പശ്ചിമേഷ്യയിലെ സമവാക്യങ്ങൾ മാറുമ്പോൾ


2 min read
Read later
Print
Share

അറബ്-ഇസ്രയേൽ ബന്ധത്തിലെ മഞ്ഞുരുക്കം പശ്ചിമേഷ്യയിൽ പുതിയ രാഷ്ട്രീയസമവാക്യങ്ങൾക്ക്‌ രൂപംനൽകും. അപ്പോഴും ഇസ്രയേൽ-പലസ്തീൻ പ്രശ്നം അപരിഹാര്യമായി തുടരുകയാണെന്നത് കാണാതിരിക്കാനാവില്ല

13podcast

ഇസ്രയേലിനോട് അറബ്‌രാജ്യങ്ങൾ പുലർത്തിയിരുന്ന അകൽച്ച കുറയുകയാണെന്നതിന്റെ സൂചനനൽകി ആ രാജ്യവുമായി ബഹ്‌റൈനും പൂർണ നയതന്ത്രബന്ധം സ്ഥാപിക്കുകയാണ്. ഒരുമാസംമുമ്പ് ഇസ്രയേലുമായി സമാധാനക്കരാറിന്‌ ധാരണയായ യു.എ.ഇ.യുടെ പാതപിന്തുടർന്നാണ് ബഹ്‌റൈന്റെ തീരുമാനം. ഇസ്രയേലും ബഹ്‌റൈനും തമ്മിൽ മുമ്പേയുള്ള വിപുലമായ അനൗദ്യോഗികബന്ധം ഇതോടെ കരാറിന്റെ ബലമുള്ള ഔദ്യോഗികബന്ധമാകും. ചൊവ്വാഴ്ച വൈറ്റ്ഹൗസിൽ നടക്കുന്ന ചടങ്ങിൽ രണ്ടുരാജ്യത്തിന്റെയും വിദേശകാര്യമന്ത്രിമാർ ഇസ്രയേലുമായി കരാറൊപ്പിടുമ്പോൾ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും മനംനിറയും. ട്രംപിന്റെ മരുമകനും പശ്ചിമേഷ്യാകാര്യങ്ങളിലെ ഉപദേശകനുമായ ജാരെദ് കുഷ്‌നർ മുൻകൈയെടുത്ത്‌ സാധ്യമാക്കിയതാണ് ഈ കരാറുകളെന്നതാണ് കാരണം. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി വീണ്ടും മത്സരിക്കാനിറങ്ങുന്ന ട്രംപിന് തന്റെ ഭരണനേട്ടമായി ഉയർത്തിക്കാട്ടാവുന്ന മറ്റൊരു കാര്യം. അറബ്-ഇസ്രയേൽ ബന്ധത്തിലെ മഞ്ഞുരുക്കം പശ്ചിമേഷ്യയിൽ പുതിയ രാഷ്ട്രീയസമവാക്യങ്ങൾക്ക്‌ രൂപംനൽകും. അപ്പോഴും ഇസ്രയേൽ-പലസ്തീൻ പ്രശ്നം അപരിഹാര്യമായി തുടരുകയാണെന്നത് കാണാതിരിക്കാനാവില്ല.

സ്വന്തം രാഷ്ട്രമെന്ന പലസ്തീൻ ജനതയുടെ മോഹത്തിന്‌ വിലകല്പിക്കാത്ത ഇസ്രയേലിനെ അംഗീകരിക്കുകയോ ആ രാജ്യവുമായി ഔദ്യോഗിക നയതന്ത്ര-സാമ്പത്തിക ബന്ധം സ്ഥാപിക്കുകയോ ചെയ്തിട്ടുള്ളവയല്ല അറബ് രാജ്യങ്ങളിൽ ഭൂരിഭാഗവും. ഈജിപ്തിനും ജോർദാനുംശേഷം ഇപ്പോഴാണ് രണ്ട് അറബ്‌രാജ്യങ്ങൾ ഇസ്രയേലിനെ പരസ്യമായി അംഗീകരിക്കുന്നത്. ഇസ്രയേലുമായി സാമ്പത്തികബന്ധം ശക്തമാക്കുന്നുവെന്നും നയതന്ത്രബന്ധം പൂർണതോതിൽ ആരംഭിക്കുന്നുവെന്നും യു.എ.ഇ. പ്രഖ്യാപിച്ചത് കഴിഞ്ഞമാസമാണ്. വെസ്റ്റ് ബാങ്കിനെ ഇസ്രയേലിന്റെ ഭാഗമാക്കുന്നതിനുള്ള നടപടികൾ നിർത്തണമെന്നതായിരുന്നു ബന്ധം തുടങ്ങാൻ അവർ മുന്നോട്ടുവെച്ച പ്രധാന നിബന്ധന. ഇസ്രയേൽ അതിന്‌ തയ്യാറായെന്നായിരുന്നു വാർത്തകളെങ്കിലും ‘തത്കാലം കാത്തിരിക്കാ’മെന്നേ സമ്മതിച്ചിട്ടുള്ളൂ എന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇപ്പോൾ പറയുന്നത്. എങ്കിലും നയതന്ത്രബന്ധത്തിന്റെ നല്ല തുടക്കമായി ഇസ്രയേലിൽനിന്ന് യു.എ.ഇ.യിലേക്ക് വിമാനസർവീസ് ആരംഭിച്ചുകഴിഞ്ഞു. ബഹ്‌റൈനാകട്ടെ ഇതിനായി സ്വന്തം ആകാശം തുറന്നുകൊടുക്കുകയുംചെയ്തു. അമേരിക്കയുടെയും ഗൾഫ് മേഖലയിലെ അവരുടെ സുഹൃത്തായ സൗദി അറേബ്യയുടെയും വൈരിയായ ഇറാനെ ഉന്നംവെച്ചാണ് ട്രംപിന്റെ നീക്കങ്ങളോരോന്നും. ഇസ്രയേലും ഇറാനുമാകട്ടെ ശീതയുദ്ധത്തിലുമാണ്. ഈ പശ്ചാത്തലത്തിലാണ് സൗദി സഖ്യരാജ്യങ്ങളായ യു.എ.ഇ.യും ബഹ്‌റൈനും ഇസ്രയേലുമായി കരാറുണ്ടാക്കുന്നത്. കൂടുതൽ അറബ് രാജ്യങ്ങൾ ഇവയുടെ പാതപിന്തുടരുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ.

അറബ്-ഇസ്രയേൽ നയതന്ത്രപുരോഗതിയുടെ ആഘോഷത്തിനിടെ പിന്തള്ളപ്പെട്ടുപോയത് പലസ്തീൻ ജനതയുടെ ധർമസങ്കടമാണ്. ഇസ്രയേലിനെതിരായ നിലപാടുകളിൽ മുമ്പ് ഒപ്പംനിന്നിരുന്ന അറബ് ലീഗ് പോലും പലസ്തീനെ കൈവിട്ട മട്ടാണ്. യു.എ.ഇ.യുടെ തീരുമാനത്തെ അപലപിക്കാൻ അറബ് ലീഗിനെ പ്രേരിപ്പിക്കാൻ ശ്രമിച്ച പലസ്തീന് ‘അംഗരാജ്യങ്ങളുടെ വിദേശനയതീരുമാനത്തിൽ ഇടപെടില്ല’ എന്ന മറുപടിയാണ്‌ ലഭിച്ചത്. 1967-ലെ യുദ്ധത്തിൽ കൈയേറിയ പ്രദേശങ്ങൾ തിരിച്ചുകൊടുത്തും പലസ്തീനെ അംഗീകരിച്ചും അറബ് രാജ്യങ്ങളുമായുള്ള ഇസ്രയേലിന്റെ ബന്ധം സാധാരണനിലയിലാക്കാനായി 2002-ൽ ആവിഷ്കരിച്ച സമാധാനധാരണയിൽനിന്നുള്ള തിരിച്ചുപോക്കാണ് ഇപ്പോൾ നടക്കുന്നത്. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചും സിറിയയിലെ ഗോലാൻ കുന്നുകളിൽ അവരുടെ ആധിപത്യം സമ്മതിച്ചും നെതന്യാഹുവിനൊപ്പം നിൽക്കുകയായിരുന്നു ട്രംപ്. അതിനുപിന്നാലെ, അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിൽ ഉടമ്പടിയുണ്ടാക്കുമ്പോൾ അത്‌ വഞ്ചനയാണെന്ന് പലസ്തീൻ ജനതയ്ക്കുതോന്നുക സ്വാഭാവികം. പലസ്തീനിലെ അധിനിവേശപ്രദേശത്തുനിന്ന് ഇസ്രയേലിനെ ഒഴിപ്പിക്കാനും ഇരുരാജ്യവും തമ്മിലുള്ള സമവായചർച്ചകൾക്ക് വഴിയൊരുക്കാനും കഴിഞ്ഞാൽ പുതുതായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന അറബ്-ഇസ്രയേൽ ബാന്ധവം കൂടുതൽ അർഥവത്താകും. അല്ലെങ്കിൽ അറബ്-ഇസ്രയേൽ ബന്ധം തളിർക്കുമ്പോഴും പലസ്തീൻ-ഇസ്രയേൽ സംഘർഷം തുടർന്നുകൊണ്ടിരിക്കും. പശ്ചിമേഷ്യയിലെ സമാധാനം സ്വപ്നമായി അവശേഷിക്കും.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
editorial

2 min

പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ

Jun 27, 2021


editorial

ദാൽ തടാകത്തിൽ വിടരട്ടെ ജനാധിപത്യത്തിന്റെ പൂക്കൾ

Jun 25, 2021

Most Commented