അവസരസമത്വവും തുല്യതയും ഔദാര്യമല്ല


Podcast


ദീർഘനിദ്രയെ ഉണർത്താൻ ഞെട്ടിക്കുകതന്നെ വേണ്ടിവന്നേക്കാം. തത്‌കാലം സ്വന്തം പാർട്ടിനേതൃത്വത്തെ പൂർണമായി ഉണർത്താനായില്ലെങ്കിലും കേരളത്തിലെ രാഷ്ട്രീയനേതൃത്വങ്ങളെ ഭാവിയിലെങ്കിലും ജാഗ്രത്താക്കുന്ന സംഭവമാണ് ലതികാ സുഭാഷിന്റെ അസാധാരണ നടപടി. അർഹിക്കുന്നവർ പരിഗണന ആഗ്രഹിക്കുന്നതിൽ അസ്വാഭാവികതയില്ല, അനൗചിത്യവുമില്ല. മഹിളാ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്ന ലതികാ സുഭാഷിനെ സ്ഥാനാർഥിയാക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം സമ്പൂർണമായും അവരുടെ പാർട്ടിക്കാണ്. അതിൽ പുറത്തുള്ളവർക്ക് ഇടപെടാനാവില്ല, ഇടപെടുന്നത് ശരിയുമല്ല. എന്നാൽ, സ്ത്രീപുരുഷ അവസര സമത്വം വേണമെന്ന് ഭരണകൂടത്തോടും രാഷ്ട്രീയപ്പാർട്ടികളോടും ആവശ്യപ്പെടാൻ പൊതുസമൂഹത്തിന് അവകാശമുണ്ട്. ചോദിച്ച സീറ്റ് കിട്ടാത്തതാണ് ലതികാസുഭാഷിനെ ‘അതിരുകടന്ന’ പ്രതികരണത്തിലേക്കെത്തിച്ചതെന്ന് വിശദീകരണമുണ്ട്. അതെല്ലാം ആഭ്യന്തരകാര്യമാണ്. എന്നാൽ, അത് പൊതുകാര്യമാകുന്നത് തിരഞ്ഞെടുപ്പുരംഗത്ത് സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം കിട്ടണമെന്ന ആവശ്യമുയർത്തി പ്രത്യക്ഷസമരം നടത്തുമ്പോഴാണ്. അതാകട്ടെ, ഏതെങ്കിലും ഒരു പാർട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ല, എല്ലാ പാർട്ടികളുമായി ബന്ധപ്പെട്ടതാണ്.

ജനസംഖ്യയിൽ, വോട്ടർമാരുടെ എണ്ണത്തിൽ ഭൂരിപക്ഷവും സ്ത്രീകളാണെന്നത് മറന്നുകൊണ്ടാണ് അംഗീകൃത രാഷ്ട്രീയപ്പാർട്ടികൾ സ്ഥാനാർഥികളെ നിശ്ചയിക്കുന്നത്. സ്ത്രീ വീട്ടുകാരിയും വീട്ടമ്മയും മാത്രമല്ല, സാമൂഹികജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇടപെടുന്നവളും പ്രവർത്തിക്കുന്നവളുമാണ്. അഥവാ, അതിന് ശേഷിയുള്ളവളാണ്‌ എന്നും പുരുഷന്മാർക്ക് പിറകിലല്ല, മുമ്പിൽത്തന്നെ നടക്കുന്നവളാണ് എന്നും പാർട്ടിനേതൃത്വങ്ങൾ അംഗീകരിക്കാൻ വൈകുന്നുവെന്നതാണ് പ്രശ്നം. മൂന്ന് മുന്നണിയും ഇത്തവണ പതിനഞ്ചോളംവീതം വനിതാ സ്ഥാനാർഥികളെയാണ് നിർത്തുന്നതെന്നാണ് വ്യക്തമായിട്ടുള്ളത്. 140 മണ്ഡലത്തിലായി മുന്നണികളുടെ 420 സ്ഥാനാർഥികൾ മത്സരിക്കുമ്പോൾ അതിൽ അമ്പതിൽ താഴെയാണ് വനിതകൾ. 12 ശതമാനത്തോളം പേർ. എത്രകൂടിയാലും പത്തു ശതമാനത്തിലധികമാകില്ല വരാനിരിക്കുന്ന നിയമസഭയിലെയും വനിതാപങ്കാളിത്തം എന്നതാണവസ്ഥ. ഇങ്ങനെയൊരവസ്ഥയുണ്ടായത് ഇപ്പോഴത്തെ രാഷ്ട്രീയനേതൃത്വങ്ങളുടെ മാത്രം അപരാധമാണെന്ന് ഒറ്റയടിക്ക് പറയാനാവില്ല. സ്ത്രീകൾ പൊതുരംഗത്ത് വരുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന, പണ്ടേ തുടർന്നുവരുന്ന പ്രവണത, എല്ലാ പുരോഗമനത്തിനുമിടയിലും അന്തർലീനമായ യാഥാസ്ഥിതികത്വം-ഇത് സാമൂഹികപ്രവർത്തനമേഖലകളിലെ നേതൃസ്ഥാനത്ത് സ്ത്രീകൾ എത്തുന്നതിനെ പരമാവധി തടയുന്നു, അദൃശ്യമായി. അതാകട്ടെ, സ്ത്രീകൾ പൊതുരംഗത്ത് വന്നാൽ കുട്ടികളെ ആരു നോക്കും വീട് ആരു നോക്കും അടുക്കളയിലെ ജോലികൾ ആരു ചെയ്യും എന്ന ചോദ്യങ്ങൾ അലട്ടുന്നതിനാലാവാം. തിരഞ്ഞെടുപ്പു രംഗത്തെ, ഭരണരംഗത്തെ, നിയമനിർമാണ സഭകളിലെ സ്ത്രീ പങ്കാളിത്തത്തിലെ കുറവ് കുടുംബജീവിതത്തിലെയും സാമൂഹികജീവിതത്തിലെയും തുല്യപദവിയുമായി ബന്ധപ്പെട്ട പ്രശ്നം തന്നെയാണ്. ജോലിക്കുപോയി തിരിച്ചെത്തിയാൽ വീട്ടിലെ മുഴുവൻ ജോലികളുംകൂടി ചെയ്യാൻ സ്ത്രീകൾ നിർബദ്ധരാകുമ്പോൾ പുരുഷന്മാർക്ക് വീട്ടുകാര്യങ്ങൾ ബാധകമല്ല എന്നത് അലിഖിതനിയമംപോലെ രൂഢിയായിപ്പോയിട്ടുണ്ട്. കൂടുതൽ പ്രവർത്തനപരിചയമുള്ളവർ, മുഴുവൻസമയ പ്രവർത്തനം നടത്തുന്നവർ പുരുഷന്മാരാണ്, അതിനാൽ അവരാണ് കൂടുതൽ നേതൃസ്ഥാനത്തുള്ളത്, അവരെ അവഗണിച്ചുകൊണ്ട് സ്ത്രീകളിൽനിന്നുള്ള പ്രതിനിധികളെ എങ്ങനെ കൂടുതലായി സ്ഥാനാർഥികളാക്കും എന്നതാണ് നേതൃത്വങ്ങൾ ചോദിക്കാതെ ചോദിക്കുന്നത്.

ഒരു സമൂഹത്തെ ആധുനികമെന്ന് വിളിക്കണമെങ്കിൽ അവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യപരിഗണനയും അവസരസമത്വവും ഉണ്ടായിരിക്കണം. ഈ അടിസ്ഥാനതത്ത്വത്തിൽ ഊന്നിയുള്ള ചർച്ചകളാണ് കൂടുതൽ പരിഗണന വേണമെന്ന വനിതാനേതാക്കളുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഉയരേണ്ടത്. സംസ്ഥാന മന്ത്രിസഭയിൽ ‘കൂടിപ്പോയാൽ’ ഒരു വനിതയേ പാടുള്ളൂ എന്നതാണ് ഇപ്പോഴത്തെ മന്ത്രിസഭ വരുന്നതിനു മുമ്പത്തെ അലിഖിതനിയമം. പിണറായി വിജയൻ മന്ത്രിസഭയിൽ ഒരേ പാർട്ടിയിലെ രണ്ടു വനിതകളെ ഉൾപ്പെടുത്തി അതിൽ മാറ്റമുണ്ടാക്കി. ഭാവിയിലെങ്കിലും ഏതു മുന്നണിയിലായാലും കൂടുതൽ വനിതകൾ നിയമസഭയിലെത്തുകയും കൂടുതൽ വനിതാ മന്ത്രിമാരുണ്ടാവുകയും ചെയ്യുമെന്ന് കരുതാം. അവസരസമത്വവും തുല്യതയും ഔദാര്യമല്ല, അവകാശമാണ് എന്നതിനൊപ്പം സാമൂഹികപുരോഗതിക്ക് അനിവാര്യവുമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented