സഹകരണമേഖലയെ തകർക്കരുത്


വർഷത്തിൽ ഒരു കോടിയലിധികം രൂപ പിൻവലിക്കുന്നവർക്ക് രണ്ടുശതമാനം നികുതി ചുമത്തുന്നത് ട്രഷറികളുടെയും ബാങ്കുകളുടെയും കാര്യത്തിൽ കേന്ദ്രസർക്കാർ ഒഴിവാക്കിയതാണ്. പ്രാഥമിക കാർഷിക സഹകരണസംഘങ്ങൾക്ക് ഈ ഇളവ് ബാധകമാക്കാത്തത് അന്യായമാണ്

-

മാനവവികസനസൂചികയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തെ മുന്നിലെത്തിച്ചതിൽ മറ്റുപല ഘടകങ്ങൾക്കൊപ്പം സഹകരണമേഖലയ്ക്കും വലിയപങ്കുണ്ട്. കക്ഷിരാഷ്ട്രീയത്തിന്റെ അതിമാത്സര്യംകൊണ്ട് പലപ്പോഴും പേരുദോഷമുണ്ടാക്കുന്നുണ്ടെങ്കിലും അതിനൊക്കെ ഉപരിയാണ് സഹകരണപ്രസ്ഥാനത്തിന്റെ സദ്‌സംഭാവനകൾ. കേരളീയ ജീവിതത്തിന്റെ എല്ലാ മേഖലയിലും സ്വാധീനശക്തിയായ പ്രാഥമിക സഹകരണമേഖലയുടെ തലയ്ക്കുമേലെ ഒരു വാൾ തൂങ്ങിനിൽക്കുകയാണിപ്പോൾ. ഒരു കോടിയിൽ കൂടുതൽ രൂപ ബാങ്കുകളിൽനിന്ന് പിൻവലിക്കുകയാണെങ്കിൽ രണ്ടു ശതമാനം വീതം നികുതി അപ്പപ്പോൾ പിരിക്കണമെന്ന നിബന്ധനയിൽ സഹകരണ സംഘങ്ങളെയും ഉൾപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞവർഷം ഒരു കോടിയിലധികം പിൻവലിച്ച സഹകരണസംഘങ്ങളിൽനിന്ന് രണ്ടുശതമാനം പിരിക്കാത്ത കൊമേഴ്‌സ്യൽ ബാങ്കുകൾ സ്വന്തംനിലയ്ക്ക് അത്രയും തുക നൽകേണ്ടിവരുമെന്ന് ആദായനികുതി വകുപ്പിൽനിന്ന് അന്ത്യശാസനം മുഴങ്ങിയിരിക്കുന്നു.

വ്യക്തികളുടെ അതേനിലയിലല്ലാതെ ബാങ്കിങ്‌ സ്ഥാപനമായി പ്രാഥമിക സഹകരണ ബാങ്കുകളുടെ ഇടപാടുകളെ കണക്കാക്കാനാവില്ല എന്നമട്ടിലാണ് ഇക്കാര്യത്തിൽ കർശനനിലപാടെടുക്കുന്നത്. ആയിരങ്ങളോ പതിനായിരങ്ങളോ ആയി സഹകരണസംഘത്തിൽ നിക്ഷേപിക്കുന്ന തുകയിൽ അംഗങ്ങൾക്ക് വായ്പകൊടുത്ത് ബാക്കിയുള്ള തുകയാണ് ജില്ലാ സഹകരണബാങ്കുകളിൽ നിക്ഷേപിക്കുന്നത്. നിക്ഷേപകൻ പിൻവലിക്കാനെത്തുമ്പോഴും അംഗങ്ങൾ വായ്പയ്ക്കെത്തുമ്പോഴും ജില്ലാ ബാങ്കിൽനിന്ന് പിൻവലിച്ചാണ് പണം നൽകേണ്ടത്. ഇങ്ങനെ പിൻവലിക്കുന്ന തുക വർഷത്തിൽ ഒരു കോടിയിൽ കൂടിയാൽ രണ്ടുശതമാനം നികുതിനൽകണം. നിക്ഷേപകർക്ക് പ്രാഥമിക ബാങ്ക് നൽകുന്ന പലിശയ്ക്ക് സമാനമോ അല്പം കുറവോ ആയ നിരക്കിലുള്ള പലിശയാണ് ജില്ലാ ബാങ്ക് പ്രാഥമികസംഘത്തിന് നൽകുന്നത്. രണ്ടുശതമാനം കേന്ദ്രസർക്കാർ കണ്ണിൽച്ചോരയില്ലാതെ പിടിച്ചെടുക്കുകകൂടി ചെയ്താൽ ലാഭത്തെയല്ല, മുതലിനെയാണ് ബാധിക്കുക. വലിയ നഷ്ടത്തിലേക്ക് സഹകരണമേഖലയെ തള്ളിയിടുന്നതിന് തുല്യമാണത്.

