബിഗ് സല്യൂട്ട്.
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..