
10podcast
പരീക്ഷായോഗ്യതയോടൊപ്പം നാലോ അഞ്ചോ വർഷത്തെ പ്രവൃത്തിപരിചയംകൂടി നോക്കിയാണ് പല ജോലികൾക്കും ആളെ എടുക്കുന്നത്. ജോലികിട്ടാതെ എങ്ങനെയാണ് പ്രവൃത്തിപരിചയമുണ്ടാവുക എന്ന ചോദ്യമാണ് അപ്പോഴൊക്കെ പതിഞ്ഞ ശബ്ദത്തിൽ ഉയർന്നുവരാറുള്ളത്. ഭരണരംഗങ്ങളിലും അലിഖിതമായി എല്ലാപാർട്ടികളും പ്രവൃത്തിപരിചയം പ്രധാന മാനദണ്ഡമാക്കാറുണ്ട്. പേരിന് ഏതാനും പുതുമുഖങ്ങളെയും ഭൂരിഭാഗവും അതിപരിചയസമ്പന്നരെയും തിരഞ്ഞെടുപ്പ് മത്സരരംഗത്തിറക്കുകയെന്നതാണ് പൊതുവേ കണ്ടുവരുന്നത്.
നഹുഷപുരാണത്തിലെ യയാതിയെപ്പോലെ പ്രതീകാത്മകമായി വാർധക്യം യുവത്വവുമായി വെച്ചുമാറുന്നത്ര തീവ്രമായ അധികാരഭ്രമത്തിന്റെ എത്രയോ ഉദാഹരണങ്ങൾ ലോകരാഷ്ട്രീയത്തിൽ ഉള്ളതാണ്. അധികാരവും പദവികളും എത്ര പ്രായമായാലും മടുപ്പിക്കുന്നില്ലെന്നതാണ് കണ്ടുവരുന്ന അനുഭവം. കൂടുതലും യുവാക്കളും ഒപ്പം പരിചയസമ്പന്നരും ചേർന്ന ഒരുനിരയെ മത്സരരംഗത്ത് അണിനിരത്തുക എന്നതിലേക്ക് ഇന്ത്യയിലെ, കേരളത്തിലെ പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകൾ പക്വതയാർജിച്ചിട്ടില്ല. ചില രാഷ്ട്രീയപ്പാർട്ടികളുടെ പോഷകസംഘടനകളായ യുവജന-വിദ്യാർഥി സംഘടനകൾ മതിയായ പ്രാതിനിധ്യം നൽകണമെന്ന് ഓരോ തിരഞ്ഞെടുപ്പുവേളയിലും പരസ്യമായി ആവശ്യപ്പെടാറുണ്ടെങ്കിലും തഴക്കവും പഴക്കവും വന്ന മണ്ഡലത്തിലെ ‘മാണിക്യ’ങ്ങൾതന്നെ ഒടുവിൽ പട്ടികയിൽ ഇടംപിടിക്കുകയാണ് പതിവ്. നിശ്ചയമായും പരിചയസമ്പന്നരായ നേതാക്കൾ ജനപ്രതിനിധിസഭകളിലും ഭരണസമിതികളിലും വേണം. പക്ഷേ, ഭൂരിഭാഗവും അവരായിക്കൂടാ. രാഷ്ട്രീയത്തിൽ വിരമിക്കൽ പ്രായമില്ല, ജനസേവനം കഴിയാവുന്നത്രകാലം തുടരണം എന്ന വിശദീകരണം പല നേതാക്കളുടെയും ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ട്. ജനസേവനം കഴിയാവുന്നത്രകാലം തുടരേണ്ടതാണെന്നതിൽ സംശയമില്ല. എന്നാൽ, അത് ഔദ്യോഗിക സ്ഥാനത്തെ ഊഴങ്ങളുടെ എണ്ണം അനന്തമായി കൂട്ടിക്കൊണ്ടുതന്നെ വേണമോ എന്ന ചോദ്യവും പ്രസക്തമാണ്. അവരവർക്ക് വയസ്സായെന്ന് സമ്മതിക്കാതിരിക്കുന്നതും മനുഷ്യസ്വഭാവമത്രേ.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ വരുകയാണ്. അടുത്തദിവസംമുതൽ നാമനിർദേശപത്രിക നൽകാൻ തുടങ്ങും. സംസ്ഥാനത്ത് ഇരുപത്തൊന്നായിരത്തിൽപ്പരം സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. മറ്റ് തിരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി വമ്പിച്ച ഒരുമാറ്റം ഇതിനകംതന്നെ തിരഞ്ഞെടുപ്പുരംഗത്ത് പ്രത്യക്ഷമായിട്ടുണ്ട്. അത്യന്തം ആവേശകരമാണ് ആ മാറ്റം. ആയിരക്കണക്കിന് യുവതികളും യുവാക്കളും മത്സരരംഗത്തുണ്ടാവുമെന്നതാണ് ആ മാറ്റം. മൂന്ന് മുന്നണികളും ഇത്തവണ പുതിയതലമുറയ്ക്ക് വർധിച്ച പങ്കാളിത്തം നൽകുമെന്ന സൂചന നൽകിയിരിക്കുന്നു. പതിവുപോലെ ഒന്നാമതായി സ്ഥാനാർഥിപ്രഖ്യാപനം നടത്തിക്കൊണ്ടിരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ്. പുറത്തുവന്നേടത്തോളം വിവരങ്ങൾ വ്യക്തമാക്കുന്നത് അവർ സ്ഥാനാർഥിപ്പട്ടികയിൽ യുവാക്കൾക്കാണ് പരമപ്രാധാന്യം നൽകുന്നതെന്നാണ്. മറ്റു പാർട്ടികളും ആ വഴിക്കുതന്നെയാവും എന്നാണ് പ്രതീക്ഷ.
യുവതലമുറ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ പഴയകാലത്തേതുപോലെ സക്രിയമല്ല എന്ന പഴി അസ്ഥാനത്താണെന്ന് പ്രളയകാലത്തും ഇപ്പോൾ കോവിഡ് പ്രതിരോധത്തിലും വ്യക്തമായതാണ്. ഓരോ ഗ്രാമത്തിലും നഗരത്തിലും രക്ഷകരായി, സഹായികളായി ചെറുപ്പക്കാരാണ് ത്യാഗപൂർവം പ്രവർത്തിച്ചത്. സ്വന്തം ആരോഗ്യം കാക്കാൻ പൊതുരംഗത്തുനിന്ന് ഒഴിഞ്ഞുനിൽക്കുകയല്ല, നാട്ടുകാർക്കുവേണ്ടി അനവരതം പ്രവർത്തിക്കുകയാണവർ ചെയ്തത്. ആ പ്രവർത്തനശേഷിയും ത്യാഗസന്നദ്ധതയുമാണ് നമ്മുടെ നാടിന്റെ ഭാവിക്ക് ആവശ്യം. 18 വയസ്സിൽ വോട്ടവകാശവും സ്ത്രീകൾക്ക് 50 ശതമാനം സംവരണവും ഭരണഘടനാഭേദഗതിയിലൂടെ നടപ്പാക്കിയത് ഭരണത്തിൽ സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുക, യുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. 50 ശതമാനം സീറ്റ് സംവരണം ചെയ്തതിനാൽ സ്ത്രീകളെ അവഗണിക്കാൻ പാർട്ടിനേതൃത്വങ്ങൾക്ക് സാധിക്കാതെ വന്നു. എന്നാൽ, യുവപ്രാതിനിധ്യത്തിന്റെ കാര്യത്തിൽ നിബന്ധനകളില്ലാത്തതിനാൽ അക്കാര്യത്തിൽ ശ്രദ്ധയില്ലാതായി. പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ത്രീസംവരണം കൊണ്ടുവരാതിരിക്കാൻ അധികൃതർ നടത്തുന്ന തീവ്രശ്രമം തുടരുകയാണല്ലോ. പുതിയകാലത്തിന് ചേർന്ന വിശാലവീക്ഷണവും ഉയർന്ന ചിന്തയും വേഗവും ഊർജസ്വലതയും ഒത്തിണങ്ങിയ യുവതീയുവാക്കളാണ് തദ്ദേശസ്വയംഭരണ മേഖലയിലേക്ക് കൂടുതലായി കടന്നുവരേണ്ടത്. ‘ചോര തുടിക്കും ചെറുകൈയുകളേ പേറുക വന്നീ പന്തങ്ങൾ’ എന്ന് ആവേശപൂർവം അവരെ വരവേൽക്കാനാണ് കാലം ആവശ്യപ്പെടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..