വർഷത്തിൽ ഒരു കോടിയിലധികം രൂപ പിൻവലിക്കുന്നവർക്ക് രണ്ടുശതമാനം നികുതി ചുമത്തുന്നത് ട്രഷറികളുടെയും ബാങ്കുകളുടെയും കാര്യത്തിൽ കേന്ദ്രസർക്കാർ ഒഴിവാക്കിയതാണ്. പ്രാഥമിക കാർഷിക സഹകരണസംഘങ്ങൾക്ക് ഈ ഇളവ് ബാധകമാക്കാത്തത് അന്യായമാണ്. ഈ വിഷയം പാർലമെന്റിൽ കൊടിക്കുന്നിൽ സുരേഷ് ഉന്നയിച്ചപ്പോൾ ധനമന്ത്രി പറഞ്ഞത് പ്രശ്നം പ്രത്യേകമായി പരിശോധിച്ച് നടപടി സ്വീകരിക്കാമെന്നാണ്. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന് നിവേദനം നൽകിയതാണ്. പാർലമെന്റിൽ നൽകിയ ഉറപ്പുപ്രകാരം തുടർനടപടിയൊന്നുമുണ്ടായില്ലെന്നാണ് ഇപ്പോൾ ബാങ്കുകൾക്ക് ആദായനികുതി വകുപ്പ് അയക്കുന്ന നോട്ടീസുകളിൽനിന്ന് മനസ്സിലാക്കേണ്ടത്. സംസ്ഥാന സഹകരണവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെന്നനിലയിൽ പ്രാഥമിക സഹകരണ ബാങ്കുകൾ മുഖേനയാണ് സാമൂഹ്യക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നത്. കോടിക്കണക്കിന് രൂപ ഈ ഇനത്തിലും പിൻവലിക്കേണ്ടിവരുമ്പോൾ അതിന്റെപേരിലും രണ്ടുശതമാനം നികുതി അടയ്ക്കേണ്ടിവരുന്ന നീതികേടിനാണ് സഹകരണമേഖല ഇരയാകുന്നത്.
പ്രാഥമിക സഹകരണസംഘങ്ങൾ ബാങ്കുകൾ എന്ന പേരുപയോഗിക്കാമോ എന്ന വിവാദത്തിനും നിയമപ്രശ്നത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. 80-സി പ്രകാരമുള്ള ആദായനികുതി ഇളവിന് സഹകരണ ബാങ്കുകൾ അർഹമല്ല എന്ന് ആദായനികുതി വകുപ്പും പ്രാഥമിക കാർഷിക വായ്പാസംഘങ്ങളായതിനാൽ അർഹമാണ് എന്ന്‌ സംഘങ്ങളും വാദിച്ച പ്രശ്നം അന്തിമമായി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. പ്രാഥമിക വായ്പാസംഘം എന്നതിൽനിന്നും മാറി വിപുലമായ ബാങ്കിങ്‌ പ്രവർത്തനമുള്ള സ്ഥാപനങ്ങളാണ് കേരളത്തിലെ പ്രാഥമിക സഹകരണബാങ്കുകളെന്ന ആദായനികുതി വകുപ്പിന്റെ നിലപാട് കേരളത്തിലെ സഹകരണമേഖലയുടെ വളർച്ചയ്ക്ക് പരോക്ഷമായ അംഗീകാരമാണ്. ഗ്രാമീണ ജീവിതനിലവാരം വർധിപ്പിക്കാൻ കാർഷികമേഖലയ്ക്കൊപ്പം കാർഷികാനുബന്ധ പ്രവർത്തനം, കർഷകജനസാമാന്യത്തിന്റെ ജീവിതമുന്നേറ്റത്തിനുള്ള വിവിധോദ്ദേശ്യ പദ്ധതികൾ എന്നീ കാര്യങ്ങൾക്കായി അടിസ്ഥാനപ്രവർത്തനം നടത്തിയതാണ് വളർച്ചയ്ക്ക് കാരണം. വിവാഹം, കൃഷിക്കാരുടെ ഗൃഹനിർമാണം, കർഷക കുടുംബത്തിൽപ്പെട്ടവരുടെ ഉന്നത വിദ്യാഭ്യാസം, വിദേശ തൊഴിൽ -ഇതിനെല്ലാമുള്ള വായ്പകളും കാർഷിക-കാർഷികാനുബന്ധ വായ്പയായേ കാണാനാവൂ. അത് പരിഗണിക്കാതെ നികുതി ചുമത്തുന്നുവെന്നതാണ് സഹകരണമേഖലയുടെ ആക്ഷേപം. അതെന്തായാലും സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. കൊടിക്കുന്നിൽ സുരേഷ് പാർലമെന്റിൽ പ്രശ്നം ഉന്നയിച്ചപ്പോൾ ഇക്കാര്യവും പരിശോധിക്കുമെന്ന ഉറപ്പ് മന്ത്രി നൽകിയതായിരുന്നു. പക്ഷേ, പുരോഗതിയൊന്നുമുണ്ടായില്ല. നിലവിൽ സഹകരണബാങ്കുകൾക്ക് ആദായനികുതി വകുപ്പ് അയക്കുന്ന നികുതി ഡിമാൻഡ്‌ നോട്ടീസുകളിൽ യഥാർഥവരുമാനത്തിനുള്ള നികുതി മാത്രമല്ല, കുടിശ്ശികയായ പലിശ, പിഴപ്പലിശ എന്നിവയും മുൻകൂട്ടി വരുമാനമായിക്കണ്ട് നികുതിചോദിക്കുന്നുവെന്നാണ് സഹകരണ ബാങ്കുകൾ ഉന്നയിക്കുന്ന ആവലാതി. കൊമേഴ്‌സ്യൽ ബാങ്കുകളുടെ കാര്യത്തിൽ തിരിച്ചടവില്ലാത്ത തുകയ്ക്ക് നികുതി കണക്കാക്കുന്നില്ല, സഹകരണമേഖലയുടെ കാര്യത്തിൽ നേരെ മറിച്ചും.

ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾപോലും സ്വകാര്യവത്‌കരിക്കാൻ ഊർജിത ശ്രമംനടക്കുന്ന ഇക്കാലത്ത് സഹകരണമേഖലയെയും പ്രതിസന്ധിയിലാക്കുന്നത് കടുത്ത സാമ്പത്തികത്തകർച്ചയാണുണ്ടാക്കുക. സഹകരണമേഖല നേരിടുന്ന ഈ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിനുമുമ്പിൽ ശരിയായി അവതരിപ്പിച്ച് പരിഹാരം കാണാൻ സംസ്ഥാനസർക്കാരും സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയകക്ഷികളും ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ടിയിരിക്കുന്നു.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented