വനം-പരിസ്ഥിതി-കാലാവസ്ഥാവ്യതിയാന വകുപ്പ് പാരിസ്ഥിതികാഘാതപഠനത്തിനുള്ള ചട്ടങ്ങളിൽ വരുത്തുന്ന ഭേദഗതികൾ വിവാദമായിരിക്കുകയാണ്. ഇതിൽ പലതും പരിസ്ഥിതിയെ തകർക്കുന്നതിനിടയാക്കുന്നതാണ്. കോവിഡ്‌വ്യാപനത്തിന്റെ തുടക്കകാലത്ത് വിജ്ഞാപനംചെയ്ത കരടുചട്ടങ്ങൾ പ്രാദേശികഭാഷകളിൽ പ്രസിദ്ധപ്പെടുത്തുകപോലും ചെയ്തില്ല. മഹാമാരിയുടെ അങ്കലാപ്പിനിടയിൽ അധികം ചർച്ചചെയ്യപ്പെടാതെ ആക്ഷേപങ്ങൾ നൽകുന്നതിനുള്ള സമയപരിധി തീരുകയും ചെയ്യുന്നു. ആക്ഷേപം നൽകുന്നതിനുള്ള സമയം നീട്ടുകയും വിജ്ഞാപനം പ്രാദേശികഭാഷകളിൽ പ്രസിദ്ധപ്പെടുത്തുകയുമാണ് അടിയന്തരമായി വേണ്ടത്.
1986-ൽ പരിസ്ഥിതിസംരക്ഷണനിയമം കൊണ്ടുവന്നതും 2006-ൽ അതിൽ വിപുലമായ മാറ്റങ്ങൾ വരുത്തിയതും വികസനത്തിന്റെ പേരിലായാലും പരിസ്ഥിതിക്ക് പോറലേൽപ്പിക്കുന്നത് കർശനമായി തടയുകയെന്ന ഉദ്ദേശ്യത്തോടെയാണ്. അതിൽ പലതവണ വെള്ളം ചേർക്കാൻ ശ്രമംനടന്നു. പക്ഷേ, ഇപ്പോഴത്തെ ഭേദഗതികൾ 1986-ലെ നിയമത്തിന്റെ കഴുത്തിൽത്തന്നെ കത്തിവെക്കുന്നതിന് തുല്യമായതാണ്. ഒന്നരലക്ഷം ചതുരശ്രമീറ്റർ നിർമാണപ്രവൃത്തിക്ക് പാരിസ്ഥിതികാഘാതപഠനം വേണ്ടെന്ന ഭേദഗതി ഔദ്യോഗികമായി നിർദേശിക്കുകയെന്നുവന്നാൽ എന്താണർഥം. 20,000 ചതുരശ്ര മീറ്ററിൽനിന്നാണ് ഏഴരമടങ്ങ് ചാട്ടം എന്നോർക്കണം. ചെറിയൊരു ഗ്രാമത്തിന്റെ വലുപ്പത്തിലുള്ള നിർമാണത്തിന് അനുമതി നൽകുന്നതിനുമുമ്പ് വിശദപഠനം വേണ്ടെന്നാണ് നിർദേശം. മേൽപ്പാലം, ഹൈവേ എന്നിവയെല്ലാം ഈ ഭേദഗതിനിർദേശത്തിന്റെ പരിധിയിൽ വരും.
