ലോകാരോഗ്യസംഘടന നിലനിൽക്കണം


ലോകാരോഗ്യസംഘടനയെ നമുക്ക് പിന്തുണയ്ക്കാം. കാരണം, ഈ നിർണായകനേരം അതാവശ്യപ്പെടുന്നു

-

അതിർത്തിയുടെ ബലത്തെയോ രാജ്യത്തിന്റെ സ്വാധീനത്തെയോ ഭരണാധികാരിയുടെ ശക്തിയെയോ വകവെക്കാത്ത ഒരു സൂക്ഷ്‌മാണുവിനോടു പോരാടുകയാണ്‌ ലോകം. അടച്ചിട്ട അതിർത്തികളുംകടന്ന് സാർസ്‌ കോവ് 2 വൈറസ് മുന്നേറുമ്പോഴാണ് അതിനെ നേരിടാനുള്ള ശ്രമങ്ങൾക്കു നേതൃത്വംകൊടുക്കുന്ന ലോകാരോഗ്യസംഘടനയെ (ഡബ്ല്യു.എച്ച്.ഒ.) ദുർബലപ്പെടുത്താനുള്ള ശ്രമമുണ്ടാവുന്നത്. നിർഭാഗ്യകരമെന്നേ ഇതിനെ വിളിക്കാനാവൂ. അസാധാരണവും അപലപനീയവും നിരുത്തരവാദപരവുമായ ഈ പ്രവൃത്തിയുണ്ടായത് ആഗോളശക്തിയായ അമേരിക്കയിൽനിന്നാണ് എന്നത് അതിന്റെ ഗൗരവമേറ്റുന്നു. സ്വന്തം ജനതയോടും മാനവരാശിയോടുതന്നെയും ആ രാജ്യത്തിന്റെ തലവനുയർത്തുന്ന വെല്ലുവിളിയാണിത്. വ്യക്തിപരമായ വീഴ്ച മറച്ചുവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കണ്ട ഏറ്റവും അപകടംപിടിച്ച പോംവഴി. ഡബ്ല്യു.എച്ച്.ഒ.യ്ക്കുള്ള സഹായധനം നിർത്തിയും സംഘടനയുടെ തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് രാജിവെക്കണമെന്ന ആവശ്യമുന്നയിച്ചും ട്രംപ് രംഗത്തെത്തിയിട്ട് ഒരാഴ്ചയിലേറെയായി. ഇനിയൊരിക്കലും അമേരിക്ക ഡബ്ല്യു.എച്ച്.ഒ.യ്ക്ക് സഹായധനം നൽകിയേക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ബുധനാഴ്ച പറഞ്ഞത്. വികസ്വരവും അവികസിതവുമായ രാജ്യങ്ങൾക്ക് കോവിഡ് 19-നെ നേരിടാനാവശ്യമായ സഹായമേകാൻ ഡബ്ല്യു.എച്ച്.ഒ.യ്ക്ക് ഇനിയും 67.5 കോടി ഡോളർ വേണമെന്നിരിക്കെയാണ് ധാർഷ്ട്യംനിറഞ്ഞ ഈ വാക്കുകൾ. ഡബ്ല്യു.എച്ച്.ഒ.യുടെ പ്രവർത്തനങ്ങളിൽ അപാകമുണ്ടാകാം. പക്ഷേ, മനുഷ്യരാശിതന്നെ പകച്ചുനിൽക്കുന്ന ഈ മുഹൂർത്തമല്ല സംഘടനയ്ക്കുനേരെ പടവെട്ടാൻ ഉപയോഗിക്കേണ്ടത്.

ആഗോളപ്രശ്നമാണ് കോവിഡ് മഹാമാരി. ആഗോളപ്രശ്നങ്ങൾക്കു വേണ്ടത് ആഗോളപരിഹാരങ്ങളാണ്. അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന വൈറസിനെ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് ഓരോ രാജ്യവും. ഈ ശ്രമങ്ങൾ ഫലവത്താവണമെങ്കിൽ അതിനാവശ്യമായ വൈദഗ്‌ധ്യവും വിഭവങ്ങളും ആ രാജ്യങ്ങൾക്കുണ്ടാവണം. എന്നാൽ, വർഷങ്ങളുടെ ആഭ്യന്തരകലഹങ്ങളും യുദ്ധവും പ്രകൃതിക്ഷോഭങ്ങളും ദുരിതത്തിലും ദാരിദ്ര്യത്തിലുമാക്കിയ രാഷ്ട്രങ്ങൾക്ക് സ്വയം അതിനാവുമെന്നു കരുതാനാവില്ല. അവിടെയാണ് ലോകാരോഗ്യസംഘടനയുടെ പ്രസക്തി. സംഘടനയുടെ വിപുലമായ ശൃംഖലയും ആഗോളപങ്കാളിത്തവും മറ്റാർക്കുമില്ല. അതുപയോഗിച്ചാണ് എഴുപതിലേറെ വർഷമായി ഡബ്ല്യു.എച്ച്.ഒ. പല വ്യാധികളെയും നേരിട്ടതും പിടിച്ചുകെട്ടിയതും. സ്വാർഥചിന്തയില്ലാത്ത നേതാക്കളുടെ സുമനസ്സും അതിനു സഹായകമായി. ഒരുകാലത്ത് ലോകം ഭയന്ന വസൂരിയെ തുടച്ചുനീക്കാൻ ഡബ്ല്യു.എച്ച്.ഒ.യ്ക്ക് ആവശ്യമായ വിഭവങ്ങൾ നൽകാൻ വൈരത്തിലായിരുന്നെങ്കിലും സോവിയറ്റ് യൂണിയനും അമേരിക്കയും സഹകരിച്ചു.

മനുഷ്യന്റെതന്നെ വെറുപ്പും ദുരയും അജ്ഞതയുമാണ് വൈറസിനെക്കാൾ ഈ സമയത്തെ ഏറ്റവും വലിയ അപകടമെന്നു പറഞ്ഞത് ചരിത്രകാരനും തത്ത്വചിന്തകനുമായ യുവാൽ നോവ ഹരാരിയാണ്. ആഗോള ഐക്യമില്ലാതെ, വെറുപ്പോടെ പരസ്പരം പഴിചാരിയാണ് ഈ പ്രതിസന്ധിയോട് ലോകം പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ഈ അനൈക്യത്തിന്റെ ഇരയാകാൻ ഡബ്ല്യു.എച്ച്.ഒ.യെ വിട്ടുകൊടുക്കരുത്. കോവിഡ് മാത്രമല്ല, ഡബ്ല്യു.എച്ച്.ഒ.യ്ക്ക് പ്രതിരോധിക്കാനുള്ള പ്രതിസന്ധി. കോംഗോയിലെ അഞ്ചാംപനിയും യെമെനിലെ കോളറയുംപോലെ ആഗോളതലത്തിൽ മറ്റനേകം ആരോഗ്യപ്രശ്നങ്ങളും സംഘടന ഈ സമയം കൈകാര്യം ചെയ്യുന്നുണ്ട്. കുട്ടികൾക്കുള്ള പ്രതിരോധകുത്തിവെപ്പുകൾക്ക്‌ മുൻകൈയെടുക്കുന്നുണ്ട്. ചുരുക്കത്തിൽ ഇന്നത്തെ ലോകത്തെ ആരോഗ്യമുള്ളതാക്കിവെക്കാൻ അവിശ്രമം പണിയെടുക്കുന്ന ഒരുകൂട്ടമാളുകളുടെ കൂട്ടായ്മയാണത്. അതുനിലനിൽക്കേണ്ടത് ആരോഗ്യമുള്ള ഭാവിക്ക് ആവശ്യമാണ്. അന്താരാഷ്ട്രസംഘടനകളിലൂടെ ആഗോളപ്രശ്നങ്ങൾക്ക്‌ പരിഹാരംകാണാമെന്നു വിശ്വസിച്ച ആത്മവിശ്വാസമുള്ള ധീരനേതാക്കളാണ് അവയുടെ രൂപവത്കരണത്തിനിടയാക്കിയത്. പതിറ്റാണ്ടുകളായി ലോകം നിലനിന്നുപോരുന്നതും ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനാൽ, ലോകാരോഗ്യസംഘടനയെ നമുക്ക് പിന്തുണയ്ക്കാം. കാരണം, ഈ നിർണായകനേരം അതാവശ്യപ്പെടുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


death

1 min

യുവാവ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍: ഭാര്യയുടെ രീതികളില്‍ അസന്തുഷ്ടനെന്ന് കുറിപ്പ്

May 17, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented