അനുഭവങ്ങൾ പാഠങ്ങളാകട്ടെ


ബന്ധുനിയമനവും പിൻവാതിൽ നിയമനവും എല്ലാ സർക്കാരിന്റെ കാലത്തും നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ്. നിയമനങ്ങൾ പൂർണമായും മാനദണ്ഡമനുസരിച്ചും സുതാര്യവുമാകണം. ഈ അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് വരാനിരിക്കുന്ന സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കും എന്നാശിക്കാം

14podcast

ബന്ധുനിയമന വിവാദത്തിൽ ലോകായുക്തയുടെ പരാമർശത്തിന്‌ വിധേയനായ മന്ത്രി ഡോ. കെ.ടി. ജലീൽ രാജിവെച്ചിരിക്കുകയാണ്‌. ലോകായുക്തയുടെ ഉത്തരവിനെ ചോദ്യം ചെയ്ത്‌ ​ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട്‌ ഹർജിയിൽ വാദം നടക്കുമ്പോഴാണ്‌ രാജി. ഉന്നതമായ ധാർമികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണ് രാജിയിലൂടെ താൻ ചെയ്തതെന്ന്‌ അദ്ദേഹം പറയുന്നു. അതിന് ഇത്രയും വൈകേണ്ടിയിരുന്നോ എന്ന സ്വാഭാവികചോദ്യത്തിന് മറുപടിയെന്നോണം രാജിപ്രഖ്യാപനത്തിൽ അദ്ദേഹം, തനിക്കല്ല തെറ്റുപറ്റിയതെന്ന വാദമാണുയർത്തുന്നത്. ലോകായുക്ത അർഥശങ്കയ്ക്കിടയില്ലാത്തവിധം കുറ്റം ചൂണ്ടിക്കാട്ടിയിട്ടും തെറ്റ് മനസ്സിലാകുന്നില്ലെന്നുവന്നാൽ രാജി സാഹചര്യസമ്മർദത്തിന്റെ ഫലമായോ അതല്ലെങ്കിൽ പുറത്താക്കാൻ അധികാരമുള്ള കേന്ദ്രം ആവശ്യപ്പെട്ടതിനാലോ നിർബന്ധിതമായതാണെന്ന് കരുതേണ്ടിവരും. കട്ടതിന്റെ പേരിലോ നയാപൈസയുടെ അഴിമതിനടത്തിയതിന്റെ പേരിലോ അന്യന്റെ പത്തുപൈസയെങ്കിലും വയറ്റിലാക്കിയതിന്റെ പേരിലോ പൊതുഖജനാവിന് ഒരു രൂപയുടെയെങ്കിലും നഷ്ടമുണ്ടാക്കിയതിന്റെ പേരിലോ അല്ല താൻ വേട്ടയാടപ്പെട്ടത് എന്നും ജലീൽ രാജിപ്രഖ്യാപനത്തിൽ അവകാശപ്പെടുകയുണ്ടായി. ഇത്തരമൊരു പ്രതികരണം ഖേദകരമാണ്‌.

ലോകായുക്തയോ മന്ത്രിയുടെ സ്വജനപക്ഷപാതം ചൂണ്ടിക്കാട്ടിയ മറ്റാരെങ്കിലുമോ അത്തരം ആക്ഷേപം ഈ വിഷയത്തിൽ ഉയർത്താതിരിക്കെ ഇത്തരത്തിൽ പ്രതികരിക്കുന്നത് യഥാർഥ ഉത്തരമില്ലാത്തതുകൊണ്ടാണെന്ന് കരുതിപ്പോവുക സ്വാഭാവികം. പറ്റിപ്പോയ പിശക് ഏറ്റുപറഞ്ഞുകൊണ്ടാണ് ഇതേകാര്യങ്ങൾ വിശദീകരിച്ചിരുന്നതെങ്കിൽ ആ തീരുമാനത്തെ ധാർമികം എന്നുതന്നെ വിശേഷിപ്പിക്കാം. ഇപ്പോൾ രാജിവെച്ച ജലീലിന്റെ മന്ത്രിസഭയിലെ ഒരു സഹപ്രവർത്തകൻ നേരത്തേ രാജിവെക്കുകയും പിന്നീട് തിരികെ മന്ത്രിസഭയിലെത്തുകയും ചെയ്തല്ലോ. ഇതേതരത്തിലുള്ള ബന്ധുവിനെ തന്റെ വകുപ്പിന്റെ കീഴിലെ ഒരു പൊതുമേഖലാസ്ഥാപനത്തിൽ നിയമിക്കാൻ ഉത്തരവിട്ടതിന്റെ പേരിലാണ് വിവാദമായപ്പോൾ അദ്ദേഹം രാജിവെച്ചത്. നിയമന ഉത്തരവിൽ ഒപ്പുവെച്ചതല്ലാതെ ആ ബന്ധു ജോലിയിൽ പ്രവേശിക്കുകപോലും ചെയ്യാതിരുന്നിട്ടും മന്ത്രി രാജിവെക്കാൻ നിർബന്ധിതനാവുകയായിരുന്നു. സാമ്പത്തികലാഭമോ നഷ്ടമോ ആർക്കും ഉണ്ടായിട്ടില്ലെങ്കിൽപ്പോലും മന്ത്രി എന്നനിലയിൽ എടുത്ത തീരുമാനം സ്വജനപക്ഷപാതത്തിന്റെ പരിധിയിൽ വരുമെന്നതിനാലാണ് പ്രശ്നമായതും രാജിയിൽ കലാശിച്ചതും. അന്ന് രാജിവെച്ച മന്ത്രി പിന്നീട് തിരിച്ചെത്തിയത് കോടതിയിൽനിന്നുള്ള തീർപ്പിനുശേഷമാണ്. അണ പൈ ലാഭനഷ്ടപ്രശ്നം മാത്രമല്ല, പ്രവർത്തിക്കുന്ന സ്ഥാനത്തിന്റെ ഔന്നത്യമാണ് പരിഗണിക്കേണ്ടത്‌.

സ്വന്തംവകുപ്പിനുകീഴിലുള്ള പൊതുമേഖലാസ്ഥാപനമായ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ജനറൽ മാനേജരായി അടുത്ത ബന്ധുവിനെ നിയമിക്കാൻ അദ്ദേഹത്തിന്റെ വിദ്യാഭ്യാസയോഗ്യതക്കനുസൃതം തസ്തികയുടെ യോഗ്യത മാറ്റുകയാണ് ചെയ്തത്. സ്വകാര്യ ബാങ്കിൽ ഉയർന്നതസ്തികയിൽ ജോലിചെയ്യുന്ന ബന്ധുവിനെ ആദ്യം സ്ഥിരമായി നിയമിക്കാൻ ഉദ്ദേശിക്കുകയും പിന്നീട് നിയമാനുസൃതമല്ലാത്ത ഡെപ്യൂട്ടേഷനിൽ നിയമിക്കുകയും ചെയ്തുവെന്നതാണ് കാര്യം. വിവാദമായപ്പോൾ അദ്ദേഹം ഒഴിഞ്ഞുപോവുകയും ചെയ്തു. ഇവിടെ പ്രശ്നം സാമ്പത്തിക അഴിമതിയുടെതല്ല. മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാൾക്ക് എന്തെല്ലാം അധികാരമുണ്ട്, എന്തിനൊന്നും അധികാരമില്ല എന്നതാണ് വിഷയം. ഇക്കാര്യത്തിൽ ഉപദേശിക്കുന്നതിനും കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനുമാണ് മന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ ചുമതലയിലേക്കുകൂടി പിന്നീട് എത്തിയ ഡോ. കെ.ടി. ജലീലിന് ഓഫീസിന്റെ സഹായമില്ലാതെതന്നെ ഇക്കാര്യം അറിയേണ്ടതാണ്. ഇതെല്ലാം അക്കാലത്തുത്തന്നെ പലരായി ചൂണ്ടിക്കാട്ടിയിട്ടും അത് പരിശോധിച്ച് തിരുത്തുന്നതിന് തയ്യാറാകാതെ ന്യായീകരിക്കുന്നതുകൊണ്ട്‌ എന്താണ് ഫലം.

ബന്ധുനിയമനവും പിൻവാതിൽ നിയമനവും എല്ലാ സർക്കാരിന്റെ കാലത്തും നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ്. നിയമനങ്ങൾ പൂർണമായും മാനദണ്ഡമനുസരിച്ചും സുതാര്യവുമാകണം. അതിന് പി.എസ്.സി. വഴിയാകണം നിയമനമെന്നത് ഒരു പൊതുവികാരമായി മാറുന്നതിന് അടുത്തകാലത്തെ സംഭവവികാസങ്ങൾ കാരണമായിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സർവകലാശാലകളിലെ ജീവനക്കാരുടെ നിയമനം പി.എസ്.സി.ക്ക് വിട്ടെങ്കിലും അധ്യാപകനിയമനം സിൻഡിക്കേറ്റ്തന്നെ നടത്തുകയാണിപ്പോഴും. എത്രമാത്രം പരിഹാസ്യവും പ്രതിേഷധാർഹവുമാണ് സർവകലാശാലകളിലെ ഇപ്പോഴത്തെ അധ്യാപകനിയമനരീതിയെന്നതിന്റെ തെളിവുകൾ ദിവസേനയെന്നോണം പുറത്തുവന്നുകൊണ്ടിരിക്കയാണ്. ഈ അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് വരാനിരിക്കുന്ന സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കും എന്നാശിക്കാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented