യൂറോ കപ്പ് ഫുട്ബോളിൽ റഷ്യക്കെതിരേ ആദ്യഗോൾ നേടിയ ഉടൻ ബെൽജിയം ഫോർവേഡ് റൊമേലു ലൂക്കാക്കു പിച്ചിനരികിലെ ക്യാമറയ്ക്ക് മുന്നിലെത്തി ഇങ്ങനെ പറഞ്ഞു: ‘‘ക്രിസ്, ധൈര്യമായിരിക്കുക, ഐ ലവ് യു’’. ഫുട്ബോൾ ലോകത്തിന്റെ തന്നെ സ്നേഹമായിരുന്നു അത്. അതിന് തൊട്ടുമുമ്പുള്ള മത്സരത്തിലാണ്, ഇന്റർമിലാനിൽ ലൂക്കാക്കുവിന്റെ സഹതാരമായ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ ഫിൻലൻഡിനെതിരായ മത്സരത്തിൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീണത്. ജീവിതത്തിനും മരണത്തിനും ഇടയിൽ, ഏതുസമയവും വഴുതിവീഴാവുന്ന അതിർവരമ്പുകളിലൂടെ കടന്നുപോവുകയായിരുന്നു അപ്പോൾ എറിക്സൺ. കായികരംഗം ലോകത്തെ ഒരുമിപ്പിക്കുന്ന ഒന്നാണ്. ആ കൂട്ടായ്മയാണ് എറിക്സണിന്റെ ജീവൻ രക്ഷിച്ചത്. ശ്വാസം നിലച്ച് കുഴഞ്ഞുവീണ താരത്തെ സഹകളിക്കാരും മെഡിക്കൽ സംഘവും ചേർന്ന് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഹൃദയപൂർവം ലോകം കണ്ടുനിന്നു.

ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയം. ശനിയാഴ്ച രാവിൽ കൺതുറന്നിരുന്ന ഫുട്ബോൾ ലോകത്തിന് മുന്നിലാണ് അറ്റാക്കിങ് മിഡ്ഫീൽഡറായ എറിക്സൺ കുഴഞ്ഞുവീണത്. ഫിൻലൻഡിനെതിരായ മത്സരത്തിന്റെ 42-ാം മിനിറ്റിലായിരുന്നു അത്. സന്ദർഭോചിതമായി പ്രവർത്തിക്കുക എന്നത് അർഥഭംഗിയുള്ള വാക്കുകൾ മാത്രമല്ലെന്ന് ലോകം തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ഫിൻലൻഡ് താരങ്ങളാണ് ആദ്യം അപകടം തിരിച്ചറിഞ്ഞത്. പിന്നാലെ ഡെൻമാർക്ക് ക്യാപ്റ്റൻ സൈമൺ കെയറും ഇംഗ്ലീഷ് റഫറി ആന്റണി ടെയ്‌ലറും ഓടിയെത്തി. മെഡിക്കൽ സംഘത്തിന്റെ സേവനം തേടി. സ്റ്റേഡിയം ഡ്യൂട്ടിയുള്ള ഡോക്ടറും വന്നു. താൻ അടുത്തെത്തുമ്പോൾ എറിക്സണ് ബോധമുണ്ടായിരുന്നില്ലെന്ന് ഡെൻമാർക്ക് ടീം ഡോക്ടർ മാർട്ടിൻ ബോസെൻ പിന്നീട് പറഞ്ഞു. ശ്വാസവും സ്പന്ദനവുമുണ്ടെന്ന് കണ്ടെത്തി. എന്നാൽ, പൊടുന്നനെ ശ്വാസം നിലയ്ക്കാൻ തുടങ്ങി. എന്തും സംഭവിക്കാവുന്ന സ്ഥിതി. ഉടൻ സി.പി.ആർ. ഉൾപ്പെടെ പരമാവധി പ്രഥമശുശ്രൂഷകൾ സംഘം നൽകി.

രോഗിയുടെ സ്വകാര്യത എപ്പോഴും വിലപ്പെട്ടതാണ്. ഇരുടീമിലെയും താരങ്ങൾ ചേർന്ന് അതൊരുക്കി. എറിക്സണെ കിടത്തിയ സ്ട്രെക്ചറിന് ചുറ്റും തുണിയും പതാകകളും ഉപയോഗിച്ച് മറച്ചു. അതിൽ ഫിൻലൻഡിന്റെ പതാകയുമുണ്ടായിരുന്നു. മെഡിക്കൽ സംഘം എറിക്സണെ ശുശ്രൂഷിക്കുമ്പോൾ ടീമംഗങ്ങൾ കണ്ണീരും പ്രാർഥനയുമായി കാത്തുനിന്നു. മത്സരം കാണാൻ എറിക്സണിന്റെ ഭാര്യ സബ്രീന ക്വിസ്റ്റ് ജെൻസണും എത്തിയിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ രണ്ടുകുട്ടികളുടെ ആ അമ്മ ഗ്രൗണ്ടിലേക്ക് ഓടിക്കിതച്ചെത്തി. അവരെ ഡാനിഷ് താരങ്ങൾ ആശ്വസിപ്പിച്ചു. ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ ആശങ്കയിലായിരുന്നു. ദുഃഖകരമായി എന്തോ സംഭവിച്ചു എന്ന പ്രതീതിയായിരുന്നു എങ്ങും. മത്സരം അനിശ്ചിതമായി നിർത്തിവെച്ചു എന്ന അറിയിപ്പും പിന്നാലെയെത്തി.

പതിനഞ്ചു മിനിറ്റ്‌. ഗ്രൗണ്ടിൽ എറിക്സണ് ലഭിച്ച ആ വിലപ്പെട്ട സമയത്തെ വൈദ്യസഹായമാണ് അദ്ദേഹത്തെ രക്ഷിച്ചത്. ഗ്രൗണ്ടിൽ കുഴഞ്ഞുവീണ താരത്തെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം കൊടുത്ത് സമയം കളയാതെ മത്സരം പുനരാരംഭിക്കാമായിരുന്നു. പക്ഷേ, റഫറി ആന്റണി ടെയ്‌ലർ അതു ചെയ്തില്ല. അതു സംഭവിച്ചിരുന്നെങ്കിൽ ദുരന്തമാകുമായിരുന്നു. മനുഷ്യജീവനെക്കാൾ വിലപ്പെട്ടതല്ല കായികവിനോദമെന്ന് റഫറി തീരുമാനിക്കുകയായിരുന്നു. അങ്ങനെ, ഏറ്റവും വേണ്ടസമയത്തുതന്നെ എറിക്സണ് സഹായംകിട്ടി. പ്രഥമശുശ്രൂഷയ്ക്കൊടുവിൽ ശ്വാസവും പൾസും വീണ്ടെടുത്ത എറിക്സണെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ അദ്ദേഹം അപകടനില തരണം ചെയ്തു എന്ന വാർത്ത വന്നശേഷമാണ് മത്സരം പുനരാരംഭിക്കാൻ തീരുമാനമായത്. മാനസികമായി തളർന്ന ഡെൻമാർക്ക് താരങ്ങൾക്ക് സ്വാഭാവികമായും മത്സരത്തിൽ നന്നായി കളിക്കാനായില്ല. പെനാൽട്ടിയടക്കം അവർ പാഴാക്കിയപ്പോൾ ഫിൻലൻഡ് ഒരു ഗോളിന് ജയിച്ചു. പക്ഷേ, ഒരു ജീവൻ രക്ഷിക്കുന്നതിൽ ഡാനിഷ് താരങ്ങൾ വിജയിച്ചു.

ഡെൻമാർക്കിന്റെ എണ്ണംപറഞ്ഞ കളിക്കാരനാണ് ക്രിസ്റ്റ്യൻ എറിക്സൺ. അഞ്ചുവട്ടം ഡാനിഷ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ എറിക്സൺ 108 അന്താരാഷ്ട്ര മത്സരം കളിച്ചിട്ടുണ്ട്. രാജ്യത്തിനായി 36 ഗോളും നേടി. 2010 ലോകകപ്പിൽ കളിച്ച ഏറ്റവും പ്രായംകുറഞ്ഞ താരവുമായി. ഡെൻമാർക്കിന്റെ ഇതിഹാസതാരമായ മൈക്കൽ ലൗഡ്രൂപ്പുമായാണ് എറിക്സണെ താരതമ്യപ്പെടുത്തുന്നത്. ഫുട്ബോളിന് അത്രയും വിലപ്പെട്ട താരത്തെയാണ് രക്ഷിച്ചെടുക്കാൻ സാധിച്ചത്.

 കോവിഡ് മഹാമാരിക്കാലത്ത്, മറ്റ് മേഖലകളെന്നപോലെ കായികരംഗവും നാനാവിധ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞവർഷം നടക്കേണ്ട യൂറോ കപ്പാണ് കോവിഡിനെത്തുടർന്ന് ഈ വർഷത്തേക്കു മാറ്റിയത്. ദീർഘമായ ക്വാറന്റീനുകളും ഒറ്റയ്ക്കുള്ള പരിശീലനങ്ങളും ഏകാന്തതയും നിറഞ്ഞ കളിജീവിതമാണിപ്പോൾ കായികതാരങ്ങൾക്ക്. ഒന്നോ രണ്ടോ കോവിഡ് കേസുണ്ടായാൽ ഒരു ടൂർണമെന്റു തന്നെ മാറ്റിവെക്കപ്പെടുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഇത്തവണ അത് സംഭവിച്ചു. അത്രയും സൂക്ഷിച്ച് കായികതാരങ്ങൾ പെരുമാറേണ്ട സ്ഥിതി. കഠിനമായ മാനസികസ്തോഭങ്ങളിലൂടെയാണ് അവർ കടന്നുപോകുന്നത്. ഈ പ്രതിസന്ധിഘട്ടത്തിൽ വേണ്ടത് കൂട്ടായ്മയാണ്. അതിന് കോപ്പൻഹേഗൻ സ്റ്റേഡിയത്തിൽ കണ്ട ദൃഷ്ടാന്തത്തിന് അപ്പുറം മറ്റൊന്നില്ല. കളി നിർത്തിവെച്ചപ്പോൾ രണ്ട് ടീമിലെയും താരങ്ങൾ, വീണുപോയ ആ കളിക്കാരന് ഒപ്പംനിന്നു. ഒഫീഷ്യൽസ് സമയത്തിനും സന്ദർഭത്തിനും അനുസരിച്ച് പ്രവർത്തിച്ചു. പതിനാറായിരത്തോളം കാണികളുണ്ടായിരുന്ന ഗാലറി അസ്വസ്ഥതകളില്ലാതെ നിലകൊണ്ടു. ലോകം പ്രാർഥനകളോടെ കാത്തിരുന്നു.
 മത്സരം ഡെൻമാർക്ക് തോറ്റിരിക്കാം. പക്ഷേ, ‘മാൻ ഓഫ് ദ മാച്ച് പുരസ്കാരം’ യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫ നൽകിയത് ക്രിസ്റ്റ്യൻ എറിക്സണായിരുന്നു. മരണത്തെ തോൽപ്പിച്ചവൻ അങ്ങനെ കളിയിലെ കേമനായി.