
എഡിറ്റോറിയൽ
കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ രാജ്യത്തിനും ലോകത്തിനും മാതൃകയാകാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അത്തരമൊരു മേധാവിത്വം നിലനിർത്താൻ ചിലപ്പോഴെങ്കിലും കഴിയാതെപോയിട്ടുണ്ടെന്ന വസ്തുത ഈ സവിശേഷതയെ കുറയ്ക്കുന്നുമില്ല. സർക്കാർതലത്തിൽ കോവിഡ് ചികിത്സ സൗജന്യമായി ലഭ്യമാക്കാൻ കഴിഞ്ഞതും കേരളത്തിന്റെ വലിയ നേട്ടമായിരുന്നു. ഇത്തരം മികവിന്റെ പട്ടികയിലേക്കുള്ള ഒരു പ്രഖ്യാപനമാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിയിൽ നിന്നുണ്ടായത്. മഹാമാരിയെ പ്രതിരോധിക്കാനായി ഉപയോഗിക്കുന്ന കുത്തിവെപ്പു മരുന്ന് ആവശ്യക്കാർക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തെ ചുറ്റിപ്പറ്റി രാഷ്ട്രീയ വിവാദങ്ങൾ കൊഴുക്കുന്നുണ്ട്. പക്ഷേ, ഒരുകാര്യം പറയാതെവയ്യ; ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിൽവന്ന ഭരണകൂടം അവന്റെ അടിസ്ഥാന ആവശ്യങ്ങളോട് പ്രതികരിക്കേണ്ടതെങ്ങനെയെന്നതിനുള്ള മികവുറ്റ ഉദാഹരണമാണിത്. സാമ്പത്തികമായി അത്ര ഉയർന്ന നിലവാരത്തിലല്ലെന്നു മാത്രമല്ല, വളരെ പരാധീനതയിലുമാണ് നാം. സംസ്ഥാനത്തെ ജനങ്ങൾക്കാകെ സൗജന്യ കുത്തിവെപ്പ് നൽകേണ്ടിവന്നാൽ അതിന് ചെലവാക്കേണ്ടിവരുക ഭീമമായ തുകയാണ്. ഏകദേശ കണക്കുപ്രകാരംതന്നെ ഏതാനും ആയിരം കോടികളാകും അത്.
രാജ്യത്ത് വാക്സിൻ വിതരണം ഉടൻ തുടങ്ങാനുള്ള ക്രമീകരണങ്ങളെല്ലാം കേന്ദ്രസർക്കാർ ഊർജിതമായി കൈക്കൊണ്ടുവരുകയാണ്. ആർക്കൊക്കെയാണ് ആദ്യഘട്ടത്തിൽ മരുന്ന് കൊടുക്കുകയെന്ന കാര്യത്തിലും മറ്റും വ്യക്തത വരുത്തുന്ന മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചുകഴിഞ്ഞു. ആരോഗ്യപ്രവർത്തകർ, പോലീസുകാർ, സന്നദ്ധപ്രവർത്തകർ തുടങ്ങി കോവിഡ് പോരാട്ടത്തിലെ മുന്നണികൾക്കാണ് ആദ്യ പരിഗണന. ഇതിനുശേഷം ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദം, ശ്വാസതടസ്സം തുടങ്ങിയവ ബുദ്ധിമുട്ടിക്കുന്നവരെയും കണക്കിലെടുക്കുന്നുണ്ട്. പ്രധാനമായും അൻപതുവയസ്സിൽ താഴെയുള്ളവരെയാണ് പൊതുവിഭാഗത്തിൽ പരിഗണിക്കുക. ആദ്യഘട്ടമായി മുപ്പതുകോടി ആളുകൾക്ക് കുത്തിവെപ്പെടുക്കാനാണ് പദ്ധതി. ഇത്രയും വിപുലമായ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും കുത്തിവെപ്പ് സൗജന്യമാണോയെന്ന കാര്യത്തിൽ ഇതുവരെ ഒരുറപ്പും കേന്ദ്രസർക്കാർ നൽകിയിട്ടില്ല. മൃഗസംരക്ഷണവകുപ്പ് സഹമന്ത്രിയായ പ്രതാപ് സാരംഗി ബിഹാർ തിരഞ്ഞെടുപ്പുകാലത്ത് നടത്തിയ പ്രഖ്യാപനം വിവാദമായിരുന്നു. എല്ലാ പൗരന്മാർക്കും സൗജന്യവാക്സിൻ പ്രധാനമന്ത്രി വാഗ്ദാനംചെയ്തെന്നും ആളൊന്നിന് ഈയിനത്തിൽ 500 രൂപ സർക്കാരിന് ചെലവുവരുമെന്നുമാണ് അന്നദ്ദേഹം പറഞ്ഞത്. എന്നാൽ, പിന്നീടിതാരും ഔദ്യോഗികമായി ഉറപ്പിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
മരുന്നുനിർമാതാക്കളുമായുള്ള ധാരണ പൂർത്തിയാകാത്തതാണ് ഇക്കാര്യത്തിലുള്ള പ്രശ്നമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിനുമുൻപേ തമിഴ്നാടും മധ്യപ്രദേശും സൗജന്യവാക്സിൻ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ പരിഗണിക്കപ്പെടുന്ന മുപ്പതുകോടിപ്പേർക്കും കുത്തിവെപ്പ് സൗജന്യമാക്കാനുള്ള ആലോചനയും നടക്കുന്നു. മരുന്നിന്റെ വികാസത്തിനും ഗവേഷണത്തിനുമായി ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തിൽ ബിൽഗേറ്റ്സ് ഫൗണ്ടേഷനെപ്പോലെയുള്ള സംഘടനകൾ സഹസ്രകോടികൾ നൽകിയിട്ടുണ്ട്. ഇന്ത്യയിലെ നിർമാതാക്കൾക്കും ഇതിന്റെ മികച്ച പങ്ക് കിട്ടിയിട്ടുണ്ട്. സഹായധനത്തിന് ബദലായി ആദായകരമായ വിലയിൽ മരുന്ന് നൽകാമെന്നാണ് ധാരണ. ഇത്തരത്തിൽ കിട്ടുന്ന മരുന്ന് പ്രാതിനിധ്യ മാനദണ്ഡം ഉറപ്പാക്കി വിതരണം ചെയ്യാനാണ് സംഘടനയുടെ പദ്ധതി. ഇതിൽ മികച്ചൊരു വിഹിതം സൗജന്യമായി ഇന്ത്യക്കും കിട്ടും. രാജ്യത്തെ ജീവിതശൈലീരോഗികൾക്ക് മരുന്നുവിതരണത്തിൽ പ്രമുഖ പരിഗണന ലഭിക്കുമെന്നുറപ്പായതോടെ ഈയിനത്തിൽ സംസ്ഥാനത്തിന് മെച്ചപ്പെട്ട വിഹിതം പ്രതീക്ഷിക്കാം. ഏതായാലും അത്തരം വിവരങ്ങളൊക്കെ വിശദമാകുന്നതിനു മുൻപായി നിലപാടെടുക്കാൻ കഴിയുന്നത് വലിയ കാര്യമാണ്. അതുകൊണ്ടുതന്നെ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ പ്രസ്തുത തീരുമാനം മനുഷ്യത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മാതൃകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..