കോവിഡ് കാരണമുള്ള അടച്ചിടലും ജനസംഖ്യാനിയന്ത്രണ പ്രവർത്തനങ്ങളിലുണ്ടായ തടസ്സവും കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കാൻ കാരണമാകുമെന്ന പ്രവചനങ്ങൾ തെറ്റാണെന്ന് തെളിയിച്ച വർഷമാണിത്. ജനസംഖ്യയിൽ സ്ഫോടനാത്മക വളർച്ചയുണ്ടായില്ലെന്ന ആശ്വാസത്തിനിടയിലും കോവിഡ് കാരണം പട്ടിണി വർധിച്ചെന്ന റിപ്പോർട്ട് ആശങ്കപ്പെടുത്തുന്നു. പട്ടിണിമൂലം ലോകത്ത് ഓരോ മിനിറ്റിലും 11 പേർ മരിക്കുന്നുവെന്നാണ് ദാരിദ്ര്യനിർമാർജനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ഓക്സ്ഫാമിന്റെ കണ്ടെത്തൽ. ലോകത്ത് കോവിഡ് കാരണം മരിക്കുന്നവരുടെ കണക്കിനെ വെല്ലുന്നതാണിത്. കോവിഡ് ബാധിച്ച് ലോകത്ത് ഒരു മിനിറ്റിൽ മരിക്കുന്നത് ഏഴുപേരാണ്. ലോകത്താകെ 15 കോടിപ്പേർ കടുത്ത ദാരിദ്ര്യമനുഭവിക്കുന്നു.

കോവിഡ്, ആഭ്യന്തരസംഘർഷം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട മൂന്നുകാരണങ്ങളെന്ന് റിപ്പോർട്ട് പറയുന്നു. ആഭ്യന്തരസംഘർഷം പട്ടിണിയിലേക്ക് തള്ളിവിട്ട യെമെൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, അഫ്ഗാനിസ്താൻ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളാണ് പട്ടിണിമരണങ്ങളിൽ മുന്നിൽ. ആഫ്രിക്കൻ രാജ്യങ്ങളിൽ ഭൂരിഭാഗവും കൊടിയ ദാരിദ്ര്യത്തിലേക്ക് വീണുകൊണ്ടിരിക്കുന്നു. 19 കോടിപ്പേർ ദാരിദ്ര്യത്തിൽ കഴിയുന്ന ഇന്ത്യയെ ദാരിദ്ര്യത്തിന്റെ വരുംകാല ഹോട്ട്സ്പോട്ടായി റിപ്പോർട്ടിൽ കണക്കാക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. 2011-ലെ കാലഹരണപ്പെട്ട കനേഷുമാരി കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലിപ്പോഴും ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്നത് പരിഹരിക്കപ്പെടേണ്ട പോരായ്മയാണ്.

790 കോടിയാണ് നിലവിലെ ലോകജനസംഖ്യ. 2030-ൽ ലോകജനസംഖ്യ 850 കോടിയും 2100-ൽ ആയിരം കോടി കടക്കുമെന്നുമാണ് പ്രവചനം. ജനസംഖ്യാവർധനയ്ക്കൊപ്പം ദാരിദ്ര്യവും ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും വർധിക്കുന്നുവെന്നത് 2030-നുമുൻപ് ലോകത്ത് അതിദാരിദ്ര്യവും പട്ടിണിയും തുടച്ചുനീക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസനലക്ഷ്യത്തിന് വലിയ വെല്ലുവിളിയുയർത്തും.

സ്ത്രീയുടെ തിരഞ്ഞെടുപ്പിനും അവകാശങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് പ്രത്യുത്പാദനനിരക്കിലെ ചാഞ്ചാട്ടത്തിന് പരിഹാരം കാണണമെന്നതാണ് ഇക്കൊല്ലത്തെ ജനസംഖ്യാദിനത്തിന്റെ ആശയം. സ്ത്രീകളുടെ വ്യക്തിപരമായ തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും അംഗീകരിക്കപ്പെടണമെന്നും ഈ ലക്ഷ്യത്തിലെത്താൻ പെൺകുട്ടികൾക്ക് പ്രത്യുത്പാദന ആരോഗ്യം, ലൈംഗികത, അവകാശങ്ങൾ എന്നിവയിൽ വിദ്യാഭ്യാസം നൽകണമെന്നും ഐക്യരാഷ്ട്രസഭ നിർദേശിക്കുന്നു. ഇന്ത്യയിൽ ഉത്തർപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും രണ്ടുകുട്ടികളിൽ കൂടുതലുള്ളവരെ ലക്ഷ്യമിട്ട് ജനസംഖ്യാനിയന്ത്രണ നിയമങ്ങൾ കൊണ്ടുവരാനൊരുങ്ങുന്നത് വിവാദമായ സാഹചര്യത്തിൽക്കൂടിയാണ് ജനസംഖ്യാദിനം കടന്നുപോകുന്നത്. കതിരിന്മേൽ വളംവെക്കുന്ന യുക്തിരഹിതമായ നിയമനിർമാണങ്ങൾ ജനസംഖ്യാനിയന്ത്രണത്തിൽ ഫലവത്താകുമോയെന്ന് ഭരണകൂടങ്ങൾ ചിന്തിക്കേണ്ടതുണ്ട്. ബലപ്രയോഗത്തിലൂടെയുള്ള കുടുംബാസൂത്രണം വിപരീതഫലമാണുണ്ടാക്കുകയെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപിതനയം നിലനിൽക്കുമ്പോഴാണ് ചില സംസ്ഥാനങ്ങളുടെ എതിർദിശയിലേക്കുള്ള പോക്ക്. ഇക്കാര്യത്തിൽ ഇടപെടേണ്ട ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. പ്രത്യുത്പാദന വിഷയത്തിൽ ഓരോ വ്യക്തിയുടെയും പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങളെയും ആരോഗ്യത്തെയും കണക്കിലെടുത്തുകൊണ്ടാകണം നയങ്ങളുണ്ടാകേണ്ടത്. നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനുപകരം കൃത്യമായ ബോധവത്കരണത്തിലൂടെയാകണം ജനസംഖ്യാനിയന്ത്രണ നയങ്ങൾ രൂപപ്പെടുത്തേണ്ടത്. ജനനനിരക്കുയർന്നാലും കുറഞ്ഞാലും അവകാശങ്ങളും തിരഞ്ഞെടുപ്പുകളുമാകണം ആദ്യം പരിഗണിക്കപ്പെടേണ്ടത്.