ഇത് വാക്സിനിലെ വംശവെറി

Published: Sep 21, 2021, 09:18 PM IST
കോവിഡ്‌ മഹാമാരിയുയർത്തിയ വെല്ലുവിളികളെ ലോകം അഭിമുഖീകരിക്കുന്നതും ചെറുക്കുന്നതും എല്ലാ പാരസ്പര്യങ്ങൾക്കുമിടയിലെ ഐക്യബോധത്തിന്റെ കരുത്തിലാണ്. ഈ സാഹചര്യത്തിൽ ഒരു യുക്തിക്കും പൊതിഞ്ഞുപിടിക്കാൻ കഴിയാത്ത നടപടിയാണ് ബ്രിട്ടൺ കൈക്കൊണ്ടിരിക്കുന്നത്
22podcast

കോവിഷീൽഡ്‌ രണ്ടുകുത്തിവെപ്പെടുത്താലും അത് സ്വീകരിക്കില്ലെന്ന ബ്രിട്ടന്റെ തീരുമാനം അപലപനീയമാണ്‌. പരിഷ്കൃതസമൂഹത്തിൽ ഇത്തരമൊരു നിലപാട് ഒരു രാജ്യത്തിനും ഭൂഷണമല്ല. വർണത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിൽ മനുഷ്യനെ വേർതിരിക്കുന്ന മാപ്പർഹിക്കാത്ത ധിക്കാരം. കോവിഡ്‌ മഹാമാരിയുയർത്തിയ വെല്ലുവിളികളെ ലോകം അഭിമുഖീകരിക്കുന്നതും ചെറുക്കുന്നതും എല്ലാ പാരസ്പര്യങ്ങൾക്കുമിടയിലെ ഐക്യബോധത്തിന്റെ കരുത്തിലാണ്. ഈ സാഹചര്യത്തിൽ ഒരു യുക്തിക്കും പൊതിഞ്ഞുപിടിക്കാൻ കഴിയാത്ത നടപടിയാണ് ബ്രിട്ടൺ കൈക്കൊണ്ടിരിക്കുന്നത്.ലോകത്തിലെത്തന്നെ ഏറ്റവും വലിയ വാക്സിൻ ഉത്പാദകരാണ് ഇന്ത്യ. 80 കോടി ജനങ്ങൾക്ക് ഒരു ഡോസെങ്കിലും കുത്തിവെപ്പ് നൽകിക്കഴിഞ്ഞ ഇവിടെ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് കോവിഷീൽഡ്‌ എന്ന മരുന്നാണ്. അസ്ട്രാസെനക്ക കമ്പനിയും ഓക്സ്ഫഡ്‌ സർവകലാശാലയും സംയുക്തമായി വികസിപ്പിച്ചതാണീ വാക്സിൻ. ഇതിന്റെ പരീക്ഷണംനടന്ന പ്രധാന സ്ഥലങ്ങളിലൊന്ന് ഇംഗ്ലണ്ടാണ്. കുറെക്കൂടി കൃത്യമായിപ്പറഞ്ഞാൽ ഇന്ത്യയിൽ ഈ മരുന്നിന് ആദ്യാനുമതി നൽകുന്നതിന് അധികൃതർ പരിഗണിച്ച വിവരങ്ങൾ ബ്രിട്ടനിലെ പരീക്ഷണങ്ങളുടേതായിരുന്നു. ഇതിലും രസകരമായ മറ്റൊരു കാര്യം സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിൻ ബ്രിട്ടനും ഇറക്കുമതി ചെയ്തിട്ടുണ്ടെന്നുള്ളതാണ്. ഇതിലെല്ലാം പ്രധാനമായ മറ്റൊരു കാര്യം, ലോകാരോഗ്യസംഘടന അംഗീകരിച്ചിരിക്കുന്ന പ്രധാന വാക്സിനുകളിലൊന്നാണ് കോവിഷീൽഡ്‌ എന്നതാണ്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വികസിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുള്ള മരുന്നിനെ ഒഴിവാക്കാൻ എന്തുയുക്തിയാണ് പറയുന്നതെന്നറിയില്ല. ഇന്ത്യയിലുൾപ്പെടെ കോടിക്കണക്കിന് ആളുകൾ കോവിഷീൽഡ്‌ വാക്സിനാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. ഏറെ വിദേശരാജ്യങ്ങളിലേക്ക് ഇത് കയറ്റിയയക്കുന്നുമുണ്ട്.

വികസ്വരരാജ്യങ്ങളുടെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടുകയെന്ന ലക്ഷ്യമാണ്  നീക്കത്തിനുപിന്നിലെന്ന്‌ ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിൽ നിലവിൽ പത്തുവാക്സിനുകൾക്കാണ് പ്രയോഗാനുമതി കൊടുത്തിട്ടുള്ളത്. അതിൽത്തന്നെ കോവിഷീൽഡിനുപുറമേ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനാണ് കൂടുതലാളുകളിൽ കുത്തിവെച്ചിട്ടുള്ളത്. കോവാക്സിന് ലോകാരോഗ്യസംഘടന ഇതുവരെ അനുമതി നൽകിയിട്ടില്ല. ഇതിന്റെ രണ്ടുഡോസെടുത്തവരെയാണ് പരിഗണിക്കാത്തതെങ്കിൽ തെറ്റുപറയാനാവില്ല. ചില ഗൾഫ് രാജ്യങ്ങളുൾപ്പെടെ ഇങ്ങനെ ചെയ്യുന്നുമുണ്ട്. എന്നാൽ, കോവാക്സിന് അനുമതി ലഭിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാകുമെന്നാണ് വിവരം.ബ്രിട്ടന്റെ തീരുമാനത്തിനെതിരേ സർക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികപ്രതികരണം വന്നുകഴിഞ്ഞു.  വംശീയനടപടിയെന്നാണ് വിദേശകാര്യസെക്രട്ടറി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.  യു.എന്നിന്റെ അനുഭവപശ്ചാത്തലമുള്ള ശശി തരൂരും കോൺഗ്രസ് നേതാവ് ജയറാം രമേശും അതിശക്തമായ ഭാഷയിൽത്തന്നെ എതിർപ്പുപ്രകടിപ്പിച്ചു. കേംബ്രിജ് സർവകലാശാലയിൽ നടത്താനിരുന്ന ചടങ്ങ് ഉപേക്ഷിച്ചുകൊണ്ടാണ് തരൂരിന്റെ പ്രതികരണം. ആത്മാഭിമാനമുള്ള ഏതൊരിന്ത്യക്കാരന്റെയും മനസ്സ് അതിൽ പ്രതിഫലിക്കുന്നുണ്ട്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമൊക്കെ ഇന്നലെകളുടെ ചരിത്രമാണെന്ന് വിലക്കുകൽപ്പിക്കുന്നവർ മനസ്സിലാക്കണം. ഒട്ടേറെ പരീക്ഷണങ്ങളിലൂടെയും സഹനങ്ങളിലൂടെയുമാണ് നാം നമ്മുടെ അഭിമാനം ഉയർത്തിപ്പിടിച്ചത്.   വസുധൈവ കുടുംബകമെന്ന സങ്കൽപ്പമാണ് ഇന്ത്യയുടെ ശക്തി. അതാരും മറന്നുകൂടാ.

 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.