അഞ്ഞൂറു പേർ അധികംതന്നെ


2 min read
Read later
Print
Share

കോവിഡ് വ്യാപനം തടയുന്നതിലും ആഘാതം കുറയ്ക്കുന്നതിലും മാതൃകാപരമായി പ്രവർത്തിക്കുന്ന ഭരണത്തിന്റെ

19podcast

അസാധാരണമായ സാഹചര്യങ്ങളിലൂടെ രാജ്യവും സംസ്ഥാനവും കടന്നുപോവുമ്പോൾ പുതിയ മന്ത്രിസഭയുടെ അധികാരമേൽക്കൽ ചടങ്ങിന് അഞ്ഞൂറുപേർവരെ ആവാമെന്ന തീരുമാനം തീർത്തും നിർഭാഗ്യകരമാണ്. മാരകമായ മഹാമാരിയുടെ വ്യാപനം തടയാൻ വീട്ടിൽ പൂട്ടിയിരിക്കാനും കൂട്ടംകൂടുന്നത് തീർത്തും ഒഴിവാക്കാനും ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന അധികൃതർതന്നെ അത് തെറ്റിക്കുന്നതു ശരിയല്ല. ന്യായവാദങ്ങൾ പലതും നിരത്താമെങ്കിലും മുപ്പൂട്ടുവീണ തലസ്ഥാനനഗരിയിൽ ഇത്തരമൊരു ആളെ കൂട്ടിയുള്ള ചടങ്ങ് നടത്തുന്നതിൽ ഔചിത്യം ഒട്ടുമില്ല.

ജനസമ്പർക്കം തടയാൻ മുപ്പൂട്ടോ പൂർണാർഥത്തിൽ ഒറ്റപ്പൂട്ട് പോലുമോ ഇല്ലാത്ത സമയത്താണ് തുടർഭരണത്തിനുള്ള അഭൂതപൂർവമായ ജനസമ്മതി പുറത്തുവന്നത്. കോവിഡ് സാഹചര്യം പരിഗണിച്ച് അത് സംയമനത്തോടെ സ്വീകരിക്കുകയും ആഘോഷം വീട്ടുമുറ്റത്തിനപ്പുറത്തേക്ക് കടക്കാതെ ശ്രദ്ധിക്കുകയുംചെയ്ത് മാതൃക കാട്ടുകയായിരുന്നു ഇടതുപക്ഷജനാധിപത്യമുന്നണി. തിരഞ്ഞെടുപ്പുഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ സർക്കാർ അധികാരമേൽക്കാത്തതിന്റെ പല കാരണങ്ങളിലൊന്നും കോവിഡ് വ്യാപനം തന്നെയാവാം. ആദ്യം ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ കരുതിയതിലും മോശമാണ് സാഹചര്യമെന്നുകണ്ട് തലസ്ഥാനമടക്കം നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്താൻ നിർബന്ധിതമാവുകയായിരുന്നു. ആ തീരുമാനമെടുക്കുമ്പോൾ നിർത്തേണ്ടതായിരുന്നില്ലേ സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ നിർമാണം എന്ന ചോദ്യം പരക്കേ ഉയർന്നുകൊണ്ടിരിക്കുകയാണ്.

ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മേയ് രണ്ടിന് ഫലംവന്ന സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം കേരളത്തിലാണ്. രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനമുള്ള സംസ്ഥാനം. കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യാപനം അല്പമെങ്കിലും കുറവായ തമിഴ്‌നാട്ടിലും അസമിലും ബംഗാളിലും വളരെ ലളിതമായാണ് സത്യപ്രതിജ്ഞ നടന്നത്. പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും നിയമസഭാംഗങ്ങളും മന്ത്രിമാരും കേരളത്തിലേതിനെക്കാൾ അധികമായിട്ടുകൂടി പങ്കാളിത്തം പരമാവധി കുറയ്ക്കാൻ കഴിഞ്ഞു. ബംഗാളിൽ ക്രമസമാധാനപ്രശ്നം കൂടിയുണ്ടെന്ന് പറയാം.

