
10podcast
അകലം പാലിക്കുക എന്നത് ലോകത്താകെ ഉത്തരവാദപ്പെട്ടവർ ഉച്ചത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ആഹ്വാനമാണ്. പൊതുസ്ഥലത്തും പൊതുഗതാഗതസംവിധാനങ്ങളിലുമെല്ലാം അകലം കൂടിയേ കഴിയൂ എന്ന്. എന്നാൽ, ആളുകൾ തിക്കിത്തിരക്കി കയറുന്നില്ല എന്ന കാരണംപറഞ്ഞ് തീവണ്ടിസർവീസുകൾ റദ്ദാക്കുകയാണ് റെയിൽവേ. മഹാമാരിക്കാലത്തെ കരുതലിന്റെ ഭാഗമായി അത്യാവശ്യമുള്ളവർമാത്രം പുറത്തിറങ്ങുക എന്ന ഉപദേശമാണ് സർക്കാർ നൽകിക്കൊണ്ടിരിക്കുന്നത്. അത്യാവശ്യമുള്ളവർതന്നെ ധാരാളമായതിനാലാണ് നിയന്ത്രണങ്ങളോടെ പൊതുഗതാഗതസംവിധാനം പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്.
ലോക്ഡൗൺ ഭാഗികമായി പിൻവലിച്ചിട്ടും വളരെക്കുറച്ച് തീവണ്ടികൾമാത്രമാണ് സർവീസ് നടത്തുന്നത്. ദീർഘദൂര ബസ് സർവീസുകളുടെ എണ്ണവും കുറവാണ്. വിവിധ ജില്ലയിലെ തൊഴിൽശാലകളിൽ പണിയെടുക്കുന്നവർ, സർക്കാർ ജീവനക്കാർ, മറ്റുജില്ലകളിലെ ആശുപത്രികളിൽ ചികിത്സയ്ക്ക് പോകേണ്ടവർ എന്നിങ്ങനെ ദീർഘദൂരയാത്ര ഒഴിവാക്കാൻ കഴിയാത്തവർ ഏറെയുണ്ട്. തീവണ്ടിയാണ് അവർക്ക് പ്രധാന ആശ്രയം. സംസ്ഥാനത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെയുള്ളവർക്ക് ഏറെ സഹായകമായിരുന്ന മലബാർ എക്സ്പ്രസും മാവേലി എക്സ്പ്രസും പരശുറാമും ലോക്ഡൗൺമുതൽ മാസങ്ങളായി സർവീസ് നടത്തുന്നില്ല.
അത്യാവശ്യമായി യാത്രചെയ്തേതീരൂ എന്നുള്ളവർക്ക് ജനശതാബ്ദിയും വേണാടുമാണ് അല്പമെങ്കിലും ആശ്രയം. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള ജനശതാബ്ദി എക്സ്പ്രസും തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള വേണാട് എക്സ്പ്രസുമാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി യാത്രക്കാർക്ക് ആശ്വാസമായിരുന്നത്. ലോക്ഡൗൺ ഇളവുവരുത്തിയശേഷം രാജ്യത്താകെ സർവീസ് തുടങ്ങിയ തീവണ്ടികളിൽ ഏഴെണ്ണം നിർത്തലാക്കാൻ തീരുമാനിച്ചതിൽ വേണാടും ജനശതാബ്ദിയും ഉൾപ്പെടുന്നു. ഇതുമൂന്നും നിർത്തിയാൽപ്പിന്നെ കേരളത്തിലൂടെ സർവീസ് നടത്തുന്ന ഒരു വണ്ടിമാത്രമാണ് ബാക്കിയുണ്ടാവുക- മംഗള എക്സ്പ്രസ്. ലോക്ഡൗണിന് ഇളവുവരുത്തിയശേഷം സർവീസ് തുടങ്ങിയെങ്കിലും പിന്നീട് നിർത്തിവെച്ച നേത്രാവതി പുനരാരംഭിച്ചിട്ടില്ല. കോവിഡ് വ്യാപനം കേരളത്തെക്കാൾ രൂക്ഷമായ തമിഴ്നാട്ടിൽ കർശനമായ നിയന്ത്രണങ്ങളോടെ സംസ്ഥാനത്തിനകത്തുള്ള തീവണ്ടി സർവീസ് നടക്കുന്നുണ്ട്.
കേരളത്തിൽ മൂന്ന് തീവണ്ടികളുടെ സർവീസ് നിർത്തിവെക്കുന്നതിന് പറയുന്ന കാരണം യുക്തിക്കുനിരക്കുന്നതല്ല. 25 ശതമാനത്തിൽ കുറവേ യാത്രക്കാരുള്ളൂവെന്നാണ് റെയിൽവേ പറയുന്നത്. ആ വിശദീകരണംപോലും ജനശതാബ്ദിയുടെ കാര്യത്തിൽ വസ്തുതയല്ലെന്നാണ് വിവിധ ദിവസങ്ങളിലെ അനുഭവം വ്യക്തമാക്കുന്നത്. ഓൺലൈൻ ടിക്കറ്റ് റിസർവേഷന്റെ നില പരിശോധിച്ചാൽ റെയിൽവേയുടെ വാദം യാഥാർഥ്യമല്ലെന്ന് വ്യക്തമാവും. ചില ദിവസങ്ങളിലെ കാര്യംമാത്രം നോക്കി യാത്രയ്ക്ക് ആളേയില്ലെന്ന് പറയുന്നത് ശരിയല്ല.
പൊതുഗതാഗതത്തിനുള്ള സംവിധാനങ്ങൾ കേവലം ലാഭത്തിൽ ഊന്നുന്നതാവരുത്. ജനങ്ങളുടെ നികുതിപ്പണംകൊണ്ട് കെട്ടിപ്പടുക്കുന്നതാണ് പൊതുഗതാഗതസംവിധാനങ്ങളും. യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് സർവീസ് നഷ്ടത്തിലാക്കുമെന്ന് പൊതുമേഖലാസ്ഥാപനംതന്നെ പറയുമ്പോൾ സ്വകാര്യമേഖലയുടെ നിലപാടെന്തായിരിക്കുമെന്ന് ഓർക്കേണ്ടതാണ്. മഹാമാരിക്കാലമാണ്, യാത്രക്കാരുടെ എണ്ണത്തിൽ ക്രമേണയെ വർധനയുണ്ടാകാനിടയുള്ളൂ. ഒരുദിവസത്തെയോ ഒരാഴ്ചത്തെയോ കണക്കെടുത്ത് ആളുകൾ കുറവാണെന്ന് വിലയിരുത്തി സർവീസ് നിർത്തുന്നതിന് ന്യായീകരണമേയില്ല. ലോക്ഡൗണിന് ഇളവുവരുത്തിയപ്പോൾ വിവിധ സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ നിയന്ത്രണങ്ങളോടെ സർവീസ് പുനരാരംഭിച്ചതിന്റെ അനുഭവമെങ്കിലും റെയിൽവേ പരിശോധിക്കണമായിരുന്നു. ആദ്യ ആഴ്ചകളിൽ യാത്രക്കാർ കുറവായിരുന്നെങ്കിലും ക്രമേണ യാത്രക്കാർ വർധിച്ചു. പൊതുജനോപകാരപ്രദമായ സേവനമേഖലയെന്ന നിലയിലുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു, കനത്ത നഷ്ടം സഹിച്ചുകൊണ്ട് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ. തിരുവനന്തപുരത്ത് ആർ.സി.സി.പോലുള്ള ആതുരാലയങ്ങളിൽ ചികിത്സയ്ക്ക് പോകേണ്ടവരടക്കമുള്ള ആയിരക്കണക്കിനാളുകളുടെ ആശ്രയമാണെന്നുകണ്ട് ജനശതാബ്ദിയും വേണാടുമടക്കമുള്ള ട്രെയിനുകളുടെ സർവീസ് തുടരാനും മലബാർ, മാവേലി എന്നിവയിൽ ഒരു വണ്ടിയുടെ സർവീസെങ്കിലും വേഗത്തിൽ പുനരാരംഭിക്കാനും നടപടിയെടുക്കണം. ചെന്നൈയിലേക്ക് തത്കാലം വടക്കുനിന്നും തെക്കുനിന്നും ഓരോ വണ്ടി ഓടിക്കാനും റെയിൽവേ തയ്യാറാകണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..