ചൈന ഇന്ത്യയെ നിരീക്ഷിക്കുമ്പോൾ


സൈബർ സുരക്ഷയുറപ്പാക്കുകയെന്നത് കേന്ദ്രസർക്കാരിന്റെ കർത്തവ്യമാണ്. വ്യക്തിനിരീക്ഷണത്തിലൂടെ കൈക്കലാക്കുന്ന വിവരങ്ങൾ രാജ്യത്തിന്റെ നയതീരുമാനങ്ങളെ സ്വാധീനിക്കാനും സൈനികവും തന്ത്രപരവുമായ മറ്റുവിവരങ്ങൾ ചോർത്താനും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്

16podcast

രാഷ്ട്രപതിയും പ്രധാനമന്ത്രിയുമുൾപ്പെടെ രാജ്യത്തെ പതിനായിരത്തിലേറെ പ്രമുഖരെ ചൈന നിരീക്ഷിക്കുന്നു എന്ന വിവരം അത്യന്തം ഗൗരവമുള്ളതാണ്. ഇന്ത്യ-ചൈന അതിർത്തിയിൽ നാലുമാസത്തിലേറെയായി സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഇത്തരമൊരു വിവരം പുറത്തുവരുന്നത്. ചൈനീസ് സർക്കാരുമായി ബന്ധമുള്ള സെൻഹ്വ ഡേറ്റ ഇൻഫർമേഷൻ ടെക്‌നോളജി കമ്പനിയാണ് രാഷ്ട്രീയത്തിലും സർക്കാരിലും സൈന്യത്തിലും സാങ്കേതികമേഖലയിലും മാധ്യമരംഗത്തുമെല്ലാമുള്ള പ്രമുഖരെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ നിരീക്ഷിച്ചുകിട്ടുന്ന വിവരം കമ്പനി എന്തിനാണുപയോഗിക്കുന്നതെന്നു വ്യക്തമല്ല. ഈ നിരീക്ഷണത്തിന്റെ ഫലമായി രാജ്യത്തിനോ നിരീക്ഷണത്തിനു വിധേയരാകുന്ന വ്യക്തികൾക്കോ ഉണ്ടാകാനിടയുള്ള പ്രത്യാഘാതവും കൃത്യമായി അറിവായിട്ടില്ല. സർക്കാരിന്റെ നയങ്ങളെ ഏതെങ്കിലും തരത്തിൽ സെൻഹ്വ കമ്പനി സ്വാധീനിക്കുന്നുണ്ടോ എന്ന പ്രതിപക്ഷ ചോദ്യത്തിനു കാരണമിതാണ്. അതുകൊണ്ടുതന്നെ ഈ വെളിപ്പെടുത്തൽ കേന്ദ്രസർക്കാരിന്റെ അടിയന്തര പ്രതികരണം ആവശ്യപ്പെടുന്നുണ്ട്.

തങ്ങളുടെ പട്ടികയിലുള്ള വ്യക്തികളെ സെൻഹ്വ കമ്പനി 24 മണിക്കൂറും നിരീക്ഷിക്കുന്നു എന്നാണ് വാർത്ത. അവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിവരങ്ങൾ, സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ, അവയ്ക്കു കിട്ടുന്ന ലൈക്കുകളും കമന്റുകളും തുടങ്ങി വ്യക്തിയുടെ സഞ്ചാരംവരെ നിർമിത ബുദ്ധിയുടെ സഹായത്താൽ നോക്കിക്കൊണ്ടിരിക്കുകയാണ്. ക്രമസമാധാനപാലനത്തിന്റെ പേരിൽ ആഭ്യന്തരസുരക്ഷാ ഏജൻസികൾ ചിലപ്പോൾ ഇത്തരം വിവരങ്ങൾ നിരീക്ഷിക്കാറുണ്ടെങ്കിലും വിദേശരാജ്യത്തിന് ഇവയെന്തിനെന്നതാണു ചോദ്യം. അവിടെയാണ് നിക്ഷിപ്ത താത്പര്യത്തിനോ ലക്ഷ്യത്തിനോ ആയി ഈ വിവരങ്ങൾ ചൈന ഉപയോഗപ്പെടുത്തിയേക്കുമെന്ന വിലയിരുത്തലുണ്ടാകുന്നത്. സാമൂഹിക, സാമുദായിക സംഘർഷവും സാമ്പത്തിക ക്രമഭംഗവും ഉണ്ടാക്കിയും സൈബർ ആക്രമണം നടത്തി ഐ.

എസ്.ആർ.ഒ.പോലുള്ള സ്ഥാപനങ്ങളെയും സൈനികസംവിധാനങ്ങളെയും അട്ടിമറിച്ചും വ്യാജവിവര പ്രചാരണത്തിലൂടെ സർക്കാരുകളുടെ വിശ്വാസ്യത തകർത്തുമുള്ള ‘ഹൈബ്രിഡ് യുദ്ധ’ത്തിനും ഇവ ഉപയോഗപ്പെടുത്താം. ചൈനീസ് സൈന്യത്തിന്റെ കിഴക്കൻ ലഡാക്കിലെ കടന്നുകയറ്റത്തിനും ഗാൽവൻ താഴ്‌വരയിൽ ഇന്ത്യൻ സൈനികരുടെ ചോരചിന്തിയ ഏറ്റുമുട്ടലിനും ശേഷം രാജ്യത്ത് സൈബർ ആക്രമണങ്ങൾ വർധിച്ചിട്ടുണ്ടെന്നാണ് വാർത്തകൾ. ചൈനീസ് സൈന്യത്തിന്റെ പിന്തുണയുള്ള ഹാക്കർമാരാണ് ഇതിനു പിന്നിലെന്നാണു വിവരം.

ഈ സാഹചര്യത്തിൽ സൈബർ സുരക്ഷയുറപ്പാക്കുകയെന്നത് കേന്ദ്രസർക്കാരിന്റെ കർത്തവ്യമാണ്. വ്യക്തിനിരീക്ഷണത്തിലൂടെ കൈക്കലാക്കുന്ന വിവരങ്ങൾ രാജ്യത്തിന്റെ നയതീരുമാനങ്ങളെ സ്വാധീനിക്കാനും സൈനികവും തന്ത്രപരവുമായ മറ്റുവിവരങ്ങൾ ചോർത്താനും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. രണ്ടുവർഷംമുമ്പ് ചൈനയിലെ ഷെൻസെനിൽ പ്രവർത്തനമാരംഭിച്ച സെൻഹ്വ ഡേറ്റ ഇൻഫർമേഷൻ ടെക്‌നോളജി കമ്പനി, രാജ്യത്തെ പൗരരെ നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം കേന്ദ്രസർക്കാരിന്റെ സൈബർവൃന്ദങ്ങൾ അറിയാതെപോയതെങ്ങനെ എന്ന ചോദ്യത്തിനും ഉത്തരമുണ്ടാകണം. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാനാവാത്തവിധം ദുർബലമാണോ ഇന്ത്യയുടെ സംവിധാനങ്ങൾ?

ചൈന ഇതുവരെ ശേഖരിച്ച വിവരങ്ങൾ, അതെത്ര വലുതോ ചെറുതോ ആയാലും വിലപ്പെട്ടവയാണ്. ആര്, എന്തിന്, എങ്ങനെ അവ തരപ്പെടുത്തിയെന്നു മനസ്സിലാക്കി, യുക്തമായ മറുപടിനൽകാൻ സർക്കാരിനാകണം. വ്യക്തിനിരീക്ഷണവും സ്വകാര്യതയിലെ നുഴഞ്ഞുകയറ്റവും വഴി വ്യക്തികളുടെ വികാരവിചാരങ്ങളെയും തീരുമാനങ്ങളെയും തിരഞ്ഞെടുപ്പുകളെയും സ്വാധീനിക്കാനും ജനാധിപത്യത്തെ അട്ടിമറിക്കാനുംവരെ ശേഷിയുള്ള സാങ്കേതികവിദ്യാ കമ്പനികളുടെ കാലത്താണ് വർത്തമാനകാലജീവിതം. ഇനിയുള്ള കാലത്തെ യുദ്ധങ്ങൾ കരയിലും വെള്ളത്തിലും ആകാശത്തും മാത്രം നടക്കുന്നവയല്ല, സൈബർലോകത്തുകൂടി നടക്കുന്നവയാണ്. അതിനാൽ, ചൈനയുടെയെന്നല്ല, ഏതുരാജ്യത്തിന്റെയും നിരീക്ഷണക്കണ്ണുകളെ ഇന്ത്യ കരുതിയിരിക്കണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


death

1 min

യുവാവ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍: ഭാര്യയുടെ രീതികളില്‍ അസന്തുഷ്ടനെന്ന് കുറിപ്പ്

May 17, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented