പാളയം മാറുമ്പോൾ


അടുത്ത തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പിലും ജോസ് കെ.മാണി വിഭാഗം എൽ.ഡി.എഫിന്റെ ഒപ്പമായിരിക്കുമെന്ന്

ജോസ് കെ. മാണി (ഫയൽ ചിത്രം:മാതൃഭൂമി)

കേരള കോൺഗ്രസ് എം ഏറ്റവും ഒടുവിലായി സ്വീകരിച്ച രാഷ്ട്രീയനിലപാട് അപ്രതീക്ഷിതമോ ക്ഷിപ്രമോ അല്ല. അഞ്ചുവർഷമായി തുടരുന്ന ഒരു നാടകത്തിലെ ഒരങ്കംമാത്രമാണ്‌ ഇപ്പോഴത്തേത്. ഈ ക്ലൈമാക്സിനാവട്ടെ വേഗക്കുറവുകാരണം മുറുക്കം കുറവാണുതാനും. പാലാ ഉപതിരഞ്ഞെടുപ്പിനുശേഷമുണ്ടായ സംഭവവികാസങ്ങൾ പോക്ക്‌ എങ്ങോട്ടെന്ന് സൂചനനൽകിയതിനാൽ പരിണാമഗുപ്തിയുമില്ല.
കേരള കോൺഗ്രസിലെ പിളർപ്പുകളും പുനഃസമാഗമങ്ങളും പ്രവർത്തകരെ ഹഠാദാകർഷിക്കുമ്പോൾത്തന്നെ പുറത്തുള്ളവരെ ചിരിപ്പിക്കാറുണ്ടെന്നത് വസ്തുതയാണ്. എന്നാൽ, കേരളരാഷ്ട്രീയത്തിൽ ശക്തമായ ചലനംസൃഷ്ടിക്കാൻ ആ പിളർപ്പുകൾക്കും സമന്വയത്തിനും കഴിഞ്ഞിട്ടുണ്ടെന്നതാണ് ചരിത്രം. 1964-ൽ ഒരേകാലത്താണ് കേരളത്തിൽ കോൺഗ്രസും അഖിലേന്ത്യാതലത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയും പിളർന്നത്.

വിമോചനസമരം നടത്തി കമ്യൂണിസ്റ്റ് സർക്കാരിനെ പുറത്താക്കുകയും തുടർന്നുനടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽവരുകയും ചെയ്തിട്ടും കോൺഗ്രസിന് കാലാവധി പൂർത്തിയാകുംവരെ ഭരിക്കാൻ കഴിയാതെപോയത് കേരള കോൺഗ്രസിന്റെ ആവിർഭാവം മൂലമാണ്. 1964-ൽ രൂപംകൊണ്ട സി.പി.എം, അതേകാലത്തുതന്നെ പിളർന്നുണ്ടായ കേരള കോൺഗ്രസുമായി 1965-ലെ തിരഞ്ഞെടുപ്പിൽ ധാരണയുണ്ടാക്കി മത്സരിച്ച് വലിയ നേട്ടമാണുണ്ടാക്കിയത്. കന്നിത്തിരഞ്ഞെടുപ്പിൽ 23 സീറ്റുനേടി മധ്യകേരളത്തിൽ വൻമുന്നേറ്റം നടത്തിയ കേരള കോൺഗ്രസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന കോൺഗ്രസിന്റെ അവകാശവാദത്തിനാണ് പ്രഹരമേൽപ്പിച്ചത്.

1980-ൽ ഇടതുപക്ഷവും കോൺഗ്രസിലെ ആന്റണി വിഭാഗവും ചേർന്ന മുന്നണിയുടെ ഭാഗമായി. ഇ.കെ.നായനാർ നയിച്ച മന്ത്രിസഭയിൽ കെ.എം.മാണി അംഗമായി. അന്ന് ജോസഫ് വിഭാഗം കെ. കരുണാകരൻ നയിച്ച കോൺഗ്രസിന്റെ മുന്നണിയിലായിരുന്നു. കോൺഗ്രസ് എ വിഭാഗം നായനാർ മന്ത്രിസഭയ്ക്ക് പിന്തുണ പിൻവലിച്ചെങ്കിലും ഉടനെ രാജിവെക്കാൻ മുഖ്യമന്ത്രി നായനാർ തയ്യാറായില്ല. ധനമന്ത്രിയായിരുന്ന മാണി നൽകിയ ഉറപ്പിനെത്തുടർന്നാണ് വേഗത്തിൽ രാജിവെക്കാഞ്ഞതെന്നും എന്നാൽ, അടുത്തദിവസംതന്നെ മാണി വാക്കുമാറ്റി ചതിക്കുകയായിരുന്നെന്നും നായനാർ ആക്ഷേപമുന്നയിക്കുകയുണ്ടായി.

ആ സംഭവത്തിനുശേഷം 38 വർഷം കഴിഞ്ഞാണ് കേരള കോൺഗ്രസ് എം ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി യോജിക്കുന്നത്. കേരള കോൺഗ്രസിലെത്തന്നെ ജോസഫ് വിഭാഗം 2006-ലെ എൽ.ഡി.എഫ്. സർക്കാരിന്റെ ഭാഗമായിരുന്നു. ആർ. ബാലകൃഷ്ണപിള്ളയുടെ വിഭാഗം പിന്നീട് എൽ.ഡി.എഫ്. പക്ഷത്തെത്തി. എൽ.ഡി.എഫിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനിടയിലാണ് പി.ജെ.ജോസഫ് സ്വന്തം പാർട്ടിയെ കെ.എം.മാണിയുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ ലയിപ്പിച്ച് അതിന്റെ വർക്കിങ് പ്രസിഡന്റായി മാറിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷമായ ഇന്നത്തെ ഭരണപക്ഷം കെ.എം.മാണിക്കെതിരേ രൂക്ഷമായ എതിർപ്പാണുയർത്തിയത്. ബാർ കോഴക്കേസുകളുമായി ബന്ധപ്പെട്ട് തുടർച്ചയായ ആരോപണങ്ങൾ ഉയർന്നുവന്നു. ബജറ്റ്‌ അവതരണത്തിനെത്തിയ മാണിയെ തടയുന്നതിന്റെ ഭാഗമായി നിയമസഭയിൽ മോശം രംഗങ്ങൾ അരങ്ങേറി.

കെ.എം.മാണിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ്. പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കാൻ നീക്കം നടന്നതായും ബാർപ്രശ്നം വന്നതോടെ എല്ലാം തകിടംമറിഞ്ഞതായുമുള്ള വാർത്തകളുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കുറച്ചുകാലം യു.ഡി.എഫിൽനിന്ന് മാറി സ്വതന്ത്രനിലപാടെടുത്ത കേരള കോൺഗ്രസ് എമ്മിനെ കോൺഗ്രസ് ദേശീയനേതൃത്വം താത്‌പര്യമെടുത്താണ് വീണ്ടും യു.ഡി.എഫിന്റെ ഭാഗമാക്കിയത്. എന്നാൽ, ലോക്‌സഭാതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി ആരാകണമെന്നതിനെച്ചൊല്ലി ആ പാർട്ടിക്കകത്തുനടന്ന ചേരിപ്പോര് പരിഹാസ്യമായ നിലയിലാണ് വളർന്നത്. പിന്നീട് കെ.എം.മാണിയുടെ നിര്യാണത്തെത്തുടർന്ന് പാലായിൽ ഉപതിരഞ്ഞെടുപ്പിൽ ആര് സ്ഥാനാർഥിയാകണമെന്ന തർക്കവും ചിഹ്നത്തിന്റെ പേരിലുള്ള തർക്കവും കേരള കോൺഗ്രസിലെ അനിവാര്യമായ പിളർപ്പ് യാഥാർഥ്യമാക്കി.

ജോസ് കെ.മാണി വിഭാഗം ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ ചേരാനുള്ള താത്‌പര്യം പ്രകടിപ്പിക്കുമ്പോൾത്തന്നെ യു.ഡി.എഫ്. പിന്തുണയോടെ ലഭിച്ച രാജ്യസഭാംഗത്വത്തിൽനിന്നുള്ള രാജി പ്രഖ്യാപിച്ചത് രാഷ്ട്രീയത്തിലെ ധാർമികത ഉയർത്തിപ്പിടിക്കുന്ന തീരുമാനമാണ്. ജോസ് കെ.മാണി വിഭാഗത്തിന്റെ നിലപാടിനെ എൽ.ഡി.എഫ്. കൺവീനറും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റും സ്വാഗതംചെയ്തിട്ടുണ്ട്. നേരത്തേ ചില വിയോജിപ്പുകൾ പ്രകടിപ്പിച്ച സി.പി.ഐ.ക്ക് ഇപ്പോൾ വ്യത്യസ്തസമീപനമാണോ ഉള്ളതെന്ന് വ്യക്തമല്ല. ഏതായാലും അടുത്ത തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പിലും ജോസ് കെ.മാണി വിഭാഗം എൽ.ഡി.എഫിന്റെ ഒപ്പമായിരിക്കുമെന്ന് ഉറപ്പാണ്. അത് കേരളരാഷ്ട്രീയത്തിൽ എന്തുമാറ്റമുണ്ടാക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023

Most Commented