ഇത്തരമൊരു സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ഡൗണിനിടയിൽ അഞ്ഞൂറുപേരെ പങ്കെടുപ്പിച്ച് വേണോ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയെന്നത് ഒരു പൊതുചോദ്യമായി വളർന്നിരിക്കുകയാണ്. അങ്ങനെ ചോദ്യമുയർത്തുന്നവരെല്ലാം തുടർഭരണത്തിൽ നീരസമുള്ളവരാണെന്നാക്ഷേപിച്ച് തള്ളിക്കളയാൻ ശ്രമിക്കുന്നത് മൂക്കിനപ്പുറം കാണാനാവാത്തതിനാലാവാം. ഗവർണർ, ഗവർണറുടെ ഓഫീസിലെ പ്രധാന ചുമതലക്കാർ, സത്യപ്രതിജ്ഞ ചെയ്യുന്ന 21 മന്ത്രിമാർ, ചീഫ് സെക്രട്ടറി, ചീഫ് സെക്രട്ടറി നിശ്ചയിക്കുന്ന അത്യാവശ്യംവേണ്ട ഉദ്യോഗസ്ഥർ, സ്ഥാനമൊഴിയുന്ന മന്ത്രിസഭയിലുള്ളവർ, അങ്ങനെ മാത്രമായി ഒതുക്കി ലളിതമായ സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നതെങ്കിൽ ഔചിത്യം കൂടുമായിരുന്നു. പങ്കെടുക്കുന്നവരെല്ലാം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരോ രണ്ട് ഡോസ് വാക്സിനുമെടുത്തവരോ ആയിരിക്കണമെന്ന് നിബന്ധനവെച്ചത് നല്ലകാര്യമാണ്. എന്നാൽ, സത്യപ്രതിജ്ഞച്ചടങ്ങിലെ പങ്കാളിത്ത വർധന കോവിഡ് വ്യാപനമുണ്ടാക്കിയേക്കുമെന്ന ആശങ്കയുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ബന്ധുക്കളെയും കുടുംബാംഗങ്ങളെയും സംബന്ധിച്ച് വളരെ വൈകാരികമായ വിവാഹച്ചടങ്ങിലും മരണാനന്തരച്ചടങ്ങിലും ഏറ്റവും ഉറ്റവർക്കുപോലും പങ്കെടുക്കാനാവാത്ത വിധത്തിൽ വിലക്ക് നിലനിൽക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. അതിൽ ഒരു തരിമ്പും വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രിയാണ് ദിവസേന കർക്കശമായി നിർദേശിക്കുന്നത്.

എവിടെയും ആൾക്കൂട്ടം പാടില്ലെന്നു പറയുമ്പോൾ മാതൃക കാട്ടേണ്ടത് ഉത്തരവാദപ്പെട്ടവർ തന്നെയാണ്. സത്യപ്രതിജ്ഞച്ചടങ്ങ് സംബന്ധിച്ച് മുഖ്യമന്ത്രി കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ പറഞ്ഞതും ആ അർഥത്തിലാണ്. സത്യപ്രതിജ്ഞ നടക്കുന്നത് ജനമനസ്സിലാണ്, കേരളീയരായ ഓരോരുത്തരുടെയും മനസ്സാണ് സത്യപ്രതിജ്ഞാവേദി, എൽ.ഡി.എഫിന് ചരിത്രവിജയം സമ്മാനിച്ച ഓരോരുത്തരും ഞങ്ങളുടെ മസസ്സിലുണ്ട്, അതിനപ്പുറമല്ല ഒരു സെൻട്രൽ സ്റ്റേഡിയവും എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മുന്നണിയുടെ നേതാക്കൾ വിജയാഹ്ലാദം പങ്കുവെക്കാൻ കൂടിനിന്ന് കേക്ക് മുറിച്ചതും പെരുമാറ്റച്ചട്ടത്തിന് നിരക്കുന്നതാണോ എന്ന ചോദ്യവും സ്വയം ഉയരേണ്ടതാണ്.

കോവിഡ് വ്യാപനം തടയുന്നതിലും ആഘാതം കുറയ്ക്കുന്നതിലും മാതൃകാപരമായി പ്രവർത്തിക്കുന്ന ഭരണത്തിന്റെ തുടർച്ചയാണല്ലോ വരാനിരിക്കുന്നതും. അതിനാൽത്തന്നെ ഇത്തരത്തിൽ ഒരു ആക്ഷേപത്തിന് ഇടകൊടുക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാവേണ്ടതായിരുന്നു. പന്തൽ കെട്ടുകയും ഒരുക്കങ്ങളൊക്കെയാവുകയും ചെയ്തെങ്കിലും സത്യപ്രതിജ്ഞച്ചടങ്ങ് പരമാവധി ലളിതമാക്കി, ആൾക്കൂട്ടം കുറച്ച്, മാതൃക കാട്ടാൻ സർക്കാർ തയ്യാറാവണം.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented