ഉപവാസം നൽകുന്ന സന്ദേശങ്ങൾ


സാക്ഷരത, സ്ത്രീസാക്ഷരത, സ്ത്രീശാക്തീകരണം, സ്ത്രീ-പുരുഷ അനുപാതം ഇവയിലെല്ലാം രാജ്യത്ത് ഒന്നാമതുനിൽക്കുന്ന ഒരു സംസ്ഥാനത്താണ് സ്ത്രീധനംപോലെ നീതിക്ക് നിരക്കാത്തതും നാണംകെട്ടതുമായ സമ്പ്രദായത്തിനെതിരേ ഗവർണർക്കുതന്നെ

15podcast

അസാധാരണമായ ഒരു സമരത്തിനാണ് രാജ്ഭവൻ സാക്ഷ്യംവഹിച്ചിരിക്കുന്നത്‌. സ്ത്രീധനസമ്പ്രദായത്തിനും സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്കുമെതിരേ സംസ്ഥാന ഭരണത്തലവനായ ഗവർണർ ഉപവാസമിരുന്നു. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണം അന്വർഥമാകണമെങ്കിൽ സ്ത്രീധനമെന്ന വിപത്ത് കേരളത്തിൽനിന്ന് എന്നേക്കുമായി ഒഴിവാക്കണമെന്നാണ് ബോധവത്കരണ പരിപാടിക്ക് തുടക്കംകുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്.

സാക്ഷരത, സ്ത്രീസാക്ഷരത, സ്ത്രീശാക്തീകരണം, സ്ത്രീ-പുരുഷ അനുപാതം ഇവയിലെല്ലാം രാജ്യത്ത് ഒന്നാമതുനിൽക്കുന്ന സംസ്ഥാനത്ത്‌ സ്ത്രീധനംപോലെ നീതിക്ക് നിരക്കാത്തതും നാണംകെട്ടതുമായ സമ്പ്രദായത്തിനെതിരേ ഗവർണർക്കുതന്നെ ഉപവാസമിരിക്കേണ്ടിവന്നത്‌ ഖേദകരമാണ്‌. കിട്ടിയ സ്ത്രീധനം മതിയായില്ല എന്നതിന്റെപേരിൽ ഭർത്താവിൽനിന്നു കൊടിയ പീഡനങ്ങൾ ഏറ്റവുവാങ്ങിയാണ് കൊല്ലം ശാസ്താംകോട്ടയിലെ ബി.എ.എം.എസ്. വിദ്യാർഥി വിസ്മയ കഴിഞ്ഞമാസം ജീവനൊടുക്കിയത്. സ്ത്രീപീഡനം, ഗാർഹികപീഡനം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പറയാൻ വിളിച്ചുചേർത്ത പരിപാടിയിൽ പീഡനത്തിനിരയായിക്കൊണ്ടിരിക്കുന്ന സ്ത്രീയോട് വനിതാ കമ്മിഷൻ അധ്യക്ഷയായിരുന്ന എം.സി. ജോസഫൈന്‍റെ പെരുമാറ്റം വിവാദമായതും അടുത്തിടെയാണ്. സ്ത്രീകൾക്കായുള്ള വേദികളിൽപ്പോലും കുറ്റപ്പെടുത്തലും ശാസനയുമാണെങ്കിൽ മറ്റെവിടെനിന്നാണ് സാന്ത്വനവും നീതിയും പ്രതീക്ഷിക്കാനാവുക? കേരളത്തിന്റെ സാമൂഹികാവസ്ഥ പുനഃപരിശേധിക്കേണ്ടിയിരിക്കുന്നു എന്നതിലേക്ക് നയിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. ഒപ്പംതന്നെ ഇവിടെ തകർന്നുവീഴുന്ന ഒന്നുണ്ട് -വിദ്യാഭ്യാസം, സാക്ഷരത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക ഔന്നത്യം എന്നിവയുടെ അടിസ്ഥാനത്തിൽ അഭിമാനപൂർവം സംസ്ഥാനം അവതരിപ്പിക്കുന്ന കേരള വികസന മാതൃകകൾ. സമൂഹത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനമാണ് സാമൂഹിക വികസനത്തിന്റെ അളവുകോൽ എന്നു പറഞ്ഞത് കാറൽ മാർക്‌സാണ്. ഇതുപ്രകാരമാണെങ്കിൽ സാമൂഹിക വികസനത്തിന്റെ കാര്യത്തിൽ കേരളം എവിടെയെത്തിനിൽക്കുന്നു എന്നതും വിമർശനബുദ്ധ്യാ നോക്കിക്കാണേണ്ടതാണ്.

സ്ത്രീക്ക്‌ സമൂഹത്തിലുള്ള സ്ഥാനം, കുടുംബത്തിനുള്ളിലെ അധികാരസമവാക്യം, വിവാഹങ്ങളിലെ ലിംഗ സമത്വം എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളിലേക്ക് വിരൽചൂണ്ടുന്നതുകൂടിയാണ് ഓരോ സ്ത്രീധന പീഡനങ്ങളും. വിവാഹത്തെ പങ്കാളിത്തത്തിന്റെയും പരസ്പര സൗഹൃദത്തിന്റെയും വിശാലകാഴ്ചപ്പാടിൽ നോക്കിക്കാണുന്നതിനു പകരം അതിനെ കമ്പോളവത്കരിക്കുന്ന പ്രവണതയിൽനിന്ന് സമൂഹം ഇപ്പോഴും മാറിയിട്ടില്ല. പുരുഷമേധാവിത്വം ആഴത്തിൽ വേരൂന്നിയ സാമൂഹിക ബോധത്തിലാണ് കേരളം ഇപ്പോഴും. ചോദിച്ചാലും ഇല്ലെങ്കിലും മകളുടെ വിവാഹത്തിന് പൊന്നും പണവും മറ്റു സമ്മാനങ്ങളും നൽകുന്ന സമ്പ്രദായം സാധാരണമാകുന്നതും അതുകൊണ്ടുതന്നെ. ഒരു വസ്തുവായിക്കണ്ട് സ്വന്തം മകൾക്കാണ് വിലയിടുന്നത് എന്ന തിരിച്ചറിവിലേക്ക് മാതാപിതാക്കൾ എത്തുന്നില്ല എന്നതും ദുഃഖകരം.

നിയമത്തിന്റെ അഭാവമോ അവബോധമില്ലായ്മയോ അല്ല കാതലായ പ്രശ്നം. സ്ത്രീധനനിരോധന നിയമം നിലവിൽവന്നിട്ട് ആറുപതിറ്റാണ്ടു പിന്നിട്ടിട്ടും ഇത്തരം അക്രമങ്ങൾ സംസ്ഥാനത്ത് കൂടിവരുകയാണ് എന്നതിന്റെ തെളിവാണ് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ. സ്ത്രീധനവുമായി ബന്ധപ്പെട്ട് അഞ്ചുവർഷത്തിനുള്ളിൽ 50 മരണങ്ങളാണ് സംസ്ഥാന പോലീസ് രേഖപ്പെടുത്തിയത്. 2019-2020 വർഷം മാത്രം ആറു മരണങ്ങൾ. 13 വർഷത്തിനിടെ സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്ന് 212 മരണങ്ങൾ. അഞ്ചുവർഷത്തിനിടെ നടന്നത് 66 സ്ത്രീപീഡന മരണങ്ങൾ.

സ്ത്രീകൾക്കുനേരെയുള്ള ഓരോ അക്രമത്തെയും തടയേണ്ടത് സമത്വത്തിലൂന്നിയ അവബോധത്തിലൂടെയാണ്. വൈകിയെങ്കിലും തുല്യതയുടെ ആദ്യപാഠങ്ങൾ കുട്ടികളിൽ ചെറുപ്രായത്തിൽത്തന്നെ സൃഷ്ടിക്കുന്നതിനായി അങ്കണവാടികളിൽ ഉപയോഗിക്കുന്ന പുസ്തകങ്ങൾക്കും പഠനസാമഗ്രികൾക്കും ജെൻഡർ ഓഡിറ്റിങ് നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് സ്വാഗതാർഹമാണ്. ഒപ്പംതന്നെ നിയമങ്ങൾ കർശനമാക്കുകയും അവയ്ക്ക് കൂടുതൽ ബലം നൽകുകയും കേസുകൾ എത്രയും പെട്ടെന്ന് തീർപ്പാക്കുകയും ശിക്ഷ വൈകിക്കാതിരിക്കുകയും ചെയ്യേണ്ടതുണ്ട്. സ്ത്രീയെ അമ്മയായും ധനമായും സഹോദരിയായും വാഴ്ത്തുന്നതിനുപകരം അവളെ ഒരു വ്യക്തിയായി അംഗീകരിക്കുന്നതിലേക്കാണ് സമൂഹം ഉയരേണ്ടത്. അതിലേക്കു നയിക്കുന്നതാകട്ടെ ഓരോ വാക്കും ഒരോ ചുവടുവെപ്പും ഒാരോ സമരങ്ങളും.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented