ബെഞ്ചമിൻ നെതന്യാഹുവിനെ പ്രധാനമന്ത്രിപദത്തിൽനിന്നു പുറത്താക്കി നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ഐക്യസർക്കാർ ഇസ്രയേലിൽ അധികാരമേറ്റിരിക്കുന്നു. 120 അംഗ പാർലമെന്റിൽ ഞായറാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ  ഒരൊറ്റ സീറ്റിന്റെ മാത്രം മുൻതൂക്കത്തിലാണ് ഈ നേട്ടം. 12 വർഷം തുടർച്ചയായി അധികാരത്തിലിരുന്ന് തന്റെ ഇംഗിതത്തിനൊത്ത് സമകാലിക ഇസ്രയേലിനെ വാർത്തെടുത്ത നെതന്യാഹു ഇനി പ്രതിപക്ഷനേതാവ്. 

എന്തുവിലകൊടുത്തും നെതന്യാഹുവിനെ താഴെയിറക്കുക എന്ന ലക്ഷ്യമാണ് ബെന്നറ്റും കൂട്ടരും സാധ്യമാക്കിയിരിക്കുന്നത്. ഇനി അവർ  സാധ്യമാക്കേണ്ടത് ഇസ്രയേലിനു വാഗ്ദാനംചെയ്ത ‘മാറ്റ’മാണ്. തീവ്ര വലതും ഇടതും മധ്യമാർഗികളുമുൾ‌പ്പെട്ട എട്ടു പാർട്ടികളുടെ സഖ്യത്തിന് എത്രനാൾ അധികാരത്തിൽ ഉറച്ചിരിക്കാൻകഴിയും എന്നതിനെ ആശ്രയിച്ചിരിക്കും ഈ വാഗ്ദാനപാലനം. വിശ്വാസവോട്ടെടുപ്പിനു മുമ്പുവരെയും സഖ്യംപൊളിക്കാൻ ശ്രമിച്ച, ‘അപകടകരമായ ഈ സർക്കാരിനെ മറിച്ചിടുംവരെ വിശ്രമിക്കില്ലെ’ന്നു പാർ‌ലമെന്റിൽ പ്രഖ്യാപിച്ച നെതന്യാഹു വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ്. നെതന്യാഹുവിനോടു പടവെട്ടി ഐക്യസർക്കാർ ഇസ്രയേലിനെ എങ്ങനെ നയിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.

രണ്ടുവർഷത്തിനിടെ നടന്ന നാലാമത്തെ തിരഞ്ഞെടുപ്പിനാണ് മാർച്ച് 23-ന് ഇസ്രയേൽ സാക്ഷ്യംവഹിച്ചത്. 30 സീറ്റുനേടി നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ചെറുകക്ഷികൾ ഒന്നിച്ചതോടെ ഭരണമോഹം പൊലിഞ്ഞു. അറബ് പാർട്ടിയായ റാമിന്റെ സാന്നിധ്യമാണ് പുതിയ സർക്കാരിലെ ഏറ്റവും ചരിത്രപരമായ സവിശേഷത. 1948-ൽ ഇസ്രയേലുണ്ടായശേഷം ആദ്യമായാണ് ഒരു അറബ് പാർട്ടി സർക്കാരിന്റെ ഭാഗമാവുന്നത്. സഖ്യധാരണയനുസരിച്ച് 2023 വരെ നഫ്താലി ബെന്നറ്റായിരിക്കും പ്രധാനമന്ത്രി. സഖ്യമുണ്ടാക്കാൻ മുൻകൈയെടുത്ത മുൻ പ്രതിപക്ഷനേതാവും മതനിരപേക്ഷകനും പരിഷ്കരണവാദിയുമായ യായിർ ലാപിഡ്‌ പിന്നീടുള്ള രണ്ടുകൊല്ലം പ്രധാനമന്ത്രിയാകും.

