വൻകരകളിലെ ഫുട്‌ബോൾ പോരാട്ടങ്ങൾ ജ്വലിപ്പിച്ച പ്രതീക്ഷയും പകർന്ന ആനന്ദവും ചേർത്തുവെച്ച് ഇനി ഒളിമ്പിക്സിനായുള്ള കാത്തിരിപ്പിലാണ് കായികലോകം. മനുഷ്യകുലത്തിന്റെ കായികമഹാമേളയ്ക്കുള്ള മുന്നോടിയായിനടന്ന ഫുട്‌ബോൾ മേളകളുടെ വിജയം ഇക്കാലത്ത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ലോകത്തെയാകമാനം വരിഞ്ഞുമുറുക്കുന്ന മഹാമാരിക്കെതിരേയുള്ള ചെറുത്തുനിൽപ്പിന് കായികലോകത്തുനിന്നുള്ള സ്പന്ദനങ്ങൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്.

ഫുട്‌ബോൾ കേവലം കളിയാനന്ദം മാത്രമല്ലെന്നും ലോകത്തിന് വലിയ സന്ദേശം പകർന്നുനൽകാൻ കഴിയുന്നതാണെന്നും തെളിയിച്ചാണ് യൂറോകപ്പ് ഫുട്‌ബോളിനും കോപ്പ അമേരിക്കയ്ക്കും ഫൈനൽ വിസിൽ മുഴങ്ങിയത്. രണ്ടുവൻകരകളിൽ പുതിയ ചാമ്പ്യൻമാരുണ്ടായിരിക്കുന്നു. അതിനപ്പുറം ഇക്കാലത്ത് മഹത്തായ വിജയങ്ങളിലൂടെ ലോകത്തെ ചിന്തിപ്പിക്കാനും പ്രചോദിപ്പിക്കാനും കഴിയുമെന്ന് വിളിച്ചുപറയുകയും ചെയ്തു. ടോക്യോയിൽ ജൂലായ്‌ 23-ന് കായികമാമാങ്കത്തിന് തിരിതെളിയുമ്പോൾ കളിവീര്യത്തിനൊപ്പം പ്രതിസന്ധികളെ മറികടക്കാനുള്ള കുതിപ്പുകളാണ് ലോകം കൊതിക്കുന്നത്.

തെക്കേ അമേരിക്കൻ ഫുട്‌ബോളിലെ അധികാരചിഹ്നത്തിന്റെ പ്രതീകമായ കോപ്പ അമേരിക്ക കപ്പ് നേടിയത് അർജന്റീനയാണ്. യൂറോകപ്പ് ജയിച്ച് യൂറോപ്യൻ ഫുട്‌ബോളിന്റെ ചാമ്പ്യൻപട്ടം അണിഞ്ഞ ഇറ്റലിയും. രണ്ട് ടീമും പരമ്പരാഗത ഫുട്‌ബോൾ ശക്തികൾ. ഇരുകൂട്ടരുടെയും വിജയത്തിന് സാമ്യവുമുണ്ട്. ഇരുടീമും ലോകത്തിനാകമാനം നൽകുന്നതും ഒരേ സന്ദേശമാണ്. കോപ്പ അമേരിക്ക നേടാൻ 28 വർഷത്തോളമാണ് അർജന്റീന നിലയ്ക്കാത്ത പോരാട്ടങ്ങളോടെ കാത്തിരുന്നത്. 53 വർഷത്തിനുശേഷമാണ് ഇറ്റലി യൂറോപ്യൻ ഫുട്‌ബോളിന്റെ നെറുകയിലെത്തുന്നത്. ക്ഷമയോടെ പൊരുതാനും ഒന്നും അസാധ്യമല്ലെന്ന് തെളിയിക്കാനും അർജന്റീനയുടെയും ഇറ്റലിയുടെയും വിജയങ്ങൾക്ക് കഴിയുന്നു. കോവിഡ് മഹാമാരിയോട് ലോകജനത പൊരുതുന്ന കാലത്ത് ഈ വിജയങ്ങളെക്കാൾ വലിയ സന്ദേശം കായികരംഗത്തുനിന്ന് ലഭിക്കാനില്ല.

