17podcast
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യസുരക്ഷാ പദ്ധതിയായ മെഡിസെപ് ആദ്യം ചാപിള്ളയായിരുന്നു. കരാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയായിട്ടും പദ്ധതി പിൻവലിക്കാൻ സർക്കാർ നിർബദ്ധരാവുകയായി. ഒരു ജില്ലയിൽ പ്രധാനപ്പെട്ട ഒന്നോ രണ്ടോ സ്പെഷ്യാലിറ്റി ആശുപത്രികൾപോലും എംപാനൽ ചെയ്യപ്പെട്ടില്ലെന്നത് ഗുണഭോക്താക്കളാകേണ്ടവരിൽ വലിയ ആശങ്കയും പ്രതിഷേധവുമുണ്ടാക്കിയതിനെ തുടർന്നാണ് കരാർ റദ്ദാക്കാൻ സർക്കാർ തയ്യാറായത്. നിലവിലുള്ള സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിനുമുമ്പുതന്നെ മെഡിസെപ് പ്രാബല്യത്തിലാക്കാൻ വളരെ വൈകിയാണെങ്കിലും നടപടി തുടങ്ങിയെന്നത് ആശ്വാസകരമാണ്. പദ്ധതി നടത്തിപ്പിന് ഇൻഷുറൻസ് കമ്പനിയെ കണ്ടെത്തുന്നതിന് ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. നേരത്തേ ടെൻഡറെടുത്ത കമ്പനി ആശുപത്രികളെ പദ്ധതിയിൽ ചേർക്കുന്ന കാര്യത്തിൽ ഉദാസീനത കാണിച്ചതാണ് ആദ്യം പ്രശ്നമായത്. ഇൻഷുറൻസ് കമ്പനിയുമായി ചർച്ച നടത്തി പരിഹാരം കാണുന്നതിൽ സർക്കാർ പരാജയപ്പെടുകയും ചെയ്തു. ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ച ആക്ഷേപത്തെ തുടക്കത്തിൽ അവഗണിച്ചതിനാൽ നടപടികൾ ഏറെ മുന്നോട്ടുപോയ ശേഷം പിൻവലിക്കേണ്ടിവന്നു. ജീവനക്കാർക്കും പെൻഷൻകാർക്കുമായി ആവിഷ്കരിച്ച പദ്ധതി വൈകിയത് ആദ്യഘട്ടത്തിലെ അലംഭാവം കൊണ്ടാണ്.
വിശദമായ ചർച്ച നടത്തി പരിഷ്കരിച്ച പദ്ധതിയാണിപ്പോൾ നടപ്പാക്കാനൊരുങ്ങുന്നത്. ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും വർഷത്തിൽ മൂന്നു ലക്ഷം രൂപ വരെ സൗജന്യചികിത്സ ലഭിക്കുന്ന തരത്തിൽ മാറ്റം വരുത്തിയതായാണ് റിപ്പോർട്ട്. നേരത്തേ മൂവായിരം രൂപയാണ് വാർഷികപ്രീമിയം നിശ്ചയിച്ചിരുന്നതെങ്കിൽ ഇപ്പോൾ ആറായിരം രൂപയായി വർധിപ്പിക്കാനാണ് ഉദ്ദേശ്യം. നേരത്തേ 1823 രോഗങ്ങൾ ആരോഗ്യസുരക്ഷാ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നത് ഇപ്പോൾ 1920 രോഗങ്ങൾ എന്ന നിലയിൽ മാറ്റിയിട്ടുണ്ട്. 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ കിടന്നുള്ള ചികിത്സയ്ക്കുള്ള ചെലവാണ് മെഡിസെപ് ആനുകൂല്യത്തിന് പരിഗണിക്കുന്നത്. ചികിത്സനിരക്കിലും മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും സ്വകാര്യ ആശുപത്രികൾ അത് എത്രത്തോളം അംഗീകരിക്കും എന്ന് വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. പ്രീമിയം തുക ആറായിരം രൂപയാകുമ്പോൾ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് മാസത്തിൽ 500 രൂപ പിടിക്കേണ്ടതായി വരും. പെൻഷൻകാർക്ക് ഇപ്പോൾ നൽകുന്ന 300 രൂപ മെഡിക്കൽ അലവൻസ് പ്രീമിയത്തിലേക്ക് മാറ്റുന്നതിന് പുറമേ അധികം വേണ്ടിവരുന്നത് സർക്കാർ വഹിക്കുമോ എന്നതടക്കം ഒരുപാട് കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.
സർക്കാർ ജീവനക്കാർക്ക് നിലവിൽ മെഡിക്കൽ റീ-ഇംപേഴ്‌സ്‌മെന്റ് പദ്ധതിയാണുള്ളത്. അത് ഉള്ളതും ഇല്ലാത്തതും കണക്കാണെന്ന് പൊതുവേ ആക്ഷേപമുള്ളതാണ്. ചികിത്സ കഴിഞ്ഞ് കൊല്ലങ്ങൾ കഴിഞ്ഞാണ് അതിന്റെ ബിൽ പാസാക്കുന്നത്. പരമാവധി ദ്രോഹിച്ച ശേഷം അപേക്ഷ നിരസിക്കുന്ന അനുഭവങ്ങളാണധികവും എന്ന പരാതിയുമുണ്ട്. പെൻഷൻകാർക്കാണെങ്കിൽ ഇപ്പോൾ നൽകുന്ന മെഡിക്കൽ അലവൻസ് ഒരു തവണ ഡോക്ടറെ കാണുന്നതിനുപോലും പര്യാപ്തമല്ല.
ഇതെല്ലാം പരിഗണിച്ച് സമഗ്രമായ ആരോഗ്യസുരക്ഷാ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം 11 ലക്ഷത്തോളം കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും. എന്നാൽ, ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെല്ലാം പ്രതിസന്ധിയിലാണെന്ന കാര്യംകൂടി മെഡിസെപ്പ് നടപ്പാക്കുമ്പോൾ സർക്കാരിന്റെ ശ്രദ്ധയിലുണ്ടാകണം. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ ചേരാൻ മിക്ക ആശുപത്രികളും വിസമ്മതിക്കുന്നതിനാൽ ആയിരക്കണക്കിനാളുകൾക്കാണ് അർഹതപ്പെട്ട ചികിത്സാ സഹായം നിഷേധിക്കപ്പെടുന്നത്. വിമുക്തഭടന്മാരുടെ ഇ.സി.എച്ച്.എസ്. ചികിത്സാ പദ്ധതിയിൽ എംപാനൽ ചെയ്യാൻ പല ജില്ലകളിലും സ്വകാര്യ സ്പെഷാലിറ്റി ആശുപത്രികൾ തയ്യാറാകാത്തത് ആ പദ്ധതിയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ ജീവനക്കാർ, കേന്ദ്ര പൊതുമേഖലാ ജീവനക്കാർ എന്നിവർക്കെല്ലാമുള്ള ആരോഗ്യസുരക്ഷാ പദ്ധതികളിലും ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. മെഡിസെപ് പദ്ധതി നടത്തിപ്പ് കരാർ നൽകുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലുണ്ടാവണം.
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..