നെതന്യാഹുവിനെക്കാൾ തീവ്ര വലതുനിലപാടുകാരനാണ് പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. പലസ്തീൻസ്വാതന്ത്ര്യത്തെ എതിർക്കുന്ന, വെസ്റ്റ്ബാങ്കിലെയും കിഴക്കൻ  ജറുസലേമിലെയും ജൂത കുടിയേറ്റങ്ങളെ സർവാത്മനാ പിന്തുണയ്ക്കുന്ന, മതാചാരനിഷ്ഠകൾ കടുകിടെതെറ്റാതെ പാലിക്കുന്ന വ്യക്തി. നെതന്യാഹുവിന്റെ മുഖ്യ എതിരാളിയായി കണക്കാക്കിയിരുന്ന ലാപിഡിനെ ഒരിക്കലും അധികാരത്തിലേറാൻ അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രഖ്യാപിച്ചയാൾ. ആ വാക്കു വിഴുങ്ങി സഖ്യമുണ്ടാക്കിയ ബെന്നറ്റിനെ ‘ക്രിമിനലെ’ന്നും ‘നുണയനെ’ന്നും വിളിച്ചാണ് തീവ്രദേശീയവാദികളായ പാർലമെന്റംഗങ്ങൾ എതിരേറ്റത്. വഞ്ചനയിൽ പ്രതിഷേധിച്ച് സ്വന്തം പാർട്ടിയിലെ എം.പി.പോലും ബെന്നറ്റിനെ കൈവിട്ടു. വിരുദ്ധധ്രുവങ്ങളിൽ നിലകൊള്ളുന്ന സഖ്യകക്ഷികളെയും വീഴ്ത്താൻ വഴിനോക്കിയിരിക്കുന്ന പ്രതിപക്ഷത്തെയും നേരിടേണ്ടിവരുന്ന ബെന്നറ്റ് സർക്കാരിന്റെ വരുംദിനങ്ങൾ കഠിനമാകും എന്ന സൂചനയാണ് പാർലമെന്റിലെ ആദ്യദിനം. 

പലസ്തീൻ പ്രശ്നം മാത്രമല്ല, പുതിയ സർക്കാരിനുമുമ്പിലുള്ള വെല്ലുവിളി. നെതന്യാഹുവിന്റെ പ്രേരണയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ്‌ ട്രംപ് പിന്മാറിയ ഇറാൻ ആണവക്കരാറിലേക്കുള്ള അമേരിക്കയുടെ തിരിച്ചുവരവ്, ജറുസലേമിൽ വീണ്ടും കോൺസുലേറ്റ് തുറക്കാനുള്ള ബൈഡന്റെ നീക്കം എന്നിവയെ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് നോക്കിയിരിക്കുകയാണ് പ്രതിപക്ഷം. ബെന്നറ്റ് സർക്കാർ നേരിടുന്ന ആദ്യ പരീക്ഷണമാണ് ജറുസലേമിലൂടെയുള്ള തീവ്രദേശീയവാദികളുടെ മാർച്ച്. മേയിൽ നടന്ന ഇത്തരമൊരു മാർച്ചാണ് ഇരുനൂറ്റമ്പതിലേറെപ്പേരുടെ മരണത്തിനിടയാക്കിയ ഇസ്രയേൽ-ഹമാസ് സംഘർഷത്തിലേക്കു നയിച്ചത്. ജൂതകുടിയേറ്റത്തെ പിന്തുണയ്ക്കുന്ന ബെന്നറ്റ് നയിക്കുന്ന സർക്കാരിനെ നെതന്യാഹുവിന്റേതിനെക്കാൾ ഒട്ടും മെച്ചമായിക്കാണുന്നില്ല പലസ്തീൻ അധികൃതർ. 

ഇന്ത്യയുമായുള്ള ഇസ്രയേലിന്റെ വ്യതിരിക്തവും ഊഷ്മളവുമായ ബന്ധം കൂടുതൽ വിപുലമാക്കാൻ കാത്തിരിക്കുകയാണ് പുതിയ പ്രധാനമന്ത്രി. സത്യപ്രതിജ്ഞചെയ്യുംവരെ ഐക്യസർക്കാരിലെ കക്ഷികൾക്ക് ഒരൊറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ: നെതന്യാഹുവിനെ പുറത്താക്കുക. ഇനി അവർ ഇസ്രയേലിനെ നയിക്കണം. ‘ഇടതുപക്ഷ സർക്കാരിനെ’ അതിവേഗം വലിച്ചുതാഴെയിട്ട് രാജ്യത്തെ ‘നമ്മുടെ വഴിക്കു നയിക്കുംവരെ’ വിശ്രമിക്കില്ലെന്നാണ് തന്റെ അനുയായികളോടുള്ള നെതന്യാഹുവിന്റെ വാക്ക്. ഒരുപക്ഷേ, ആ വാക്കുപാലിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞേക്കാം. അല്ലെങ്കിൽ, ആ പ്രതിജ്ഞ പുതിയ സർക്കാരിനെ, പൊതുശത്രുവിനെതിരേ കൂടുതൽ യോജിപ്പോടെ ചേർത്തുനിർത്തിയേക്കാം. അതറിയാൻ കാത്തിരിക്കുകയാണ്  ലോകവും കാലവും.