കൊലപാതകങ്ങൾ രാഷ്ട്രീയത്തിന്റെ പേരിലായാലും രാഷ്ട്രീയേതര കാരണങ്ങളാലായാലും ഹത്യതന്നെയാണ്‌. എന്നാൽ, രാഷ്ട്രീയത്തിന്റെ പേരിലാണ് കൊലപാതകമെന്നുവന്നാൽ ആളുകൾ രണ്ടുപക്ഷമായി തിരിയുന്ന ദുരവസ്ഥയാണ് ഇവിടെയുള്ളത്. കൊലപാതകവും അക്രമവും എല്ലാവരാലും എതിർക്കപ്പെടേണ്ടതാണ്. കുറ്റവാളികൾ പൊതുസമൂഹത്തിന്റെയാകെ ശത്രുക്കളാണ്‌ എന്ന വൈകാരികബോധം എന്നേ നഷ്ടപ്പെട്ടുപോയി എന്നതാണ് പ്രശ്നം. ഏതിന്റെ പേരിലായാലും ഏതുരാഷ്ട്രീയക്കാരായാലും അക്രമവും കൊലപാതകവും നടത്തുന്നത് നാടിന്റെ സമാധാനം തകർക്കുകയാണ്, ജനജീവിതത്തെ പുറകോട്ടുതള്ളുകയാണ്, മനുഷ്യത്വത്തെ ചവിട്ടിത്തേക്കുകയാണ് എന്ന് ഉൾക്കൊള്ളാതിരിക്കുന്ന ഒരു ജനതയെ എങ്ങനെ സാമൂഹികബോധമുള്ളവരെന്ന് പറയും.

ആലപ്പുഴ വള്ളികുന്നത്ത് പത്താം ക്ലാസ് വിദ്യാർഥിയെ വിഷുദിവസം രാത്രി ഉത്സവപ്പറമ്പിൽവെച്ച് അറുകൊല ചെയ്ത സംഭവം നടുക്കമുളവാക്കുന്നതാണ്. എസ്.എഫ്. ഐ. പ്രവർത്തകനായ കുട്ടിയെ കൊലചെയ്തത് ആർ.എസ്.എസുകാരാണെന്നു സി.പി.എം. ആരോപിക്കുന്നു. ജ്യേഷ്ഠനെ തിരഞ്ഞുവന്ന ക്രിമിനൽസംഘം അനിയനെ കുത്തിക്കൊലപ്പെടുത്തി. പത്താംക്ലാസ് പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന ആ കൗമാരക്കാരൻ എന്തു തെറ്റാണ് ചെയ്തത്.  തിരഞ്ഞെടുപ്പുദിവസം രാത്രി പെരിങ്ങളം പുല്ലൂക്കരയിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടു. സി.പി.എം. പ്രവർത്തകർ ബോംബെറിഞ്ഞ് കൊന്നുവെന്നാണ്‌ ആരോപണം. ആ കേസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ രണ്ടാം പ്രതിയായ രതീഷ് എന്ന  യുവാവിനെ ഒളിവിൽ കഴിയുന്നതിനിടയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. രതീഷിന്റെ ശരീരത്തിൽ പരിക്കും ആന്തരികാവയങ്ങൾക്ക് ക്ഷതവുമേറ്റിട്ടുണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിനെത്തുടർന്ന് അക്കാര്യത്തിൽ സൂക്ഷ്മമായ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ കാസർകോട്ട്‌ പെരിയയിൽ യൂത്ത് കോൺഗ്രസിന്റെ രണ്ട് പ്രവർത്തകരെ സി.പി.എം. പ്രവർത്തകർ കൊല ചെയ്തതു സംബന്ധിച്ച കേസ് വലിയ നിയമയുദ്ധങ്ങൾക്കുശേഷം സി.ബി.ഐ. അന്വേഷിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. കാഞ്ഞങ്ങാട്ട് കല്ലൂരിയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ കാലത്ത് ഒരു സി.പി.എം. പ്രവർത്തകനെ  കുത്തിക്കൊന്ന സംഭവമുണ്ടായി. യൂത്ത് ലീഗ് പ്രവർത്തകരാണ് പ്രതികൾ എന്നാണ്‌ ആരോപണം. തലസ്ഥാനജില്ലയിലെ വെഞ്ഞാറമ്മൂട്ടിൽ കഴിഞ്ഞ ഓണക്കാലത്താണ് സി.പി.എം.പ്രവർത്തകരായ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടത്. പ്രതികൾ കോൺഗ്രസുകാരാണ്‌ എന്ന്‌ ആരോപിക്കപ്പെടുന്നു. ഏറ്റവുമൊടുവിൽ വിഷുദിവസം കണ്ണൂർ ജില്ലയിലെ കതിരൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനത്തിൽ ഒരു സി.പി.എം. പ്രവർത്തകന്റെ രണ്ട് െെകയും നഷ്ടപ്പെട്ടു. 

ബിഹാറിൽപ്പോലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും രാഷ്ട്രീയത്തിന്റെ പേരിലുമുള്ള കൊലപാതകങ്ങൾക്ക് കുറെയൊക്കെ അറുതിവന്നിട്ട് ഏറെക്കാലമായി. എന്നാൽ പ്രബുദ്ധകേരളത്തിൽ രാഷ്ട്രീയ ക്രിമിനലിസം നടമാടിക്കൊണ്ടിരിക്കുകയാണ്. മൂന്നരവർഷം മുമ്പ് കണ്ണൂർ ജില്ലയിൽ സി.പി.എം.-ആർ.എസ്.എസ്. സംഘർഷം അതിരൂക്ഷമായപ്പോൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സമാധാനയോഗം വലിയ വിജയമായിരുന്നു. ഇരു വിഭാഗത്തിന്റെയും നേതാക്കൾ തമ്മിൽ ചർച്ച നടത്തിയശേഷമാണ് സർവകക്ഷിയോഗം ചേർന്നത്‌. യോഗാചാര്യനായ ശ്രീ എം അന്ന് നടത്തിയ മധ്യസ്ഥശ്രമങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ അടുത്തയിടെ ഏറെ ചർച്ച ചെയ്യപ്പെട്ടു.  കൊലപാതക പരമ്പരയ്ക്കും അക്രമത്തിനും താത്‌കാലികമായെങ്കിലും അറുതിവരുത്താൻ അത് സഹായിച്ചു. 2017 ഓഗസ്റ്റിൽ കണ്ണൂരിൽ നടന്ന സമാധാന യോഗത്തിൽ ഒറ്റക്കെട്ടായി മുന്നോട്ടുവെച്ച പ്രമേയം സംസ്ഥാനത്താകെ ഇന്നും പ്രസക്തമാണ്.

നേതൃത്വം തീരുമാനിച്ചാലും വഴങ്ങാത്ത  ഒരുവിഭാഗം അക്രമം ജീവിതത്തിന്റെ ഭാഗമാക്കുകയും രാഷ്ട്രീയാവശ്യങ്ങളിലെ അക്രമവൈദഗ്ധ്യം പിന്നീട് ക്വട്ടേഷൻ ജോലിക്കായി ഉപയോഗപ്പെടുത്തുന്നുമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ‘രാഷ്ട്രീയാവശ്യങ്ങൾ’ക്ക് ചില ഘട്ടങ്ങളിൽ ഉപയോഗപ്പെടുന്നവരാണെന്നതിനാൽ അത്തരക്കാരുടെ മറ്റു ചെയ്തികളെ കണ്ടില്ലെന്നുനടിക്കുകയോ, അവർക്ക് രഹസ്യസഹായം നൽകുകയോ ആണ് പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങൾ എന്നു കരുതേണ്ടിയിരിക്കുന്നു. ഇത്തരം അക്രമികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ സംഘടനകളുടെ സത്‌പേരും അന്തസ്സും കളഞ്ഞുകുളിക്കുക മാത്രമല്ല, കുറ്റകൃത്യത്തിന്റെ മൂലകാരണക്കാരായി മാറുകയും ചെയ്യുകയാണെന്ന് അവർ തിരിച്ചറിയണം.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യതയുള്ള പോലീസ് സംവിധാനം കുറേക്കൂടി ഉണർന്ന് പ്രവർത്തിച്ച് കൊലപാതകരാഷ്ട്രീയത്തെ അമർച്ച ചെയ്‌തേ പറ്റൂ. തിരഞ്ഞെടുപ്പ് ഫലംവരാൻ ഇനി രണ്ടാഴ്ചയാണുള്ളത്. ബോംബ് നിർമാണവും ആയുധശേഖരവും തകർത്തില്ലെങ്കിൽ സമാധാനാന്തരീക്ഷം തകർന്നേക്കാമെന്നതാണ് സ്ഥിതി. അതുമനസ്സിലാക്കി മുഖംനോക്കാതെ നടപടിയെടുക്കാനും ക്രിമിനൽ സംഘങ്ങളെ തകർക്കാനും പോലീസ് മുന്നോട്ടുവരണം.