അഞ്ചേക്കർസ്ഥലത്തെ ഖനനത്തിന് പാരിസ്ഥിതികാനുമതി വേണ്ടാ എന്ന ഭേദഗതി നടപ്പായാൽ പശ്ചിമഘട്ടത്തെ ക്വാറികൾ തിന്നുതീർക്കും. ധാതുദ്രവ്യങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, ചെറുകിട സിമന്റ് ഫാക്ടറികൾ, ചെറുകിട-ഇടത്തരം പെയിന്റ്-ചായം നിർമാണശാലകൾ എന്നിവയ്ക്കൊന്നും പാരിസ്ഥിതികാനുമതിവേണ്ടെന്നാണ് ഭേദഗതി നിർദേശം. പതിനായിരം ഹെക്ടറിൽതാഴെയുള്ള സ്ഥലത്തേക്കാവശ്യമായ ജലസേചനപദ്ധതികൾ നടപ്പാക്കുന്നതിനുമുമ്പ് പാരിസ്ഥിതികാഘാത പഠനം വേണ്ടെന്നാണ് നിർദേശം. കേരളത്തിലും മറ്റും ഒരു ജലസേചനപദ്ധതിക്കും അനുമതി ചോദിക്കുകയേ വേണ്ടാ എന്നുപറയുന്നതിന് തുല്യമാകും ഇത്. പദ്ധതികൾ അനുമതിയില്ലാതെ ആരംഭിക്കാം, പിന്നീട് അനുമതിതേടിയാൽ മതി, ദോഷകരമായി എന്തെങ്കിലുമുണ്ടെന്ന് കണ്ടെത്തിയാൽ പിഴയടച്ച് പ്രവർത്തനം തുടരാം എന്നൊക്കെയാണ് നിർദേശങ്ങൾ. തന്ത്രപ്രധാനമെന്ന് കേന്ദ്രസർക്കാർ പറയുന്ന നിർമാണങ്ങൾക്ക് അനുമതിനൽകുന്നതിനുമുമ്പ് പൊതുജനങ്ങളെ അറിയിക്കുകപോലുംവേണ്ടെന്നും നിർദേശമുണ്ട്.
അന്തരീക്ഷമലിനീകരണം കൂടിവരുന്നത് വലിയ വെല്ലുവിളിയായിത്തീർന്ന സാഹചര്യത്തിൽ വൻകിട-ഇടത്തരം പദ്ധതികൾക്ക് പാരിസ്ഥിതികാനുമതി നൽകുന്നതിനുമുമ്പ് പ്രദേശവാസികൾക്ക് പരാതിയുണ്ടെങ്കിൽ കേൾക്കണമെന്നത് അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച കാര്യമാണ്. ഇപ്പോൾ നിർദേശിച്ചിട്ടുള്ള ഭേദഗതിയിൽ അതും പരിമിതപ്പെടുത്തുന്നു. ആക്ഷേപം നൽകാൻ 30 ദിവസത്തെ സമയമുണ്ടായിരുന്നത് 20 ദിവസമാക്കി മാറ്റുകയാണ്. പല പദ്ധതികൾക്കും ബഹുജനാഭിപ്രായം തേടുകയേവേണ്ടാ എന്നതാണ് നയം. ഇത് ജനവിരുദ്ധമാണ്
മണ്ണും കല്ലും ഖനനംചെയ്യുന്നത് കർശനവ്യവസ്ഥകളോടെയും പരിമിതമായുംമാത്രമേ പാടുള്ളൂവെന്ന് ഹരിതട്രിബ്യൂണലും സുപ്രീംകോടതിയും പലതവണ നിർദേശം നൽകിയിട്ടുള്ളതാണ്. അനിയന്ത്രിതമായ ഖനനം ഒട്ടേറെപേരെ അവരുടെ വാസസ്ഥലത്തുനിന്ന് ഓടിക്കുകയും ഖനനമാഫിയ സമാന്തര സാമ്പത്തികശക്തിയായി തടിച്ചുകൊഴുക്കുകയും ചെയ്യുന്നത് പലേടത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന കാര്യമാണ്. നിർദിഷ്ടഭേദഗതികൾ യാഥാർഥ്യമായാൽ ഖനനമാഫിയയുടെ പിടി ഒന്നുകൂടി മുറുകും.
റോഡുകൾ, വ്യവസായങ്ങൾ എന്നിവയെല്ലാം പുരോഗതിക്ക് അനിവാര്യമാണ്. കഴിയാവുന്നത്ര പരിസ്ഥിതിക്ക് പോറലേൽപ്പിക്കാതെയാവണം വികസനം. ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാവൂ എന്ന തത്ത്വത്തിലൂന്നിവേണം പദ്ധതികൾ. അതിനാൽ ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഭേദഗതിനിർദേശങ്ങൾ പിൻവലിച്ച് കൂടുതൽ ചർച്ചനടത്തി പുതിയ നിർദേശങ്ങൾ രൂപവത്‌കരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം.