കോവിഡ് മഹാമാരിക്കുമുന്നിൽ എല്ലാ കണക്കുകൂട്ടലും  തെറ്റിയ കാലമാണിത്. ലോകമാകെ അടഞ്ഞുകിടന്നപ്പോൾ മനുഷ്യമനസ്സിനെയും അത് പിന്നോട്ടുവലിച്ചു. അങ്ങനെ ഉൾവലിഞ്ഞുപോയ ജീവിതത്തിലേക്കുള്ള ഒരു നുറുങ്ങുവെട്ടംപോലെയാണ് ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലെ സതാംപ്ടണിൽ വെള്ളിയാഴ്ച ഗ്രൗണ്ട് ഒരുങ്ങിയത്‌. സതാംപ്ടണിലെ ഏജീസ് ബൗൾ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടുകയാണ്‌. ആദ്യദിനം മഴയിൽ കുതിർന്നെങ്കിലും കായികലോകത്തിന്റെ ആവേശത്തിന്‌ ഒട്ടും കുറവുണ്ടായില്ല. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പാണിത്. 

ക്രിക്കറ്റിന്റെ ഏറ്റവും സമഗ്രമായ രൂപമാണ് ടെസ്റ്റ്. തുടർച്ചയായി അഞ്ചുദിവസം നീണ്ടുനിൽക്കുന്ന മത്സരം. അത്രയും ദിവസത്തെ കളി, മനസ്സും ശരീരവും ഒരുമിച്ച് നേരിടേണ്ട ‘പരീക്ഷണം’ എന്ന അർഥത്തിലാണ് ‘ടെസ്റ്റ്’ എന്ന വാക്കുണ്ടായത്. കളിക്കാരുടെ പ്രതിഭയും പ്രയത്നവും ശരിയായി വിലയിരുത്തപ്പെടുന്ന വേദിയും ടെസ്റ്റുതന്നെ. 1877-ൽ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരം നടന്നു. ഓസ്‌ട്രേലിയയിലെ ചരിത്രപ്രസിദ്ധമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എം.സി.ജി.) ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലായിരുന്നു ആദ്യമത്സരം. ഒരു നൂറ്റാണ്ടോളം പിന്നിട്ട്, 1971-ലാണ് അന്താരാഷ്ട്രതലത്തിൽ ആദ്യ പരിമിത ഓവർ മത്സരം നടന്നത്. അതും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിൽ മെൽബണിലായിരുന്നു.

1975-ൽ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നടന്നു. പിന്നീട് മാറ്റങ്ങൾ അതിവേഗമായിരുന്നു. ആദ്യരണ്ടുകിരീടങ്ങൾ വെസ്റ്റിൻഡീസ് നേടി. 1983-ൽ കപിൽദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ലോകകിരീടം നേടിയതോടെ ക്രിക്കറ്റിനെ ഇന്ത്യ ഹൃദയത്തിൽ ഏറ്റുവാങ്ങി. ക്രിക്കറ്റിന്റെ രൂപം മാറിക്കൊണ്ടിരുന്നു. 2000-ത്തിന്റെ തുടക്കത്തിൽ 20 ഓവർ മാത്രമുള്ള രാജ്യാന്തരമത്സരം എന്നുകേട്ടപ്പോൾ പലരും മുഖംചുളിച്ചെങ്കിലും 2007-ൽ ട്വന്റി 20-യിൽ ആദ്യ ലോകകപ്പ് നടന്നു. പ്രഥമകിരീടം എം. എസ്. ധോനിയുടെ നേതൃത്വത്തിൽ ഇന്ത്യ നേടി. ഇപ്പോൾ 100 പന്തുകൾമാത്രമുള്ള മത്സരം തുടങ്ങിക്കഴിഞ്ഞു.

എന്നാൽ, ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ലോകചാമ്പ്യൻഷിപ്പ് നടക്കാൻ 144 വർഷം കാത്തിരിക്കേണ്ടിവന്നു. ടെസ്റ്റിന് ഒരു ലോകചാമ്പ്യൻഷിപ്പ് എന്ന ആശയം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) ചർച്ചചെയ്യാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. ക്രിക്കറ്റിന്റെ ക്ലാസിക് രൂപമായ ടെസ്റ്റിനെ തിരിച്ചുകൊണ്ടുവരണം എന്ന ലക്ഷ്യത്തോടെയാണത്. പല കാരണങ്ങൾകൊണ്ട്, പലതവണ മുടങ്ങിയ ചാമ്പ്യൻഷിപ്പ് ഒടുവിൽ യാഥാർഥ്യമായി.

ഐ.സി.സി.യുടെ ടെസ്റ്റ് പദവിയിൽ ആദ്യ ഒമ്പതുറാങ്കിലുള്ള ടീമുകളെ ഉൾപ്പെടുത്തി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രഖ്യാപിച്ചു. ഓരോടീമും ആറുടീമിനെതിരേ പരമ്പര കളിച്ച് കൂടുതൽ പോയന്റ് നേടുന്ന രണ്ടുടീം ഫൈനൽ കളിക്കും എന്നായിരുന്നു തീരുമാനം. 2019-ലെ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ആഷസ് ടെസ്റ്റിലൂടെ ചാമ്പ്യൻഷിപ്പിന് തുടക്കമായി. അതിനിടെ എത്തിയ കോവിഡ് മത്സരക്രമത്തെ ബാധിച്ചു. ചില പരമ്പരകൾ ഉപേക്ഷിച്ചു. അതോടെ, മാനദണ്ഡങ്ങളിൽ മാറ്റംവരുത്തേണ്ടിവന്നു. കളിച്ച മത്സരങ്ങളിൽ നേടിയ പോയന്റുകളുടെ ശതമാനം അടിസ്ഥാനമാക്കിയായി ഫൈനൽ പ്രവേശനം. ആകെ നേടാവുന്ന പോയന്റുകളിൽ 72.2 ശതമാനം നേടിയ ഇന്ത്യ പ്രാഥമികഘട്ടത്തിലെ ഒന്നാംസ്ഥാനക്കാരായപ്പോൾ 70 ശതമാനം പോയന്റുനേടി  ന്യൂസീലൻഡ് രണ്ടാമതായി. ഇന്ത്യ, ന്യൂസീലൻഡ് എന്നീ ടീമുകളെക്കാൾ പോയന്റ് നേടിയ ഇംഗ്ലണ്ട് ഫൈനലിൽ എത്താതിരുന്നത് ഈ കണക്കനുസരിച്ചാണ്. കോവിഡ് രൂക്ഷമായതിനാൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽനിന്ന് പിന്മാറിയത് ഓസ്‌ട്രേലിയയുടെ സാധ്യതയെ ബാധിച്ചു.

ഫൈനലിലേക്കുള്ള വഴിയിൽ ഇന്ത്യക്ക്‌  ഉദാത്തമായ ചില വിജയങ്ങൾ ഓർക്കാനുണ്ട്. കഴിഞ്ഞ ജനുവരിയിൽ ഓസ്‌ട്രേലിയയെ അവരുടെ നാട്ടിൽ 2-1ന് തോൽപ്പിച്ചത് അങ്ങനെയൊരു മുഹൂർത്തമായി. പ്രധാന താരങ്ങൾ ഒന്നൊന്നായി പരിക്കേറ്റ് പിന്മാറിയപ്പോൾ, ഇതുവരെ അന്താരാഷ്ട്രമത്സരം കളിക്കാത്ത യുവതാരങ്ങളെ അണിനിരത്തി ഇന്ത്യ ഓസ്‌ട്രേലിയയുടെ പ്രതാപത്തെ അടിച്ചമർത്തുകയായിരുന്നു. റെക്കോഡുകളിൽനിന്ന് റെക്കോഡുകളിലേക്ക് കുതിക്കുന്ന വിരാട് കോലി എന്ന 32-കാരനാണ് ഇന്ന് ലോകക്രിക്കറ്റിൽ ഇന്ത്യൻ പതാക ഉയരെ പാറിക്കുന്നത്. അദ്ദേഹത്തിനുകീഴിൽ ഫൈനലിന് ഇറങ്ങുമ്പോൾ നിറഞ്ഞ പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ന്യൂസീലൻഡാകട്ടെ, ലോകക്രിക്കറ്റിൽ എത്രയോ കാലമായി മുൻനിരയിലുണ്ടായിട്ടും പറയത്തക്ക കിരീടമൊന്നും നേടിയിട്ടില്ല. ഒരു കിരീടം അവരുടെ ആത്മാഭിമാനം ഉയർത്തും.