ലയണൽ മെസ്സിയെന്ന ഫുട്‌ബോൾ ഇതിഹാസത്തിന് ലഭിച്ച കിരീടവിജയമാണ് ചൂണ്ടിക്കാണിക്കേണ്ട ഒരു നേട്ടം. രാജ്യത്തിനായി കളിതുടങ്ങി 17-ാം വർഷത്തിലാണ് മെസ്സിക്ക് അന്താരാഷ്ട്ര ഫുട്‌ബോളിൽ കിരീടം ലഭിക്കുന്നത്. കളിമികവുകൊണ്ട് ഫുട്‌ബോൾപ്രേമികളെ ആനന്ദിപ്പിക്കുകയും പ്രതീക്ഷ നിറയ്ക്കുകയും ചെയ്യുന്ന അതുല്യപ്രതിഭ കിരീടമില്ലാത്തതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ, ഫുട്‌ബോളിനായി ജീവിതം സമർപ്പിച്ച മെസ്സിയോട് കാലത്തിന് നീതികാണിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. കളിക്കളത്തിലെ മാന്ത്രികതകൊണ്ട് ഒരുകാലഘട്ടത്തെ വിസ്മയിപ്പിക്കുന്ന കളിക്കാരന് ചരിത്രപുസ്തകത്തിൽ അടയാളപ്പെടുത്താനുള്ള വിജയമാണ് ഇത്തവണ കോപ്പ അമേരിക്കയിലുണ്ടായത്. ഫുട്‌ബോളിന്റെ ചരിത്രകഥകൾ ഏറെ പറയാനുള്ള ബ്രസീലിലെ മാരക്കാന സ്റ്റേഡിയത്തിൽ ആതിഥേയരായ ബ്രസീലിനെ കീഴടക്കിയാണ് മെസ്സിയും സംഘവും കിരീടമുയർത്തിയത്. ചരിത്രത്തിൽ അർജന്റീനയുടെ 15-ാം കിരീടനേട്ടംകൂടിയാണത്. മെസ്സി ഗോൾവേട്ടക്കാരനുള്ള സുവർണപാദുകവും മികച്ച കളിക്കാരനുള്ള സുവർണപന്തും നേടുമ്പോൾ, തന്റെ ടീമിനെ കിരീടത്തിലേക്ക് നയിച്ച നായകനുള്ള അംഗീകാരങ്ങളായി അത് മാറുന്നു. 

യൂറോപ്യൻ ഫുട്‌ബോൾ എക്കാലത്തും പരീക്ഷണങ്ങളുടെ നിലമാണ്. കോവിഡ് കാലത്ത്, ലോകം മുഴുവൻ സമ്മർദത്തിനടിമപ്പെട്ടപ്പോൾ യൂറോകപ്പ് മനോഹരമായ കളികളാലും പോരാട്ടവീര്യത്താലും വിസ്മയിപ്പിച്ചു. 51 കളിയിൽനിന്ന് 142 ഗോളുകൾ പിറന്നതുതന്നെ മത്സരങ്ങളുടെ നിലവാരസൂചികയായി കാണാം. 2018 ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതെ തളർന്നുവീണിടത്തുനിന്നാണ് യൂറോപ്പിലെ ചാമ്പ്യൻപട്ടത്തിലേക്ക് ഇറ്റലി നടന്നുകയറുന്നത്.  അതും 34 മത്സരങ്ങളിൽ തോൽവിയറിയാതെയുള്ള കുതിപ്പ്. ഷൂട്ടൗട്ടിലേക്ക് നീണ്ട കിരീടപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെയാണ് ഇറ്റലി കീഴടക്കിയത്. വെംബ്ലിയിലെ പോരാട്ടഭൂമികയിൽ ആതിഥേയർക്കായി ആർത്തുവിളിച്ച അരലക്ഷത്തോളം കാണികളെക്കൂടി മറികടന്നാണ് ഇറ്റലിയുടെ വിജയം. 

ലോകം കോവിഡ് മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുമ്പോഴാണ് രണ്ട് വൻകരകളിൽ പ്രതിസന്ധികളോട് പടവെട്ടി കോപ്പയും യൂറോയും സംഘടിപ്പിച്ചത്. രോഗവ്യാപനം രൂക്ഷമായ ബ്രസീലിൽ കാണികളില്ലാതെയാണ് കോപ്പ നടന്നത്. യൂറോപ്പിലെ 11 വേദികളിലായിനടന്ന യൂറോകപ്പിന് നിശ്ചിത എണ്ണം കാണികളെയാണ് പങ്കെടുപ്പിച്ചത്. കർശനമായ ചിട്ടവട്ടങ്ങളോടെയാണ് രണ്ട് ടൂർണമെന്റും നടന്നത്.  ഇനി തെളിയാനുള്ള ഒളിമ്പിക്സ്‌ ദീപം മഹാമാരിയുടെ ഇരുളിൽനിന്ന് ലോകത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നതാകട്ടെ.