ചട്ടങ്ങളുടെ പഴുതും മരംകൊള്ളയും


ഇപ്പോൾ നടന്ന മരംകൊള്ള സംബന്ധിച്ച് റവന്യൂ, വനം, പോലീസ് വകുപ്പുകളുടെ സംയുക്ത പരിശോധന സംസ്ഥാനവ്യാപകമായി

Podcast

വയനാട്ടിൽ മേപ്പാടി വനമേഖലയിലെ മുട്ടിൽ വില്ലേജിൽ ഭൂപതിവ് നിയമപ്രകാരം പതിച്ചുനൽകിയ പട്ടയഭൂമിയിൽനിന്ന്‌ നിക്ഷിപ്ത മരങ്ങൾ മുറിച്ചുകടത്തിയത് ഒറ്റപ്പെട്ട ഒന്നല്ല. സമാനരീതിയിൽ മറ്റു ചില ജില്ലകളിലും പട്ടയഭൂമിയിലെ നിക്ഷിപ്തമരങ്ങൾ മുറിച്ചുകടത്തിയ സംഭവങ്ങളുണ്ടായി. മുട്ടിൽ വില്ലേജിൽ സർക്കാർ കണക്കുപ്രകാരംതന്നെ ഏകദേശം 10 കോടി രൂപ വിലവരുന്ന 101 മരങ്ങളാണ് മുറിച്ചുകടത്തിയത്. സാങ്കേതികമായി സ്ഥലഉടമകളുടെ അനുമതിയോടെയാണ് വിൽപ്പനയെങ്കിലും നടന്നത് പരസ്യമായ കൊള്ളതന്നെയാണ്. വയനാട്ടിൽ 101 മരമാണെങ്കിൽ മറ്റ് അഞ്ച് ജില്ലകളിലായി അഞ്ഞൂറോളം ഈട്ടി, തേക്ക് മരങ്ങൾ മുറിച്ചുകടത്തിയിട്ടുണ്ടാവുമെന്നാണ് വനം വകുപ്പധികൃതർതന്നെ പറയുന്നത്. നൂറുകോടിയോളം രൂപയുടെ മരങ്ങൾ മുറിച്ചിടുകയും അതിൽ ഭൂരിഭാഗവും വിൽപ്പന നടത്തുകയും ചെയ്തത് അധികാരികളുടെ ഒത്താശയോടെയല്ലെന്ന് കരുതാനാവില്ല. പട്ടയ ഉടമകളായ പാവപ്പെട്ടവർക്ക് നിസ്സാരമായ തുക നൽകി കബളിപ്പിച്ചാണ് കൊള്ള നടത്തുന്നത്. ഉത്തരവുകളുടെ മറവിൽ നടന്ന തന്ത്രപരമായ കൊള്ളയാണിത്.

സർക്കാർഭൂമിയും പ്രകൃതിവിഭവങ്ങളുമെല്ലാം കാത്തുസൂക്ഷിക്കാൻ ചുമതലപ്പെട്ട റവന്യൂ വകുപ്പിന്റെ ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥന്റെ ഉത്തരവിന്റെ ബലത്തിലോ മറവിലോ ആണ് ഈ കൊള്ള നടന്നതെന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. മൂന്നാറിലും മറ്റും വ്യാജപട്ടയത്തിന്റെ മറവിൽ നടന്ന ഭൂമി തട്ടിയെടുക്കലിന്റെയും അവിടെനിന്നുള്ള മരംകൊള്ളയുടെയും രീതിയിൽനിന്ന് വളരെയൊന്നും വ്യത്യസ്തമല്ല നിക്ഷിപ്ത മരംകൊള്ള. കിടപ്പാടമില്ലാത്തതിനാൽ അർഹതപ്രകാരം സർക്കാരിൽനിന്ന് ഭൂമി അനുവദിച്ചുകിട്ടിയ പാവപ്പെട്ട ഗുണഭോക്താക്കളെ പ്രലോഭിപ്പിച്ചും കബളിപ്പിച്ചും വലിയ കൊള്ള നടത്തുന്നതായുള്ള വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 1964-ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചുനൽകിയ ഭൂമികളിലെ ചന്ദനം ഒഴിച്ചുള്ള മരം മുറിക്കാൻ സ്ഥലത്തിന്റെ ഉടമകളെ അനുവദിച്ചുകൊണ്ട് റവന്യൂവകുപ്പ് അസാധാരണമായ ഉത്തരവ് നൽകിയതിന്റെ സാഹചര്യം ഇതേവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല.

മരം മുറിക്കാൻ അനുമതി ലഭിക്കുന്നില്ലെന്ന ഭൂവുടമകളുടെ ശരിയായ പരാതികൾ സർക്കാരിന് ലഭിച്ചിട്ടുണ്ടാവാം. പട്ടയഭൂമിയിലെ നിക്ഷിപ്തമല്ലാത്ത മരങ്ങൾ നിയമാനുസൃതം മുറിക്കാൻ അനുമതി ചോദിക്കുമ്പോൾ അനാവശ്യമായി തടയുന്ന സംഭവങ്ങളുണ്ടാകാറുണ്ട്. അത്തരം പരാതികളുണ്ടാവുമ്പോൾ പട്ടയ ഉടമകൾക്കനുകൂലമായി നിയമാനുസൃതം നടപടിയുണ്ടാവേണ്ടതാണ്‌. എന്നാൽ, അത്തരം പരാതികളിൽ പലതിന്റെ പിന്നിലും അതിന്റെ മറവിലുള്ള ഉത്തരവുകൾക്ക് പിന്നിലും ചതി പതിയിരിക്കുന്നുണ്ടാവാം. പട്ടയഭൂമിയിലെ മരംമുറി തടഞ്ഞാൽ കർശനനടപടിയുണ്ടാകുമെന്ന, അസാധാരണമായ ഊന്നൽ നൽകിയുള്ള റവന്യൂ വകുപ്പിന്റെ 2020 ഒക്ടോബർ 24-ന്റെ ഉത്തരവ് സംശയാസ്പദമാകുന്നത്, അതിനെത്തുടർന്ന് വ്യാപകമായി മരംകൊള്ള നടന്നതുകൊണ്ടാണ്. മുട്ടിൽ വില്ലേജിൽ നടന്ന മരംകൊള്ള കണ്ടെത്തി നടപടിയെടുക്കാൻ വനം വകുപ്പിന്റെ റെയ്‌ഞ്ച് ഉദ്യോഗസ്ഥർ നടത്തിയ ശ്രമത്തെ നിരുത്സാഹപ്പെടുത്തുന്നതിനോ കുതികാൽവെട്ടുന്നതിനുപോലുമോ ചില മേലുദ്യോഗസ്ഥർ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമുണ്ടായി.

റവന്യൂ വകുപ്പിന്റെ അപക്വമായ ഉത്തരവ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും പിന്നീട് വകുപ്പധികൃതർതന്നെ പിൻവലിക്കുകയും ചെയ്തിട്ടും മുറിച്ചിട്ട മരങ്ങൾ പെരുമ്പാവൂരിലെ മില്ലിലെത്തിക്കാൻ സാധിച്ചെന്നത് പ്രതികൾക്ക് ഏതോ ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് പിന്തുണ ലഭിച്ചിട്ടുണ്ടെന്നതിന് തെളിവാണ്. മരം മുറിക്കുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ദുരുപയോഗിക്കാനുള്ള സാധ്യത വ്യക്തമായതിനെത്തുടർന്ന് അത് പിൻവലിച്ചിട്ടും ഉത്തരവ് പ്രാബല്യത്തിലുണ്ടായ മൂന്നേകാൽ മാസത്തിനിടയിൽ നിയമലംഘനമുണ്ടായോ എന്ന പരിശോധനയുണ്ടായില്ല.

പതിച്ചുനൽകിയ ഭൂമിയിലെ നിക്ഷിപ്ത മരങ്ങൾ സംബന്ധിച്ച് ശരിയായ രജിസ്റ്റർ റവന്യൂ വകുപ്പിന്റെയും വനം വകുപ്പിന്റെയും കൈയിലുണ്ടാകണം. അതേസമയം, പതിച്ചുനൽകിയ ഭൂമിയിലെ മറ്റ് മരങ്ങളും വിഭവങ്ങളും യഥേഷ്ടം ഉപയോഗിക്കുന്നതിന് പട്ടയ ഉടമകൾക്കുള്ള അവകാശം അനുവദിച്ചുകൊടുക്കുകയുംവേണം. അനാവശ്യ തടസ്സങ്ങളുന്നയിച്ച് അവർക്ക് പ്രയാസം സൃഷ്ടിക്കരുത്. ഇപ്പോൾ നടന്ന മരംകൊള്ള സംബന്ധിച്ച് റവന്യൂ, വനം, പോലീസ് വകുപ്പുകളുടെ സംയുക്ത പരിശോധന സംസ്ഥാനവ്യാപകമായി നടത്തി സത്യം പൂർണമായും പുറത്തുകൊണ്ടുവരുകയും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കുകയും വേണം. അതോടൊപ്പം ചട്ടങ്ങളിൽ വ്യക്തത വരുത്തുന്നതിന് റവന്യൂവകുപ്പ് നടപടി സ്വീകരിക്കുകയും വേണം.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented