കോവിഡ് തീർത്ത ഇടവേളയ്ക്കുശേഷം മൈതാനങ്ങൾ സചേതനമാവുകയാണ്. കിക്കോഫ് വിസിൽ മുഴങ്ങി പന്തുരുണ്ടുതുടങ്ങുമ്പോൾ മാഞ്ഞുപോകുന്നത് ദേശാതിർത്തികളാണ്. അലിഞ്ഞുചേരുന്നത് ഭാഷയും സംസ്കാരങ്ങളുമാണ്. കോടാനുകോടി ജീവജാലങ്ങളെയും അവയുടെ അവാസ വ്യവസ്ഥയെയും പരിപാലിക്കുന്ന ഭൂമിയെപ്പോലെയുള്ള മറ്റൊരു ഗോളമായി ഫുട്‌ബോളും മാറുന്നു. പന്തിനുള്ളിൽ നിറയുന്ന വായു കോവിഡിനെതിരേ പോരാടുന്ന ലോകത്തിനുള്ള പ്രാണവായുവിന്റെ പ്രതീകംതന്നെ. വായു നിറച്ച പന്തുകൾ ലോകത്തെ മാറ്റിമറിക്കാൻ കഴിവുള്ളതാണെന്ന് ചരിത്രം മുമ്പേ അടയാളപ്പെടുത്തിയതാണല്ലോ.

ലോകം കോവിഡ് മഹാമാരിക്കെതിരേ പോരാടുന്ന കാലത്ത് യൂറോകപ്പിലും കോപ്പ അമേരിക്കയിലും പന്തുരുളുന്നത് പുതിയകാലത്തേക്കുള്ള വാതിലുകളാണ് തുറന്നിടുന്നത്. ലോകം മുഴുവൻ ഒരു വൈറസിനോട് പൊരുതുമ്പോൾ യൂറോപ്പിലും തെക്കേയമേരിക്കയിലും ഫുട്‌ബോൾ മേളകൾ ആരംഭിക്കുന്നതും ജപ്പാനിൽ ഒളിമ്പിക്സുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുന്നതും ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്. ഭരണകൂടങ്ങളും ആരോഗ്യപ്രവർത്തകരും കോവിഡിനെതിരേ പൊരുതുമ്പോൾ രോഗം പരത്താതെ, വലിയ കായികവിനോദങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞാൽ അത് കളിപ്രേമികളുടെ മാത്രമല്ല, മനുഷ്യകുലത്തിനുതന്നെ നൽകുന്ന ഉൗർജം ചെറുതാകില്ല. അതിജീവനത്തിന്റെ കാലത്തും പിന്നോട്ടില്ലെന്ന വ്യക്തമായ സന്ദേശമാകുമത്.

കോവിഡ് പടർന്നുപിടിച്ചതോടെ ഒരുവർഷം വൈകിയാണ് യൂറോകപ്പും കോപ്പ അമേരിക്ക ഫുട്‌ബോളും ആരംഭിക്കുന്നത്. യൂറോ-2020 എന്ന പേരിൽ തന്നെയാണ് യുവേഫ ടൂർണമെന്റ്‌ നടത്തുന്നത്. ഇറ്റലിയും തുർക്കിയും മത്സരിക്കാനിറങ്ങിയതോടെ യൂറോപ്പിലെ ഫുട്‌ബോൾ മാമാങ്കത്തിന് തുടക്കമായി. കോവിഡ് വ്യാപനത്തിനുശേഷം ലോകത്ത് നടക്കുന്ന ഏറ്റവും വലിയ കായികമേള കൂടിയാണിത്.

യൂറോപ്പിൽ രോഗവ്യാപനം കുറഞ്ഞതോടെ സ്റ്റേഡിയത്തിലേക്ക് പരിമിതമായെങ്കിലും കാണികൾക്ക് പ്രവേശനമുണ്ട്. ഓരോ സ്റ്റേഡിയത്തിലും എത്രകാണികൾ വേണമെന്ന് ആതിഥേയരാജ്യത്തിന് തീരുമാനിക്കാം. കാണികൾ കായികവേദിയിലേക്ക് തിരിച്ചെത്തുന്നത് കളിക്കാരിൽ മാത്രമല്ല ലോകമെമ്പാടും തത്സമയം കാണുന്നവരിലുണ്ടാകുന്ന ആഹ്ളാദം ചെറുതാകില്ല.

യൂറോകപ്പിന്റെ 60-ാം വാർഷികത്തിന്റെ ഭാഗമായി 11 രാജ്യങ്ങളിലെ 11 വേദികളിലായാണ്‌ മത്സരങ്ങൾ നടക്കുന്നത്. യോഗ്യതാറൗണ്ട് കടന്നെത്തിയ 24 രാജ്യങ്ങളാണ് യൂറോപ്യൻ ചാമ്പ്യൻപട്ടത്തിനായി കളിക്കുന്നത്. ലണ്ടനും റോമും ബാക്കുവും ബുഡാപെസ്റ്റും കോപ്പൻഹേഗനുമൊക്കെ വേദികളാകുമ്പോൾ യൂറോപ്പിന്റെ അതിർത്തികൾ താത്‌കാലികമായെങ്കിലും മാഞ്ഞുപോകും. പന്തുരുളുന്ന വഴിയിലൂടെ മനസ്സുകൾ ഒന്നാകും. 

യൂറോകപ്പിനുള്ള പന്തിനെ യൂണിഫോറിയ എന്ന പേരിൽവിളിക്കുന്നതുതന്നെ ഇത്തരമൊരു പ്രതീകമായിട്ടാണ്. തെക്കേയമേരിക്കൻ ഫുട്‌ബോളിന്റെ ചാരുതനിറയുന്ന കോപ്പയിൽ പത്ത് ടീമുകളാണ് കളിക്കുന്നത്. ബ്രസീലും അർജന്റീനയും കളിക്കുമ്പോൾ കേരളത്തിൽവരെ അതിന്റെ മത്സരതീവ്രതയും ആവേശവും നിറയും. ഫുട്‌ബോളിന്റെ സൗന്ദര്യമുള്ള കളികൾ വീടകങ്ങളിൽ ഒതുങ്ങിക്കൂടേണ്ടിവരുന്നവരിൽ നവോന്മേഷം നിറയ്ക്കും. കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് കോപ്പയിൽ ഫുട്‌ബോളിന്റെ മധുരം നിറയാൻ പോകുന്നത്. കിക്കോഫിന് ദിവസങ്ങൾ മാത്രം മുന്നിലുള്ളപ്പോൾ കോവിഡ് വ്യാപനത്തെത്തുടർന്ന് അർജന്റീനയിൽനിന്നും രാഷ്ട്രീയ അസ്ഥിരതമൂലം കൊളംബിയയിൽനിന്നും വേദി മാറ്റേണ്ടിവന്നു. ഒടുവിൽ നടത്തിപ്പിനായി മുന്നോട്ടുവന്ന ബ്രസീലിൽ സംഘാടകർ വിശ്വാസമർപ്പിച്ചു. നാല് നഗരങ്ങളിലെ അഞ്ച് വേദികളിലായിട്ടാണ് കോപ്പയ്ക്ക് തിരശ്ലീലയുയരുന്നത്. തിങ്കളാഴ്ച പുലർച്ചെ 2.30-ന്‌ മത്സരം തുടങ്ങും. 

ജപ്പാനിലെ ടോക്യോയിൽ കഴിഞ്ഞവർഷം നടക്കേണ്ട ഒളിമ്പിക്സ് ജൂലായ്‌ 23 മുതൽ നടത്താനുള്ള ശ്രമത്തിലാണ് സംഘാടകർ. ലോകത്തെ ഏറ്റവും വലിയ കായികമേള വിജയകരമായി നടത്താൻ കഴിഞ്ഞാൽ മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിലെ വലിയ വിജയം കൂടിയാകുമത്. ലണ്ടനിലെ വെംബ്ലിയിൽ വിജയികൾ യൂറോകപ്പുയർത്തുമ്പോഴും ബ്രസീലിലെ റിയോ ഡിജ​നൈറോയിൽ തെക്കേയമേരിക്കയ്ക്ക് പുതിയ ഫുട്‌ബോൾ ചാമ്പ്യനുണ്ടാകുമ്പോ​ഴും വിജയിക്കുന്നത് രാജ്യങ്ങളോ ഫുട്‌ബോളോ മാത്രമല്ല. ഇതുവരെ അനുഭവിക്കാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ലോകജനത കൂടിയാകും. അവരുടെ വലിയ പ്രയാസങ്ങളിലും ആസ്വദിക്കാൻ കഴിയുന്ന വിജയമധുരവുമാകും.