മൗലികാവകാശം ചില ഓർമപ്പെടുത്തലുകൾ


അഭിപ്രായസ്വാതന്ത്ര്യം, പൗരാവകാശം എന്നിവ സംബന്ധിച്ച് ജുഡീഷ്യറി കാണിക്കുന്ന വെളിച്ചം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക്

Podcast

പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, രാജ്യദ്രോഹം എന്നതിനെക്കുറിച്ചും യു.എ.പി.എ. വകുപ്പിന്റെ പരിധിയെക്കുറിച്ചും നീതിപീഠം ജനാധിപത്യസർക്കാരുകളെ അടിക്കടി ഓർമിപ്പിക്കേണ്ടിവരുന്നത് അസാധാരണമാണ്. ഈമാസം പകുതിയായപ്പോഴേക്കും സുപ്രീംകോടതിയിൽനിന്നും വിവിധ ഹൈക്കോടതികളിൽനിന്നുമായി അത്തരം ഒട്ടേറെ ഓർമിപ്പിക്കലുണ്ടായി. പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കഴിഞ്ഞവർഷമുണ്ടായ അക്രമത്തിൽ പങ്കുള്ളതായി ആരോപിച്ച് ഡൽഹി പോലീസ് ജയിലിലടച്ച മൂന്ന് വിദ്യാർഥികൾക്ക് ജാമ്യം നൽകിക്കൊണ്ട് ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് പ്രതിഷേധം, ഭീകരപ്രവർത്തനമോ ഭീകരവാദമോ അല്ല എന്നാണ്.

ജവാഹർലാൽ നെഹ്രു സർവകലാശാലയിലെ വിദ്യാർഥിനികളായ നടാഷ നർവാലിനെയും ദേവാംഗന കലിതയെയും കഴിഞ്ഞകൊല്ലം മേയ് 23-ന് അറസ്റ്റുചെയ്തത് വടക്കുകിഴക്കൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ടെന്നാരോപിച്ചാണ്. പിറ്റേദിവസംതന്നെ കോടതി ഇരുവർക്കും ജാമ്യം നൽകി. നിയമഭേദഗതിയിൽ കേവലമായ പ്രതിഷേധം പ്രകടിപ്പിക്കുകമാത്രമേ അവർ ചെയ്തുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. മിനിറ്റുകൾക്കകം മറ്റൊരുകേസിൽ അവരെ പ്രതികളാക്കി കസ്റ്റഡിയിലെടുക്കുകയും നാലുദിവസത്തിനുശേഷം അവരെ നിയമവിരുദ്ധപ്രവർത്തനം തടയൽ നിയമപ്രകാരം( യു.എ.പി.എ.) അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുകയുംചെയ്തു. മുൻവിധിയോടെയും ആസൂത്രണത്തോടെയുമുള്ള ഇടപെടലാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന ആരോപണമുയർന്നു. ജാമിയ സർവകലാശാലാ വിദ്യാർഥിയായ ആസിഫ് ഇഖ്ബാൽ തൻഹയെ ഇതേ കേസിൽ ജയിലിലടച്ചതും സമാനമായ കുറ്റാരോപണത്തോടെയാണ്. മൂന്നുപേർക്കും ജാമ്യം നൽകിക്കൊണ്ട് ഡൽഹി ഹൈക്കോടതി സർക്കാരിന് ശക്തമായ ഒരു സന്ദേശമാണ് നൽകിയത്. ഭരണഘടനാദത്തമായ, പ്രതിഷേധിക്കാനുള്ള അവകാശവും ഭീകരപ്രവർത്തനവും തമ്മിലുള്ള അതിർത്തിയെ സർക്കാർ മായ്ച്ചുകളയാൻ ശ്രമിക്കുകയാണെന്നതാണ് കോടതിയുടെ നിരീക്ഷണം. അതായത്, സർക്കാർനയങ്ങൾക്കുനേരെ പ്രതിഷേധമുയർത്തുമ്പോൾ അത് ഭീകരതയാണെന്ന് മുദ്രകുത്തി നടപടിയെടുക്കുന്നുവെന്ന്.

ആസിഫ് ഇഖ്ബാൽ തൻഹയ്ക്കെതിരേ യു. എ.പി.എ. ചുമത്തിയതിനെ ഹൈക്കോടതി നിശിതമായി വിമർശിച്ചു. രാജ്യത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന തരത്തിലുള്ള തീവ്രമായ കുറ്റകൃത്യങ്ങൾ തടയുന്നതിനാണ് യു. എ.പി.എ. പാർലമെന്റ് പാസാക്കിയത്. എന്നാൽ, വിവേചനമില്ലാതെ അത് പ്രയോഗിക്കുമ്പോൾ വകുപ്പിന്റെ അന്തസ്സത്തതന്നെ ഇല്ലാതാകും. കേരളത്തിൽ മാവോവാദികളുടെ യോഗത്തിനുപോയെന്നും ആ സംഘടനയുടെ സാഹിത്യം വായിക്കുകയും സൂക്ഷിക്കുകയും ചെയ്തുവെന്നും ആരോപിച്ച് അലൻ, താഹ എന്നീ രണ്ടുവിദ്യാർഥികളെ യു.എ.പി.എ. ചുമത്തി ജയിലിലടച്ചത് വലിയ പ്രതിഷേധമുയർത്തിയിരുന്നു. തൻഹയ്ക്ക് ജാമ്യം നൽകിക്കൊണ്ടുള്ള ഡൽഹി ഹൈക്കോടതിവിധി യു.എ.പി.എ. ദുരുപയോഗിക്കുന്നതിനെതിരേ വ്യക്തമായ താക്കീതാണ്. കുറ്റകൃത്യങ്ങൾ തടയാൻ പോലീസിന് ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതായിവരും. എന്നാൽ, എഴുത്തിലൂടെയോ പ്രസംഗത്തിലൂടെയോ കലാപ്രവർത്തനത്തിലൂടെയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താനും അക്രമരഹിതമാർഗത്തിലൂടെ സമരം നടത്താനുമുള്ള പൗരാവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. നിയമവിരുദ്ധമെന്നോ രാജ്യദ്രോഹമെന്നോ ദുർവ്യാഖ്യാനിച്ച് അതു തടയുന്നത് പൗരാവകാശലംഘനമാണെന്നാണ് കോടതി വ്യക്തമാക്കിയത്.

മുതിർന്ന മാധ്യമപ്രവർത്തകനായ വിനോദ് ദുവക്കെതിരേ ഹിമാചൽ പോലീസും ആന്ധ്രയിലെ രണ്ട് മാധ്യമങ്ങൾക്കെതിരേ അവിടത്തെ പോലീസും ചുമത്തിയ രാജ്യദ്രോഹക്കുറ്റം നിലനിൽക്കുന്നതല്ലെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയത് രാജ്യത്താകെ സംസ്ഥാന സർക്കാരുകൾക്കും പോലീസിനുമുള്ള മുന്നറിയിപ്പാണ്. കേദാർനാഥ് സിങ് കേസിലെ അപ്പീലിൽ 1962-ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ രാജ്യദ്രോഹക്കുറ്റം എന്താണെന്നും എന്തല്ലെന്നും വ്യക്തമാക്കുന്നുണ്ടെന്നും അതാണ് ഇപ്പോഴും ഇക്കാര്യത്തിൽ പ്രമാണമെന്നുമാണ് സുപ്രീംകോടതി ജൂൺ മൂന്നിന്റെ വിധിയിൽ പറഞ്ഞത്. പ്രതിഷേധം, അഭിപ്രായപ്രകടനം അക്രമത്തിൽ കലാശിക്കുമ്പോൾമാത്രമാണ് കുറ്റകൃത്യമാകുന്നത്. അതാകട്ടെ, തെളിവുകളുടെ അടിസ്ഥാനത്തിൽമാത്രമേ നിലനിൽക്കുകയുള്ളൂതാനും. ജാമിയ മിലിയയിലെ വിദ്യാർഥിയായ തൻഹയ്ക്ക് ജാമ്യം നൽകുന്നതിനാധാരമായി കോടതിപറഞ്ഞത് ഭീകരപ്രവർത്തനം എന്നാരോപിച്ചതിന്‌ ഉപോദ്ബലകമായ തെളിവുകളൊന്നും കുറ്റപത്രത്തിലില്ലെന്നാണ്. അഭിപ്രായസ്വാതന്ത്ര്യം, പൗരാവകാശം എന്നിവ സംബന്ധിച്ച് ജുഡീഷ്യറി കാണിക്കുന്ന വെളിച്ചം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മാർഗദർശകമാകണം.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented