ഓർമകൾ ഉണ്ടായിരിക്കണം


17podcast

2006-ൽ കൃഷിമന്ത്രിയായിരുന്ന മുല്ലക്കര രത്നാകരൻ നിയമസഭയിൽ നൽകിയ ഒരു മറുപടി വലിയ പ്രതിഷേധത്തിനിടയാക്കുകയും മന്ത്രി പ്രസ്താവന പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എൻഡോസൾഫാൻ വർഷിച്ചതുകാരണം മരണമോ മറ്റ് അത്യാഹിതങ്ങളോ സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് മന്ത്രി പറഞ്ഞത്. ജില്ലാ അധികൃതർ രേഖാമൂലം അറിയിച്ച കാര്യം സാധാരണപോലെ മന്ത്രി നിയമസഭയെ അറിയിക്കുകയായിരുന്നു. അത്രമാത്രം. ഈ മറുപടി ചെറിയൊരു വാർത്തയായിവന്നപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പ് മനസ്സാക്ഷിയുള്ളവരുടെയെല്ലാം കരളലിയിക്കുന്ന ഒരു മുഖചിത്രത്തോടെയും മറ്റ് ഒട്ടേറെ ചിത്രങ്ങളോടെയും ദീർഘമായ ലേഖനം പ്രസിദ്ധപ്പെടുത്തി. ‘അച്യുതാനന്ദനറിയുമോ ഇവരെ’ എന്ന ചോദ്യത്തോടെയായിരുന്നു അത്.

മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷനേതാവായിരിക്കെ നേരിൽക്കണ്ട ദൃശ്യങ്ങൾ, നിയമസഭയിൽ ഉയർത്തിക്കാട്ടിയ ചിത്രങ്ങൾ. ഉദ്യോഗസ്ഥപ്രമുഖരുടെ മുറപോലെയുള്ള യാന്ത്രികമറുപടികളല്ല, ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന രാഷ്ട്രീയ-ഭരണ നേതൃത്വത്തിന്റെ ഇടപെടലുകളാണ് സമൂഹം ആവശ്യപ്പെടുന്നതെന്നാണ് ആഴ്ചപ്പതിപ്പ് ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. തൊട്ടടുത്ത ദിവസംതന്നെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കാസർകോട് ജില്ലയിലെ എൻഡോസൾഫാൻബാധിത മേഖലയിലെത്തി ഹതഭാഗ്യരായ ആ മനുഷ്യരെ കണ്ടു. എൻഡോസൾഫാൻ ദുരന്തത്തിന്റെ ഉത്തരവാദിത്വം സർക്കാരിനാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അല്പദിവസത്തിനകം വീണ്ടുമെത്തി, എൻഡോസൾഫാൻ കാരണം അകാലത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് താത്‌കാലികാശ്വാസമെന്നനിലയിൽ അരലക്ഷം രൂപവീതം നൽകി. അതിന്റെ തുടർച്ചയായി 15 വർഷത്തോളമായി സർക്കാർ ബഹുമുഖ ആശ്വാസനടപടികളെടുത്തുവരുകയാണ്.

10 കൊല്ലംമുമ്പ് നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് തിരുവനന്തപുരം പാളയം രക്തസാക്ഷിസ്തൂപത്തിനുസമീപം മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാംഗങ്ങളുമെല്ലാം പങ്കെടുത്ത് ഉപവാസംനടന്നു. കീടനാശിനികൾ സംബന്ധിച്ച ജനീവാ കൺവെൻഷൻ നടക്കുകയായിരുന്നു അന്ന്. എൻഡോസൾഫാൻ ഉത്‌പാദനവും ഉപയോഗവും നിരോധിക്കണമെന്ന ആവശ്യത്തെ, ജനീവാ കൺവെൻഷനിലെ അജൻഡയെ ഇന്ത്യയും പിന്തുണയ്ക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആ സത്യാഗ്രഹം.

ഈ ചരിത്രമൊന്നും അറിയാതെയോ അഥവാ അറിയുമെങ്കിൽ അതിനെ പരിഹസിക്കുന്ന വിധത്തിലും ഉത്തരവാദപ്പെട്ട ചിലർതന്നെ പെരുമാറുന്നത് ജനാധിപത്യസംവിധാനത്തിന് നിരക്കുന്നതല്ല. നിർഭാഗ്യവശാൽ എൻഡോസൾഫാൻ സെല്ലിെന്റ സംയോജകനായ കാസർകോട് കളക്ടർ എൻഡോസൾഫാൻ ഇരകളോട് നിഷേധാത്മകസമീപനം സ്വീകരിക്കുന്നുവെന്ന ആരോപണം ശക്തിപ്പെടുകയാണ്. ഏറ്റവുമൊടുവിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻതന്നെ സ്വമേധയാ കേസെടുക്കുന്ന അവസ്ഥയിലേക്കെത്തിയിരിക്കുന്നു. എൻഡോസൾഫാൻ ദുരിതബാധിതയായ ഒരു പെൺകുട്ടിയെ പുനരധിവസിപ്പിച്ച വീട്ടിൽനിന്ന് കുടിയൊഴിപ്പിക്കാൻ നോട്ടീസ് നൽകിയതിനാണ് മനുഷ്യാവകാശകമ്മിഷൻ നടപടി തുടങ്ങിയത്. എൻഡോസൾഫാൻ വിഷം വർഷങ്ങളോളം വർഷിച്ചതിന്റെ ഫലമായുണ്ടായ ദുരന്തത്തിന്റെ നേർചിത്രം മാതൃഭൂമിയിലൂടെ ലോകത്തെ അറിയിച്ച മാതൃഭൂമി സ്റ്റാഫ് ഫോട്ടോഗ്രാഫർ മധുരാജ് മാതൃഭൂമിയുടെ കഴിഞ്ഞ വാരാന്തപ്പതിപ്പിൽ എഴുതിയ സചിത്രലേഖനത്തിൽനിന്ന് വിവരമറിഞ്ഞാണ് മനുഷ്യാവകാശ കമ്മിഷൻ നടപടി തുടങ്ങിയത്.

കുടിയൊഴിപ്പിക്കൽ നോട്ടീസ് ഒറ്റപ്പെട്ട ഒന്നല്ല. എൻഡോസൾഫാൻ ബാധിതരിൽ ഭവനരഹിതരെ പുനരധിവസിപ്പിക്കാൻ സത്യസായി ട്രസ്റ്റ് നൂറിലേറെ വീട് നിർമിക്കുന്നതിനുള്ള പദ്ധതിയാണ് മുൻ സർക്കാരിന്റെ കാലത്ത് ഏറ്റെടുത്തത്. നിർമാണം പൂർത്തിയാക്കിയ 22 വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ അർഹരായവർക്ക് കൈമാറിയിട്ട് മാസങ്ങളെത്രയോ ആയി. എന്നാൽ, രണ്ടുസ്ഥലത്തായി 59 വീടുകൾ നിർമാണം പൂർത്തിയായി രണ്ടുവർഷത്തിലേറെയായിട്ടും കൊടുക്കേണ്ടവർക്ക് കൊടുത്തില്ല. അതെല്ലാം വന്യജീവികേന്ദ്രങ്ങളായി നാശത്തിലേക്ക് നീങ്ങുന്നു.

സായിട്രസ്റ്റിനെ ഏൽപ്പിച്ച് പദ്ധതിയുടെ മൂന്നാംഘട്ടം തുടങ്ങാൻപോലും എൻഡോസൾഫാൻ സെൽ തയ്യാറാകുന്നില്ല. ഈയവസ്ഥ നിലനിൽക്കെയാണ് പഞ്ചായത്തും സായിട്രസ്റ്റും ചേർന്ന് ഒരുവീട്ടിൽ എൻഡോസൾഫാൻ ദുരിതബാധിതയായ ഭവനരഹിതയെ പാർപ്പിച്ചത്. പുനരധിവാസം ചട്ടപ്രകാരമാകണമെന്നതിൽ തർക്കമില്ല. എന്നാൽ, പൂർത്തിയായ വീടുകൾ അർഹരായവർക്ക് നൽകാതിരിക്കുന്നതും പദ്ധതി നിശ്ചലമാക്കിയതും ജില്ലാ അധികൃതരാണ്. ഇതും കേവലം അനാസ്ഥയെന്നനിലയിൽമാത്രം കാണാനാവില്ല.

എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസപദ്ധതി സംബന്ധിച്ച സർക്കാരിന്റെ പ്രഖ്യാപിതനിലപാടിനുവിരുദ്ധമാണ് ഉദ്യോഗസ്ഥനേതൃത്വത്തിലുള്ള എൻഡോസൾഫാൻ സെല്ലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അതിന് നേതൃത്വം നൽകുന്ന കളക്ടർ, എൻഡോസൾഫാൻ നാശകാരിയല്ല എന്ന വിചിത്രനിലപാട് പലപ്പോഴും പരസ്യപ്പെടുത്തിയതാണ്.

1998-ൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥയായിരുന്ന ലീലാകുമാരിയമ്മ എൻഡോസൾഫാനെതിരേ കോടതിയെ സമീപിച്ച കാലംമുതൽ തുടർച്ചയായി എതിർപ്പുകൾ ഉയർന്നു. ഇപ്പോഴും ഉയരുന്നു. എൻഡോസൾഫാന്റെ വക്താക്കളായി പ്രവർത്തിച്ച് സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥരുടെ തുടർച്ച ഇപ്പോഴുമുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented