കാലാവസ്ഥാമാറ്റം; നിർദേശങ്ങൾ നടപ്പാക്കണം


2 min read
Read later
Print
Share

യു.എൻ. സമിതി, നിയമസഭാസമിതി, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ജൈവവൈവിധ്യബോർഡ് തുടങ്ങി അസംഖ്യം ഏജൻസികൾ മുന്നോട്ടുെവച്ച പരിഹാരമാർഗങ്ങൾ ഒന്ന് വായിച്ചുനോക്കാനെങ്കിലും നമ്മുടെ ഭരണാധികാരികൾ ശ്രമിച്ചോ എന്ന് സംശയമാണ്. ആ അവസ്ഥ ഈ റിപ്പോർട്ടിന് ഉണ്ടാകരുത്

podcast

ഉരുൾപൊട്ടലിൽപ്പെട്ട് മണ്ണിനടിയിലായവരിൽ പലരുടെയും ശരീരം വീണ്ടെടുക്കാൻ സാധിക്കാതെപോയ നാടാണ് കേരളം. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാറ്റും പേമാരിയുമൊക്കെ അടിക്കടി ഉണ്ടാവും എന്നറിയാഞ്ഞിട്ടല്ല; മുൻകരുതലുകൾ എടുക്കില്ല നമ്മൾ. പലതരത്തിലുള്ള പ്രകൃതിദുരന്തങ്ങളും കേരളം അഭിമുഖീകരിച്ചിട്ടുണ്ട്. ഒാരോ ദുരന്തം ഉണ്ടാകുമ്പോഴും രക്ഷാപ്രവർത്തനം നടത്തുകയും സഹായങ്ങളെത്തിക്കുകയും ചെയ്യുന്നതിൽ ഒരമാന്തവും സർക്കാരോ ജനങ്ങളോ വരുത്തുകയില്ല. സഹജീവിസ്നേഹത്തിന്റെ മാറ്റേറുന്ന എത്രയോ കഥയുണ്ട് നമുക്കുപറയാൻ. പക്ഷേ, പ്രകൃതിദുരന്തങ്ങളെ വേണ്ടപോലെ നേരിടാൻ ഒരുങ്ങുന്നതിൽ ഒരു പരിഷ്കൃതസമൂഹമെന്ന നിലയിൽ നാം എത്രയോ പിന്നിലാണ്. മുന്നറിയിപ്പുകളെ അവഗണിക്കുന്നതിലും നാം മുന്നിൽതന്നെ.

കടലിനും കുത്തനെയുളള ചരിവിനും ഇടയിൽ കിടക്കുന്ന കേരളത്തിൽ ആ പ്രത്യേകതകൊണ്ടുതന്നെ പ്രകൃതിദുരന്തങ്ങൾക്ക് സാധ്യതയുണ്ട്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി ചുഴലിക്കാറ്റും സുനാമിയും വെള്ളപ്പൊക്കവും മലയിടിച്ചിലും ഉരുൾപൊട്ടലുമെല്ലാം ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ആ അർഥത്തിൽ ദുർബലമാണ് നമ്മുടെ നാട്. കഴിഞ്ഞ മൂന്നുനാലുവർഷമായി തുടരെയുള്ള പ്രകൃതിദുരന്തങ്ങൾ നമ്മുടെ മനസ്സമാധാനം കെടുത്തുന്നു. 2018-ലെ വെളളപ്പൊക്കം ദശലക്ഷക്കണക്കിന് ആളുകളെയാണ് ബാധിച്ചത്. ഇതുൾപ്പെടെ പ്രകൃതിദുരന്തങ്ങളും അവയുടെ പ്രത്യാഘാതങ്ങളും കേരളത്തിന്റെ തയ്യാറെടുപ്പുകളുടെ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്.

ഈ സാഹചര്യത്തിലാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവും ലോകബാങ്കും ചേർന്ന് തയ്യാറാക്കിയ, പാരിസ്ഥിതിക സാമൂഹികസംവിധാനങ്ങളുടെ വിലയിരുത്തലിനെക്കുറിച്ചുള്ള കരട് റിപ്പോർട്ടിന്റെ പ്രസക്തി. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന പ്രോഗ്രാം ഫോർ റിസൾട്ടിന്റെ ഭാഗമായാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കാലാവസ്ഥാവ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാനത്ത് ഉടനീളം ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ നേരിടാൻ മാസ്റ്റർപ്ലാൻ തയ്യാറാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അപകടങ്ങളെ നേരിടാനുള്ള സംവിധാനങ്ങളും മാനദണ്ഡങ്ങളും സ്ഥാപിക്കണം. ദുരന്തത്തെ അടിസ്ഥാനമാക്കിയുള്ള ആസൂത്രണം, സേവനങ്ങൾ എത്തിക്കൽ, അടിയന്തരപ്രതികരണം എന്നിവയും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉണ്ടാകും. ആസൂത്രണത്തോടെ കൃഷി വിപുലപ്പെടുത്തുക, ഉത്പാദനക്ഷമത കൂട്ടുക, പൊതുജനാരോഗ്യം ഉറപ്പുവരുത്തുക, ജലവിഭവസംവിധാനങ്ങളെ ശക്തിപ്പെടുത്തുക, പ്രധാന റോഡുകളുടെ ശൃംഖല മെച്ചപ്പെടുത്തുക തുടങ്ങിയവയിലൂടെയാണ് ലക്ഷ്യം കൈവരിക്കുക.

പ്രകൃതിദുരന്തങ്ങൾ പലപ്പോഴും രോഗവാഹികളുമാണ്. രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ ആരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്തും. ലാബുകൾ വഴിയുള്ള പരിശോധനകൾ മെച്ചപ്പെടുത്തും. മഴയുടെശക്തി കൂടുന്നുണ്ട്. കുറച്ചുസമയംകൊണ്ട് കൂടുതൽ മഴപെയ്തിറങ്ങുന്നു. അത് അപകടസാധ്യത ഉണ്ടാക്കുന്നതാണ്. മഴയുടെയും വെള്ളത്തിന്റെയും വരവും അളവുമനുസരിച്ച് ജലസ്രോതസ്സുകൾ പരിപാലിച്ചുെവക്കണം. കൃഷിവകുപ്പിൽ പലവിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും പാരിസ്ഥിതികാഘാതവും അപകടസാധ്യതകളും ആരും മുൻകൂട്ടികാണുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാദേശികതലത്തിൽ കാലാവസ്ഥാവിവരങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. ഇൻഷുറൻസ്, സാമൂഹിക പരിരക്ഷണസംവിധാനം എന്നിവ മെച്ചപ്പെട്ടതരത്തിൽ വികസിപ്പിക്കാനും നടപ്പാക്കാനും പ്രോഗ്രാം ഫോർ റിസൾട്ട് പിന്തുണ നൽകും.

ആശയങ്ങളുടെയും നിർദേശങ്ങളുടെയും കാര്യത്തിൽ ഈ റിപ്പോർട്ട് സമൃദ്ധമാണ്. പക്ഷേ, അവ നടപ്പാക്കാൻ സർക്കാരും മറ്റു സ്ഥാപനങ്ങളും തയ്യാറാകുമോ എന്നതാണ് പ്രശ്‌നം. ആശയങ്ങളില്ലാത്തതല്ല, അവ നടപ്പാക്കാനുള്ള ആർജവമില്ലാത്തതാണ് നമ്മുടെ പരിസ്ഥിതിമേഖല നേരിടുന്ന വലിയ വെല്ലുവിളി. 2018-ലെ വെള്ളപ്പൊക്കത്തിനുശേഷം ഒട്ടേറെ സമിതികളും ഏജൻസികളും കേരളം നേരിടുന്ന പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ച് പഠിച്ചു, റിപ്പോർട്ടുകൾ നൽകി. യു.എൻ. സമിതി, നിയമസഭാസമിതി, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ജൈവവൈവിധ്യബോർഡ് തുടങ്ങി ഒട്ടേറെ ഏജൻസികൾ മുന്നോട്ടുെവച്ച പരിഹാരമാർഗങ്ങൾ ഒന്ന് വായിച്ചുനോക്കാനെങ്കിലും നമ്മുടെ ഭരണാധികാരികൾ ശ്രമിച്ചോ എന്ന് സംശയമാണ്. ആ അവസ്ഥ ഈ റിപ്പോർട്ടിന് ഉണ്ടാകരുത്.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented