അനുസ്മരിക്കാൻ ഭാഷ അപൂർണമായിപ്പോകുന്ന സന്ദർഭമാണിത്. അമ്മയല്ലാതിരുന്നിട്ടും അവർ അമ്മയായിരുന്നു, കേരളസമൂഹത്തിന്. ഇത്രയും നീണ്ടകാലം കേരള രാഷ്ട്രീയ, സാമൂഹികരംഗങ്ങളിൽ ഏറ്റവും സക്രിയമായി ഇടപെടാൻ കഴിഞ്ഞ, കേരളീയരുടെ ജീവിതത്തിൽ നിർണായക സ്വാധീനശക്തിയാവാൻ കഴിഞ്ഞ മറ്റൊരു വ്യക്തിത്വമില്ല. ഏറ്റവും ദീർഘായുസ്സായതുകൊണ്ടല്ല, ആയുഷ്‌കാലമത്രയും ജനങ്ങളോടൊപ്പം അവർക്കായി പ്രവർത്തിച്ചു, നയിച്ചുവെന്നതും സാമൂഹികമാറ്റത്തിന്റെ തേരാളിയായെന്നതുമാണ് ഗൗരിയമ്മയെ അനശ്വരയാക്കുന്നത്. 

തിരുവിതാംകൂറിൽ ഈഴവസമുദായത്തിൽ നിയമബിരുദംനേടിയ ആദ്യവനിതയായ ഗൗരിയമ്മ  അഭിഭാഷകവൃത്തിയിൽ ഉയർന്നുയർന്നുപോകണമെന്നാണ് വീട്ടുകാരും നാട്ടുകാരും കൊതിച്ചത്.  എന്നാൽ, ഏതെങ്കിലും ഒരു കോടതിയിൽ ഏതെങ്കിലും വ്യക്തിക്കുവേണ്ടി വാദിക്കുന്നതല്ല, ഒരുജനതയുടെ മോചനത്തിനുവേണ്ടി വാദിക്കുകയും പോരാടുകയുമാണ് തന്റെ കർമം എന്ന് തിരിച്ചറിഞ്ഞ് കറുത്ത മേൽക്കുപ്പായം ഊരിവെച്ച് ജനജീവിതത്തിന്റെ വെയിലും മഴയും കൊള്ളാൻ തെരുവിലിറങ്ങുകയായിരുന്നു അവർ. അവർ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ സ്ഥാപകനായ കാൾ മാർക്‌സ് കൗമാരക്കാരനായിരിക്കുമ്പോൾ ഒരു തൊഴിൽ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: ''ഏറ്റവും കൂടുതൽ ജനങ്ങൾക്ക് ക്ഷേമവും ആശ്വാസവും ഉണ്ടാക്കുന്നതിനുവേണ്ടിയുള്ളതായിരിക്കണം തിരഞ്ഞെടുക്കുന്ന ഉദ്യോഗം. അങ്ങനെയായാൽ തലമുറകൾ നിങ്ങളുടെ ശവകുടീരത്തിൽ അശ്രുബിന്ദുക്കൾ പൊഴിച്ച് കടന്നുപോകും. കോവിഡ് മഹാമാരി കാരണം കൂടിച്ചേരാനാവാത്ത കേരളജനത ആ ശവസംസ്‌കാരത്തിൽ പങ്കെടുക്കാനാവുന്നില്ലെങ്കിലും വിദൂരങ്ങളിലിരുന്ന് അശ്രുബിന്ദുക്കൾ പൊഴിക്കുകയാണ്.

അറസ്റ്റും ലോക്കപ്പും പീഡനവും വകവെക്കാതെ കേരളരാഷ്ട്രീയത്തിലെ എക്കാലത്തെയും സമുന്നത നേതാവായിത്തീർന്ന ഗൗരിയമ്മ ജനാധിപത്യ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ആദ്യത്തെ വനിതാ ഭരണാധികാരിയായിരുന്നു. കർഷകരെയും കർഷകത്തൊഴിലാളികളെയും കുടിയൊഴിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമം അവതരിപ്പിച്ച് പാസാക്കിക്കൊണ്ട്, ഇന്ത്യക്കാകെ മാതൃകകാട്ടുകയായിരുന്നു ആദ്യം. അതിന്റെ തുടർച്ചയായി ഭൂപരിഷ്‌കരണ ബിൽ അവതരിപ്പിച്ചുകൊണ്ട് ലക്ഷക്കണക്കിന് കൃഷിക്കാരെ കൃഷിഭൂമിയുടെ ഉടമസ്ഥരാക്കുന്നതിന് തുടക്കംകുറിച്ചു. ഇ.എം.എസിന്റെയും ഇ.കെ. നായനാരുടെയും രണ്ട് മന്ത്രിസഭകളിലും എ.കെ. ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും മന്ത്രിസഭയിലും അംഗമായിരുന്ന ഗൗരിയമ്മ കേരളത്തിലെയെന്നല്ല ഇന്ത്യയിലെത്തന്നെ ഏറ്റവും കരുത്തയായ ഭരണാധികാരികളിലൊരാളായി. മന്ത്രിസഭകളിൽ റവന്യൂവും കൃഷിയും എക്‌സൈസും വ്യവസായവും ഭക്ഷ്യവുമെല്ലാം കൈകാര്യം ചെയ്ത് കൃതഹസ്തത തെളിയിച്ചു. വ്യവസായമന്ത്രിയായിരിക്കെ സ്വന്തം പാർട്ടിയിലെ എതിർപ്പ് അവഗണിച്ച് കെ.പി.പി. നമ്പ്യാരെ ഉപദേഷ്ടാവാക്കി ഇലക്‌ട്രോണിക് വ്യവസായ മുന്നേറ്റത്തിനായി പരിശ്രമിച്ചു. ടെക്‌നോപാർക്കിന് തുടക്കംകുറിക്കാൻ സാധിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് ഭക്ഷ്യോത്പാദന വർധനയ്ക്കുവേണ്ടി ചേർത്തലയിൽ പൊതുയോഗങ്ങളിൽ പ്രസംഗിച്ചുകൊണ്ട് രാഷ്ട്രീയരംഗത്തേക്ക് രംഗപ്രവേശംചെയ്ത ഗൗരിയമ്മ കേരളത്തിലെ കാർഷിക വളർച്ചയ്ക്കുവേണ്ടി വലിയ സംഭാവനയാണ് ചെയ്തത്. നിയമവിദ്യാർഥിനിയായിരിക്കെ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ പ്രവർത്തനങ്ങളിലും പങ്കാളിയായി. കേരളത്തിലെ ഏറ്റവും വലിയ കർഷകപ്രസ്ഥാനത്തെയും മഹിളാപ്രസ്ഥാനത്തെയും കാൽനൂറ്റാണ്ടോളം നയിച്ച നേതൃപ്രതിഭയായിരുന്നു അവർ. 

ആർക്കുമുമ്പിലും തലകുനിക്കാത്ത ഉജ്ജ്വല വ്യക്തിത്വമായിരുന്നു ഗൗരിയമ്മയുടേത്. പ്രണയത്തിലും വിവാഹത്തിലും ദാമ്പത്യഭംഗത്തിലുമെല്ലാം അതിന്റെ അനുരണനങ്ങൾ കാണാം. തനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ അവർ ഒരിക്കലും തയ്യാറായില്ല. ‘‘കേരംതിങ്ങും കേരളനാട്ടിൽ കെ.ആർ. ഗൗരി ഭരിച്ചീടും’’ എന്ന മുദ്രാവാക്യം ജനങ്ങൾ സ്വീകരിച്ചെങ്കിലും അർഹിച്ചിരുന്ന മുഖ്യമന്ത്രിസ്ഥാനത്ത് അവർ എത്തിയില്ല. ‘കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാൽ അവൾ ഭദ്രകാളി, ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം പതിവായി ഞങ്ങൾ ഭയമാറ്റിവന്നു’ എന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് അനുസ്മരിക്കുകയുണ്ടായി. മനസ്സിൽ ചെറിയൊരു കൃഷ്ണവിഗ്രഹം കൊണ്ടുനടന്ന, കവിമനസ്സുള്ള നായികകൂടിയായിരുന്നു അവർ. വിശ്വസിച്ച പ്രസ്ഥാനത്തിൽനിന്ന് പുറത്താക്കപ്പെട്ടിട്ടും ജനമനസ്സിൽനിന്ന് പുറത്താകാതെ പിടിച്ചുനിന്ന് പോരാടിയ അവർ പിന്നെയും ജീവിതത്തിന്റെ ചക്രം പൂർത്തിയാക്കുന്നതുപോലെ താൻ വളർത്തിയ, തന്നെ വളർത്തിയ പ്രസ്ഥാനത്തോട് അടുക്കുകയും അവരുടെയും അനിഷേധ്യനേതാവായിത്തന്നെ സ്വീകരിക്കപ്പെടുകയും ചെയ്തു.

മാതൃഭൂമിയുമായി അടുത്ത ബന്ധം പുലർത്തിയ ഭരണാധികാരിയും നേതാവുമായിരുന്നു ഗൗരിയമ്മ. അവരുടെ ആത്മകഥയുടെ ഒന്നാംഭാഗം പ്രസിദ്ധപ്പെടുത്താൻ കഴിഞ്ഞ ധന്യത ഞങ്ങൾക്കുണ്ട്. പക്ഷേ, നീണ്ട 73 വർഷത്തെ അവരുടെ ജീവിതം, പറയാൻ ബാക്കിയായിരുന്നു. വലിയ ശ്രമം നടത്തിയിട്ടും അവരെക്കൊണ്ട് അത് യാഥാർഥ്യമാക്കാൻ കഴിയാതെപോയതിലുള്ള ദുഃഖത്തോടെ, ഭരണരംഗത്തെ ആ മഹാപ്രതിഭയുടെ, വിപ്ലവകാരിയുടെ സ്മരണയ്ക്കുമുമ്പിൽ ഞങ്ങൾ ആദരാഞ്ജലികളർപ്പിക്കുന്നു.