വാക്സിൻ വിതരണവും ചില ചോദ്യങ്ങളും


ഡോസുകളുടെ ഇടവേള സംബന്ധിച്ചും അഭിപ്രായങ്ങളുടെ മാറ്റംമറിച്ചിലുകളുണ്ട്‌. പലതവണയിത്‌ മാറിവന്നു. ഏറ്റവും അവസാനം

16podcast

മഹാമാരിയുടെ രണ്ടാംതരംഗത്തെ അതിജീവിക്കാൻ രാജ്യം ബുദ്ധിമുട്ടുകയാണ്. വാക്സിനേഷൻ വിതരണം ഫലപ്രദമാവാൻ എത്രസമയം വേണ്ടിവരുമെന്നത്‌ പ്രവചിക്കാനാവാത്ത അവസ്ഥ. വലുപ്പവും ജനസംഖ്യയുംകൊണ്ട് മഹാരാജ്യമാണ് ഇന്ത്യ. വിഭവങ്ങൾ പങ്കുവെക്കുന്നതിലെ പരിമിതിയേക്കാൾ സങ്കീർണമാണ് പൊതുജനാരോഗ്യസംരക്ഷണയജ്ഞങ്ങളിലും മറ്റുമുണ്ടാവുക. ഇതിനുള്ള മികച്ച ഉദാഹരണമാണ് കോവിഡ് വാക്സിനേഷൻ. മന്ദഗതിയിലായിരുന്നു തുടക്കം. ജനുവരി 16-ന് ആരോഗ്യപ്രവർത്തകർക്ക് കുത്തിവെപ്പുനൽകി തുടങ്ങിയ യജ്ഞം മുതിർന്നവരിലേക്കെത്തിയത് മാർച്ച് ഒന്നിനാണ്. ഒരുമാസത്തിനകം 45 വയസ്സിനുമുകളിലുള്ള എല്ലാവരെയും ഉൾപ്പെടുത്തി.

ആദ്യഘട്ടത്തിൽ പൊതുസമൂഹത്തിൽനിന്ന് കുത്തിവെപ്പിന് കാര്യമായ പ്രതികരണംകണ്ടില്ല. എന്നാൽ, രോഗത്തിന്റെ രണ്ടാംവരവ് വ്യക്തമായതോടെ കുത്തിവെപ്പുകേന്ദ്രങ്ങൾ തിരക്കിലായി. വാക്സിൻക്ഷാമത്തിന്റെ വാർത്തകൾ നിറഞ്ഞതോടെ ജനങ്ങളുടെ തള്ളിക്കയറ്റമായി. ഇതോടെ സമസ്തപദ്ധതികളും പൊളിഞ്ഞു. സംസ്ഥാനങ്ങൾക്കാവശ്യമുള്ള ഡോസുകൾ സംഭരിക്കാൻ കേന്ദ്രത്തിനോ, കിട്ടിയവ പരാതിരഹിതമായി വിതരണംചെയ്യാൻ സംസ്ഥാനങ്ങൾക്കോ കഴിയാതെവന്നു. ഇതോടെ വിമർശനങ്ങളും പരസ്പരം പഴിചാരലും രാഷ്ട്രീയയുദ്ധവുമായി.

ഇതിനിടെയാണ് ഡോസുകളുടെ ഇടവേള സംബന്ധിച്ച അഭിപ്രായങ്ങളുടെ മാറ്റംമറിച്ചിലുകൾ. പലതവണയിത്‌ മാറിവന്നു. ഏറ്റവും അവസാനം കോവിഷീൽഡിന്റെ രണ്ടാംഡോസ് 84 ദിവസങ്ങൾക്കുശേഷം മതിയെന്നാണ് പ്രഖ്യാപനം. മതിയായ ഡോസുകൾ കിട്ടാത്തതിനാലല്ല, വിദേശരാജ്യങ്ങളിലടക്കമുള്ള നിർദേശത്തിന്റെയും പഠനത്തിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനമെന്ന മുൻകൂർ അറിയിപ്പും കേന്ദ്രത്തിന്റേതായി വന്നു. എന്നാൽ, പുതിയ തീരുമാനപ്രകാരം ബ്രിട്ടൻ കാലാവധി എട്ടാഴ്ചയായി കുറച്ചിട്ടുണ്ട്. ഇന്ത്യയിൽ കണ്ടെത്തിയ വകഭേദത്തിന്റെ സാന്നിധ്യമാണ് തീരുമാനമാറ്റത്തിനുപിന്നിൽ. ഇതിന്റെ വ്യാപനശേഷി ഏറെയാണെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഏതായാലും കോവിഷീൽഡ് രണ്ടാംഡോസ് 84 ദിവസം കഴിഞ്ഞുമതിയെന്ന കണക്കുകൂട്ടലിലാണ് നമ്മുടെ കുത്തിവെപ്പുപദ്ധതി പുരോഗമിക്കുന്നത്. കേരളംപോലുള്ള പല സംസ്ഥാനങ്ങളും കമ്പനികളിൽനിന്ന്‌ വാക്സിൻ നേരിട്ട്‌ വിലകൊടുത്തുവാങ്ങാനുള്ള പരിശ്രമത്തിലാണ്.

