കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയത് ഏതു മേഖലയെയാണെന്ന ചോദ്യത്തിന് പ്രസക്തിയില്ല. എന്നാൽ, അത് വലിയ തകർച്ചയിലേക്ക് തള്ളിയിട്ടത് പൊതുഗതാഗത മേഖലയെയും ചെറുകിട വ്യാപാരമേഖലയെയുമാണെന്നതിൽ ആർക്കും സംശയമുണ്ടാകില്ല. രണ്ട് പ്രളയവും അതിനുമുമ്പ് നോട്ട് നിരോധനവും വ്യാപാരമേഖലയുടെ നട്ടെല്ലൊടിച്ചിരുന്നു. അപ്പോഴാണ് കോവിഡിന്റെ വരവ്. കോവിഡിന്റെ ഒന്നാം തരംഗം കഴിഞ്ഞ് മെല്ലെ ഉണർന്നുവരാൻ തുടങ്ങുമ്പോഴേക്കും രണ്ടാം വ്യാപനവും ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണുമെല്ലാം വഴിക്കുവഴി വന്നു. എല്ലാ പ്രതീക്ഷയും നശിച്ച് കണ്ണീർകുടിച്ച് ജീവിക്കുകയാണ്‌ ഇപ്പോൾ ലക്ഷക്കണക്കിന് കച്ചവടക്കാർ. 

കോവിഡ് കാലത്ത് എല്ലാ ജനവിഭാഗങ്ങൾക്കും കൈത്താങ്ങു നൽകാൻ സർക്കാർ ശ്രമിച്ചെന്നത് സത്യമാണ്. എന്നാൽ, ചെറുകിട കച്ചവടക്കാരുടെ കാര്യത്തിൽ അടിയന്തരനടപടി സർക്കാർ സ്വീകരിക്കേണ്ടിയിരിക്കുന്നു.  ബാങ്കിൽനിന്നും ഹുണ്ടികക്കാരിൽനിന്നുമെല്ലാം വായ്പ വാങ്ങി വിൽപ്പനയ്ക്ക് ശേഖരിച്ചുവെക്കുന്ന സാധനങ്ങൾ വിൽക്കാനാവാതെ നശിച്ചുപോകുന്ന സ്ഥിതിയാണിപ്പോൾ. ഓരോ പ്രദേശത്ത് കോവിഡ് വ്യാപനമുണ്ടാകുമ്പോൾ ആ മേഖലയിൽ കച്ചവടസ്ഥാപനം തുറക്കാൻ കഴിയാതാവുന്നു.  ഇടയ്ക്കിടെ ഇളവുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ആകെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ നാലിലൊന്നോളം മാത്രമാണ് ഭാഗികമായെങ്കിലും തുറന്നുവെക്കുന്നത്. തുറന്നാലും ആളുകളുടെ ക്രയശേഷി കുറഞ്ഞതിനാൽ കച്ചവടമില്ല. തുണിഷാപ്പുകളും മറ്റും മാസങ്ങളായി പ്രവർത്തിക്കാത്തതിനാൽ തുണി കെട്ടിപ്പഴകി നശിക്കുന്നു.  ദൈനംദിന ജീവിതം വഴിമുട്ടുന്നതിനു പുറമേ കടക്കെണിയിലാവുകയാണ് കച്ചവടക്കാർ. കച്ചവടസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അവസ്ഥയും ദയനീയമാണ്. പത്തുലക്ഷത്തോളം കുടുംബങ്ങളുടെ അവസ്ഥയാണിത്.

ചില്ലറവിൽപ്പനമേഖലയിൽ വിദേശ കമ്പനികൾക്ക് ലൈസൻസ് നൽകുന്നതിൽ ഏറ്റവും വലിയ എതിർപ്പുയർത്തിയ സംസ്ഥാനമാണ് കേരളം. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽമേഖലയായ ചെറുകിട വ്യാപാരമേഖല തകരുകയും ലക്ഷക്കണക്കിന് വ്യാപാരികൾ വഴിയാധാരമാകുമെന്നതിനാലുമാണ് കക്ഷിരാഷ്ട്രീയാതീതമായ എതിർപ്പുയർന്നത്. എന്നാൽ എല്ലാവസ്തുക്കളും, കുപ്പായങ്ങൾമുതൽ കോസ്മെറ്റിക് വസ്തുക്കൾവരെ, ലോക്ഡൗൺ വകവെക്കാതെ ഓൺലൈൻ കച്ചവടക്കാർ വിതരണം ചെയ്യുന്നുവെന്നാണ് സംസ്ഥാനത്തെ എല്ലാ വ്യാപാരിസംഘടനകളും ഉയർത്തുന്ന ആക്ഷേപം. കോവിഡ് കാലത്ത് തയ്യൽമേഖലയിൽ തൊഴിലില്ലായ്മ രൂക്ഷമായതിന്റെ ഒരു കാരണവും ഇതാണ്. ഇടത്തരം തുണിഷോപ്പുകളിലും ഗാർമെന്റ് സ്ഥാപനങ്ങളിലുമായി ആയിരക്കണക്കിന് തൊഴിലാളികൾ, മഹാഭൂരിഭാഗവും സ്ത്രീകൾ, ജോലിചെയ്യുന്നുണ്ട്. 

  എല്ലാ അർഥത്തിലും തളർന്ന ചെറുകിട വ്യാപാരമേഖലയെ രക്ഷിക്കാൻ സർക്കാർ ഉണർന്നുപ്രവർത്തിക്കണം.  കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് കർശനനിയന്ത്രണത്തോടെ കടകൾ തുറന്നുപ്രവർത്തിക്കാനാവണം. വ്യാപാരികൾ എടുത്ത വായ്പയ്ക്ക് മൊറട്ടോറിയത്തിനു പുറമേ പലിശ ഗണ്യമായി കുറയ്ക്കേണ്ടതുമുണ്ട്. ലോക്ഡൗൺ കാലത്തെ വാടകബാധ്യതയുടെ കാര്യത്തിൽ ആശ്വാസനടപടികളും ആവശ്യമാണ്. ചെറുകിട വ്യാപാരമേഖലയെ തകർച്ചയിൽനിന്ന് രക്ഷിക്കാൻ ബഹുമുഖ നടപടികളടങ്ങിയ ഒരു പാക്കേജ് തയ്യാറാക്കി നടപ്പാക്കാൻ വൈകിക്കൂടാ. ഓണമാകുമ്പോഴേക്കെങ്കിലും വ്യാപാരമേഖലയെ ഉണർത്തി പൂർവസ്ഥിതിയിലെത്തിക്കണമെങ്കിൽ ഇപ്പോഴേ നടപടി തുടങ്ങണം.