നാല്പതു ദിവസത്തെ അടച്ചിടലിനു ശേഷമുള്ള തുറക്കലിന്റെ ആശ്വാസത്തിലാണ് നാം. സുരക്ഷയ്ക്കുവേണ്ടിയാണെങ്കിലും  ബന്ധനം ശ്വാസം മുട്ടിക്കുന്നതുതന്നെയാണ്‌. കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവരുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്. ഇളവുകളെ പക്ഷേ,‚ ആഘോഷമാക്കാനുള്ള പ്രവണത സ്വയം നിയന്ത്രിക്കുന്നതാണ് നല്ലത്. ഇളവിനെത്തുടർന്ന്‌ കെ.എസ്‌.ആർ.ടി.സി. ബസുകളിൽ പകുതിയോളവും സ്വകാര്യ ബസുകളിൽ കുറേയെണ്ണവും സർവീസ് പുനരാരംഭിച്ചു. സ്വകാര്യ ബസുകളിൽ പകുതിവീതം ഓരോ ദിവസവും സർവീസ് നടത്തേണ്ട തരത്തിലാണ് ക്രമീകരണമെങ്കിലും അത്രയുംതന്നെ സർവീസ് നടത്തുമെന്ന് കരുതാനാവില്ല. എണ്ണവില ദിവസേന വർധിക്കുന്ന സാഹചര്യത്തിൽ ഇന്ധനച്ചെലവും വരുമാനവുമായി കൂട്ടിമുട്ടിക്കാനാവില്ലെന്നതിനാൽ സ്വകാര്യ ബസ് സർവീസ് പൂർണതോതിലാവുക എളുപ്പമല്ല. എങ്കിലും സാധ്യതയുള്ള റൂട്ടുകളിൽ സർവീസ് തുടങ്ങുമെന്ന പ്രതീക്ഷയാണുള്ളത്. ടാക്സി-ഓട്ടോ സർവീസുകളുടെ കാര്യത്തിലും ഇന്ധനവില വർധന വലിയ പ്രതിസന്ധിയാണ്. 

സെക്രട്ടേറിയറ്റിൽ 50 ശതമാനവും മറ്റ് ഓഫീസുകളിൽ 25 ശതമാനവും ജീവനക്കാർ പ്രവർത്തനനിരതരായിരിക്കുകയാണ്. കുറേക്കാലമായി പൂർണതോതിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കാത്തത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ലഭിക്കേണ്ട ആനുകൂല്യങ്ങൾ വൈകുന്നതടക്കമുള്ള പ്രശ്നങ്ങൾ. അതിദാരിദ്ര്യമുള്ളവർക്ക് സഹായമെത്തിക്കുന്നതടക്കം സർക്കാരിന്റെ മുൻഗണനാപദ്ധതികൾ നടപ്പാക്കുന്നതിനും ഓഫീസുകളുടെ പ്രവർത്തനം സാധാരണപോലെയാകേണ്ടതുണ്ട്. ജീവനക്കാരുടെ എണ്ണം പരിമിതമാണെന്നതിനാൽ സാധാരണക്കാരുടെ അടിയന്തരസ്വഭാവമുള്ള പരാതികൾ പരിഹരിക്കുന്നതിൽ മുൻഗണന നൽകി പ്രവർത്തിക്കാൻ ക്രമീകരണമുണ്ടാകണം.

കോവിഡ് മഹാമാരിക്ക് മൂന്നാംതരംഗം കൂടിയുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്‌ധരുടെ മുന്നറിയിപ്പുള്ളതാണ്. സംസ്ഥാനത്ത് ഒന്നേകാൽ ലക്ഷത്തോളം പേർ ഇപ്പോഴും ചികിത്സയിലാണ്. തലസ്ഥാനജില്ലയിലെ ചില പഞ്ചായത്തുകളിലടക്കം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌ 25 ശതമാനത്തിനു മുകളിലാണ്. രണ്ടാം തരംഗത്തിന്റെ ഭീഷണി നേർത്തുവരുകയാണെന്ന നിഗമനത്തിലാണ് ഇളവുകൾ നൽകിയത്. 40 ദിവസം കർശനമായ നിയന്ത്രണങ്ങളുണ്ടായിരുന്നതുകൊണ്ടാണ് ഇത്തരത്തിൽ ആശ്വാസം പകർന്നത്. എന്നാൽ, ലഭിച്ച ഇളവ് ആഘോഷമാക്കിമാറ്റിയാൽ രണ്ടാം തരംഗത്തിന്റെ തുടർച്ചയാണുണ്ടാവുകയെന്ന ബോധ്യമുണ്ടാകേണ്ടതുണ്ട്. നിരന്തരമായ അടച്ചിടൽ സാമ്പത്തികത്തകർച്ച മാത്രമല്ല, മാനസികത്തകർച്ചയും ഉണ്ടാക്കുമെന്നതുകൂടി പരിഗണിച്ചാണ് പൊതുഗതാഗതമടക്കം പുനരാരംഭിക്കാൻ അനുമതി നൽകിയതെന്നത് ഉൾക്കൊള്ളേണ്ടതുണ്ട്. 

ലോക്ഡൗൺ ഒഴിവാക്കിയ സാഹചര്യത്തിൽ വാക്സിനേഷൻ കൂടുതൽ വേഗത്തിലാക്കാനും നടപടിയുണ്ടാകണം. രണ്ടാം ഡോസ് എപ്പോൾ ലഭിക്കുമെന്നറിയാതെ ഒട്ടേറെയാളുകൾ അങ്കലാപ്പിലാണ്. കോവിഷീൽഡ് വാക്സിന്റെ ഒന്നാം ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് 84 ദിവസത്തിനു ശേഷമാണ് എടുക്കേണ്ടതെന്ന് മാറ്റിനിശ്ചയിച്ചത് സംബന്ധിച്ച് വിദഗ്ധർതന്നെ വിരുദ്ധാഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് തുടരുകയാണ്. ആദ്യം 28 ദിവസവും പിന്നീട് 42 ദിവസവും ഇപ്പോൾ 84 ദിവസവുമാണ് ഇടവേള. 84 ദിവസം കഴിഞ്ഞവർക്ക് രണ്ടാമത്തെ വാക്സിൻ എപ്പോൾ കിട്ടുമെന്ന് വ്യക്തതയില്ലെന്നതാണിപ്പോഴത്തെ അനുഭവം. ഈ പ്രശ്നം അടിയന്തരമായി പരിഹരിച്ചേ പറ്റൂ. എല്ലാവരും വാക്സിനെടുക്കുന്നതിന് പരക്കംപായേണ്ടിവരുന്നത് ഒഴിവാക്കാൻ വാക്സിനേഷന് കൃത്യമായ ക്രമീകരണം ആവശ്യമാണ്. 

ലോക്ഡൗൺ ഒഴിവാക്കിയ സാഹചര്യത്തിൽ വാക്സിനേഷന് മുൻഗണന ലഭിക്കേണ്ട വിഭാഗങ്ങളാണ് പൊതുഗതാഗത രംഗത്ത് പ്രവർത്തിക്കുന്നവരും വ്യാപാരികളും. റേഷൻ കടക്കാരടക്കം ജനങ്ങളുമായി ഏറ്റവുമടുത്ത് ബന്ധപ്പെടുന്നവർക്കും വ്യാപാരസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ബസ് ജീവനക്കാർ, ടാക്സി-ഓട്ടോ ഡ്രൈവർമാർ എന്നിവർക്കും വാക്സിൻ വേഗത്തിൽ നൽകാൻ സംവിധാനമുണ്ടാക്കണം.