മരംമുറി വിവാദവുമായി ബന്ധപ്പെട്ട് ഭരണാധികാരികൾ പറഞ്ഞത് ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്നാണ്.  ഇപ്പോൾ ശിക്ഷാനടപടിയുണ്ടായിരിക്കുകയാണ്. മരംമുറി സംഭവത്തിൽ വിവരാവകാശ നിയമപ്രകാരം വിവരം നൽകിയ ഉദ്യോഗസ്ഥയ്ക്കെതിരേയാണ് പക്ഷേ, നടപടി. ഉപ്പ് ആ ഉദ്യോഗസ്ഥയാണോ കഴിച്ചതെന്നാണ്  ചോദ്യം. റവന്യൂ വകുപ്പിലെ ഇൻഫർമേഷൻ ഓഫീസറായിരുന്ന അണ്ടർ സെക്രട്ടറി വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകിയത് തന്നിഷ്ടപ്രകാരമല്ല, 2005 ഒക്ടോബർ 12-ന്  രാജ്യത്താകെ പ്രാബല്യത്തിലായ വിവരാവകാശ നിയമപ്രകാരമാണ്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ഉദ്യോഗസ്ഥയെ നിയമാനുസൃതം ചുമതലപ്പെടുത്തിയതാണ്. ലഭ്യമായതും നിയമാനുസൃതം നൽകാവുന്നതുമായ വിവരങ്ങൾ അപേക്ഷകന് യഥാസമയം നൽകിയില്ലെങ്കിൽ ശിക്ഷിക്കപ്പെടുമെന്ന കർശനവ്യവസ്ഥയും നിലനിൽക്കുന്നു. 

റവന്യൂ വകുപ്പ് പട്ടയഭൂമിയിലെ മരം മുറിക്കാൻ കൃഷിക്കാർക്ക് അനുമതിനൽകിയതിന്റെ വിവരങ്ങൾ രാജ്യരക്ഷയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളല്ല. സ്വാഭാവികമായ നടപടിമാത്രം സ്വീകരിച്ച ഉദ്യോഗസ്ഥയ്ക്ക് ഏതാനും ദിവസത്തിനകം മൂന്നു ശിക്ഷയാണ് നൽകിയത്. വിവരാവകാശ ഉദ്യോഗസ്ഥ എന്ന ചുമതലയിൽനിന്ന് അവരെ ആദ്യം മാറ്റി. പിന്നീട് നിർബന്ധിച്ച് അവധിയിൽ പ്രവേശിപ്പിച്ചു. മൂന്നാമതായി അവരുടെ സദ്‌സേവനരേഖ പൂർവകാല പ്രാബല്യത്തോടെ റദ്ദാക്കി. നിയമാനുസൃതമായ ഉത്തരവാദിത്വം നിർവഹിച്ചതിന്റെ പേരിലാണ് ഈ പീഡനം. നിയമവ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണിത്.

ജോലിയിൽ സാധാരണയിൽക്കവിഞ്ഞ മികവുപുലർത്തിയതിന് അവർക്ക് മുഖ്യ ഉദ്യോഗസ്ഥൻ നൽകിയ സദ്‌സേവനരേഖയാണ് നൂറു ദിവസത്തിനുശേഷം അദ്ദേഹം തന്നെ റദ്ദാക്കിയത്. അതിനുള്ള കാരണമായി പറഞ്ഞ കാര്യങ്ങൾ രണ്ട് ഉത്തരവുമിറക്കിയ മുഖ്യ ഉദ്യോഗസ്ഥന്റെ നടപടിയിലെ അസാധാരണത്വത്തിന് ദൃഷ്ടാന്തമാണ്. ചട്ടങ്ങളെക്കുറിച്ചുള്ള അപാരമായ അറിവ്, ആത്മാർഥത, ജോലിയിലുള്ള ആത്മാർപ്പണം എന്നീ ഗുണങ്ങളുള്ള,  അശ്രാന്തപരിശ്രമത്തിലൂടെ ഫയലുകൾ തീർപ്പാക്കുന്ന ഉദ്യോഗസ്ഥയാണെന്ന് പ്രകീർത്തിച്ചുകൊണ്ടാണ് സദ്‌സേവനരേഖ നൽകിയത്. എന്നാൽ, താൻ നേരത്തേ നൽകിയ പ്രകീർത്തനത്തിന്റെ കാര്യത്തിൽ ഇപ്പോൾ സംശയമുണ്ടെന്ന് രേഖപ്പെടുത്തി സദ്‌സേവനരേഖ പിൻവലിക്കുകയാണ് ചെയ്തിരിക്കുന്നത്.  തിരുത്തൽ നടപടി സ്വയം ചെയ്തതാണോ അതോ ആരുടെയെങ്കിലും സമ്മർദത്തിനു വഴങ്ങി ചെയ്തതാണോ എന്നറിയില്ല. ഏതുതരത്തിലാണെങ്കിലും പരിഹാസ്യമായ നടപടി.

മികച്ച പ്രവർത്തനം നടത്തിയതിന് സദ്‌സേവനരേഖ ലഭിച്ച ഒരു ഉദ്യോഗസ്ഥയുടെ ആത്മാർഥതയിലും ധാർമികനിലപാടിലും സംശയമുണ്ടെന്ന് സ്വഭാവഹത്യ നടത്തുകയാണ് ഇവിടെ. ഔദ്യോഗികമായി ഉദ്യോഗസ്ഥ പീഡിപ്പിക്കപ്പെടുകയാണെങ്കിലും ജനമനസ്സിൽ അപഹാസ്യമാകുന്നത് അവരല്ല എന്നുമാത്രം പറയാം. മുട്ടിൽ മരംമുറി സംഭവത്തിൽ ഉപ്പ് ആരാണ് തിന്നതെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. ഉപ്പ് തിന്നത്‌ ഒരാൾ, വെള്ളം കുടിക്കേണ്ടത് മറ്റൊരാൾ എന്നുവരുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ല. വകുപ്പിന്റെ ആസ്ഥാനകാര്യാലയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ആശാസ്യമല്ലാത്ത ഈ നടപടികളിൽ മന്ത്രിയെന്നനിലയിൽ ഇടപെടേണ്ട കാര്യമില്ല എന്ന വകുപ്പ് മന്ത്രിയുടെ പ്രതികരണം ഉചിതമായില്ല.  മന്ത്രിയല്ല എങ്കിൽ വകുപ്പ് പിന്നെ ആരുടെ നിയന്ത്രണത്തിലാണ് എന്നറിയാൻ ജനങ്ങൾക്ക്‌ താത്‌പര്യമുണ്ട്. എന്തായാലും ഇക്കാര്യത്തിൽ ഉടനടി ഇടപെട്ട് തിരുത്തൽനടപടി സ്വീകരിക്കാൻ മന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്.