നിലവിലെ സ്ഥിതിയിലാണ് വാക്സിനേഷൻ മുന്നോട്ടുപോകുന്നതെങ്കിൽ അടുത്തകാലത്തൊന്നും ഇന്ത്യയിൽ ആവശ്യമുള്ളവർക്കെല്ലാം കുത്തിവെപ്പെടുക്കാനാകില്ലെന്ന് ഉറപ്പാണ്. അമേരിക്ക 17 കോടി ഡോസ്‌ 115 ദിവസംകൊണ്ട് കൊടുത്തപ്പോൾ നമുക്ക് 114 ദിവസമേ വേണ്ടിവന്നുള്ളൂവെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. ചൈന 119 ദിവസമാണെടുത്തത്. കഴിഞ്ഞദിവസംവരെയുള്ള കണക്കുപ്രകാരം 35.6 കോടി ഡോസാണ് കേന്ദ്രത്തിലൂടെ സംസ്ഥാനങ്ങൾക്ക് ലഭിച്ചത്. 16 കോടി ഡോസ്‌ ഉടൻ വിതരണംചെയ്യും. ഈ വർഷം അവസാനിക്കുമ്പോഴേക്കും രാജ്യത്ത് 216 കോടി വാക്സിൻ ഡോസുകൾ ലഭ്യമാക്കുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. നിലവിൽ അനുമതിയുള്ള കോവിഷീൽഡ്(75 കോടി), കോവാക്സിൻ (55 കോടി), സ്പുട്നിക് (15.6 കോടി) എന്നിവയുടെ 145.6 കോടി ഡോസ് വാക്സിൻ ഡിസംബറോടെ ലഭിക്കുമെന്നാണ് കണക്ക്. ഇതിനുപുറമേ സൈഡസ് കാഡിലയുടെ സൈകോവ്-ഡി (അഞ്ചുകോടി), സിറത്തിന്റെ നോവാവാക്സ് (20 കോടി), ഭാരത് ബയോടെക്കിന്റെ മൂക്കിലേക്കുള്ള വാക്സിൻ (10 കോടി), ബയോളജിക്കൽ ഇയുടെ സബ് യൂണിറ്റ് വാക്സിൻ (30 കോടി), ജനോവ വാക്സിൻ (ആറുകോടി ) എന്നിവയൊക്കെ ഡിസംബറിനകം ലഭിക്കുമെന്നും ഇത് രാജ്യത്ത് വാക്സിനേഷൻ പൂർണമാക്കാൻ പര്യാപ്തമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.

ഇത്രയും വാക്സിനുകൾ സംഭരിക്കുന്നതെങ്ങനെെയന്നോ വിതരണം നടത്തുന്നതെങ്ങനെയെന്നോ ഉള്ള ചോദ്യങ്ങൾക്ക് തത്കാലം ഉത്തരം പ്രതീക്ഷിക്കരുത്. ഇതെല്ലാം പറയുമ്പോഴും നമ്മുടെ രാജ്യത്തിന്റെ വിശാലസ്വഭാവം ഇത്തരം പദ്ധതികൾക്കുമേൽ ഉയർത്തുന്ന വെല്ലുവിളികളെ നിസ്സാരവത്കരിക്കാനാകില്ല. പൗരബോധമുള്ള സമൂഹമെന്നനിലയിൽ ഭരണാധികാരികളെ വിശ്വാസത്തിലെടുത്ത് അവരുടെ നിർദേശങ്ങൾ നിയമപരമായി അനുസരിച്ച് മുന്നോട്ടുപോകുകമാത്രമാണ് നമുക്കുമുന്നിലുള്ള മാർഗം; ഈ സമസ്യകളുടെ കുരുക്കഴിക്കാൻ അതാണ് അഭികാമ്യവും. വാക്സിൻ എല്ലാവർക്കും നൽകുമെന്ന് കേരളം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. അല്പം സമയമെടുത്താലും അത് തീർച്ചയായും നടക്കുകയുംചെയ്യും. അതുവരെ ശുഭാപ്തിവിശ്വാസവും സർവോപരി ക്ഷമയും അച്ചടക്കവും പാലിച്ച്‌ കോവിഡിനെ നമുക്ക്‌ നേരിടാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented