ഭരണകൂട നടപടികളിൽ നിയമപരമായ വീഴ്ചകൾ സംഭവിക്കുമ്പോൾ കോടതികൾ ഇടപെടാറുണ്ട്. എന്നാൽ, സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ കോടതികൾക്ക് എത്രത്തോളം ഇടപെടാമെന്നത്‌ അടുത്തകാലത്തായി ഏറെ ചർച്ചചെയ്യുന്ന വിഷയമാണ്. ഏറ്റവുമൊടുവിലിതാ കോവിഡുമായി ബന്ധപ്പെട്ട സർക്കാർനടപടികളിലും വിവിധ ഹൈക്കോടതികളും സുപ്രീംകോടതിയും ഇടപെടേണ്ടിവന്നു. രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു എന്ന്‌ വിവിധ കോണുകളിൽനിന്ന് വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ്‌ സുപ്രീംകോടതിയുടെ ഇടപെടൽ. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണമായ ഇത്തരം ഇടപെടലുകൾ ആവശ്യമായി വരുമെന്നാണ് സുപ്രീംകോടതിയുടെ പക്ഷം. അതേസമയം, മുമ്പില്ലാത്തവിധം ആഗോളതലത്തിലുണ്ടായ മഹാമാരിയെ ശാസ്ത്രീയോപദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ നേരിടുമ്പോൾ കോടതിയുടെ ഇടപെടൽ അപ്രവചനീയമായ പരിണതഫലങ്ങളുണ്ടാക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാൽ, ഈ സന്ദർഭത്തിൽ കോടതിയുടെ ഇടപെടൽ വിശാലമായ അർഥത്തിൽ എടുക്കുകയായിരുന്നു സർക്കാർ ചെയ്യേണ്ടിയിരുന്നത്. അധികാര പരിപ്രേക്ഷ്യങ്ങൾക്കപ്പുറം ജനനന്മയ്ക്കും സമൂഹനന്മയ്ക്കും വേണ്ടിയുള്ള ഇടപെടലാണ് കോടതി നടത്തിയതെന്ന് സാധാരണക്കാർ ധരിച്ചാൽ തെറ്റാവില്ല.

അടുത്തകാലത്തായി സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ഒട്ടുമിക്ക നയതീരുമാനങ്ങളും കോടതികയറിയിട്ടുണ്ട്. പൊതുതാത്പര്യ ഹർജികളായോ കോടതി തന്നെ സ്വമേധയാ ഇടപെട്ടുകൊണ്ടോ വിഷയം ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട സർക്കാർ നയങ്ങൾക്കെതിരേ ഒട്ടേറെ പരാതികളാണ് വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലുമെത്തിയത്. ഒടുവിൽ ഓക്സിജന്റെയും അവശ്യമരുന്നുകളുടെയും ക്ഷാമം നേരിട്ടതോടെയാണ് വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.

കോവിഡ് രണ്ടാംതരംഗം രൂക്ഷമായി തുടരുമ്പോഴാണ് ഓക്സിജനും അവശ്യമരുന്നുകളും ഉറപ്പുവരുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിനെ സഹായിക്കാൻ സുപ്രീംകോടതി ദേശീയ ദൗത്യസംഘമുണ്ടാക്കിയത്. കേന്ദ്ര കാബിനറ്റ് സെക്രട്ടറി കൺവീനറും ആരോഗ്യസെക്രട്ടറി എക്സ് ഒഫിഷ്യോ മെമ്പറുമായ 12 അംഗ സംഘത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മെഡിക്കൽ വിദഗ്ധരാണ് ബാക്കി പത്തുപേർ.

ഓക്സിജൻ ലഭ്യതയും വിതരണവുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ നിർദേശങ്ങൾ നൽകുക, സംസ്ഥാനങ്ങൾക്ക് ശാസ്ത്രീയവും യുക്തിപരവുമായി ഓക്സിജൻ വിതരണത്തിന് മാർഗരേഖയുണ്ടാക്കുക, ഭാവിയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പദ്ധതിയുണ്ടാക്കുക,  ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരുടെ ലഭ്യത വർധിപ്പിക്കാൻ നിർദേശം നൽകുക, തെളിവിന്റെ അടിസ്ഥാനത്തിലുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ദൗത്യങ്ങളാണ് സംഘത്തെ സുപ്രീംകോടതി ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ, ശാസ്ത്രീയവും വിദഗ്ധവുമായ ഉപദേശങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ മഹാമാരിയെ നേരിടുമ്പോൾ സുപ്രീംകോടതിയുടെ അത്യാവേശത്തോടെയുള്ള ഇടപെടൽ പാടില്ലെന്ന് കേന്ദ്രം പറയുന്നു. അസാധാരണമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ നയങ്ങളുണ്ടാക്കാൻ സർക്കാരിന് വിവേചനാധികാരം ആവശ്യമാണ്. അവിടെ കോടതിയുടെ ഇടപെടലിന് ഒരു സ്ഥാനവുമില്ലെന്ന് കേന്ദ്രസർക്കാർ വാദിക്കുന്നു.

ലോകാരോഗ്യസംഘടനയുടെ മാർഗരേഖയും ആഗോളതലത്തിൽ വിവിധ രാജ്യങ്ങളുടെ മാതൃകയുമെല്ലാം പരിശോധിച്ചാണ് സർക്കാരിന്റെ കോവിഡ് നയം. ദശാബ്ദങ്ങളെടുത്താണ് ഇതിന് മുൻപുള്ള വാക്സിനേഷനുകൾ രാജ്യം നടത്തിയത്. വാക്സിൻ വികസിപ്പിക്കാനും കമ്പനികൾക്ക് ധാരാളം സമയം ലഭിച്ചു. എന്നാൽ, ഇപ്പോഴത്തെ സ്ഥിതി അതല്ല. മുൻപെങ്ങുമില്ലാത്തവിധം അസാധാരണമായ പ്രതിസന്ധിയെ നേരിടുകയാണ്. ആഗോളതലത്തിൽത്തന്നെ കമ്പനികൾക്ക് വാക്സിൻ വികസിപ്പിക്കാനും വിതരണം ചെയ്യാനും സാവകാശം ലഭിച്ചിട്ടില്ല. അതിനാൽ പൊതുജനാരോഗ്യവും ക്ഷേമവും മുൻനിർത്തി സർക്കാർ മുന്നോട്ടുപോകുമ്പോൾ കോടതികൾ ഇടപെടരുതെന്ന് സർക്കാർ വാദിക്കുന്നു.

എന്നാൽ, സർക്കാരിന്റെ മറുപടി മുൻകൂട്ടി കണ്ടെന്നമട്ടിലാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ കഴിഞ്ഞ ദിവസത്തെ ഉത്തരവ്. ദൗത്യസംഘമുണ്ടാക്കിയത് ശരിയായ ഉപദേശ നിർദേശങ്ങൾ നൽകി സർക്കാരിനെ സഹായിക്കാനാണെന്ന് സുപ്രീംകോടതി പറഞ്ഞു. ഇതിൽ തെറ്റുപറയാനാവില്ല. 

വാക്സിനുകളുടെ മുൻഗണനാക്രമം, വില, കയറ്റുമതി, ഓക്സിജൻ ക്ഷാമം, അവശ്യമരുന്നുകളുടെ ലഭ്യത, ആശുപത്രി പ്രവേശനം തുടങ്ങി ഓരോ വിഷയവും കോടതികളുടെ പരിഗണനയിലിരിക്കുമ്പോഴാണ് ജുഡീഷ്യൽ ഇടപെടൽ ആശാസ്യമല്ലെന്ന വാദവുമായി കേന്ദ്രം രംഗത്തെത്തുന്നത്. ഒന്നുറപ്പാണ്, ലോകവും രാജ്യവും അസാധാരണ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തിൽ ജുഡീഷ്യറിയും എക്സിക്യുട്ടീവും പരസ്പരം തർക്കത്തിലേർപ്പെടുന്നതിനു പകരം യോജിച്ചുള്ള പ്രവർത്തനമാകും ജനങ്ങൾക്ക് ഗുണകരം. ഇക്കാര്യത്തിൽ ഒരു ബലാബല നീക്കം ഈ സന്ദർഭത്തിൽ ഉചിതമല്ല.