യുദ്ധത്തിലേക്കോ എന്ന ഭീതിയുളവാക്കുന്നത്ര രൂക്ഷമായിരിക്കയാണ് ഇസ്രയേൽ-പലസ്തീൻ സംഘർഷം. അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ അഖ്സ പള്ളിവളപ്പിൽ ഈ മാസം പത്തിന്‌ തുടങ്ങിയ സംഘർഷം മലയാളിയുടെയും ജീവനെടുത്തിരിക്കുന്നു. 12 കുട്ടികളുൾപ്പെടെ 35 പലസ്തീൻകാരും ആറ് ഇസ്രയേൽക്കാരും കൊല്ലപ്പെട്ടു. ടെൽ അവീവിനടുത്തുള്ള ലോഡ് നഗരത്തിൽ 1966-നുശേഷം ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2014-നുശേഷം ഇസ്രയേൽ-പലസ്തീൻ സംഘർഷം ഇത്ര കനക്കുന്നത് ഇപ്പോഴാണ്. സംഘർഷത്തിന് അയവുവരുത്തണമെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടും ഗാസാ അതിർത്തിയിലേക്ക് സൈനികനീക്കം നടത്തിയ ഇസ്രയേലും ഇത്തരമൊരവസരത്തിന് തക്കംപാർത്തിരുന്നപോലെ തിരിച്ചടിക്കുന്ന ഹമാസും അതിന്‌ ചെവികൊടുക്കുന്നില്ല. കണ്ണീരിന്റെയും ചോരയുടെയും കഥ ഏറെപ്പറയാനുള്ള ഈ പ്രദേശത്തെ ഇനിയും വിലാപഭൂമിയാക്കാൻമാത്രമേ ഈ ഏറ്റുമുട്ടൽ ഉതകൂ.

കിഴക്കൻ ജറുസലേമിലേക്കുള്ള പ്രധാന കവാടമായ ഡമാസ്കസ് ഗേറ്റിൽ ബാരിക്കേഡുകൾവെച്ച് പലസ്തീൻകാരുടെ റംസാൻ മാസ ഒത്തുകൂടൽ കഴിഞ്ഞമാസം ഇസ്രയേൽ തടഞ്ഞതാണ് ഇപ്പോഴത്തെ സംഘർഷത്തിന്റെ തുടക്കം. പോലീസ് ബാരിക്കേഡുകൾ നീക്കിയെങ്കിലും അന്തരീക്ഷം തണുത്തില്ല. കിഴക്കൻ ജറുസലേമിനടുത്തുള്ള ശൈഖ് ജാറയിൽ തലമുറകളായി കഴിയുന്ന പലസ്തീൻ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമംകൂടിയായപ്പോൾ സംഘർഷം മൂർച്ഛിച്ചു. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ, കിഴക്കൻ ജറുസലേം പിടിച്ചെടുത്തതിന്റെ സ്മരണയ്ക്കായുള്ള വാർഷിക ജറുസലേംദിന പതാകജാഥയുമായി ഇസ്രയേൽ മുന്നോട്ടുപോയി. ജാഥയ്ക്കുമുമ്പ് മേയ് പത്തിനുരാവിലെ സംഘർഷം, തുറന്ന അക്രമത്തിലേക്കുവഴിമാറി. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യയെപ്പോലെ നിരപരാധികളുടെ ജീവനാണ് ഇപ്പോഴും തുടരുന്ന ആ ആക്രമണങ്ങളിൽ പൊലിയുന്നത്.

ഇസ്രയേൽ- പലസ്തീൻ സംഘർഷത്തിന്റെ കേന്ദ്രബിന്ദുവാണ് ജറുസലേം. കിഴക്കൻ ജറുസലേമിൽ ഇസ്രയേൽ അധിനിവേശം നടത്തിയിട്ട് അമ്പത്തഞ്ചുകൊല്ലമാകുന്നു. അതിനും 19 വർഷംമുമ്പ് 1948-ലെ ആദ്യ അറബ്-ഇസ്രയേൽ യുദ്ധത്തിൽ ജറുസലേമിന്റെ പടിഞ്ഞാറുഭാഗവും അവർ പിടിച്ചെടുത്തിരുന്നു. കിഴക്കൻ ജറുസലേമിനെ ഭാവി പലസ്തീൻരാഷ്ട്രത്തിന്റെ തലസ്ഥാനമായി കരുതുന്ന പലസ്തീൻ ജനതയെ പരിഹസിക്കുംവിധം ജറുസലേം നഗരത്തിന്റെ പരമാധികാരം അവകാശപ്പെടുകയാണ് ഇസ്രയേൽ. ഭൂരിഭാഗം രാജ്യങ്ങളും ഇത് അംഗീകരിക്കുന്നില്ലെങ്കിലും യു. എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുഗ്രഹാശിസ്സുകളോടെ ഈ അവകാശവാദവുമായി മുന്നോട്ടുപോവുകയും അധിനിവേശഭൂമിക വികസിപ്പിക്കുകയുമായിരുന്നു ഇസ്രയേൽ. പതിറ്റാണ്ടുകളുടെ അനീതിയും മുറിവും പേറുന്ന ഒരു ജനതതിയാണ് വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെടുന്നത്.

ഇപ്പോഴത്തെ സംഘർഷം യുദ്ധമായി വളരാതിരിക്കട്ടെ എന്നാശിക്കാം. ഏഴുകൊല്ലംമുമ്പ് ഏഴാഴ്ചനീണ്ട ഒരു സംഘർഷമൊടുങ്ങിയപ്പോൾ 2300 ജീവനുകളാണ് നഷ്ടമായത്. അതിലേറെയും പലസ്തീൻകാരായിരുന്നു. റംസാൻമാസം അവസാനിക്കുമ്പോൾ ഒടുങ്ങുമെന്നുകരുതിയ പുതിയ സംഘർഷം ഹമാസിന്റെ ഇടപെടലോടെയാണ് ഇത്ര രൂക്ഷമായത്. ഗാസയുടെ നിയന്ത്രണത്തിനപ്പുറം പലസ്തീൻജനതയുടെ നേതൃത്വമാഗ്രഹിക്കുന്ന ഹമാസ് ഇതിനെ ഒരവസരമായെടുത്തു എന്നുവേണം കരുതാൻ. 15 കൊല്ലത്തിനുശേഷം നടക്കേണ്ടിയിരുന്ന പലസ്തീൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്നു കരുതിയിരുന്ന ഹമാസിന്, പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിയതോടെ അനല്പമായ ഇച്ഛാഭംഗമാണുണ്ടായത്. ബാലറ്റിലൂടെ നടക്കാതെപോയ ആ നേതൃമോഹം ഈ പോരാട്ടത്തിലൂടെ സഫലമാക്കുകയാവാം അവരുടെ ലക്ഷ്യം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനാകട്ടെ, ഒരുപക്ഷേ അധികാരത്തിലെ അവസാന പോരാട്ടമാകുമിത്. രണ്ടുകൊല്ലത്തിനിടെനടന്ന നാലുതിരഞ്ഞെടുപ്പിലും വ്യക്തമായ ഭൂരിപക്ഷമോ സ്ഥിരതയുള്ള സർക്കാരോ ഉണ്ടാക്കാനാകാതെ അഴിമതിക്കേസിൽ വിചാരണനേരിട്ട് പ്രസിഡന്റ് പദവിയിൽ ദിവസങ്ങളെണ്ണിക്കഴിയുകയാണ് അദ്ദേഹം. ആര്, എന്തിനായി ഏറ്റുമുട്ടിയാലും നഷ്ടപ്പെടുന്നത് പശ്ചിമേഷ്യയുടെ മാത്രമല്ല, ലോകത്തിന്റെകൂടി സമാധാനമാണ്. പൊലിയുന്നത് നിരപരാധികളുടെ ജീവനാണ്. മഹാമാരിയുടെ ഈ നാളുകളിൽ സഹാനുഭൂതിയാണ്, യുദ്ധത്തിന്റെ വീറും വെറിയുമല്ല പ്രകടിപ്പിക്കേണ്ടത്. ഇസ്രയേലിന്റെയും പലസ്തീന്റെയും മണ്ണ് യുദ്ധഭൂമിയാകാതിരിക്കാൻ ലോകരാഷ്ട്രങ്ങൾ തുനിഞ്ഞിറങ്ങിയേ മതിയാവൂ.