കെ ഫോൺ മാതൃക തീർക്കട്ടെ


ഇന്റർനെറ്റ് കണക്ടിവിറ്റി പലേടത്തും ഇല്ലെന്നത്, വേഗം പരിമിതമാണെന്നത്, വളരെ ദരിദ്രമായ ചുറ്റുപാടിൽ കഴിയുന്നവർക്ക് കണക്‌ഷനെടുക്കൽ അസാധ്യമാണെന്നത് പുതിയ വെല്ലുവിളിയാണ്‌. ഈ സാഹചര്യത്തിന് അറുതിവരണം

podcast

വിവരവിനിമയ സാങ്കേതിക മേഖലയിൽ കേന്ദ്രീകരണവും പരോക്ഷരീതിയിൽ കുത്തകവത്‌കരണവും നടക്കുന്നകാലത്ത് കെ ഫോൺ പദ്ധതിയിലൂടെ വേറിട്ട ഒരു സാധ്യത തുറക്കുകയും മാതൃകകാട്ടുകയുമാണ് കേരളം. തൊഴിലുകൾ കവരുമെന്ന ആശങ്കകാരണം കംപ്യൂട്ടറിനെതിരെഎതിർപ്പുയർന്ന സംസ്ഥാനത്ത് ഇന്റർനെറ്റ് കണക്‌ഷൻ പൗരാവകാശമായി അംഗീകരിക്കപ്പെട്ടതിന്റെ തുടർച്ചയാണിത്. തൊഴിലുകളെ ഇല്ലാതാക്കുകയല്ല, തൊഴിലുകൾ വർധിപ്പിക്കുകയും അതിനെ അനായാസമാക്കുകയും വൈവിധ്യവത്‌കരിക്കുകയും ഗുണനിലവാരം വർധിപ്പിക്കുകയും ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്തുകയുമാണ് വിവരസാങ്കേതികവിദ്യ. അത് ഒരാൾക്കുപോലും അപ്രാപ്യമായിക്കൂടാ എന്നതാണ് ഈ കാലഘട്ടത്തിന്റെ മുദ്രാവാക്യം.

കോവിഡ് മഹാമാരിക്കാലത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ, അതിന്റെ തീവ്രത അകന്നിട്ടില്ലെങ്കിലും ആദ്യഘട്ടത്തിലേതുപോലെ ഭയാശങ്കകളും നൈരാശ്യവും നിലനിൽക്കുന്നില്ല. ഇന്റർനെറ്റ് സംവിധാനത്തിന്റെ അപാരമായ സിദ്ധിയും സാധ്യതകളുമാണ് മെല്ലെമെല്ലെ അതിജീവനപാഠങ്ങൾ ജനതയെ അഭ്യസിപ്പിച്ചത്. വിദേശത്തുനിന്നും ബെംഗളൂരുവും ചെന്നൈയും ഹൈദരാബാദുമടക്കമുള്ള മഹാനഗരങ്ങളിൽനിന്നും സാങ്കേതികവിദഗ്ധരായ നമ്മുടെ യുവത നാട്ടിലേക്ക് മടങ്ങിയെത്തിയത് നിസ്സഹായരായല്ല, നിരാശരായുമല്ല. വീട്ടകങ്ങൾതന്നെ ജോലിസ്ഥലമാക്കാമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണവർ. ഏതാനും മാസം മുമ്പുവരെ ഇത്ര വ്യാപകമായി വർക്ക് ഫ്രം ഹോം സാധ്യമാണെന്ന് ആരും കരുതിയതല്ല. അത് അഭികാമ്യമാണോ അല്ലയോ എന്നതല്ല, മറ്റൊരു വഴിയുണ്ട് എന്നു തെളിയിക്കലാണ്. ആൾക്കൂട്ടം അപകടമുണ്ടാക്കുമെന്ന ഭീതി നിലനിൽക്കുമ്പോൾ ഇടപാടുകക്കായി പുറത്തുപോകാതെ നിഷ്‌പ്രയാസം സാധ്യമാക്കുന്നതിന് സ്മാർട്ട് ഫോൺ മതി എന്നുവരുന്നത് വലിയ സൗകര്യങ്ങളാണുണ്ടാക്കുന്നത്.

സ്‌കൂളുകളുടെ വാതിൽ തുറക്കാതെ ഒരു വിദ്യാലയവർഷം കടന്നുപോവുകയാണ്. എന്നാൽ, സമ്പൂർണമായല്ലെങ്കിലും പഠനപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു. ഓൺലൈൻ പഠനവും പഠിപ്പിക്കലും യാഥാർഥ്യമായി. യോഗങ്ങളും സമ്മേളനങ്ങളും ഓൺലൈനായിക്കഴിഞ്ഞു. മഹാമാരിയെ ഉച്ചാടനം ചെയ്തുകഴിഞ്ഞാലും ഭാഗികമായെങ്കിലും പുതിയ രീതികളും ശൈലികളും നിലനിർത്തേണ്ടതായിവരും. സ്‌കൂളുകളിലും കോളേജുകളിലും ഓൺലൈൻ വിദ്യാഭ്യാസത്തിന് തുടക്കംകുറിച്ചപ്പോഴാണ് പുതിയൊരു പ്രതിസന്ധിയെ നമുക്ക് നേരിടേണ്ടിവന്നത്. കുറേയധികം കുട്ടികൾക്ക് ഓൺലൈനിൽ പഠിക്കാൻ പശ്ചാത്തലമില്ല. ആ പ്രശ്നം ജനപങ്കാളിത്തോടെ ഏറക്കുറെ പരിഹരിക്കാൻ നമുക്ക് സാധിച്ചു. സർക്കാരും സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും വ്യക്തികളുമെല്ലാം കൈകോർത്താണ് ആ പ്രശ്നം പരിഹരിച്ചത്. പക്ഷേ, ഇന്റർനെറ്റ് കണക്ടിവിറ്റി പലേടത്തും ഇല്ലെന്നത്, ഉള്ളിടത്തുതന്നെ വേഗം പരിമിതമാണെന്നത്, വളരെ ദരിദ്രമായ ചുറ്റുപാടിൽ കഴിയുന്നവർക്ക് കണക്‌ഷനെടുക്കൽ അസാധ്യമാണെന്നത് പുതിയ വെല്ലുവിളിയായി. ഈ സാഹചര്യത്തിന് അറുതിവരണം.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ സ്മാർട്ടായിക്കഴിഞ്ഞിരിക്കുകയാണ്. വേഗമേറിയ ഇന്റർനെറ്റ് സൗകര്യമില്ലാതെ ഈ പുതിയ സംവിധാനം പ്രയോജനപ്പെടുത്താനാവില്ല. ഈ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽക്കൂടിയാണ് കെ ഫോൺ പദ്ധതിയുടെ പ്രാധാന്യമേറുന്നത്. 35,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലയും അനുബന്ധ സൗകര്യവുമാണ് കെ ഫോണിന്റെ ഭാഗമായി ഏർപ്പെടുത്തുന്നത്. സംസ്ഥാനത്തെ മുപ്പതിനായിരത്തോളം സർക്കാർ ഓഫീസുകളിലും എല്ലാ പൊതുവിദ്യാലയങ്ങളിലും കെ ഫോൺ കണക്‌ഷൻ ഒന്നാം ഘട്ടത്തിൽത്തന്നെ നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കമായ ഇരുപതുലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി കണക്‌ഷൻ നൽകുന്നത് വിവരസാങ്കേതികരംഗം സമ്പൂർണമായും ജനകീയമാക്കാൻ സഹായകമാകും.

അതേസമയം ഏറ്റവും കാര്യക്ഷമമായ സാങ്കേതിക സംവിധാനം ആവശ്യമായ മേഖലയെന്നനിലയിലുള്ള കരുതൽ ആവശ്യമാണ്. വൻകിട കോർപ്പറേറ്റ് കമ്പനികളാണ് ഈ രംഗം ഭരിക്കുന്നത്. മത്സരിക്കാനാവാതെ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ. ഏതവസ്ഥയിലാണെത്തിനിൽക്കുന്നത്, അഥവാ അതിനെ എത്തിച്ചത് എന്ന് ഓർത്തുകൊണ്ടുമാത്രമേ സംസ്ഥാനപൊതുമേഖലയിൽ മാതൃകയായ പരീക്ഷണമായി കെ ഫോൺ യാഥാർഥ്യമാകുന്നത് കാണാനാവൂ. മാത്രമല്ല ഇതിനായുള്ള ഇന്റർനെറ്റ് സേവനവും സാങ്കേതികതയും ആരാണ് നൽകുക എന്നതും കാത്തിരുന്നു കാണേണ്ട വിഷയമാണ്. പൂർണതോതിൽ വിജയിപ്പിക്കാനായാൽ കോവിഡുകാലത്ത് കേരളം ലോകത്തിനു കാട്ടുന്ന വലിയ മാതൃകതന്നെയാവും കെ ഫോൺ.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023

Most Commented