വികസന-ബൗദ്ധിക തലങ്ങളിൽ ഔന്നത്യം അവകാശപ്പെടുന്ന കേരളത്തിന്റെ സാമൂഹികജീർണതകൾ തുറന്നുകാട്ടുന്നതായിരുന്നു സ്ത്രീധനത്തിന്റെ പേരിൽ കഴിഞ്ഞദിവസങ്ങളിൽ സംഭവിച്ച ഹത്യകൾ. അറുപതുവർഷംമുമ്പ് സ്ത്രീധനനിരോധനനിയമം നിലവിൽവന്ന സംസ്ഥാനത്താണ് ഈ അറുപിന്തിരിപ്പൻ ദുരാചാരം മറയില്ലാതെ നടന്നുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കേരള സ്ത്രീധനനിരോധന നിയമപ്രകാരം 2004 മുതൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ സംസ്ഥാനസർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചത്. വിവാഹസമയത്ത്‌ വധുവിന് നൽകുന്ന സമ്മാനങ്ങളുടെ പട്ടിക വിവാഹരജിസ്റ്ററിൽ ഉൾപ്പെടുത്തുക, സ്ത്രീധനമരണത്തിന് ഉത്തരവാദികളായവരിൽനിന്ന്‌ നഷ്ടപരിഹാരം ഈടാക്കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ച് ഡോ. ഇന്ദിരാ രാജൻ നൽകിയ പൊതുതാത്‌പര്യഹർജി പരിഗണിച്ചാണ് കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചത്.

പ്രാദേശിക സ്ത്രീധനനിരോധന ഓഫീസറെ നിയമിക്കാത്തതിന്റെ കാരണം ബോധ്യപ്പെടുത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 2004-ലെ സ്ത്രീധനനിരോധനനിയമപ്രകാരം ഇത്തരമൊരു ഓഫീസറെയും ഉപദേശകബോർഡിനെയും നിയമിക്കേണ്ടതുണ്ട്. എന്നാൽ, ഇതുണ്ടായിട്ടില്ല. നിർഭാഗ്യകരമായ ഒരു വീഴ്ചയാണിത്. യുവജന കമ്മിഷനും വനിതാകമ്മിഷനും മുറയ്ക്കുണ്ടെങ്കിലും അവയ്ക്കൊന്നും നിലവിൽ ഇക്കാര്യത്തിൽ ക്രിയാത്മകമായി ഒന്നും ചെയ്യാൻപറ്റുന്നില്ല എന്നതാണ് യാഥാർഥ്യം. ഇത്തരം ദുരവസ്ഥകളോടുള്ള ദയയില്ലാത്ത സമീപനത്തിന്റെ പേരിൽ വനിതാകമ്മിഷൻ സാരഥിക്ക് സ്ഥാനമൊഴിയേണ്ടിവന്നത് നാം കണ്ടു. കേവലം ക്രമസമാധാനപ്രശ്നം എന്ന നിലയിൽ പരാതി കൊടുത്തു കൈകാര്യംചെയ്യേണ്ട ഒന്നാണ് ഈ സാമൂഹികവിപത്ത് എന്ന ധാരണ വെച്ചുപുലർത്തുകയാണ് ഈ സ്ഥാനങ്ങളിൽ എത്തുന്നവർപോലും. 

സാമൂഹിക നവോത്ഥാനപ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും യുക്തിയുടെ ചാലുകീറിയ കേരളത്തിന്റെ മണ്ണിൽ പക്ഷേ, സ്ത്രീധനമെന്ന കച്ചവടവിപണി തഴച്ചുവളരുന്നത് എന്തുകൊണ്ടെന്നത് ആഴത്തിൽ വിശകലനംചെയ്യേണ്ട കാര്യമാണ്. സ്വത്തുവീതംകൊടുത്ത്‌ പറഞ്ഞുവിടുന്ന ന്യായംമുതൽ നല്ല ബന്ധത്തിനായുള്ള സമ്മാനം എന്ന രീതിയിൽവരെ പെൺകുട്ടികളെ കച്ചവടവസ്തുക്കളാക്കുന്ന ഈ പ്രാകൃതരീതിയെ ചോദ്യംചെയ്യാൻ കേരളീയസമൂഹം പലപ്പോഴും നിസ്സംഗത കാണിക്കുന്നു. കാലം മാറിയാലും വിദ്യാസമ്പന്നയായാലും വിവാഹക്കച്ചവടത്തിൽ പൊന്നിനും പണത്തിനുമൊപ്പം തൂക്കിനോക്കാനുള്ള ഉരുപ്പടിമാത്രമായി പലപ്പോഴും പെൺകുട്ടികൾ മാറുന്നു. സ്ത്രീധനം തരില്ല എന്നുപറയാനുള്ള ആർജവം രക്ഷിതാക്കളും സ്ത്രീധനത്തിൽ തൂക്കമൊപ്പിക്കുന്ന വിവാഹം വേണ്ടെന്നുവെക്കാൻ പെൺകുട്ടികളും തയ്യാറായാൽമാത്രമേ ഈ കച്ചവടത്തിന്‌  അറുതിയുണ്ടാവൂ. സജീവ യുവജനപ്രസ്ഥാനങ്ങളുള്ള സംസ്ഥാനത്ത്  ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ നടത്താൻ അവർക്കുസാധിക്കണം. സ്ത്രീധനം ആവശ്യപ്പെടുന്നവരെ ചോദ്യംചെയ്യാനും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും സമൂഹത്തിനുമുന്നിൽ തുറന്നുകാണിക്കാനും യുവജനപ്രസ്ഥാനങ്ങൾ മുൻകൈയെടുക്കണം. വിധവാവിവാഹവും മിശ്രവിവാഹവും ദശാബ്ദങ്ങൾക്കുമുമ്പേതന്നെ പ്രോത്സാഹിപ്പിച്ച കേരളത്തിൽ വിവാഹജീവിതം രണ്ടുവ്യക്തികൾതമ്മിലുള്ള അടിമ-ഉടമ ബന്ധമല്ലെന്നും അത് തുല്യമായ പങ്കുവെപ്പാണെന്നുമുള്ള മൂല്യബോധം യുവാക്കളിൽ വളർത്തിയെടുക്കുന്നതിൽ നാം പരാജയപ്പെട്ടു എന്നത് ഖേദകരമാണ്. അടിസ്ഥാന വിദ്യാഭ്യാസതലംമുതൽ ഇക്കാര്യത്തിൽ അവബോധം വളർത്തിയെടുക്കാനുള്ള സംവിധാനം അടിയന്തരമായി നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. ശരിയായ ലൈംഗികവിദ്യാഭ്യാസവും ദുരാചാരങ്ങൾക്കെതിരേയുള്ള ബോധവത്കരണവും നമ്മുടെ പാഠ്യപദ്ധതിയൽ ഉൾച്ചേർക്കാൻ ഇനിയും വൈകിക്കൂടാ. 

ചൈൽഡ്‌ലൈൻ മാതൃകയിൽ ഒരു ക്രമീകരണം രൂപവത്കരിക്കുന്നതായി സർക്കാരിന്റെ ആലോചനയിലുണ്ടെന്നത് നല്ലകാര്യമാണ്. അതിലൂടെ ലഭ്യമാവുന്ന വിവരങ്ങളിൽ ഉടനടിയുള്ള നടപടികളും ഉണ്ടാവണം.  കോടതിയുടെ നിർദേശം അടിയന്തരമായി പരിഗണിച്ച് കൂടുതൽ സത്വരനടപടികൾ കൈക്കൊള്ളാൻ സർക്കാർ തയ്യാറാവണം. ഇനിയൊരു പെൺകുട്ടിയുടെയും ജീവൻ ഈ അത്യാചാരത്തിന്റെ പേരിൽ ഇല്ലാതായിക്കൂടാ.