ശാസ്ത്രബോധവും യുക്തിഭദ്രമായ ചിന്തയുമാണ് മലയാളിയുടെ പുരോഗതിയിൽ നിർണായക പങ്കുവഹിച്ചതെന്നകാര്യത്തിൽ അഭിപ്രായവ്യത്യാസം ആർക്കുമുണ്ടാവില്ല. കോവിഡ് എന്ന മഹാമാരി ലോകത്ത് ദുരിതപ്പെയ്‌ത്തു തുടങ്ങിയിട്ട് ഒന്നരവർഷം പിന്നിടുകയാണ്. കോവിഡിനെ ചെറുക്കുന്നതിൽ ആദ്യഘട്ടത്തിൽ കൈവരിച്ച നേട്ടം കേരളത്തെ അന്താരാഷ്ട്ര ശ്രദ്ധയിൽ എത്തിച്ചു. സർക്കാരും അതിന്റെ സംവിധാനങ്ങളും ജനങ്ങളും ഒന്നിച്ചുനിന്നതിന്റെ ഫലമാണ് രാജ്യം 1.32 ശതമാനം മരണനിരക്കിൽ നിൽക്കുമ്പോഴും അതിന്റെ പാതിയിലും താഴെ, 0.5 ശതമാനം എന്ന നിരക്കിൽ കേരളം നിൽക്കുന്നത്. എന്നിരുന്നാലും കോവിഡ് നമ്മോടൊപ്പം ഉണ്ട് എന്ന യാഥാർഥ്യം ഉൾക്കൊണ്ട് സാമൂഹികക്രമവും ജീവിതക്രമവും രൂപപ്പെടുത്തണമെന്ന് ലോകാരോഗ്യസംഘടന തന്നെ പറയുമ്പോഴും അക്കാര്യത്തിൽ നാം അത്ര ബോധവാന്മാരല്ല.

അനിശ്ചിതമായ അടച്ചിടൽകൊണ്ട് തീരുന്നതല്ല കോവിഡ് പ്രതിസന്ധി എന്നത് ഇതിനകംതന്നെ വ്യക്തമായതാണ്. പലരാജ്യങ്ങളും അടച്ചിടൽ എന്ന നടപടിതന്നെ ഒഴിവാക്കി. ഒന്നാം ലോക്ഡൗണും രണ്ടാം ലോക്ഡൗണും കഴിഞ്ഞ് കേരളത്തിൽ ഇപ്പോൾ തുടരുന്ന അടച്ചിടലിനും നിയന്ത്രണങ്ങൾക്കും എതിരേ പരാതി വ്യാപകമാണ്. വ്യാപാരികളുടെയും സ്ഥാപന ഉടമകളുടെയും പരാതി സങ്കടവും പ്രതിഷേധവുമൊക്കെയായി വഴിമാറുന്നു. രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ.) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണം. മിക്കയിടത്തും പൂർണ അടച്ചിടൽ ആണ്. ഒരു മാസത്തിലധികമായി സംസ്ഥാനത്തെ ശരാശരി ടി.പി.ആർ. 10 ശതമാനത്തിന് മുകളിലാണ്. അത് അനിയന്ത്രിതമാണെന്നും ഭയക്കേണ്ടതാണെന്നുമാണ് ഒരുവാദം. എന്നാൽ, രോഗം സംശയിക്കുന്നവരെ കണ്ടെത്തി പരിശോധിക്കുന്നതിനാൽ അത് ആരോഗ്യരംഗത്തെ കൃത്യതയാണെന്നും അത്ര പരിഭ്രാന്തരാവേണ്ടതില്ലെന്നുമാണ് മറുവാദം. രണ്ടാമത്തെ വാദത്തോടാണ് സർക്കാർ ചേർന്നുനിൽക്കുന്നതെങ്കിലും ടി.പി.ആർ. അടിസ്ഥാനമാക്കി അടച്ചിടൽ പോലുള്ള നിയന്ത്രണങ്ങൾ സർക്കാർ അനിശ്ചിതമായി തുടരുന്നത് അത്ര യുക്തിഭദ്രമല്ല. രണ്ടുമാസത്തിനിടെ കാൽലക്ഷം കോടിയാണ് കടകൾ അടച്ചിട്ടതുമൂലമുണ്ടായ നഷ്ടം. അതുവഴിയുണ്ടാകുന്ന നികുതിനഷ്ടവും ലക്ഷക്കണത്തിന് തൊഴിൽ നഷ്ടവും കണക്കിലെടുക്കേണ്ടതുണ്ട്. ഏതൊരു സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് വ്യാപാരമേഖല. അതുകൊണ്ടുതന്നെ വ്യാപാരികൾ വെല്ലുവിളിക്കപ്പെടേണ്ടവരോ തോൽപ്പിക്കപ്പെടേണ്ടവരോ അല്ല എന്ന യാഥാർഥ്യം എല്ലാവരും ഉൾക്കൊള്ളണം.

കോവിഡ് എന്ന യാഥാർഥ്യം അംഗീകരിച്ചുകൊണ്ടുതന്നെ കടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും എങ്ങനെ തുറക്കാമെന്നാണ് സർക്കാർ ആലോചിക്കേണ്ടത്. അതിനാണ് വിദഗ്ധസമിതിയും ചർച്ചയും വേണ്ടത്. നിയന്ത്രണങ്ങളും സാമൂഹിക അകലവും പാലിച്ച് വാണിജ്യമേഖലയെ ചലിപ്പിച്ചില്ലെങ്കിൽ അതുണ്ടാക്കുന്ന തകർച്ചയിൽനിന്നു കരകയറുക എളുപ്പമല്ലാതാവും. 3.55 കോടി ജനങ്ങളുള്ള കേരളത്തിൽ 31,03,310 പേർക്കാണ് കഴിഞ്ഞദിവസംവരെ കോവിഡ് ബാധിച്ചത്. 1,17,708  പേർ ചികിത്സയിലുണ്ട്. 14,938 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പേടിപ്പിക്കുന്നതാണ്‌ ഈ കണക്കുകളെങ്കിലും നമ്മുടെ ജീവിതവും മുന്നോട്ടുപോയേ പറ്റൂ.  

സവിശേഷതകളേറെയുണ്ട് കേരളത്തിനും മലയാളിസമൂഹത്തിനും. കോവിഡിന്റെ കാര്യത്തിൽ ശുചിത്വവും ആരോഗ്യത്തിലുള്ള ശ്രദ്ധയും അനുകൂലമാവുമ്പോൾ യാത്രയും കൂടിച്ചേരലുകളും കൂടുതൽ എന്നത് പ്രതികൂലമാവുന്നു. ഗ്രാമ, നഗര വ്യത്യാസമില്ലാതെയാണിത് എന്നതാണ് കേരളത്തെ മറ്റുസംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളിലും അടച്ചിടലിലും നാം പുതിയൊരു മാതൃക ഉണ്ടാക്കിയേ പറ്റൂ. കടകളും സ്ഥാപനങ്ങളും കൂടുതൽ ദിവസങ്ങളിലും കൂടുതൽ സമയവും തുറന്ന് തിരക്ക് കുറയ്ക്കുക, പ്രവേശനം നേരത്തേ ബുക്ക് ചെയ്തവർക്കു മാത്രമാക്കുക, ഹോംഡെലിവറി ശക്തമാക്കുക, എത്തിക്കാവുന്ന സാധനങ്ങൾ ഉപഭോക്താവിന് കടയ്ക്ക്‌ പുറത്തെത്തിച്ചുനൽകുക, താത്‌കാലികമായെങ്കിലും മദ്യവിൽപ്പനയ്ക്ക്‌ ഓൺലൈൻ സാധ്യത പ്രയോജനപ്പെടുത്തുക, മാളുകളിൽ പ്രവേശന ഫീസ് ഏർപ്പെടുത്തുക, അധികം സമയം ചെലവഴിക്കുന്നത് തടയുക,  കൂടുതൽ പൊതുഗതാഗത സൗകര്യമേർപ്പെടുത്തുക, അനാവശ്യമായി വാഹനങ്ങളിൽ കറങ്ങുന്നത് തടയുക തുടങ്ങി ഒട്ടേറെ നിർദേശങ്ങൾ ഇതിനകം ഉയർന്നുവന്നിട്ടുണ്ട്. വ്യാപാരി സമൂഹവുമായും ആരോഗ്യവിഭാഗവുമായും വിദഗ്ധരുമായും പോലീസുമായും ആലോചിച്ച് സർക്കാർ ഉചിതമായ തീരുമാനമെടുക്കേണ്ടതാണ്. ജീവനും ജീവിതവും കാക്കുക എന്ന വലിയകർത്തവ്യമാണ് സർക്കാരിനു മുന്നിലുള്ളത്. അതിനോട്‌ പൊതുസമൂഹവും യോജിച്ചുനിന്നാലേ ഈ പ്രതിസന്ധിഘട്ടം നമുക്ക് പിന്നിടാനാവൂ.