ആയുർവേദാചാര്യന് അശ്രുപ്രണാമം


Podcast

എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നുപറയാൻ ധൈര്യം കാണിച്ച ഒരേയൊരാളേ ചരിത്രത്തിലുള്ളൂ. അത് മഹാത്മജിയാണ്. ജീവിതത്തോടുള്ള അപാരമായ സത്യസന്ധതയായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. അത്തരത്തിലൊരു മാതൃക തന്റെ കർമരംഗത്ത് പുലർത്താൻ ശ്രമിച്ച അപൂർവതയുടെ പേരായിരുന്നു ഡോ. പി.കെ. വാരിയർ. ജീവിതത്തിൽ ആയുർവേദത്തെ ആഴത്തിൽ പകർത്തിക്കൊണ്ട് ആ പൗരാണിക വൈദ്യശാസ്ത്രത്തിന്റെ ആഗോളവക്താവാകുകയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് 100-ാം വയസ്സിൽ അരങ്ങൊഴിയുമ്പോൾ ആയുർവേദത്തിനും ഭാരതീയ ചികിത്സാപാരമ്പര്യത്തിനും ആ വിടപറയൽ ആഘാതമാവുന്നത്.

ഒരു സ്ഥാപനത്തെ ഒരു നാടിന്റെയും രാജ്യത്തിന്റെതന്നെയും വിലാസമാക്കിയ നേതൃപാടവത്തിന്റെ ആൾരൂപമായിരുന്നു ഡോ. പി.കെ. വാരിയർ. 1902-ൽ വലിയമ്മാവൻ വൈദ്യരത്നം പി.എസ്.വാരിയർ തുടങ്ങിവെച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാലയെന്ന കൊച്ചുസ്ഥാപനത്തെ ലോകമാകെ പടർത്തിയത് പി.കെ. വാരിയരെന്ന പന്നിയമ്പള്ളി വാരിയത്തെ കൃഷ്ണൻകുട്ടി വാരിയരായിരുന്നു. വൈദ്യരത്നത്തിനുശേഷം അദ്ദേഹത്തിന്റെ മൂത്തമരുമകൻ മാധവവാരിയർ മാനേജിങ് ട്രസ്റ്റിയായി. അദ്ദേഹം ഒരു വിമാനാപകടത്തിൽ മരിച്ചപ്പോൾ 1954-ൽ അപ്രതീക്ഷിതമായാണ് പി.കെ. വാരിയർ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ നേതൃസ്ഥാനത്തേക്ക് വരുന്നത്.

എൻജിനിയറാവാൻ മോഹിച്ച കൃഷ്ണൻകുട്ടിയെ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെകൂടി സഹായത്തോടെയാണ് വീട്ടുകാർ നിർബന്ധിച്ച് വൈദ്യപഠനത്തിനയച്ചത്. അമ്മാവനും ജ്യേഷ്ഠനും തുടർന്നുവന്ന ആയുർവേദ പാരമ്പര്യത്തിന് ഒരു തുടർച്ചയുണ്ടാവണമെന്നായിരുന്നു അവരുടെ ആഗ്രഹം. അങ്ങനെ കോഴിക്കോട്ട് പി. എസ്. വാരിയർ സ്ഥാപിച്ച ആയുർവേദപാഠശാലയിൽ അദ്ദേഹം ആര്യവൈദ്യൻ കോഴ്‌സിന് ചേർന്നു. ലോകരാഷ്ട്രീയം കലുഷിതമായ കാലം. സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരേ വിദ്യാർഥികൾ തെരുവിലിറങ്ങിയപ്പോൾ നവലോകസൃഷ്ടി സ്വപ്നംകണ്ട കൃഷ്ണൻകുട്ടിയും ചെങ്കൊടിയുമായി പാഠശാലയിൽനിന്ന് പുറത്തിറങ്ങി. പഠനത്തിനുശേഷവും കമ്യൂണിസ്റ്റ് പാർട്ടിയുമായി ദൃഢമായ ബന്ധം അദ്ദേഹം സൂക്ഷിച്ചു. തനിക്കുശേഷം ആര്യവൈദ്യശാലയെ നയിക്കേണ്ട അനുജൻ വഴിതെറ്റിപ്പോകുന്നുണ്ടോ എന്ന ആശങ്ക കോൺഗ്രസുകാരൻകൂടിയായ മാധവവാരിയർക്കുണ്ടായിരുന്നു. എന്നാൽ, തന്റെ പ്രാഥമികകടമ രാജ്യത്തോടും ജനങ്ങളോടുമാണ് എന്നായിരുന്നു കൃഷ്ണൻകുട്ടിയുടെ നിലപാട്. അങ്ങനെയിരിക്കെയാണ് ജ്യേഷ്ഠൻ വിമാനാപകടത്തിൽ മരിക്കുന്നത്. അവിചാരിതമായി സ്ഥാപനത്തിന്റെ ചുമതല കൃഷ്ണൻകുട്ടിയുടെ ചുമലിലായി.

അങ്ങനെ കൃഷ്ണൻകുട്ടി വാരിയർ പി.കെ. വാരിയരായി. അദ്ദേഹത്തെ കാത്തിരുന്നത് വലിയ വെല്ലുവിളികളായിരുന്നു. ഒരു നാട്ടുവൈദ്യം എന്നതിലപ്പുറത്തേക്ക് ആയുർവേദത്തെ അറിഞ്ഞിട്ടില്ലാത്ത സമൂഹത്തിലേക്ക് ഈ പൗരാണികശാസ്ത്രത്തെ പരിചയപ്പെടുത്തുകയായിരുന്നു പ്രധാന ദൗത്യം. ഘട്ടംഘട്ടമായി വാരിയർ അത് നടപ്പാക്കി. കയ്ച്ചിട്ട് ഇറക്കാൻ മടിച്ച കഷായങ്ങൾ ഗുളികകളാക്കി. കൈകൾകൊണ്ട് ഉരുട്ടിയെടുത്തുള്ള ഗുളികനിർമാണം യന്ത്രവത്കരിച്ചു. പല മരുന്നുകളെയും ടാബ്‌ലറ്റുകളാക്കി. ഗുണമേൻമയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് പുതിയ കാലത്തിനനുസൃതമായ ഈ പരിവർത്തനം. അങ്ങനെ ആയുർവേദ ഔഷധങ്ങൾ കൂടുതൽ ജനകീയമായി. കോട്ടയ്ക്കൽ എന്ന കൊച്ചുഗ്രാമത്തിൽനിന്ന് ആര്യവൈദ്യശാല മറ്റുസംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും വളർന്നു. നൂറുകണക്കിന് ബ്രാഞ്ചുകളും ആശുപത്രികളും സ്ഥാപിക്കപ്പെട്ടു. ആയുർവേദരംഗത്തെ പുതിയ പഠനങ്ങളും ഗവേഷണങ്ങളും ജനങ്ങൾക്ക് പരിചയപ്പെടുത്താൻ ഒരു പബ്ലിക്കേഷൻ ഡിപ്പാർട്ട്‌മെന്റുതന്നെ തുടങ്ങി. ഔഷധസസ്യ ഗവേഷണത്തിനായി ടാറ്റയുമായി ചേർന്ന് പദ്ധതി നടപ്പാക്കി. പച്ചമരുന്നുകളിലെ വ്യാജൻമാരെ തിരിച്ചറിയാനുള്ള ശാസ്ത്രീയ സംവിധാനമൊരുക്കി.

സ്‌ട്രെച്ചറിൽക്കിടന്ന്‌ വന്നവർ ക്രച്ചസ് ഊന്നി നടന്നുപോകുന്ന കാഴ്ച കോട്ടയ്ക്കൽകാർക്ക് പുതുമയല്ലാതായപ്പോൾ ആയിരങ്ങളാണ് വാരിയരുടെ കൈപ്പുണ്യംതേടി ഇങ്ങോട്ടൊഴുകിയത്. അതിൽ രാജ്യത്തെ എല്ലാ മേഖലയിലെയും പ്രമുഖരുണ്ടായിരുന്നു. ലോകരാഷ്ട്രങ്ങളിലെ ഭരണാധികാരികളുണ്ടായിരുന്നു. അമ്മാവന്റെ പാത പിന്തുടർന്ന് വാരിയർ തന്റെ ആസ്ഥാനമായ കൈലാസമന്ദിരത്തിന്റെ കവാടം എല്ലാ ജാതിമതസ്ഥർക്കുമായി മലർക്കെ തുറന്നുവെച്ചു.

മുതലാളിയെന്ന ആലങ്കാരികസ്ഥാനം കൈയാളുമ്പോഴും ഒരു തൊഴിലാളിമനസ്സ് അദ്ദേഹം സൂക്ഷിച്ചിരുന്നു. തന്റെ ആത്മകഥയായ ‘സ്മൃതിപർവ’ത്തിൽ അദ്ദേഹം എഴുതി: ‘ഏതെങ്കിലും ഒരു തൊഴിലാളിയുടെ പ്രശ്നം എന്റെ മുന്നിൽ വന്നാൽ ഞാൻ അയാളുടെ സ്ഥാനത്തുനിന്ന് ചിന്തിക്കും. അപ്പോൾ അയാൾക്കുംകൂടി സ്വീകാര്യമായ പ്രശ്നപരിഹാരം തെളിയും.’ ഏഴുപതിറ്റാണ്ടോളം ഒരു മഹാപ്രസ്ഥാനത്തെ സ്തുത്യർഹമായി നയിച്ചതിന്റെ പിന്നിലെ മാനേജ്‌മെന്റ് തന്ത്രമായിരുന്നു അത്. ‘മാതൃഭൂമി’യുമായും അതിന്റെ അമരക്കാരുമായും എക്കാലവും നിർമലമായ ബന്ധം വാരിയർ സൂക്ഷിച്ചിരുന്നു. ഡോ. പി.കെ. വാരിയർക്ക് നൂറുവയസ്സ്‌ തികയുന്നതിന്റെ മുന്നോടിയായി അവസാനത്തെ അഭിമുഖം അദ്ദേഹം നൽകിയതും ‘മാതൃഭൂമി’ക്കുതന്നെ.

ആയുർവേദത്തെയും ആര്യവൈദ്യശാലയെയും പ്രതിനിധീകരിച്ച് ഒട്ടേറെ രാജ്യങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി, സെമിനാറുകളിൽ പങ്കെടുത്തു, പ്രബന്ധങ്ങൾ അവതരിപ്പിച്ചു. രാഷ്ട്രം പദ്‌മശ്രീയും പദ്മഭൂഷണും നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ആയുസ്സിന്റെ വേദമായ ആയുർവേദത്തിന്റെ മഹത്ത്വം തന്റെ സാർഥകമായ ദീർഘായുസ്സുകൊണ്ട് ലോകത്തിനുമുന്നിൽ അവതരിപ്പിച്ച ആ അപൂർവവൈദ്യന്റെ സ്മരണയ്ക്കുമുമ്പിൽ ‘മാതൃഭൂമി’ ശിരസ്സുനമിക്കുന്നു.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented