കോവിഡ് മഹാമാരിയിൽ ഉലയുന്ന സമ്പദ്‌മേഖലയെ പുനരുദ്ധരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി 20 ലക്ഷം കോടിയുടെ ‘ആത്മനിർഭർ ഭാരത്’ പദ്ധതി പ്രഖ്യാപിച്ചപ്പോൾ അതെങ്ങനെയെന്ന് പലരും പുരികമുയർത്തിയതാണ്. കോവിഡ് താത്‌കാലികമായ ഒരു വിനയല്ല, ആമൂലാഗ്രം ബാധിക്കുന്ന നാശകാരിയാണെന്ന തിരിച്ചറിവിൽ ഹ്രസ്വകാലത്തേക്കുള്ള നടപടികളെക്കാൾ ദീർഘകാലപരിഹാരങ്ങൾക്ക് ഊന്നൽനൽകുകയായിരുന്നുവെന്നാണ് സർക്കാർ വ്യക്തമാക്കിയത്. ആത്മനിർഭർ ഭാരതിന്റെ നാലാമത് പത്രസമ്മേളനത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ, പ്രതിരോധമേഖലയിൽ ദേശീയ വ്യവസായങ്ങൾക്ക് ഉണർവുനൽകുമെന്നാണ് പ്രഖ്യാപിച്ചത്. അത് യാഥാർഥ്യമാക്കുന്നതിനുള്ള സുദൃഢമായ ചുവടുവെപ്പാണ് ഞായറാഴ്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നടത്തിയിരിക്കുന്നത്. സൈനികാവശ്യങ്ങൾക്കുള്ള നൂറ്റൊന്നോളം ഉത്‌പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്നാണ് പ്രഖ്യാപനം. ആഭ്യന്തരമായി നിർമിക്കാവുന്ന തോക്കുകൾ, റഡാറുകൾ, കവചിതവാഹനങ്ങൾ, ഇടത്തരം ഹെലികോപ്റ്ററുകൾ എന്നിവയെല്ലാം ഇനി ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനും അങ്ങനെ സ്വാശ്രയത്വത്തിലേക്ക് മുന്നേറാനുള്ള ശ്രമവുമാണ് പ്രതിരോധമന്ത്രിയുടെ വാക്കുകളിൽ തെളിഞ്ഞത്.
പ്രതിരോധമേഖലയിൽ ഇറക്കുമതി പൂർണമായി ഒഴിവാക്കൽ എളുപ്പമായ കാര്യമല്ല. പ്രതിരോധവകുപ്പിനുകീഴിൽ എട്ട് പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളും 41 ആയുധനിർമാണശാലകളും (ഓർഡനൻസ് ഫാക്ടറികൾ) ഉണ്ടെങ്കിലും അതിൽ പലതും രാഷ്ട്രം ആഗ്രഹിക്കുന്നതരത്തിൽ മേന്മയിൽ ഔന്നത്യം ഇനിയും നേടേണ്ടതായിട്ടുണ്ട്. ഹെലികോപ്റ്ററുകളടക്കം സൈനികാവശ്യത്തിനുള്ള വിമാനങ്ങളെല്ലാം ഇറക്കുമതിചെയ്യേണ്ടതായിത്തന്നെ വരികയാണ്. രാജ്യത്തിന്റെ ഇറക്കുമതിയിൽ വലിയൊരു ഭാഗം പ്രതിരോധാവശ്യത്തിനുള്ള ഉപകരണങ്ങളാണെന്നതിനാൽ അതുമായി ബന്ധപ്പെട്ട പലതരം ആരോപണങ്ങൾ നിരന്തരം വലിയ കോലാഹലങ്ങളുണ്ടാക്കാറുമുണ്ട്. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ ആർക്കും പിറകിലല്ലാതിരുന്നിട്ടും യുദ്ധസാമഗ്രികൾ വൻതോതിൽ ഇറക്കുമതിചെയ്യേണ്ടിവരുന്നുവെന്നത് നല്ല കാര്യമല്ല. സൈനികബജറ്റിൽ അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിറകേയുള്ള ഇന്ത്യ സൈനികാവശ്യങ്ങൾക്കുള്ള വാഹനം, ആയുധം എന്നിവയടക്കമുള്ള സാമഗ്രികളുടെ ഇറക്കുമതിയിൽ സൗദി അറേബ്യയുടെ പിറകിൽ രണ്ടാംസ്ഥാനത്താണ്. പ്രതിരോധസാമഗ്രികളുടെ കയറ്റുമതിയിൽ ഇപ്പോൾ 25-ൽ 23-ാം സ്ഥാനത്താണ്. 4.71 ലക്ഷം കോടി രൂപയാണ് നടപ്പു ബജറ്റിൽ പ്രതിരോധത്തിനായി മാറ്റിവെച്ചത്. പെൻഷൻതുക മാറ്റിനിർത്തിയാൽ ഇത് രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ 1.5 ശതമാനം മാത്രമാണ്.
ഇത് മാറ്റിയെടുക്കുന്നതിനുള്ള ദീർഘകാലപദ്ധതിക്കാണ് ഇപ്പോൾ തുടക്കംകുറിക്കുന്നത്. 2025 ആകുമ്പോഴേക്കും സൈനികോപകരണങ്ങളുടെ കാര്യത്തിൽ രാജ്യത്തെ വലിയരളവോളം സ്വാശ്രയത്വത്തിലെത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ ആയുധ-പ്രതിരോധ സാമഗ്രി ഉത്പാദനം വൻതോതിൽ വർധിപ്പിക്കുകയും കയറ്റുമതി, ഉത്പാദനത്തിന്റെ ഇപ്പോഴുള്ള അഞ്ചുശതമാനമെന്നത് 20 ശതമാനത്തിലെത്തിക്കുകയും ലക്ഷ്യമാക്കുന്നു. ചില സാമഗ്രികളുടെ ഉത്പാദനം പൂർണമായും ഇവിടേക്കുമാറ്റണമെങ്കിൽ സാങ്കേതികവിദ്യയും വൈദഗ്ധ്യവുമുള്ള വിദേശകമ്പനികളുടെ പങ്കാളിത്തം വേണ്ടിവരും. പ്രതിരോധമേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപം 49 ശതമാനത്തിൽനിന്ന് 74 ശതമാനമാക്കി ഉയർത്തിയതിന് ന്യായീകരണമായി പറയുന്നത് ഇതാണ്. പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിൽ പണിയെടുക്കുന്നവരുടെ താത്‌പര്യം സംരക്ഷിച്ചുകൊണ്ടുകൂടിയാവണം ഇത്.
ഏറ്റവും പ്രധാനമായിട്ടുള്ളത് ലോകോത്തര സാങ്കേതികവിദ്യയും നിർമാണപാടവവും സമയക്ലിപ്തതയും കാര്യക്ഷമതയുമാണ്. പ്രതിരോധമേഖലയിലെ പൊതുമേഖലാസ്ഥാപനങ്ങളും ഓർഡനൻസ് ഫാക്ടറികളും ആ നിലയിലേക്ക് ഉയർത്തുന്നതിനാവശ്യമായ നടപടികളുണ്ടാകണം. ഈ രംഗത്തെ സ്വകാര്യ സംരംഭകർക്കും പ്രോത്സാഹനം നൽകേണ്ടതാണ്. പ്രതിരോധാവശ്യങ്ങൾക്കുള്ള സാമഗ്രികൾ തിരഞ്ഞെടുക്കുന്നതിലും വാങ്ങുന്നതിലും വേഗക്കുറവുണ്ടാകുന്നുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആഭ്യന്തരമായി ഉത്പാദനം വർധിപ്പിച്ച് സ്വാശ്രയത്വംനേടുക, കയറ്റുമതി വർധിപ്പിക്കുക-ഈ ലക്ഷ്യത്തോടെ സമയബന്ധിതമായ നീക്കം നടത്തുന്നത് രാജ്യത്ത് തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും പ്രതീക്ഷിക്കാം.