ജയിക്കണം ലഹരിയോടുള്ള യുദ്ധം


2 min read
Read later
Print
Share

പോലീസിനോ സർക്കാർ സംവിധാനത്തിനോ മാത്രമായി ആ ലഹരിയുടെ വേരറക്കാനാവില്ല. പൊതുസമൂഹത്തിന്റെ ജാഗ്രതയാണ്

12podcast

സാമ്പത്തികമായ ലാഭം മാത്രമല്ല, തലമുറകളെ നാശത്തിലേക്ക് തള്ളിവിടുക എന്ന ലക്ഷ്യംകൂടിയുണ്ട് മയക്കുമരുന്നു മാഫിയക്ക്; ഇന്ത്യയിൽ മാത്രമല്ല, ലോകത്തെമ്പാടും. അമേരിക്കയിലും മറ്റ് ചില അതിവികസിത രാജ്യങ്ങളിലും ആഭ്യന്തരമായ ഏറ്റവും വലിയ ശത്രുവായി കാണുന്നത് മയക്കുമരുന്ന് മാഫിയയെയാണ്. മയക്കുമരുന്നുപയോഗത്തിനെതിരായ പ്രവർത്തനവും അതിനടിപ്പെട്ടവരെ തിരികെ സാധാരണജീവിതത്തിലേക്ക് കൊണ്ടുവരലും പ്രാദേശികഭരണകൂടങ്ങളുടെയും പോലീസിന്റെയും പ്രധാന ഉത്തരവാദിത്വമാണവിടെ.

മയക്കുമരുന്നുപയോഗത്തിന്റെ കാര്യത്തിൽ അത്തരമൊരവസ്ഥയിലേക്ക് നമ്മുടെ നാടും അറിയാതെ എത്തിപ്പെടുകയാണെന്ന് ഭയപ്പെടേണ്ട സാഹചര്യമാണ്. കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന എൻ. രാമചന്ദ്രൻ എഴുതിയ കത്ത് പരിഗണിച്ച് കേരള ഹൈക്കോടതി സർക്കാരിന് നൽകിയ നിർദേശത്തിന് വലിയ പ്രാധാന്യമാണുള്ളത്. കോളേജ്-സർവകലാശാലാ കാമ്പസുകളിൽ മയക്കുമരുന്ന് ഉപയോഗവും വിതരണവും തടയുന്നതിന് പ്രത്യേക പോലീസ് സംവിധാനം ഏർപ്പെടുത്തണമെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. വിദ്യാർഥികളെ മയക്കുമരുന്നു മാഫിയ വാഹകരായി അവർ പോലുമറിയാതെ ഉപയോഗിക്കുന്നതായി നിരവധി വാർത്തകൾ പുറത്തുവന്നതാണ്. കഞ്ചാവ് വ്യാപകമായി കൃഷി ചെയ്യുന്ന ആന്ധ്രയിലും തെലങ്കാനയിലുമുള്ള മാവോവാദി ബാധിത പ്രദേശങ്ങളിൽനിന്നാണ് അത് രാജ്യത്തിന്റെ മറ്റിടങ്ങളിലേക്ക് കടന്നുവരുന്നത്. അവിടെനിന്ന് കഞ്ചാവ് വൻതോതിൽ എത്തിക്കുന്ന ഒരു ഇടനിലക്കാരനെ മൂന്നുദിവസം മുൻപാണ്‌ കേരള പോലീസ്‌ ആന്ധ്രപ്രദേശിൽ പോയി പിടികൂടിയത്. വിശാഖപട്ടണം പോലുള്ള നഗരങ്ങളിലെ ജയിലുകളിൽ ലഹരിവാഹകരായ മലയാളിവിദ്യാർഥികളുണ്ടെന്ന സൂചനകൾ ഞെട്ടിപ്പിക്കുന്നതാണ്. മഹാനഗരങ്ങളിൽനിന്നും ഗോവപോലുള്ള ഇടങ്ങളിൽ നിന്നും പല രൂപത്തിൽ ആധുനിക ലഹരിവസ്തുക്കൾ കേരളത്തിലേക്ക് ഒഴുകുന്നുണ്ട്. വമ്പൻ റേവ്പാർട്ടികൾ മുതൽ സ്കൂൾ വാതിൽപ്പടി വരെ വിതരണത്തിനായെത്തുന്നു. ഗുളിക മുതൽ സ്റ്റാമ്പിന്റെ രൂപത്തിൽ വരെ.

മോളി എന്നും എം. എന്നും കോഡ് ഭാഷയിലറിയപ്പെടുന്ന എം.ഡി.എം.എ. എന്ന മയക്കുമരുന്നാണ് കാമ്പസുകൾ ലക്ഷ്യമാക്കി വൻതോതിൽ വിതരണം ചെയ്യപ്പെടുന്നതെന്നാണ് പോലീസിനും എക്സൈസിനും ലഭിച്ച വിവരം. എൽ.എസ്.ഡിയും വൻതോതിൽ വിൽക്കപ്പെടുന്നു. പാൻപരാഗ് പോലുള്ള പുകയില ഉത്‌പന്നങ്ങളും ലഹരിമിഠായികളും വിൽക്കുന്നതു തടയാൻ ശക്തമായ നടപടിയെടുത്തിട്ടും വൻതോതിൽ വിതരണം നടക്കുന്നു. അടുത്തകാലത്ത് പിടിച്ചെടുക്കുന്ന കഞ്ചാവിന്റെ തൂക്കം ഗ്രാം കണക്കിലോ കിലോ കണക്കിലോ അല്ല ക്വിന്റൽ കണക്കിലാണ്. കടത്തിക്കൊണ്ടുവരുന്നതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് പിടിയിലാകുന്നത്. മയക്കുമരുന്ന് മാഫിയകളും അതിന്റെ ദല്ലാളരും കേരളത്തെ പ്രധാനവിപണിയായി മാറ്റിയിരിക്കുകയാണ്. അവർ പുതിയ തലമുറയെയാണ് പല കാരണങ്ങളാൽ ലക്ഷ്യമിടുന്നത്. അദൃശ്യമായ ഒരു യുദ്ധംതന്നെയാണിത്.

ഈ സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയുടെ വിധി പരമപ്രധാനമാകുന്നത്. കോളേജ്-സർവകലാശാലാ കാമ്പസുകളിലും പരിസരത്തും പോലീസിന്റെ സവിശേഷ ശ്രദ്ധ നിരന്തരമായി ഉണ്ടാകണമെന്നും വിദ്യാർഥികൾക്കിടയിൽ രഹസ്യ സർവേ നടത്തി ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്നും ലഹരിയിൽ ആകൃഷ്ടരായവരെ കണ്ടെത്തി കൗൺസലിങ് നടത്തി സാധാരണനിലയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നുമാണ് കോടതി നിർദേശിച്ചിരിക്കുന്നത്. പോലീസിലെ നർക്കോട്ടിക് സെല്ലും എക്സൈസും സംയുക്തശ്രമം നടത്തുന്നതിനൊപ്പം ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ യോഗം ഇടയ്ക്കിടെ നടത്തി മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും കോടതി ആവശ്യപ്പെടുന്നു. പോലീസിന്റെയും എക്സൈസിന്റെയുമൊക്കെ നടപടികൾ കൊണ്ടുമാത്രം മയക്കുമരുന്നുപയോഗത്തിൽനിന്ന് പൂർണമോചനമുണ്ടാക്കാനാവില്ല. പാഠ്യപദ്ധതിയുടെ ഭാഗമായിത്തന്നെ അധ്യാപകരുടെ നേതൃത്വത്തിൽ ബോധവത്‌കരണം ആവശ്യമാണ്. രക്ഷിതാക്കളുടെ ജാഗ്രതയാണ് അതിനേക്കാൾ പ്രധാനം. സാമൂഹിക പ്രസ്ഥാനങ്ങൾ, വിദ്യാർഥി സംഘടനകൾ എന്നിവർക്കും ലഹരിവിരുദ്ധ പ്രവർത്തനത്തിൽ വലിയ പങ്ക് വഹിക്കാനാവും. സമൂഹം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളിയിലേക്കാണ് ഹൈക്കോടതി ഭരണസംവിധാനത്തിന്റെ സൂക്ഷ്മ ശ്രദ്ധയും ഇടപെടലും ആവശ്യപ്പെടുന്നത്. പോലീസിനോ സർക്കാർ സംവിധാനത്തിനോ മാത്രമായി ആ ലഹരിയുടെ വേരറക്കാനാവില്ല. . പൊതുസമൂഹത്തിന്റെ ജാഗ്രതയാണ് ഏറ്റവും പ്രധാനം. ഹൈക്കോടതി വിധിയുടെ അന്തസ്സത്ത അതാണ്.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented